Don't ask me the way to my house,
Each time I come and go a different way
Like you to my dre-am-s.

എന്റെ വീട്ടിലേക്കുള്ള വഴി
എന്നോടു ചോദിക്കരുത്,
ഓരോ തവണയും
ഞാന്‍ വരുന്നതും പോകുന്നതും
ഓരോ വഴി,
നീ എന്റെ സ്വപ്നത്തിലേക്ക്
എന്നപോലെ.


I had a grandma who used to talk to the dead.
Won't we have a granddaughter
Who talks to the yet- to- be- born?

പരേതാത്മാക്കളോട്
വര്‍ത്തമാനം പറയുന്ന
ഒരു മുത്തശ്ശിയുണ്ടായിരുന്നു
എനിക്ക്,
നാളെ പിറക്കാന്‍ പോകുന്ന
കുഞ്ഞുങ്ങളോടു കൊഞ്ചുന്ന
ഒരു കൊച്ചുമകളുണ്ടാവില്ലേ
നമുക്ക്.

Whose dreams are you and me?
Whose'er, may the dreamer never wake up.

ആരുടെ സ്വപ്നമാണ്
നീയും ഞാനും,
ആരുടെതായാലും
ഒരിക്കലും ഉണരാതിരിക്കട്ടെ
ആ ആള്‍.

പുസ്തകം വാങ്ങാം

Trying to cool down
I shatter in pieces.

ശാന്തനാകാന്‍ ശ്രമിച്ച്
ശകലങ്ങളായ്
ഞാന്‍ ചിന്നിച്ചിതറി.

I can see your body sprout
In the memory of a dream
That I can't remember.

ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത
ഒരു സ്വപ്നത്തിന്റെ ഓര്‍മയില്‍
നിന്റെ ഉടല്‍ തളിരിടുന്നത്
എനിക്കു കാണാം.

Flowers ever grumble about butterflies
Like me about your dreams of me,
What a short spell both flutter around!

പൂമ്പാറ്റകളെപ്പറ്റി
പൂക്കള്‍ക്കെന്നും പരാതിയേയുള്ളൂ,
എന്നെപ്പറ്റിയുള്ള
നിന്റെ സ്വപ്നങ്ങളെപ്പറ്റി എനിക്കും,
എത്ര കുറച്ചുനേരമാണ്
അവ ചുറ്റും പാറിക്കളിക്കുന്നത്.

I know where the stars go in the daytime.
Where do you go when I'm awake?

നക്ഷത്രങ്ങള്‍
പകല്‍ എങ്ങോട്ടാണ് പോകുന്നതെന്ന്
എനിക്കറിയാം,
ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍
നീ എങ്ങോട്ടാണ് പോകുന്നത്?

The moment I thought of you
The doves daydreaming on the rooftop flapped,
And the old bungalow I'm staying in
Soared into the sky like another dove.

നിന്നെ ഓര്‍ത്തതും
തടാകക്കരയില്‍
ഞാന്‍ പാര്‍ക്കുന്ന പഴയ മാളികയില്‍
പകലുറക്കത്തിലായിരുന്ന പ്രാവുകള്‍
ഒന്നിച്ചു ചിറകടിച്ചു;
മറ്റൊരു പ്രാവായ്
മാളിക പറന്നുയര്‍ന്നു.

പുസ്തകം വാങ്ങാം

Until we met
I didn't know that
There is a mole at the back of my neck
Nor you that inside your bosom
Is a bower for me.

എന്റെ പിന്‍കഴുത്തില്‍
ഒരു കാക്കപ്പുള്ളിയുള്ള കാര്യം
എനിക്കുപോലും അറിയില്ലായിരുന്നു,
നിന്റെ മാറില്‍
എനിക്കു വീടുവെക്കാന്‍ ഒരിടമുള്ളത്
നിനക്കും.

Yesterday was the new rain,
I slipped on my way home.
Today, I saw you.
Now look, I lie supine, eyes wide,
On this trail through the bamboo grove
I have never been before.

ഇന്നലെ പുതുമഴ പെയ്തു
വീട്ടിലേക്കുള്ള വഴിയില്‍
വയല്‍വരമ്പില്‍
എന്റെ കാല്‍വഴുതി,
ഇന്നു ഞാന്‍ നിന്നെ കണ്ടു
മുളംകാടുകള്‍ക്കിടയില്‍
ഇന്നോളം വരാത്ത വഴിയില്‍
ഞാനിതാ, ആകാശം നോക്കി
കണ്‍തുറക്കുന്നു.

This rose stem when planted
Didn't have flowers or fragrance.
But you bloom
Even before planting.

നട്ടപ്പോള്‍
ഈ പനിനീര്‍ക്കൊമ്പില്‍
പൂക്കളും സുഗന്ധവും ഉണ്ടായിരുന്നില്ല,
നീയാകട്ടെ
നടാതെതന്നെ പൂത്തുലയുന്നു.

The forlorn butterflies
Flying away
Bear witness to your having been here.

നീ ഇവിടെയുണ്ടായിരുന്നു എന്നതിന്
ദുഃഖിതരായ് പറന്നുപോകുന്ന
ഈ പൂമ്പാറ്റകള്‍ മാത്രം മതി
സാക്ഷികള്‍.

പുസ്തകം വാങ്ങാം

The first letter of your name is enough;
A continent yet undiscovered,
Full of mountains valleys forests rivers and lakes
Will dawn behind.

നിന്റെ പേരിന്റെ
ആദ്യാക്ഷരം മാത്രം മതി,
പിന്നാലെ പുലര്‍ന്നുവരും
നദികള്‍ തടാകങ്ങള്‍ കാടുകള്‍
തീരങ്ങള്‍ മലകള്‍ താഴ്‌വരകള്‍
ഇന്നോളം കണ്ടെത്താത്ത
ഒരു ഭൂഖണ്ഡം.

How thin is this curtain
Between you and me,
Still you don't see me
Nor I, you.

എത്ര നേര്‍ത്തതാണ്
നമ്മള്‍ക്കിടയിലെ ഈ യവനിക
എന്നിട്ടും കാണുന്നില്ലല്ലോ
നിന്നെ ഞാനും
നീ എന്നെയും.

The words I'd sent flying to you return
Pecking fresh seeds.

വരിനെല്ലുകൊത്തി
തിരിച്ചു പറക്കുന്നു
നിന്നിലേക്കു ഞാന്‍
പറത്തിവിട്ട വാക്കുകള്‍.

Were I a god
I'd create another god,
Entrust all my duties as god
To that god
Then I'll sit
Just looking into your eyes.

ഞാനൊരു ദൈവമായിരുന്നെങ്കില്‍
മറ്റൊരു ദൈവത്തെ സൃഷ്ടിച്ച്
ദൈവമെന്ന നിലയില്‍
എല്ലാ ചുമതലകളും
ആ ദൈവത്തെ ഏല്പിച്ച്
നിന്റെ കണ്ണില്‍ മാത്രം
നോക്കിയിരിക്കും.

How much
I want you,
I don't know.

എനിക്കറിയില്ല
എത്രമാത്രം വേണം
എനിക്കു നിന്നെയെന്ന്.

All the ways
I lost so far
Have been to you.

നിന്നിലേക്കുള്ളതായിരുന്നു
ഇന്നോളം എനിക്കു തെറ്റിയ
വഴികളെല്ലാം.

(മാതൃഭൂമി പ്രസിദ്ധീകരിച്ച ടി. പി. രാജീവന്റെ പ്രണയശതകം എന്ന കവിതാസമാഹാരത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം