''സുപ്രീംകോടതിവരെ എത്തിയ കോമിക്ക് യുദ്ധത്തിലെ കഥാപാത്രങ്ങള്‍ അണിനിരന്ന പുസ്തകം'', 50-ാം വാര്‍ഷികം പ്രമാണിച്ചിറക്കിയ ബോബനും മോളിയും പ്രത്യേക പതിപ്പിന്റെ അടിക്കുറിപ്പായിരുന്നു അത്. മലയാളിയെ ഇത്രയധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ കഥാപാത്രങ്ങളുടെ സ്രഷ്ടാവ്, സാക്ഷാല്‍ ടോംസ്, ഇപ്പോള്‍ 85-ാം വയസ്സിലേക്കെത്തുകയാണ്. പ്രായാധിക്യം മൂലം താന്‍ വര നിര്‍ത്തുകയാണെന്ന് അദ്ദേഹം പറയുമ്പോള്‍ സങ്കടം തോന്നാതിരിക്കുന്നതെങ്ങനെ?


ടോംസിന് വരുന്ന ജൂണ്‍ ആറിനേ 85 തികയൂ. താന്‍ വരയോട് വിടപറയുകയാണെന്ന് ഒരു അനൗപചാരിക സംഭാഷണത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ''എന്റെ കഥാപാത്രങ്ങളെക്കുറിച്ച് പലരും പറയുമ്പോഴാണ് 'വരജീവിത'ത്തിലേക്ക് ഞാന്‍ തിരിഞ്ഞുനോക്കുന്നത്. എത്രയെത്ര പതിറ്റാണ്ടുകള്‍, എത്രയെത്ര സംഭവങ്ങള്‍, എത്രയെത്ര കഥാപാത്രങ്ങള്‍... ഞാന്‍തന്നെ വിസ്മയിക്കും'', ടോംസ് പറയുന്നു.


ചങ്ങനാശ്ശേരിക്കടുത്ത് കുട്ടനാടിന്റെ പച്ചത്തുരുത്തായ വെളിയനാട്ട് ജനിച്ച ആറടി ഉയരമുള്ള ടോംസ് എന്ന അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. തോമസ് ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം ചെയ്തയാളാണ്. നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, ജ്യേഷ്ഠനായ കാര്‍ട്ടൂണിസ്റ്റ് പീറ്റര്‍ തോമസിനെ മാതൃകയാക്കിയാണ് വരയിലേക്ക് തിരിഞ്ഞത്. അനുജനോളം പ്രശസ്തനാകാതെ പോയ ജ്യേഷ്ഠന്‍ ഇപ്പോഴുമുണ്ട്. അദ്ദേഹം കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്‌സ് വീക്കിലിയില്‍ ഏഴുവര്‍ഷം വരച്ച ആളാണ്. ഇപ്പോള്‍ തറവാട്ടില്‍ എഴുത്തും വായനയുമായി കഴിയുന്നു.

ടോംസ് എന്ന തോമസിന്റെ കഥ വ്യത്യസ്തമായിരുന്നു: രണ്ടാം ലോകമഹായുദ്ധകാലത്ത് വീട്ടില്‍നിന്ന് മദ്രാസിലേക്ക് ഒളിച്ചോടിയ പയ്യന്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ ഇലക്ട്രീഷ്യന്‍ ആയിചേര്‍ന്നു. പക്ഷേ, യുദ്ധം പെട്ടെന്ന് അവസാനിച്ചതിനാല്‍ ഒരു മാസം കഴിഞ്ഞ് തിരികെ പോരേണ്ടിവന്നു. അത് മലയാളിക്ക് ഗുണം ചെയ്തു -'ബോബനും മോളി'യും പിറന്നു.

ടോംസ് കാര്‍ട്ടൂണുകള്‍ വരച്ചുതുടങ്ങിയിട്ട് 56 വര്‍ഷമായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വരയോട് താത്പര്യം തുടങ്ങി. 30-ാം വയസ്സിലാണ് ബോബനെയും മോളിയെയും കണ്ടുമുട്ടുന്നത്. അവര്‍ അയല്‍പക്കത്തെ കുട്ടികളായിരുന്നു. അവരെ കഥാപാത്രങ്ങളാക്കി രചിച്ച കോമിക്കുകള്‍ മലയാളി ഉള്ളിടത്തെല്ലാം ചെന്നെത്തി.

വളരെക്കാലത്തിനുശേഷം ഒറിജിനല്‍ ബോബനെയും മോളിയെയും ഡല്‍ഹിയില്‍ വെച്ച് കണ്ടുമുട്ടി കെട്ടിപ്പിടിച്ച കഥ ടോംസ് തന്നെ പറയും. ബോബന്‍ ഗള്‍ഫില്‍ ജോലികിട്ടി പോയതാണ്. മോളിയാകട്ടെ അഗസ്റ്റിനെ വിവാഹം ചെയ്ത് വീട്ടമ്മയായി കഴിയുന്നു.
ബോബനും മോളിയും സിനിമയാക്കിയപ്പോള്‍ കഥാപാത്രങ്ങളെത്തേടി അധികം അലയേണ്ടിവന്നില്ല. സ്വന്തം പട്ടിക്കുട്ടിയുമായി ബോബന്‍മാരും മോളിമാരും ചാന്‍സുചോദിച്ച് വന്നു. മണ്ടശിരോമണിയായ പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനാവാനും പെണ്‍കുട്ടികളുടെ പിറകെ നടക്കുന്ന അപ്പിഹിപ്പിയാവാനും ആളുകള്‍ വന്നു.

കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് ബോബനും മോളിയും. അതിലെ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ട്രാക്ടറും രാഷ്ട്രീയ നേതാവും വേലയില്ലാ വക്കീലുമൊക്കെ ജീവിക്കുന്ന കഥാപാത്രങ്ങളാണ്. തകഴി കുട്ടനാടിന്റെ കഥകള്‍ എഴുതി; ടോംസ് ആകട്ടെ കുട്ടനാട്ടുകാരുടെ കാര്‍ട്ടൂണുകള്‍ വരച്ചു.

''ഇത്രയേറെ കഥാപാത്രങ്ങളെ ഇങ്ങനെ പച്ചയായി ചിത്രീകരിക്കാന്‍ എങ്ങനെ സാധിക്കുന്നു?'', സംശയം നേരിട്ട് ചോദിച്ചു.
കോട്ടയത്ത് 'ദീപിക'യില്‍ വരച്ചുകൊണ്ടായിരുന്നു ടോംസിന്റെ തുടക്കം. പിന്നെ ജീവിതത്തിന്റെ നല്ലൊരുഭാഗവും മലയാള മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി സേവനം ചെയ്തു. ഓഫീസില്‍നിന്ന് ഒഴിവുകിട്ടുമ്പോഴൊക്കെ ടോംസ് കോട്ടയം റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമില്‍ പോയിരിക്കും. ട്രെയിനില്‍ വന്നിറങ്ങുന്നവരും മലബാറിലേക്കും മറ്റും കയറിപ്പോകാന്‍ ഇരിക്കുന്നവരും അവരുടെ തനി നാടന്‍ സംഭാഷണങ്ങളും മനസ്സുകൊണ്ട് ഒപ്പിയെടുക്കും. ''റെയില്‍വേ സ്റ്റേഷനുകള്‍ ജനജീവിതത്തിന്റെ ഒരു നേര്‍പ്പതിപ്പാണല്ലോ. അവിടെ തുടിക്കുന്ന ജീവിതമാണ് എന്റെ കഥാപാത്രങ്ങളായി വീണ്ടും ജനിക്കുന്നത്'', ടോംസ് തന്റെ സര്‍ഗവിദ്യ പറഞ്ഞു.

ഫലിതസമ്രാട്ട് ആണെങ്കിലും ടോംസ് ചിരിച്ചുകാണുന്നത് അപൂര്‍വമാണ്. തമാശ പൊട്ടിക്കുമ്പോള്‍ ചെറുതായൊന്ന് ചിരിച്ചാലായി. ടോംസിന്റെ രചനയില്‍ അമര്‍ഷം പൂണ്ട ഒരു രാഷ്ട്രീയനേതാവ് -അദ്ദേഹം മന്ത്രിയുമാണ് -ഒരിക്കല്‍ മനോരമയില്‍വന്ന് പത്രാധിപരോട് പരാതി പറഞ്ഞു: ''ഇതെന്താ എന്നെ മാത്രമേ ഇയാള്‍ക്ക് വരയ്ക്കാന്‍ കിട്ടുന്നുള്ളോ?''
അതേസമയം, എന്തുകൊണ്ട് തന്നെ വരയ്ക്കുന്നില്ല എന്നുചോദിക്കുന്ന നേതാക്കന്മാരുമുണ്ട്!

കാര്‍ട്ടൂണുകളുടെ പകര്‍പ്പവകാശത്തെച്ചൊല്ലി തന്റെ സ്ഥാപനവുമായി സുപ്രീംകോടതി വരെ കേസിനുപോയ ആളാണ് ടോംസ്. എതിര്‍കക്ഷി വലിയ വക്കീലന്മാരെ വെച്ച് പയറ്റിയതിനാല്‍ കേസ് തോറ്റു. എങ്കിലും കഥാപാത്രങ്ങളെ ടോംസ് തന്നെ എടുത്തുകൊള്ളാന്‍ പത്രസ്ഥാപനം ഒടുവില്‍ സമ്മതിച്ചു. അങ്ങനെയാണ് ടോംസ് മാഗസിന്‍ ജനിക്കുന്നത്. ഒരു കാര്‍ട്ടൂണിസ്റ്റിന് മാനത്തോടെ കഴിയാനാകണമെന്ന് വായനക്കാര്‍ തീരുമാനിച്ചു. അവര്‍ ബോബനെയും മോളിയെയും മാഗസിന്‍ രൂപത്തിലും നെഞ്ചിലേറ്റി അവര്‍ നടന്നു.
'ഞാനൊരു ക്രിസ്ത്യാനിയല്ല' എന്ന് ടോംസ് 2011 ഫിബ്രവരി ലക്കം ഒരു പ്രസിദ്ധീകരണത്തില്‍ എഴുതി. പക്ഷേ, ഭാര്യ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ത്രേസ്യാക്കുട്ടി പതിവായി പള്ളിയില്‍ പോകുന്ന ആളാണ്. മക്കളില്‍ മിക്കവരും അങ്ങനെതന്നെ. അടുത്തകാലത്തായി അദ്ദേഹ ത്തിന് ഒരു മനംമാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് മൂത്തമകന്‍ ബോബന്‍ സ്വകാര്യം പറഞ്ഞു. ടോംസ് കന്യാസ്ത്രീകളെയും അച്ചന്മാരെയും കണക്കറ്റ് പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. അവരെല്ലാം വായിച്ച് ചിരിച്ചതല്ലാതെ ടോംസിന്റെ നേരെ വിരോധം വെച്ചുപുലര്‍ത്തിയിട്ടില്ല എന്നതാണ് സത്യം.

വാടയ്ക്കല്‍ കുഞ്ഞോമാച്ചന്‍ എന്ന ടോംസിന്റെ അപ്പന്‍ വലിയ കൃഷിക്കാരനും പരോപകാരിയുമായിരുന്നു. 99-ലെ വെള്ളപ്പൊക്ക കാലത്ത് (അന്ന് ടോംസിന് ഒന്നര വയസ്സ്) അത്തിക്കളം തറവാട് നൂറുകണക്കിന് കുട്ടനാടന്‍ പണിയാളുകളുടെ അഭയകേന്ദ്രമായിരുന്നു. അന്ന് അവരെ ഒരാഴ്ച തീറ്റിപ്പോറ്റാന്‍ 5000 രൂപ ചെലവായെന്ന് പറഞ്ഞുകേട്ടു. എല്ലാ മഴക്കാലത്തും കുഞ്ഞോമാച്ചനോടൊപ്പം വള്ളത്തില്‍ ചങ്ങനാശ്ശേരിയില്‍ പോയി അരിയും പയറും വാങ്ങി വന്ന് വിതരണം ചെയ്യുന്ന പതിവ് ടോംസ് നന്നായി ഓര്‍ക്കുന്നു. അപ്പന്‍ തികഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്നു. ജയിലില്‍ പോയിട്ടുണ്ട്. സുഹൃത്തായ സി. കേശവനോടൊപ്പം പന്തിഭോജനത്തിലും പങ്കെടുത്തു.

അപ്പന്‍ പള്ളീലച്ചനെ പറ്റിച്ച കഥ പറയുമ്പോഴും ടോംസ് ചിരിക്കില്ല. പക്ഷേ, ഉള്ളില്‍ ആഹ്ലാദം നിറഞ്ഞുതുളുമ്പുന്നതായി ആ മുഖത്തുനിന്ന് വായിക്കാം. അപ്പന്‍ ദാനംചെയ്ത അമ്പത് സെന്റ് സ്ഥലത്താണ് വെളിയനാട്ടെ ആദ്യത്തെ പള്ളി ഓല മേഞ്ഞ് പടുത്തുയര്‍ത്തിയത്. ഒരു ദിവസം അപ്പന് ഒരു സംശയം: ഇടവകക്കാര്‍ കൂടുതല്‍ സ്ഥലം കൈയേറിയില്ലേയെന്ന്. പരാതിയായി, വഴക്കും വക്കാണവുമായി. വികാരിയച്ചന്‍ പറഞ്ഞതനുസരിച്ച് മെത്രാനച്ചന്‍ അപ്പനെ അരമനയിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ പറഞ്ഞൊതുക്കി.

പക്ഷേ, പള്ളിയോടും പട്ടക്കാരനോടും ഇടവക നേതാക്കന്മാരോടുമുള്ള അപ്പന്റെ വൈരാഗ്യം കൂടിയതേയുള്ളൂ. അങ്ങനെയിരിക്കെ വികാരിയച്ചന് അമേരിക്കയില്‍ പോകാന്‍ ഒരവസരം ലഭിച്ചു. അനേകം കാറുകളുടെ അകമ്പടിയോടെ അച്ചനെ കൊച്ചിയിലെത്തിച്ച് വിമാനം കയറ്റി മദ്രാസിലേക്കയച്ചു. അവിടെ ചെന്ന് പാസ്‌പോര്‍ട്ടില്‍ അമേരിക്കന്‍ വിസ കുത്തിച്ച് അടുത്ത ദിവസം ന്യൂയോര്‍ക്കിലേക്ക് പറക്കാനായിരുന്നു പദ്ധതി. പക്ഷേ, അച്ചന്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പോയതുപോലെ തിരിച്ചുവന്നു. ആയിടെ അപ്പന്‍ പലതവണ വള്ളവും ബോട്ടുമൊക്കെ കയറി എറണാകുളത്തിന് പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അച്ചന് വിസ കൊടുക്കാതിരിക്കാന്‍ ഏതോ 'കുബുദ്ധികള്‍' അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് കമ്പിയടിച്ചതായി പുറത്തുവന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായ അച്ചന് വിസ കൊടുത്താല്‍ അമേരിക്ക ആപ്പിലാകുമെന്നായിരുന്നു ആ കമ്പി!

''അങ്ങനെയാണ് ഞാന്‍ ക്രിസ്ത്യാനി അല്ലാതായത്'', ടോംസ് ചിരിക്കാതെതന്നെ പറയുന്നു.

ടോംസിന്റെ കഥാപാത്രങ്ങള്‍ എല്ലാംതന്നെ ഇപ്പോള്‍ പുത്തന്‍ സാങ്കേതികവിദ്യയിലൂടെയാണ് പുറത്തുവരുന്നത്. 'ഡിജിറ്റലൈസേഷ'ന്റെ കാലത്ത് ഇനി ആശയം മാത്രം പുതുതായി സൃഷ്ടിച്ചാല്‍ മതി. കഥയും സംഭാഷണവും വേണം. സംവിധാനം ടോംസ് തന്നെ. സ്‌പൈഡര്‍മാനെയും ഫാന്റത്തെയുമൊക്കെ സൃഷ്ടിച്ച പ്രതിഭാശാലികള്‍ എന്നേ മറഞ്ഞുപോയി. എന്നിട്ടും ആ കഥാപാത്രങ്ങള്‍ ജീവിക്കുന്നു. ടോംസ് ന്യൂയോര്‍ക്കിലോ ലണ്ടനിലോ പാരീസിലോ ജനിക്കുന്നതിന് പകരം കുട്ടനാട്ടില്‍ പിറന്നത് മലയാളിയുടെ ഭാഗ്യം.
ത്രേസ്യാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. ഇവര്‍ക്ക് ആറു മക്കളുണ്ട്: ബോബന്‍, ബോസ്, മോളി, റാണി, ഡോ. പീറ്റര്‍, ഡോ. പ്രിന്‍സി. ഒമ്പത് കൊച്ചുമക്കളും.

വര നിര്‍ത്തുകയാണെങ്കിലും മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഈ വരക്കാരന്‍ സന്തോഷത്തില്‍തന്നെ.

മലയാള മനോരമയില്‍നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചയാളാണ് ലേഖകന്‍

റ്റോംസിന്റെ ബോബനും മോളിയും വാങ്ങാം
ഈ ബോബന്റെയും മോളിയുടെയും ഒരു കാര്യം...!!!
ചില ബോബനും മോളിയും നിമിഷങ്ങള്‍