പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനംപോലെ’ എന്ന നോവലിന്റെ പശ്ചാത്തലത്തിൽ ഷൈനി ജേക്കബ് ബഞ്ചമിൻ സംവിധാനംചെയ്ത ഡോക്യു ഫിക്ഷനാണ് ‘ഇൻ റിട്ടേൺ: ജസ്റ്റ് എ ബുക്ക്’. സാഹിത്യവും സിനിമയും യാത്രയുമെല്ലാം ഇതിൽ കലരുന്നു. കോഴിക്കോട്‌ വനിതാ ഫിലിം ഫെസ്റ്റിവലിൽ എത്തിയ ഷൈനി തന്റെ സിനിമയെക്കുറിച്ചും ചിത്രീകരണാനുഭവങ്ങളെക്കുറിച്ചും മാതൃഭൂമിയുമായി സംസാരിക്കുന്നു.

ഒരു സങ്കീർത്തനംപോലെ എന്ന നോവലിൽനിന്ന് ഡോക്യു ഫിക്ഷൻ ഏതു രീതിയിലാണ് വ്യത്യസ്തമായിരിക്കുന്നത് 


പെരുമ്പടവത്തിന്റെ ‘ഒരു സങ്കീർത്തനംപോലെ’യുടെ ദൃശ്യാവിഷ്കാരമല്ല ഈ ഡോക്യു ഫിക്ഷൻ. ശരിക്കുപറഞ്ഞാൽ അതിന്റെ ആമുഖം മാത്രമാണ്. എന്താണ് അത്തരമൊരു നോവലിലേക്ക് പെരുമ്പടവത്തെ നയിച്ചതെന്ന ഒരന്വേഷണമെന്നു പറയാം. 

മൂന്നുതലമാണ് ചിത്രത്തിനുള്ളത്. സംവിധായികയുടെ യാത്ര, നോവലിസ്റ്റിന്റെ യാത്ര, പിന്നെ കഥാപാത്രങ്ങളുടെ നൂറ്റാണ്ടുകൾക്കിപ്പുറത്തേക്കുള്ള കടന്നുവരവും. ഇത്തരത്തിലാണ് ചിത്രമൊരുക്കിയത്. റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടർ രതീഷ് സി. നായരും എഴുത്തുകാരൻ പോൾ സക്കറിയയും പെരുമ്പടവുമെല്ലാം ചേർന്ന് നടത്തിയ ചർച്ചയിലേക്ക് ഞാനും എത്തുകയായിരുന്നു. അങ്ങനെയാണ് 2015-ൽ സിനിമയിലേക്കെത്തിയത്.

വായനക്കാരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന പുസ്തകമായിരുന്നു ഒരു സങ്കീർത്തനംപോലെ. ഇത്തരമൊരു നോവൽ സിനിമയാക്കുമ്പോഴുള്ള പ്രധാന വെല്ലുവിളി എന്തായിരുന്നു.

sankeerthanam poleമൂന്ന് അതികായർക്കൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന ചിന്തതന്നെ എന്നിൽ സങ്കോചമുണ്ടാക്കിയിരുന്നു. പെരുമ്പടവും സക്കറിയയുമെല്ലാമാണ് ഒപ്പമുള്ളത്. പിന്നെ, ഭാഷ വലിയ പ്രശ്നംതന്നെയായിരുന്നു. റഷ്യയിലെ സ്റ്റുഡിയോയുമായി ആദ്യംതന്നെ ബന്ധപ്പെട്ടിരുന്നു. അതുവഴിയാണ് റഷ്യയിലേക്കുപോയത്. ചിത്രത്തിന്റെ ജോലി തുടങ്ങുന്നതിനുമുമ്പ് റഷ്യയിൽപ്പോയി. പിന്നീട് ഷൂട്ടിങ്ങിനായും.

സ്‌ക്രീനിങ് നടത്തിയാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. ദസ്തയേവിസ്കിയും അന്നയുമായി അഭിനയിച്ചത് വ്ളാഡിമിർ പോസ്റ്റ്‌നികോവും ഒക്സാന കർമിഷിനിയുമാണ്. ഇരുവരും തിയേറ്റർ ആർട്ടിസ്റ്റുമാരാണ്.വ്ളാഡിമിറിന് ദസ്തയേവിസ്കിയുടെ ഛായ ഒട്ടും ഉണ്ടായിരുന്നില്ല. എങ്കിലും മേക്കപ്പിട്ടപ്പോൾ ആ തോന്നലുണ്ടായില്ല. അവർക്ക് ഇംഗ്ലീഷും നമുക്ക് റഷ്യനും അറിയാത്തത് പ്രശ്നംതന്നെയായിരുന്നു.

എന്നാൽ, ദസ്തയേവിസ്കിയെന്ന വികാരം മതിയായിരുന്നു കാര്യങ്ങൾ മനസ്സിലാക്കാൻ. സിനിമയ്ക്ക് നിർമാതാവിനെ കിട്ടാനും ഏറെ ബുദ്ധിമുട്ടിയിരുന്നു. ബേബി മാത്യു സോമതീരമാണ് ചിത്രം നിർമിച്ചത്. നല്ല സിനിമയ്ക്ക് നല്ല നിർമാതാവിനെ കിട്ടുമെന്നുള്ളതിന്റെ തെളിവായിരുന്നു അത്. മുമ്പുചെയ്ത ഡോക്യുമെന്ററികളേക്കാൾ ഏറെ പ്രയത്നിച്ചിട്ടുണ്ട് ഇതിനായി.

നോവലിൽ വായിച്ച റഷ്യയിലേക്ക് അതേ നോവലിസ്റ്റിനൊപ്പമുള്ള യാത്ര. എങ്ങനെയായിരുന്നു ഷൂട്ടിങ്ങും അനുഭവങ്ങളും.

റഷ്യ കണ്ടിട്ടില്ലാത്ത ഒരാൾ എന്തു തീവ്രതയോടെയാണ് ആ പുസ്തകം എഴുതിയത്. തനി ഗ്രാമീണനായ ഒരു മനുഷ്യൻ അങ്ങനെ എഴുതിയത് തീർത്തും അദ്ഭുതമാണ്. നോവലിലെ നായകനും നായികയും ജീവിച്ച ചുറ്റുപാടിലേക്കുള്ള യാത്ര തികച്ചും വേറിട്ട അനുഭവംതന്നെയായിരുന്നു.

 പെരുമ്പടവത്തിനെ റഷ്യയിൽ എത്തിച്ചപ്പോൾ അദ്ദേഹം ദസ്തയേവിസ്കിയുടെ പ്രതിമയ്ക്കുമുന്നിൽ മുട്ടുകുത്തിയിരിക്കുകയായിരുന്നു. പള്ളിയിലോ മറ്റോ പോയി പ്രാർഥിക്കുന്നപോലെയുള്ള ഒരു പ്രത്യേക അവസ്ഥയിലായിരുന്നു അദ്ദേഹം.

തെരുവുകളിലൂടെ പെരുമ്പടവം ഒഴുകിനടക്കുകയായിരുന്നു. വാക്കുകളിൽ വരച്ചുവെച്ച സെന്റ്. പീറ്റേഴ്‌സ് ബർഗ് ആദ്യമായി കണ്ടതിന്റെ നിർവൃതി അദ്ദേഹത്തിൽ നിറഞ്ഞുനിന്നു.ഷൂട്ടിങ് അനുഭവങ്ങളും സുന്ദരമായിരുന്നു. 15 ദിവസം റഷ്യയിലും നാലുദിവസം പെരുമ്പടവത്തെ ഗ്രാമപശ്ചാത്തലത്തിലുമായിരുന്നു ഷൂട്ടിങ്. 

ദസ്തയേവിസ്കി മ്യൂസിയത്തിൽ ഷൂട്ടുചെയ്തു. അദ്ദേഹം ഇരുന്ന അതേ മുറിയിൽ, അതേ മേശയും കസേരയും ഉപയോഗിച്ചു. അങ്ങനെയൊരു അവസരം കിട്ടുകയെന്നതുതന്നെ വലിയ ഭാഗ്യമാണ്. 

ചിത്രത്തിന്റെ ഷൂട്ടിങ്ങിനോടുള്ള റഷ്യൻജനതയുടെ സമീപനം എങ്ങനെയായിരുന്നു. അവർക്ക് ദസ്തയേവിസ്കി ആരാണ്.

റഷ്യക്കാർക്ക് ദസ്തയേവിസ്കി ഒരു വികാരമാണ്. ടോൾസ്റ്റോയിയെപ്പോലുള്ള വലിയ എഴുത്തുകാരെ പരിചയമുള്ളവരാണ്. എന്നിട്ടും പ്രായഭേദമെന്യേ എല്ലാവരുടെയും ആത്മാവിൽ ദസ്തയേവിസ്കി നിറഞ്ഞുനിൽക്കുന്നു. തെരുവിൽ ദസ്തയേവിസ്കിയുടെ പ്രതിമയ്ക്കുമുന്നിൽ ബെഞ്ചുകളുണ്ട്. അവിടെയിരുന്ന് ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ പുസ്തകം വായിക്കുന്നതുകാണാം. അത്തരമൊരു കാഴ്ച ഇവിടെ കാണാറില്ല.

തെരുവിലെ പ്രായമായ പൂക്കാരികൾവരെ അദ്ദേഹത്തെ സ്നേഹിക്കുന്നു. ദസ്തയേവിസ്കിയുടെ ശവകുടീരത്തിലേക്കുപോകുന്ന ഞങ്ങളോട് ഈ പൂവ് അദ്ദേഹത്തിനായി എന്റെപേരിൽ അർപ്പിക്കുമോ എന്നാണ് പ്രായംചെന്ന ഒരു സ്ത്രീ ചോദിച്ചത്. ആ രീതിയിൽ അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമോ ഒരു പരിധിവരെ അതിലുമപ്പുറം എന്തൊക്കെയോയാണ് ദസ്തയേവിസ്കി. പുണ്യാളനെപ്പോലെയാണ് ചിലർക്ക് അദ്ദേഹം.

ഡോക്യു ഫിക്ഷനോടുള്ള പെരുമ്പടവത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു.

പെരുമ്പടവത്തിന്റെ പ്രതീക്ഷകളെല്ലാം മാറ്റുന്നതായിരുന്നു ചിത്രം. റഷ്യയിലെത്തുന്നതുവരെ അദ്ദേഹം തിരക്കഥ പോലും കണ്ടിരുന്നില്ല. ചിത്രം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു. മോസ്കോ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുത്തിരുന്നു. റഷ്യയിൽ അണിയറപ്രവർത്തകർക്കൊപ്പംചെന്ന് സിനിമ പ്രദർശിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് ഇപ്പോൾ.