''ഞാന്‍ രാധിക മെഹ്ത, അടുത്ത ആഴ്ച എന്റെ വിവാഹമാണ്''

ചേതന്‍ ഭഗത് എന്ന ഇന്ത്യന്‍ എഴുത്തുകാരന്‍ തന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ ടീസര്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. തന്നെ അധികമാര്‍ക്കും ഇഷ്ടപ്പെടില്ലെന്ന് രാധിക പറയുന്നു. അതിന്റെ കാരണങ്ങള്‍ എണ്ണമിട്ട് രാധിക വായനക്കാരോട് പറയുന്നു. പുരോഗമനവും സ്ത്രീ സമത്വവും വാദിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനോടുള്ള ഉത്തരമാണ് രാധികയുടെ തുടര്‍ന്നുള്ള പ്രതികരണം.

ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ മികച്ച ശമ്പളം വാങ്ങുന്ന പെണ്‍കുട്ടിയാണ് രാധിക. ജീവിതത്തില്‍ എന്തിനേ പറ്റിയും അഭിപ്രായം ഉള്ള ആധുനിക ഇന്ത്യന്‍ യുവത്വം. ഇവളെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചേതന്‍ ഭഗത് തന്റെ നോവല്‍ 'വണ്‍ ഇന്ത്യന്‍ ഗേള്‍' രചിച്ചിരിക്കുന്നത്. 

ആദ്യമായാണ് ചേതന്‍ സ്ത്രീപക്ഷ രചന നടത്തുന്നത്. വിദ്യാഭ്യാസവും പണവും ജീവിത വിജയവുമുള്ള ഇന്ത്യന്‍ വനിതയ്ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന തിരിച്ചടികളാണ് ഈ നോവലില്‍ കഥാകാരന്‍ വിവരിക്കുന്നത്. ചിന്തയിലും പ്രവര്‍ത്തന മേഖലകളിലും പുരോഗമന വാദം പ്രസംഗിക്കുന്ന ഇന്ത്യക്കാര്‍ക്ക്, സ്ത്രീസമത്വം വാദിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് ഒരു പെണ്‍കുട്ടിയുടെ വിജയം അംഗീകരിക്കാന്‍ സാധിക്കാത്തതിന്റെ മാനസിക തലവും നോവലില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

'ഫെമിനിസം' എന്ന ആശയം ഇന്നും ഇന്ത്യക്കാര്‍ക്ക് പരിചിതമല്ലെന്ന് ചേതന്‍ ഭഗത് പറയുന്നു. സ്ത്രീ സമത്വം ഉണ്ടെന്ന് പറയുമ്പോഴും സമത്വം എങ്ങനെയെന്നോ എന്തെന്നോ നിര്‍വചിക്കാനോ പ്രാവര്‍ത്തികമാക്കാനോ ഇന്ത്യന്‍ സമൂഹത്തിനാവുന്നില്ലെന്നും അതാണ് ഫെമിനിസ്റ്റ് പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയെ പ്രധാന കഥാപാത്രമാക്കി എഴുതാനും തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. 

One Indian Girlഒക്ടോബര്‍ 1നാണ് 'വണ്‍ ഇന്ത്യന്‍ ഗേള്‍' പ്രകാശനം ചെയ്യുന്നത്. 'ആമസോണി'ലെ പ്രീ ബുക്കിങ് സൗകര്യം ഹിറ്റായിക്കഴിഞ്ഞു. 'ആമസോണി'ന്റെ ചരിത്രത്തില്‍ തന്നെയുള്ള എല്ലാ റെക്കോഡുകളും ഭേദിച്ചാണ് പുതിയ നോവല്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 'ഹാരി പോട്ടര്‍ ആന്‍ഡ് ദ കേഴ്‌സ്ട് ചൈല്‍ഡ്' എന്ന പുസ്തകത്തെ പിന്തള്ളിയാണ് 'വണ്‍ ഇന്ത്യന്‍ ഗേള്‍' ഒന്നാം പട്ടികയിലെത്തിയത്. 

യുട്യൂബില്‍ റിലീസായ ടീസര്‍ ഇതിനോടകം തന്നെ ആറ് ലക്ഷത്തിലധികം പേരാണ് കണ്ടത്. ട്വിറ്റര്‍, ഫെയ്ബുക്ക് തുടങ്ങി എല്ലാ നവമാധ്യമങ്ങളിലും വണ്‍ ഇന്ത്യന്‍ ഗേള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 

പ്രണയവും സൗഹൃദവും ഇന്ത്യന്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടുന്ന നോവലുകളാണ് ചേതന്‍ ഭഗത് ഇതുവരെ വായനക്കാര്‍ക്കായി നല്‍കിയിരിക്കുന്നത്. എല്ലാം വിവിധ വീക്ഷണകോണുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവ. ബോളിവുഡിന്റെ ഇഷ്ട കഥകളായാണ് ഇവ പിന്നീട് മാറിയത്. 'ത്രീ ഇഡിയറ്റസ്', 'ടു സ്റ്റേറ്റ്‌സ്' എന്നിവ ഉദാഹരണം. 

നോവല്‍ റിലീസാകുന്നതിന് മുമ്പുതന്നെ 'വണ്‍ ഇന്ത്യന്‍ ഗേള്‍' ബോളിവുഡില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വണ്‍ ഇന്ത്യന്‍ ഗേളിലെ രാധികയാകാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കങ്കണ റണൗത്ത് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. 2017 ഓടു കൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ചര്‍ച്ചകളില്‍ പറയുന്നു.