കഥാകാരി, നോവലിസ്റ്റ്. 1957-ല്‍ പലസ്തീനിലെ നബ്‌ളസില്‍ ജനിച്ചു. പിന്നീട് ജോര്‍ദാന്‍ പൗരത്വം സ്വീകരിച്ചു. രാഷ്ട്രീയ സാമൂഹിക ശാസ്ത്രവിഷയങ്ങളില്‍ ആനുകാലികങ്ങളില്‍ കോളങ്ങള്‍ കൈകാര്യം ചെയ്യുന്നു. സാമിയായുടെ കുറുങ്കഥകള്‍ അറബ് ലോകത്ത് ഏറെ പ്രസിദ്ധമാണ്. കഥകള്‍ റഷ്യന്‍ ഇറ്റാലിയന്‍ ഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ജോര്‍ദാനിലെ അമ്മാനില്‍ ഒരു ബാങ്കറായി ജോലിചെയ്യുന്നു

വെയില്‍ പൊങ്ങിയപ്പോള്‍ അകലെ അയാളുടെ ബലിഷ്ഠരൂപം പ്രത്യക്ഷപ്പെട്ടു. അങ്ങോട്ട് ചെല്ലുവാന്‍ എന്നെ മാടിവിളിക്കുകയാണ്. ഞാന്‍ ചെന്നു. തികഞ്ഞ സംതൃപ്തിയോടെ: സംഗീതത്തെ ക്കാള്‍ വളരെ തീക്ഷണമായ മൊസാര്‍ട്ടും ഒക്കുമെങ്കില്‍ ഇമ്പമുള്ള മറ്റു ഗാനങ്ങളും. 

ഞാനവിടെ എത്തിയപ്പോള്‍ അയാള്‍ തുര്‍ക്കിത്തൊപ്പിയൂരി കരുതലോടെ നിലത്തുവെച്ചു. എന്നിട്ട് ഉള്ളിലെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് ഒരു ഫ്‌ളൂട്ടെടുത്ത് വായിക്കാന്‍ തുടങ്ങി. എന്റെ ശരീരം നൃത്തംചെയ്യാനൊരുങ്ങി അറിയാതെ വളയുകയാണ്. ഞാന്‍ വളരെനേരത്തോളം നൃത്തം ചെയ്തു. അവസാനം തളര്‍ന്നു. കഷ്ടിച്ചു നൃത്തം മതിയാക്കിയതും എന്റെ പുള്ളിയുള്ള ചര്‍മം ഉരഞ്ഞുവീണു.
 
പിറകില്‍ ചരടിട്ടുറപ്പിച്ചിരുന്ന കൂടാരത്തിന്റെ തൊങ്ങല്‍ തുറന്ന് അയാളെന്നെ അകത്തേക്കു കൊണ്ടുപോയി. എന്നെ അന്ധകാരം പൊതിഞ്ഞു. അകത്തെ പ്രകാശം വമിക്കുന്ന പൊടിപടലങ്ങളുടെ ധാരകള്‍ക്കിടയിലൂടെ നൂറുകണക്കിന് ഹവ്വമാരെക്കൊണ്ട് നിറഞ്ഞ കൂടാരം കണ്ടു. ഞാന്‍ വെളിയില്‍ കടക്കാനും സംഗതിയെന്താണെന്ന് അയാളോട് ചോദിക്കാനും പറ്റുമെങ്കില്‍ ശുദ്ധവായു ശ്വസിക്കാനുമായി കൂടാരത്തിന്റെ മൂടി തുറന്നു. 

അയാള്‍ തുര്‍ക്കിത്തൊപ്പി തലയില്‍ വെച്ച് നടന്നകലുന്നത് കണ്ട് എനിക്കാശ്ചര്യം തോന്നി. അയാളുടെ വളഞ്ഞുപുളഞ്ഞ നടത്തം, അകലെ മറ്റൊരു സ്ത്രീയെ സമീപിക്കവേ ഒരു സര്‍പ്പത്തിന്റേത് പോലെയുണ്ടായിരുന്നു.