കാശത്ത് വട്ടമിട്ട്‌ പറക്കുന്ന കൃഷ്ണപ്പരുന്തുകളെ നോക്കി നെടുവീർപ്പിടുന്ന മലയടിവാരം. കാലത്തിന്റെ വലപ്പാടുള്ള ചെതുമ്പൽക്കൈകൾ തലയിൽതാങ്ങി പുഴയോരത്ത് കുന്തിച്ചിരിക്കുന്ന വൃദ്ധ. 

ശരണമന്ത്രങ്ങളോടെ മലതാണ്ടുന്ന അയ്യപ്പഭക്തന്മാരിൽ ചിലർ പുഴയുടെ പശ്ചാത്തലത്തിൽ, കറുപ്പുടുത്ത വൃദ്ധഭക്തയെ മൊബൈലിൽ പകർത്തുന്നു.

ഭക്തരുടെ ഫ്ളാഷുകൾക്കും വെളിച്ചം വീഴ്ത്താനാവാത്തവിധം വൃദ്ധയുടെ ഓർമയുടെ ദിക്കുകൾ ഇരുളാണ്ടിരുന്നു. തെളിഞ്ഞുനിന്നത് ചില വാക്കുകൾ, ചില സംഭാഷണങ്ങൾ മാത്രം. 

"പ്രൊഫഷണൽ സ്കിൽ ഡെവലപ്‌മെന്റിനുള്ള ഹോംലി അറ്റ്‌മോസ്ഫിയർ നമുക്ക് കിട്ടുന്നില്ല.  വൈഫിന്റെ ജോബ് ഷെഡ്യൂളും പ്രശ്നം. കുട്ടികളെ ഡേ കെയറിലേക്കോ ബോർഡിങ്ങിലേക്കോ മാറ്റാം. പക്ഷേ..." 

"അതുതന്നെ. അമ്മയെ എന്തുചെയ്യും?  വൃദ്ധസദനത്തിലാക്കിയാലും നമ്മുടെ ചുമതല തീരുന്നില്ലല്ലോ? എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾ പറഞ്ഞ് അവർ നമ്മെ വീണ്ടും വീണ്ടും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും."മക്കൾ. മാളികപ്പുറത്തേറിയ ആൺമക്കൾ.   

നിലാക്കെറുവണിഞ്ഞ മലവാരങ്ങൾ കൈയേറിയ ലാപ്പ്‌ടോപ്പിലെ പളുങ്ക് സ്‌ക്രീനിൽ ഹൃദയം തൊടുന്നില്ലെന്ന് ഉറപ്പാക്കുന്ന മൗസ് ക്ലിക്കുകൾ. വെള്ളിമേഘംപോലുള്ള നരയിഴകൾ സ്‌ക്രീനിന്റെ വെളിയിലേക്കിറങ്ങി അവരെ ചുറ്റി വരിയരുതേ!  

ശരണാലാപനത്തിന്റെ ശീതളസംഗീതമുള്ള സുഖയാത്ര. ഇരുമുടിക്കെട്ടും ശരണംവിളികളുമായി ഹൈടെക്ക് ഭക്തിയോടെ അമ്മയേയുംകൊണ്ട് മല ചവിട്ടുന്ന മിടുക്കന്മാരായ മക്കൾ. അകാലത്തിൽ അച്ഛൻ മരിച്ചുപോയ രണ്ടാൺകുട്ടികളെ ഇരുകൈയിലുമായി പിടിച്ച് ജീവിതത്തിന്റെ മലചവിട്ടിക്കയറിയ ഒരു യുവതിയുടെ ദൃശ്യം അതിനെതിരേ ഉള്ളിൽ.   

വൃദ്ധസ്ത്രീകൾക്കുള്ള പ്രവേശനാനുമതി ശബരീശന്റെ വലിയ കാരുണ്യം. മക്കളറിഞ്ഞു തൊഴുതു. ഭാരമായിക്കൊണ്ടുനടന്ന ഇരുമുടിക്കെട്ടുകൾ അഭിഷേകത്തിന് ഇറക്കിവെച്ചു; തിരിച്ചിറക്കത്തിന്റെ കാട്ടുവഴികളിൽ അമ്മയെയും. പമ്പ കടന്നു. 

വൃദ്ധ ഒഴുകുന്ന വെള്ളത്തിലേക്ക്‌ നോക്കി എന്തിനോ ചിരിച്ചു."അമ്മാ, മലവെള്ളം... മലവെള്ളം... മാറുങ്കോ..."ഒരാൾപ്പറ്റത്തിന്റെ കൂട്ടനിലവിളി പാഞ്ഞടുക്കുന്നു.
അപ്പോൾ...

പമ്പാതീരത്ത് നിശ്ചേഷ്ടയായിരിക്കുന്ന വൃദ്ധയിൽ ജലകാളി പ്രവേശിക്കുന്നു. ജലം, സമസ്ത ജീവന്റെയും ഉറവിടം, വൻശബ്ദത്തോടെ ചിതറിത്തെറിക്കുന്നു. കറുത്തമുണ്ടും നരച്ചുവെളുത്ത പെൺശിരസ്സും കറങ്ങിച്ചുറ്റി മുങ്ങിമറയുന്നു. അമ്മ, ശൂലധാരിണി, സംഹാരരൂപിണി, ആർത്തലച്ച്  ഉറവിടത്തിലേക്ക് തിരിച്ചൊഴുകുന്നു. ആരെയും കാത്തിരിക്കാനില്ലാത്ത, ആരുടെയും കാവൽവേണ്ടാത്ത മലമടക്കുകളുടെ ഉയിരാഴങ്ങളിലേക്ക്...

sairaj075@yahoo.com