കായികവും കായികേതരവുമായ വിഷയങ്ങളെ കുറിച്ച് വി.കെ.എന്‍ എഴുതിയ ആക്ഷേപഹാസ്യങ്ങളുടെ സമാഹാരമാണ് ഞാണിന്മേല്‍ കളി. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ എഴുതിയ പത്ത് ആക്ഷേപഹാസ്യ ലേഖനങ്ങളും മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ഇരുപത് മറ്റുലേഖനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്രിക്കറ്റ് എന്ന ജനപ്രിയ കായികവിനോദത്തിന്റെ ചരിത്രം വി.കെ.എന്‍ ടച്ചോടെ അവതരിപ്പിക്കുമ്പോള്‍ രസകരമായ ഒരു വായനാനുഭവമായി അത് മാറുന്നു. ക്രിക്കറ്റ് മാത്രമല്ല ടെന്നീസും മറ്റു കായിക വിനോദങ്ങളും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആക്ഷേപഹാസ്യമായി വായനക്കാരന് മുമ്പിലെത്തുന്നു.

150 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ കുറിച്ച് 'നാട്ടുകാര്യസ്ഥന്മാര്‍ നല്ല വാക്കുപറഞ്ഞിട്ടും ചെക്കന്‍ ക്രീസ് വിട്ടുപോയില്ല , പഠിച്ച പണിയെല്ലാം പ്രയോഗിച്ചിട്ടും കൊച്ചന്‍ അനങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ പോലീസ് ലാത്തി ചുഴറ്റി അവനെ വിരട്ടി വിട്ടു' എന്നെഴുതാന്‍ വി.കെ.എന്നിന് മാത്രമേ സാധിക്കൂ. 

 

ശ്രീലങ്കയിലെ കില്ലിനോയിച്ചിനെ 'കിള്ളിനോവിച്ച് ' എന്നുവായിക്കാനും അതാണ് ആ പ്രദേശത്തിന് ചേരുന്ന പേരെന്ന് വാദിക്കാനും വാദിക്കാനും വി.കെ.എന്നിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.

2004ലാണ് ഈ ഞാണിന്മേല്‍ കളിയുടെ ആദ്യ പതിപ്പ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. പിന്നീട് വി.കെ.എന്നിന്റെ പത്താം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് രണ്ടാംപതിപ്പും ഇറങ്ങി.