ച്ഛന് രോഗം കൂടുതലായപ്പോള്‍തൊട്ട് മക്കള്‍ക്ക് വേവലാതി തുടങ്ങിയിരിക്കുന്നു. എവിടെയാണ് അടക്കംചെയ്യുക? ആകെയുള്ള നാല്പത് സെന്റ് സ്ഥലം നാലു മക്കള്‍ക്ക് കൃത്യമായി വീതംവെച്ചുകഴിഞ്ഞിരിക്കുന്നു. തങ്ങള്‍ക്ക് കിട്ടിയ ഇത്തിരിപ്പോന്ന സ്ഥലത്ത് അച്ഛനെ അടക്കം ചെയ്യുന്നതില്‍ മക്കള്‍ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. 

നാട്ടില്‍ പൊതുശ്മശാനവുമുണ്ടായിരുന്നില്ല. തൊട്ടടുത്തെല്ലാം പറമ്പുകളിലാണ് മൃതദേഹം മറവുചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്തിരുന്നത്. എന്നാല്‍, ഓരോരുത്തര്‍ക്കുംകിട്ടിയ ചെറിയ സ്ഥലത്ത് അതിനൊന്നും സൗകര്യമില്ലെന്നാണ് മക്കള്‍ കരുതുന്നത്. മൃതദേഹം വെച്ചുകഴിഞ്ഞാല്‍ ഭാവിയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ ആശങ്കപ്പെട്ടു. 

പിന്നെ ഏറെനാളത്തെ ആലോചനയ്‌ക്കൊടുവിലാണ് മൃതദേഹം ഇരുമ്പിന്റെ ചൂളയില്‍വെച്ച് ദഹിപ്പിക്കാമെന്ന് തീരുമാനിച്ചത്. അതിന് അത്രയൊന്നും സ്ഥലം ആവശ്യമില്ല. ചടങ്ങ് കഴിഞ്ഞാല്‍ ചൂള എടുത്തുകൊണ്ടുപോവുകയും ചെയ്യും. ഒരടയാളംപോലും അവശേഷിക്കില്ല. സൗകര്യങ്ങള്‍ ഏറെയായിരുന്നു. സ്ഥലമില്ലാത്ത പലരും നാട്ടില്‍ ചൂള ഉപയോഗിക്കാറുണ്ട്. 

രോഗത്തിന് ആശ്വാസം കിട്ടുന്ന ചില സന്ദര്‍ഭങ്ങളില്‍ അച്ഛന്‍ ശരിയായ ബോധത്തോടെ സംസാരിക്കാറുണ്ട്. അത്തരമൊരു അവസരത്തില്‍ മൂത്തമകന്‍ അച്ഛനോട് ചോദിച്ചു. 
''എന്തെങ്കിലും പറയാനുണ്ടോ, അച്ഛാ..''
'' എന്നെ തീയില്‍ വെക്കരുത്''. 

മരിച്ചുകഴിഞ്ഞാലുള്ള കാര്യമാണ് അച്ഛന്‍ സൂചിപ്പിച്ചത്. അപ്പോള്‍ത്തന്നെ ബോധം പോവുകയും ചെയ്തു. അതുകേട്ട് മക്കള്‍ നാലുപേരും അന്തംവിട്ടു. പിന്നെ എന്താണ് ചെയ്യുക? മൃതദേഹം എവിടെയാണ് മറവുചെയ്യുക? തങ്ങളുടെ സ്ഥലത്ത് അത് പാടില്ലെന്ന് നാലുപേര്‍ക്കും ഒരുപോലെ നിര്‍ബന്ധമുണ്ടായിരുന്നു. 

ഒരടയാളംപോലുമില്ലാതെ മൃതദേഹം ദഹിപ്പിക്കാമെന്നാണ് വിചാരിച്ചിരുന്നത്. എന്നിട്ട് ഇപ്പോള്‍ എന്തായിരിക്കും അച്ഛന്‍ അങ്ങനെ പറയാന്‍ കാരണം? പിന്നെ ബോധം തിരിച്ചുകിട്ടിയപ്പോള്‍ മക്കള്‍ അതിന്റെ കാരണം തിരക്കി. 
അച്ഛന്‍ വ്യക്തമായി പറഞ്ഞു: ''എനിക്കു പേടിയാ.''