ക്കൂട്ടത്തില്‍ ചിനയുമുണ്ടായിരുന്നു. സ്വാതന്ത്ര്യദിവസത്തിന്റെ രാത്രിയില്‍ നാട്ടിലാകെ നഗരങ്ങളിലെ തെരുവീഥികളിലൂടെ കൂട്ടംകൂടി ആര്‍ത്തുല്ലസിച്ചു നടന്നിരുന്ന ലക്ഷക്കണക്കിലുള്ള ആള്‍ക്കൂട്ടത്തില്‍ അവളും ഉണ്ടായിരുന്നു. തലസ്ഥാന നഗരിയിലെ തെരുവീഥികളെല്ലാം ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നു. 

പുരുഷന്മാരും സ്ത്രീകളും കുട്ടികളും. സ്വാതന്ത്ര്യത്തിന്റെ  അജ്ഞേയമായ നിഗൂഢതകളെക്കുറിച്ചുള്ള ഭയസംഭ്രമങ്ങളില്‍പെട്ട് അസ്വസ്ഥരായവര്‍, അവിരാമം സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍, വിഷണ്ണരും മൂകരുമായവര്‍, പ്രതീക്ഷാനിര്‍ഭരര്‍, ചിന്താക്കുഴപ്പത്തിലകപ്പെട്ടവര്‍, കൂട്ടംതെറ്റിപ്പിരിയുകയും വീണ്ടും കൂടിച്ചേരുകയും ചെയ്യുന്നവര്‍. ആഫ്രിക്കയെന്നാല്‍ ഇരുട്ട് എന്നര്‍ത്ഥം കല്പിക്കുന്ന വിദൂരസ്ഥലങ്ങളില്‍ നിന്ന് വന്നെത്തിയ പരദേശികള്‍. ചത്വരത്തിനടുത്ത് കൂട്ടംകൂടി നില്‍ക്കുകയാണവര്‍. അതിനു മുകളിലാണ് ആകാശത്തേയ്ക്കുയരുന്ന അമിട്ടുകള്‍ കണ്ണഞ്ചിക്കുന്ന വര്‍ണ്ണപ്പൊലിമ സൃഷ്ടിച്ചുകൊണ്ടുപൊട്ടിത്തെറിക്കുന്നത്. ഇതാ, ഇവിടെയാണ് സ്വാതന്ത്ര്യം.
  
 ക്ര്‍.... ആ....... കാ.............ഠോ.............. ക്രാക്കാഠോ.........
   ചിനി ഫ്രാന്‍സ്വയുടെ അടുത്തേയ്ക്ക് നീങ്ങി. അയാളുടെ കൈകള്‍ അവളെ ചുറ്റിവരിഞ്ഞു. അവള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടു.
  'എന്ത് സുന്ദരമായിരിക്കുന്നു, ഓമനേ! അപൂര്‍വസൗന്ദര്യം, അല്ലേ?'
'ഓ, ഈ നിമിഷത്തില്‍ ഇങ്ങനെയങ്ങ് മരിച്ചെങ്കില്‍!' ചിനി മന്ത്രിച്ചു. 'നിന്റെ കൈകളില്‍ കിടന്നുകൊണ്ട്, പുതിയ നൈജീരിയയ്ക്കുവേണ്ടി, മരിക്കാന്‍ എനിക്ക് കൊതി തോന്നുന്നു.'
  'പ്രിയപ്പെട്ടവളേ, മരിക്കുന്നത് നല്ലതാണ്. ഇതാ ഇതിനെല്ലാം അറുതിവരുത്തിക്കൊണ്ട്, ഇപ്പോള്‍ ഈ നിമിഷം മരിക്കുന്നത് നല്ലതാണ്.'
  അവള്‍ പെട്ടെന്ന് തിരിഞ്ഞ് അവന്റെ നേരെ നോക്കി. 'നീയത് ഹൃദയം തുറന്ന് പറഞ്ഞതാണോ?'
  അയാള്‍ പുഞ്ചിരിച്ചു. 'പിന്നല്ലാതെ. ഇപ്പോള്‍ ഉച്ചസ്ഥായിയാണ്. സാമ്രാജ്യത്വത്തിന്റെ അന്ത്യം, നൈജീരിയയുടെ സ്വാതന്ത്ര്യത്തിന്റെ ആരംഭം!' അയാള്‍ വെടിക്കെട്ടുകളുടെ നേരെ വിരല്‍ ചൂണ്ടി. ക്ഷണത്തില്‍ രൂപം പൂണ്ടുവരുന്ന ആ പ്രതിഛായ അവള്‍ തിരിച്ചറിഞ്ഞു. രണ്ടാം എലിസബത്ത് രാജ്ഞിയുടെ കിരീടമായി ആ പ്രകാശം രൂപപ്പെട്ടുവന്നു. 'സാമ്രാജ്യത്വം അതിന്റെ ഭാഗം ആടിക്കഴിഞ്ഞെന്നു തോന്നുന്നു.' ഫ്രാന്‍സ്വ ദീര്‍ഘനിശ്വാസം ചെയ്തു. 'ഒരു നൂറ്റാണ്ടു കാലം.'

ചിനി കണ്ണെടുത്തു. രാജ്ഞിയുടെ പ്രതിഛായ എന്നിട്ടും അവളുടെ കണ്ണുകളിലിപ്പോഴും പ്രകാശിക്കുന്നു. ഒരു നൈജീരിയന്‍ സുന്ദരിയാണ് ചിനി. കൃശഗാത്രി. വെങ്കലനിറം. ഫ്രഞ്ചുകാരനെ എപ്പോഴും ആശ്ചര്യപ്പെടുത്തുന്ന, ഒരു പ്രതിമയുടെ ഉറച്ച ആകാരവടിവുകള്‍. തന്റെ ശരീരത്തോടാണ് ഫ്രാന്‍സ്വക്ക് പ്രേമമെന്ന് പറഞ്ഞു പലപ്പോഴും ചിനി അയാളെ ആക്ഷേപിക്കാറുണ്ട്. അപ്പോഴൊക്കെയും അതിന്റെ സാന്നിധ്യം തനിക്കൊരിക്കലും അവഗണിക്കാനാവില്ലെന്ന് അയാള്‍ മറുപടി പറയും. പ്രേമത്തിന്റെ പരിപൂര്‍ണ്ണതയാണവളുടെ കണ്ണുകളില്‍. മോടിയായി യൂറോപ്യന്‍ വസ്ത്രങ്ങളണിഞ്ഞാലും ലളിതമായ നൈജീരിയന്‍ വസ്ത്രങ്ങള്‍ ധരിച്ചാലും അവളൊരുപോലെ ആകര്‍ഷകയായിരുന്നു. അവളുടെ ഓരോ ചലനവും ഫ്രാന്‍സ്വയില്‍ കവിതയുടെ വേലിയേറ്റം സൃഷ്ടിച്ചിരുന്നു. അവളില്‍ അമ്പരപ്പിന്റെ വേലിയിറക്കവും. 'എന്റെ ഭ്രാന്തനായ ഫ്രഞ്ചുകാമുകന്‍' എന്നാണ് അവളയാളെ വിളിച്ചിരുന്നത്.

പെട്ടെന്നവള്‍ കൈനീട്ടി അയാളെ കെട്ടിപ്പിടിച്ചു. 'കൊല്ലൂ, എന്നെ കൊല്ലൂ!' അവള്‍ തേങ്ങുകയാണ്. ലക്ഷക്കണക്കിലാളുകളുടെ കണ്ഠത്തില്‍ നിന്ന് നൈജീരിയന്‍ ദേശീയഗീതത്തിന്റെ ഗര്‍ജ്ജനം ഉയര്‍ന്നു കേള്‍ക്കുന്നു:
 'നൈജീരിയാ, ഞങ്ങള്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു.
ഞങ്ങളുടെ പ്രിയപ്പെട്ട സ്വന്തം ജന്മനാടെ,
ഗോത്രങ്ങളും ഭാഷകളും വ്യത്യസ്തമാകാം.
എന്നാലും സാഹോദര്യത്തില്‍ ഞങ്ങളൊരുമിച്ച് നില്‍ക്കുന്നു
എല്ലാം നൈജീരിയക്കാര്‍
ഞങ്ങളുടെ സ്വതന്ത്ര പരമാധികാര-
മാതൃഭൂമിയെ സേവിക്കുന്നതിലഭിമാനം പൂണ്ട്.'

ഗര്‍ജ്ജനം മൈതാനം മുഴുക്കെ മാറ്റൊലിക്കൊണ്ടു. ആകാശത്തിലേയ്ക്കുയര്‍ന്നു നക്ഷത്രങ്ങളിലേയ്ക്കും മൂടല്‍മഞ്ഞില്‍പ്പൊതിഞ്ഞ ഉഷ്ണമേഖലാരാത്രികളിലേയ്ക്കും ആവിയായി അലിഞ്ഞുചേര്‍ന്നു.
  'എത്രമാത്രം സന്തുഷ്ടയാകേണ്ടതായിരുന്നു ഞാനിപ്പോള്‍! പക്ഷേ, നമ്മളെന്തിനേ കണ്ടുമുട്ടിയത്? ഞാനിപ്പോള്‍ സ്വതന്ത്രയാകേണ്ടതായിരുന്നു! എന്റെ രാജ്യം സ്വതന്ത്രമായി. പക്ഷേ, ഞാന്‍.... ഞാനിപ്പോഴും അസ്വതന്ത്രയാണ്.'
  അയാളുടെ ബലിഷ്ഠങ്ങളായ കൈകള്‍ അവളുടെ ചുമലുകള്‍ക്ക് ചുറ്റും മുറുകുന്നത് അവള്‍ക്കനുഭവപ്പെട്ടു. അവള്‍ അയാളോടൊട്ടി നിന്നു. കുറ്റിരോമങ്ങള്‍ നിറഞ്ഞ അയാളുടെ മുഖം അവളുടെ മിനുത്ത ചര്‍മ്മത്തിലുരസി.
 'ചിനി, നീയെന്റെയാണ്, അല്ലേ?'
'നിന്റെതന്നെ, ഫ്രാന്‍സ്വാ, നിസ്സംശയം നിന്റെതന്നെ!'
'നീ എന്നോടൊപ്പം പാരീസിലേക്ക് വരില്ലേ....?'
അവന്റെ പിടുത്തം അവളെ നോവിച്ചിരുന്നു. ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടങ്ങള്‍ അവര്‍ക്കു ചുറ്റും ഒഴുകിപ്പൊയ്‌ക്കൊണ്ടിരിക്കേ ചത്വരമധ്യത്തില്‍ വെച്ച് അവന്റെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളില്‍ അമരുകയായിരുന്നു.
 'ഓ, ഫ്രാന്‍സ്വാ, നാമിവിടെ തുറന്ന പൊതുസ്ഥലത്താണ്.'
 'നീ ശരിക്കും അതല്ലല്ലോ ഉദ്ദേശിച്ചത്, അല്ലല്ലോ!'
അവന്റെ ചുംബനങ്ങള്‍ അവളുടെ നിശ്വാസങ്ങളെ ഞെരുക്കിയമര്‍ത്തി.
 അവരുടെ ഡോഫിന്‍ വിക്ടോറിയാ ബീച്ചിലേക്ക് കുതിക്കവേ രണ്ടാളും മൗനം ഭൗജിച്ചു. ചിനി നേരെ മുന്നിലേക്ക് നോട്ടമയച്ചു. അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞിരിക്കയാണ്. സ്വാതന്ത്ര്യം, ഫ്രാന്‍സ്വ. പ്രേമം. വിവാഹം. സ്വാതന്ത്ര്യം. സ്വാതന്ത്ര്യം, മോചനം!... നിരത്തുവക്കത്തെ മരങ്ങള്‍ അവര്‍ക്കെതിരെ കുതിച്ചു പാഞ്ഞു. അവരുടെ പിറകില്‍ വെളിച്ചം മിന്നിച്ചുകൊണ്ടു കുതിച്ചുപായുന്ന ക്ഷമകെട്ട കാറുകള്‍. അവയിലെല്ലാം കാമുകീകാമുകന്മാരായിരിക്കുമെന്നവള്‍ക്കു തോന്നി.

പരിചിതമായ സ്ഥലങ്ങളിലൂടെയാണ് ഫ്രാന്‍സ്വ കാറോടിച്ചിരുന്നത്. പക്ഷേ, അവയെല്ലാമിപ്പോള്‍ അപരിചിതമായ പ്രഭാപൂരം ചിതറി നില്‍ക്കുകയാണ്. ഫെഡറല്‍ പാലസ് ഹോട്ടല്‍ രാജകീയമായ അന്തസ്സോടെ നിലക്കൊണ്ടു. അര്‍ധരാത്രിയായിട്ടുപോലും നൈജീരിയാ പ്രദര്‍ശനത്തിലെ പവലിയനുകളില്‍ ആളുകള്‍ കൂട്ടംകൂട്ടമായി ചുറ്റിനടക്കുന്നു.

ഫ്രാന്‍സ്വയെ കാണാന്‍വേണ്ടി ഒരു വൈകുന്നേരം അയാളുടെ ജോലിസ്ഥലത്തു ചെന്നത് അവളോര്‍ത്തു. അയാളപ്പോള്‍ സ്വന്തമായി ഒരു സ്റ്റാന്റ് സജ്ജീകരിക്കുകയായിരുന്നു. ഫ്രാന്‍സ്വയുടെ കൈത്തണ്ടകളില്‍ തിങ്ങിനിറഞ്ഞ രോമാവലികള്‍ പോലെ ആള്‍ക്കൂട്ടം അവിടമെങ്ങും തിങ്ങിനിറഞ്ഞിരുന്നു. അന്നു വൈകുന്നേരം ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി ചെന്നപ്പോള്‍ സ്റ്റാന്റിന്റെ താഴത്തെ നിലയില്‍ അവളയാളെക്കണ്ടു. വിളക്കുപയോഗിച്ച് ഒരു ഉരുക്ക് ദണ്ഡ് മുറിക്കുന്ന തൊഴിലാളികളോടൊപ്പം നില്‍ക്കുകയാണയാള്‍. ഉജ്ജ്വലമായ ആ പ്രഭാപൂരത്തില്‍ അയാളുടെ അതിസുന്ദരമായ മുഖം പ്രതിമയില്‍ കൊത്തിയെടുത്തപോലെ തോന്നിച്ചു. വെളുത്ത ഷര്‍ട്ടും വെളുത്ത കാലുറകളുമാണയാള്‍ ധരിച്ചിരുന്നത്. അയാളുടെ മുഖത്തു ക്ഷീണത്തിന്റെ തീക്ഷ്ണമായ എണ്ണമിനുപ്പുണ്ടായിരുന്നു.
  
അവള്‍ ഒഴിഞ്ഞുമാറാന്‍ നോക്കുമ്പോഴേയ്ക്കും പെട്ടെന്ന് അയാള്‍ തിരിഞ്ഞുനോക്കി. 'ഏയ്, ചിനി!' അവള്‍ മിക്കവാറും നിന്നിടത്തുനിന്നു തുള്ളിപ്പോയി. ഫ്രാന്‍സ്വ കൈകള്‍ കാലുറയുടെ പിന്‍വശത്തു തുടച്ചു. അയാള്‍ക്കെതിരെ നിന്നിരുന്ന രണ്ടു വെള്ളക്കാരോടു ക്ഷണത്തിലെന്തോ പറഞ്ഞു. ഇറുകിയ കാല്‍ച്ചട്ടകളും കട്ടികുറഞ്ഞ പരുത്തിത്തൊപ്പികളും ധരിച്ച അവര്‍ അമേരിക്കക്കാരെപ്പോലെ തോന്നിച്ചു. അവരിലൊരാള്‍ ച്യുയിങ്ങ്ഗം ചവച്ചുകൊണ്ടിരുന്നു.
 ഫ്രാന്‍സ്വ ആയാസരഹിതമായി ആടിക്കൊണ്ടെന്നോണം അവളുടെ അടുത്തേയ്ക്കുവന്നു. അപ്പോള്‍ അടിച്ചൊരു കാറ്റ് അവളുടെ പാവാടത്തുമ്പു പൊക്കി. അവള്‍ ഒരു കൈകൊണ്ട് പാവാടത്തുമ്പു പിടിച്ചു താഴ്ത്തി നിര്‍ത്തി. മറ്റെക്കൈകൊണ്ട് അവളുടെ പുല്‍ത്തൊപ്പി അമര്‍ത്തിപ്പിടിച്ചു.
  
'നീയൊരു സുന്ദരമായ ചിത്രംപോലുണ്ട്, ചിനി!' അയാള്‍ പറഞ്ഞു. അവളുടെ കൈകളില്‍ അയാള്‍ ചുംബിച്ചു. അവളുടെ അടുത്തു നിന്നു സ്റ്റാന്റിനു നേരെ നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു: 'നിനക്കതിഷ്ടമായോ?' അയാള്‍ കൈ നീട്ടി വായുവില്‍ വലിയൊരു ചാപം വരച്ചു. പക്ഷേ, ചിനി അയാളുടെ കണ്ണുകളിലേക്കാണ് നോക്കിയിരുന്നത്. അയാളവളെ പ്രത്യവലോകനം ചെയ്തുകൊണ്ടു പറഞ്ഞു: 
'സുന്ദരമായിരിക്കുന്നു, അല്ലേ?'
'സ്റ്റാന്റോ, ഞാനോ?'
  അയാള്‍ ചിരിച്ചു. 'നീ തന്നെ. സംശയമില്ല. കാപ്പികുടിക്കാന്‍ നമ്മളെങ്ങോട്ടാണ് പോകുന്നത്?'

അയാള്‍ സംസാരിക്കുന്ന രീതി അവള്‍ക്കപരിചിതമായിത്തോന്നി. അത് അവളുടെ ഹൃദയത്തില്‍ ആഴമേറിയ മുറിപ്പാടുകളുണ്ടാക്കി. പതിനാലു ദിവസങ്ങള്‍ക്കകം അയാള്‍ പോവുകയാണ്. നാട്ടില്‍നിന്നു പുറത്താക്കപ്പെടുകയാണ്. അങ്ങനെയാണ് പറഞ്ഞു കേള്‍ക്കുന്നത്. അയാള്‍ നാടുവിടുന്നതാണ് 'പൊതുതാത്പര്യത്തിന്നനുഗുണമായിരിക്കുക' എന്നാണത്രെ ഗവര്‍ണര്‍ ജനറല്‍ കരുതുന്നത്. അഭിജ്ഞവൃത്തങ്ങളില്‍ നിന്നറിഞ്ഞുകഴിഞ്ഞതാണ്. എന്നിട്ടും അയാളിതുവരെ അവളോടൊന്നും പറഞ്ഞിട്ടില്ല. പക്ഷേ, യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് അവളെ വിവാഹം കഴിക്കാനാഗ്രഹമുണ്ടോ? അവളെല്ലാം നഷ്ടപ്പെടുത്തിയത് വെറുതെയായോ?
  
എസ്പ്രസോ പാരമ്പര്യത്തിന്നനുസരിച്ചാണ് കാഫീബൂത്ത് നിര്‍മിച്ചിരുന്നത്. ഇതേ സ്റ്റാന്റില്‍ ഇനിയിപ്പോള്‍ ടെഡ്ഡീബോയ്‌സിനും ബീറ്റ്‌നിക്കുകള്‍ക്കും പകരം ലാഗോസിലെ എന്തും ചെയ്യാന്‍ മടിക്കാത്ത ചട്ടമ്പിപ്പിള്ളേര്‍ കൂട്ടംകൂടി നില്‍ക്കുന്നതവള്‍ക്കു ഭാവന ചെയ്യാന്‍ കഴിയും. ബോമാബോയ്‌സ് എന്നാണ് മുമ്പെല്ലാം അവരെ വിളിച്ചിരുന്നത്. പക്ഷേ, അവരിപ്പോള്‍ മുന്തിയ കാറുകളുമെല്ലാമായി വളരെ പരിഷ്‌കരിച്ചിരിക്കുന്നു... ഏതെങ്കിലും ഈറപിടിച്ചൊരു രാഷ്ട്രീയക്കാരനുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ആരെയെങ്കിലും തല്ലിച്ചതക്കാന്‍ തയ്യാറായി നില്‍ക്കുന്ന തെമ്മാടികള്‍. ആരെ ആക്രമിക്കാനാണോ തങ്ങള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്, അയാളില്‍നിന്നു കൂടുതല്‍ ഫീസ് കിട്ടുകയാണെങ്കില്‍ ഉടനെത്തന്നെ കൂറു മാറാന്‍ തയ്യാറായി നില്‍ക്കുന്നവര്‍. പരീക്ഷയ്ക്ക് പഠിക്കാന്‍ ശ്രമിച്ചിരുന്ന കാലത്തെ ചെല്‍സിയിലെ തണുത്ത രാത്രികളെക്കുറിച്ച് അവളോര്‍ത്തു. ഇപ്പോളവള്‍ അവളുടെ ജീവിതാഭിലാഷം നേടിയെടുത്തിരിക്കുന്നു. അവളിന്നൊരു സിക്രട്ടറി-ടൈപ്പിസ്റ്റാണ്. ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള ഒരുവള്‍. പരമരഹസ്യമായി എഴുതിയെടുക്കേണ്ട കാര്യങ്ങള്‍ അവളുടെ കാതുകളിലാണെത്തുന്നത്. എന്നിട്ട് അവളിതാ നാടുവിടാന്‍ നിര്‍ബന്ധിതനായ ഈ ഫ്രഞ്ചുകാരനെ കയറി പ്രേമിച്ചിരിക്കുന്നു.
  
'ആങ്, എങ്ങനെയുണ്ട് ചിനി, സ്വാതന്ത്ര്യമെല്ലാം?'
  'സ്വാതന്ത്ര്യമുള്ളവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം ബഹുകേമം!'
  അയാളൊന്നും പറഞ്ഞില്ല. വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. അവള്‍ തുടര്‍ന്നു: 
'ഐക്യവും വിശ്വാസവും അങ്ങനെയുള്ളതെല്ലാം!'
'ഞാന്‍ നൈജീരിയയെ സ്‌നേഹിക്കുന്നു. ആഫ്രിക്കക്കാരില്‍വെച്ച് ഏറ്റവും മര്യാദക്കാരാണ് നിങ്ങള്‍ നൈജീരിയക്കാര്‍.'
'കാര്യത്തോടടുക്കുമ്പോള്‍ എല്ലാ ആഫ്രിക്കക്കാരും ഒന്നാണ്, ഫ്രാന്‍സ്വ. എല്ലാ വെള്ളക്കാരെയും നേരിടുന്ന പ്രശ്‌നത്തില്‍.'
 'ഞാനൊരു വിദേശീയനാണെന്നാണോ നീ പറയുന്നത്?'
 
അവള്‍ കാലുകള്‍ പിണച്ചുവെച്ചു. ഫ്രാന്‍സ്വയുടെ കണ്ണുകളില്‍ ആസക്തിയുടെ പൂത്തിരി കത്തി. അപൂര്‍വസൗന്ദര്യമിയലുന്ന കാലുകളാണ് ചിനിയുടേത്. നെടുകെ കീറുവെച്ച പാവാടയാണ് ഇന്ന് വൈകുന്നേരമവള്‍ ധരിച്ചിരിക്കുന്നത്. ഇടുപ്പുമുതല്‍ വക്കുവരെ മോടിപിടിപ്പിക്കുന്ന ബട്ടണുകള്‍ പിടിപ്പിച്ച് ആ കീറു കൂട്ടിച്ചേര്‍ത്തിയിരിക്കയാണ്.
 'നിന്റെ മനസ്സിനെ എന്തോ വിഷമിപ്പിക്കുന്നുണ്ടല്ലോ, ചിനി?'
 
അവള്‍ കാപ്പി ഇളക്കി. പക്ഷേ അതു ചു്ണ്ടിലേയ്ക്കുയര്‍ത്തിയപ്പോള്‍ ഉടുപ്പില്‍ തുളുമ്പി. ഫ്രാന്‍സ്വ കൈലേസ്സെടുത്ത് ചാടിയെണീറ്റു. അവളുടെ പാവാടയിലും നെഞ്ചിലും കാപ്പിക്കറയുണ്ടാക്കിയ പാടുകള്‍ അയാള്‍ തുടച്ചുകൊടുത്തു. അവളുടെ ഇടത്തെ മുലയ്ക്കു മുകളില്‍ വീണ കാപ്പിക്കറയില്‍ അയാളുടെ കൈ കുറച്ചധികനേരം തങ്ങിനിന്നു.
  ചിനിയെസ്സംബന്ധിച്ചിടത്തോളം അന്നത്തെ വൈകുന്നേരമാകെ അലങ്കോലപ്പെട്ടു കഴിഞ്ഞിരുന്നു. അവളെഴുന്നേറ്റു. അയാളവളുടെ കൈ സ്വന്തം കൈപ്പിടിയിലൊതുക്കി.
'ചീനി, ഞാന്‍ ഖേദിക്കുന്നു'
'അതെന്റെ കുറ്റമാണ്. എനിക്കു കരച്ചില്‍ വരുന്നു.'

അവള്‍ നടന്നു. തലയുയര്‍ത്തിപ്പിടിച്ചു മടമ്പുകള്‍ നിലത്തടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ട്, നിതംബം കുലുക്കിക്കൊണ്ട് കഠിനമായ പകയോടെ അവള്‍ നടന്നു. കാറോടിച്ചിരുന്നവര്‍ പലരും ഹോണടിച്ചും കൈവീശിയും സ്വന്തം കാറുകളിലേയ്ക്കവളെ ക്ഷണിച്ചു. പക്ഷേ അവള്‍ക്കതൊന്നും ആവശ്യമില്ലായിരുന്നു. അവള്‍ക്കവളുടെ സ്വന്തം കാറുണ്ട്. ഫ്രാന്‍സ്വയ്ക്കുമുണ്ട് സ്വന്തം കാര്‍. അസാധ്യമായൊരു പ്രേമബന്ധത്തെ എങ്ങനെ നേരിടുമെന്ന് അവര്‍ക്കാര്‍ക്കുമറിഞ്ഞുകൂടാ.  സ്വന്തം ആളുകളാല്‍ തിരസ്‌കരിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുക. പ്രത്യേകിച്ചും താന്‍ അത്യദ്ധ്വാനം ചെയ്തു നേടിയെടുത്ത ഉത്തമ വിശ്വാസം ആവശ്യപ്പെടുന്ന ഉന്നതമായൊരു പദവിയി,ല്‍ താനിരിക്കുന്ന ഈ അവസരത്തില്‍.
  
'ഞാനീ മനുഷ്യനെ സ്‌നേഹിക്കുന്നില്ല... ഞാനിയാളെ സ്‌നേഹിക്കുന്നു... പക്ഷേ, അയാളൊരു ഫ്രഞ്ചുകാരനല്ലേ... അതു സാരമില്ല.... സാരമുണ്ട്... സ്വാതന്ത്ര്യത്തിനുമുമ്പ് അതത്ര കാര്യമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ നാം വ്യത്യസ്തരാണ്. ഞാന്‍ എന്റെ നാട്ടില്‍ത്തന്നെ താമസിക്കണം. പ്രവൃത്തിയെടുക്കണം. എന്റെ നാട് കെട്ടിപ്പടുക്കണം.'
  ചിനി നടന്നു. ഇരുപതു ലക്ഷം ജനങ്ങളുണ്ട് ലാഗോസിന്‍. എല്ലാവരും പാലത്തിനടുത്ത് കൂട്ടംകൂടി നില്‍ക്കുകയാണ്. പക്ഷേ, അവളെ സംബന്ധിച്ചിടത്തോളം അവിടം ശൂന്യമാണ്. അവരെല്ലാം അവള്‍ക്കപരിചിതരാണ്.
  അവളുടെ അമ്മ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടി വന്നെത്തേണ്ടതായിരുന്നു എന്ന് അവളോര്‍ത്തു. എന്നാല്‍ അമ്മയുടെ വിവരമൊന്നുമില്ല. ഒരുപക്ഷേ, ഇനിയും വന്നെത്തിക്കൂടായ്കയില്ല. എന്തെങ്കിലും സംഭവിച്ചിരിക്കുമോ?
  
അമ്മയോട് നേരിട്ട് പറയുന്നതാണ് നല്ലത്. ഒന്നു തീര്‍ച്ചയാണ്. സ്വതന്ത്ര നൈജീരിയ കോളനിഭരണത്തിന്‍ കീഴിലുള്ള  നൈജീരിയയല്ല. സ്ത്രീകളുടെ സ്ഥിതി ഇന്ന് വ്യത്യസ്തമാണ്. നിറം കറുപ്പായാലും വെളുപ്പായാലും മഞ്ഞയായാലും ചുവപ്പായാലും സ്‌നേഹം മന്ത്രിക്കുമ്പോള്‍ പ്രതികരണം ഒന്നുതന്നെയാണ്. എന്നാലും എന്തിനേ താനൊരു ഫ്രഞ്ചുകാരനെക്കയറി പ്രേമിച്ചത്?
   
അന്നു വൈകുന്നേരം അവളും ഫ്രാന്‍സ്വയും തമ്മില്‍ തര്‍ക്കിച്ചതാണ്.
  'നൈജീരിയന്‍ പെണ്‍കുട്ടികള്‍ക്ക് പ്രേമത്തിന്റെ അര്‍ത്ഥമറിയില്ല.'
  'എന്താണര്‍ത്ഥം ഫ്രാന്‍സ്വ? എനിക്കും ഒന്നു മനസ്സിലാക്കാമല്ലോ?'
 'അതു പറഞ്ഞു മനസ്സിലാക്കിക്കാന്‍ അത്ര എളുപ്പമല്ല.' അയാള്‍ സിഗററ്റ് വലിച്ചുകൊണ്ടിരുന്നു. 'നോക്ക്, സ്‌നേഹം സര്‍വംസഹയാണ്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള തികച്ചും സ്വകീയമായ ഒരിടപാട്.'
   'അതു യൂറോപ്പില്‍. ഇവിടെ ആഫ്രിക്കയില്‍ അതൊരു പൊതുക്കാര്യമാണ്. എല്ലാവരുമായും ബന്ധപ്പെട്ടത്. എന്റെ അമ്മയ്ക്കതില്‍ കാര്യമുണ്ട്. അതുപോലെ അമ്മയുടെ ആള്‍ക്കാര്‍ക്കും.  എന്റെ അച്ഛന്‍ മരിച്ചുപോയി. പക്ഷേ, എന്റെ അച്ഛന്റെ സഹോദരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അതറിയേണ്ട കാര്യമുണ്ട്.
  ഞാന്‍ ആകാശത്തുനിന്നും പൊട്ടിവീണതല്ല. നിനക്കറിയാമല്ലോ. മനസ്സിലാക്കാന്‍ ശ്രമിക്കൂ. എനിക്ക് ധൈര്യമില്ലെന്നാണോ നീ കരുതുന്നത്?'
 'നൈജീരിയ മന്ത്രിക്കുന്നു.' അയാള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
  
അവള്‍ക്ക് ദേഷ്യം വരുമ്പോള്‍ അവളെ ചൊടിപ്പിക്കാന്‍ അയാള്‍ സാധാരണ ചെയ്യാറുള്ളതാണിത്. 'നൈജീരിയ മന്ത്രിക്കുന്നു.' സ്വാതന്ത്ര്യത്തിനുശേഷമുള്ള അയാളുടെ ഒരു പുതിയ പദപ്രയോഗം. സ്വന്തം കാലില്‍ നില്‍ക്കുന്നതും സംരക്ഷിക്കപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ നൈജീരിയക്കാര്‍ക്ക് ഇനി മനസ്സിലാവും. നിങ്ങളുടെ സ്വകാര്യജീവിതത്തിലായാലും ശരി പൊതുജീവിതത്തിലായാലും ശരി നിങ്ങള്‍ക്കിനി എല്ലായ്‌പോഴും രണ്ടാലൊന്നു തിരഞ്ഞെടുക്കേണ്ടിവരും. ഒന്നുകില്‍ നൈജീരിയ, അല്ലെങ്കില്‍ സ്വന്തം കാര്യം. പക്ഷേ, ചിനി, എല്ലായ്‌പോഴും നൈജീരിയ മന്ത്രിക്കും. എല്ലായ്‌പോഴും. നിന്റെ ഉള്ളില്‍ ഉള്ളില്‍ നൈജീരിയ ഉണ്ട്. നീ നിന്റെ സ്വന്തമായ ഉപദേശം സ്വീകരിക്കുകയാണെങ്കില്‍ ചെയ്യുന്നതൊന്നായിരിക്കും. മറിച്ച്, നൈജീരിയയുടെ ഉപദേശമാണ് കേള്‍ക്കുന്നതെങ്കില്‍ ചെയ്യുന്നത് അതായിരിക്കില്ല.'

'എന്നെ ശല്യപ്പെടുത്തിക്കഴിഞ്ഞോ?'
  'ഉവ്വ്, എന്റെ സുന്ദരിയായ രാജകുമാരി.' അയാളവളെ ചുംബിച്ചു.
 'ഫ്രാന്‍സ്വ, നിനക്ക് വല്ലാതെ ശുണ്ഠി പിടിച്ചിരിക്കുന്നു, ഇല്ലേ?'
 'നിനക്കായാലും ശുണ്ഠിവരില്ലേ? നീ സ്‌നേഹിക്കുന്ന നാട് നിനക്കു വിട്ടുപോകേണ്ടിവരുമ്പോള്‍, നീ സ്‌നേഹിക്കുന്ന പെണ്‍കുട്ടിക്കൊരു തീരുമാനമെടുക്കാന്‍ കഴിയാതെ വരുമ്പോള്‍.'
 'പക്ഷേ ഫ്രാന്‍സ്വ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.'
 'എങ്കില്‍ നീ എന്റെ കൂടെ വരുമോ?'
'അതത്ര എളുപ്പമല്ല.' ചിനി പറഞ്ഞു.
'ഞാനിപ്പോള്‍ നൈജീരിയയെ സ്‌നേഹിക്കുന്നു- പക്ഷേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നമ്മുടെ ഭാഗധേയം പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്തവിധം കെട്ടുപിണഞ്ഞു കിടക്കുകയാണെന്നും എനിക്കറിയാം.'
  
'അപ്പോള്‍ പിന്നെ നമ്മളെന്താണ് ചെയ്യുക?' അയാളുടെ ശബ്ദം ദുര്‍ബലമായിരുന്നു.
  അയാളുടെ രൂക്ഷമായ മുഖം അവള്‍ കണ്ടു. അയാള്‍ തിരിഞ്ഞ് അവളെ തന്നിലേയ്ക്കു പിടിച്ചുവലിച്ചു. ചിനി കണ്ണടച്ചു. അയാളുടെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളിലമരുന്നത് അവളറിഞ്ഞു. അവേളാടുള്ള അടങ്ങാത്ത ആസക്തിയോടെ.
  'വെങ്കലപ്പെണ്ണേ? വികാരംകൊണ്ട് ചൂടുപിടിച്ച കാട്ടുമൃഗത്തിന്റെ രക്തത്തോടുകൂടിയ പെണ്ണേ! നിന്റെ ഗന്ധമാണെന്റെ നാസാരന്ധ്രങ്ങളില്‍. നിന്റെ അഗ്നിയാണെന്റെ രക്തത്തില്‍. നിന്നെക്കൂടാതെ എന്റെ ആത്മാവ് മരിക്കുന്നു.'
  ഇത്തരം ആരാധനയ്ക്കു മുമ്പില്‍ ചിനിക്ക് ഉത്തരം മുട്ടുന്നു.  
 
ലാഗോസ് ആഹ്ളാദംകൊണ്ട് അലതല്ലുകയാണ്. റോഡിലൂടെ ബസ്സുകള്‍ ഓടുന്നു. ജനറലാസ്പത്രിയിലെ നഴ്‌സുമാര്‍ വെട്ടിത്തിളങ്ങുന്ന വെള്ള നിറമുള്ള സ്റ്റേറ്റ് ഹൗസിനു മുന്നില്‍ മറിനയിലെ ബസ്സ് സ്റ്റോപ്പുകളില്‍ കാത്തുനില്‍ക്കുന്നു. വ്യവസായ എസ്റ്റേറ്റുകളിലേയ്ക്കുള്ള ആളുകളേയും കയറ്റി കടത്തുവള്ളങ്ങള്‍ അപാപയിലേയ്ക്കു കൂക്കിവിളിച്ചു നീങ്ങുകയാണ്.
  തന്റെ ആപ്പീസിന്റെ ജനലിലൂടെ ചിനി പുറത്തേയ്ക്കു നോക്കി. ഡോഫിന്‍ ചീറിപ്പാഞ്ഞു പോകുന്നത് അവള്‍ കണ്ടു. അതില്‍ ഫ്രാന്‍സ്വയായിരുന്നു.
  മേലധികാരിയുടെ മുഴങ്ങുന്ന ശബ്ദം ശ്രുതലേഖനത്തിലേയ്ക്ക് അവളുടെ ശ്രദ്ധ തിരിച്ചു. അവളുടെ ചുരുക്കെഴുത്തുപേന പേഡിന്റെ ഉപരിതലത്തിലൂടെ വേഗതയോടെ നീങ്ങി. മരംകൊണ്ട് പാനല്‍ചെയ്ത മുറി തികച്ചും ശാന്തമായിരുന്നു- സാക്ഷാല്‍ ദൈവം അവിടെ ആസനസ്ഥനായിരിക്കുന്നു എന്നു തോന്നിക്കുമാറ്.
  'അതുമതി.' അവളുടെ മേലധികാരി പറഞ്ഞു.
 ചിനി എഴുന്നേറ്റു. അവള്‍ സാധനങ്ങളെല്ലാം പെറുക്കിയെടുത്ത് വാതില്‍ക്കലേയ്ക്കു നടക്കുകയായിരുന്നു. അപ്പോഴേയ്ക്കും ഒരു കഷ്ണം കടലാസ് നിലത്തുവീണു. അവളതെടുക്കാന്‍ കുനിഞ്ഞു.
  'ചിനി' - മേലധികാരി വിളിച്ചു.
  'സര്‍'
'ഒരു മിനിറ്റ് നില്‍ക്കൂ'
   
അയാളുടെ മുഖത്തെ അമര്‍ഷത്തിന്റെ ചുളിവുകള്‍ അവള്‍ കണ്ടു. മുന്നിലുള്ള ഫയലുകള്‍ പരതുകയായിരുന്നു അയാള്‍. ജോലിചെയ്യുമ്പോള്‍ പൂര്‍ണമായും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു അയാള്‍ക്ക്. ആ സ്ഥിതിയിലയാളെ പലപ്പോഴും അവള്‍ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം അയാള്‍ കൈയില്‍ കറുത്ത ചട്ടയുള്ളൊരു ബൈബിളുമായി പത്രക്കാരില്‍ നിന്ന്, റേഡിയോവില്‍ നിന്ന്, വിമര്‍ശകരില്‍ നിന്ന് എല്ലാമകലെ, ഭൗതികമായ എല്ലാ പരിമിതികളില്‍നിന്നുമകലെ, മറ്റേതോ ഒരു ലോകത്തേയ്ക്ക് എന്നുതന്നെ പറയാം, ദേശാന്തരഗമനം ചെയ്തിരിക്കയാവും.
   
അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയി. ഫ്രാന്‍സ്വയെപ്പറ്റി അയാളറിഞ്ഞിരിക്കുമോ? അറിഞ്ഞിട്ടുണ്ടാവണം. അതിനെപ്പറ്റി സംസാരിക്കാന്‍ പോകയാണോ അയാളിപ്പോള്‍? അല്ല? അതേ? ക്ഷണത്തിലവള്‍ പ്രതിരോധത്തിന് തയ്യാറായി.
  
തലയുയര്‍ത്താതെ അയാള്‍ പറഞ്ഞു: 'ഞാനുടനെത്തന്നെ യാത്രതിരിക്കയാണ്. എന്നോടൊപ്പം വരാന്‍ നല്ലൊരു സിക്രട്ടറി-ടൈപ്പിസ്റ്റിനെ എനിക്ക് ആവശ്യമുണ്ട്. മിസ്സ് വെല്‍ഡിന് ഈയിടെയായി നല്ല സുഖമില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പതിനെട്ട് സിക്രട്ടറിമാരില്‍ നിങ്ങളോളം പ്രസാദാത്മകമായി പെരുമാറുന്നവര്‍ വേറെയില്ല. ഏതായാലും ഇതുവരെ നിങ്ങളെന്നോടൊപ്പം യാത്ര ചെയ്തിട്ടില്ലല്ലോ...
  
അവളപ്പോള്‍ ഫ്രാന്‍സ്വയുടെ മുഖം കണ്ടു. നൈജീരിയ മന്ത്രിക്കുന്നു എന്നു പറഞ്ഞു പുഞ്ചിരിക്കുന്ന മുഖം. തന്റെ മേലധികാരി സംസാരിക്കുന്നതവള്‍ കേട്ടു. എന്താണയാള്‍ പറഞ്ഞിരുന്നത്? എവിടെയാണവള്‍ നില്‍ക്കുന്നത്? എന്തിനാണയാളിങ്ങനെ സംസാരിക്കുന്നത്? ഫ്രാന്‍സ്വ അവളെ പരിഹസിക്കുമെന്ന് അയാള്‍ക്കറിയില്ലേ?
 അയാള്‍ സംസാരിക്കുന്നത് നിര്‍ത്തിയതായി അവളറിഞ്ഞു. ഒരു മറുപടി പ്രതീക്ഷിച്ചിരിക്കുകയാണയാള്‍. അവള്‍ അയാളെ കാത്തുനിര്‍ത്തുകയാണ്.
 'നിങ്ങളെന്നോടൊപ്പം വരുമോ?'
'സര്‍?'
'നിങ്ങള്‍ വരുമോ എന്ന്?'
'ഞാന്‍... ഞാന്‍ വരാം, സര്‍.'
 
ചെമ്പരത്തിപ്പൊന്തകള്‍ തട്ടിമാറ്റി അവള്‍ നടന്നു. ഇടതൂര്‍ന്നു തൂങ്ങിക്കിടക്കുന്ന അവയുടെ ചില്ലകള്‍ നശീകരണ ഹസ്തങ്ങള്‍ നീട്ടി അവളുടെ തലമുടി അലങ്കോലപ്പെടുത്തി. ഫ്രാന്‍സ്വ എനിയും കിടന്നിട്ടില്ലെന്ന് ജനലിലൂടെ വരുന്ന പ്രകാശനാളങ്ങള്‍ അവളോടു പറഞ്ഞു. നല്ല ചൂടുള്ള സായാഹ്നമായിരുന്നു. പകല്‍ മുഴുവനും അവളയാളെ വൃഥാ തിരഞ്ഞുനടക്കുകയായിരുന്നു.
 അയാളുടെ വേലക്കാരന്‍ ജിദേ കോണിപ്പടികളില്‍വെച്ചവളെ കണ്ടു.
  'യജമാനന് നല്ല സുഖമില്ല.' അയാള്‍ പറഞ്ഞു.
  
അവളുടെ ഹൃദയം കുതിച്ചു. അയാളെ തള്ളിമാറ്റി അവള്‍ മുറിയിലേയ്‌ക്കോടി.
  ചുമരിലേയ്ക്ക് തിരിഞ്ഞുകിടക്കുകയായിരുന്നു ഫ്രാന്‍സ്വ. അയാളുടെ അടുത്തിരുന്ന് അവളയാളുടെ കൈകള്‍ സ്വന്തം കൈയിലെടുത്തു.
  'ഫ്രാന്‍സ്വ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.'
'ചിനി!'
 അയാളെ എങ്ങനെയാണ് അവളാ വിവരം അറിയിക്കുക?
 അവള്‍ മുറിക്കു ചുറ്റും കണ്ണോടിച്ചു.ഡ
 അയാള്‍ സാധനങ്ങള്‍ കെട്ടിവെയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നവള്‍ കണ്ടു.
 'എനിക്കെന്തെങ്കിലും കുടിക്കാന്‍ കൊണ്ടുതാ, ഓമനേ!'
 
അയാളെന്തിനാണത് പറഞ്ഞതെന്നവള്‍ക്കറിയാം. അവളുടെ നടത്തം അയാളെപ്പോഴും പ്രശംസിക്കാറുള്ളതാണ്. അവള്‍ ഫ്രിഡ്ജിനടുത്തേയ്ക്ക് നടക്കുമ്പോള്‍ കരുതിക്കൂട്ടി നടത്തം സാവധാനത്തിലാക്കുകയും നിതംബം ചലിപ്പിക്കുകയും ചെയ്തു. അവള്‍ നാടന്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അയാള്‍ക്കിഷ്ടപ്പെട്ട നിറവും. നീല.
  അവളൊരു ട്രേയില്‍ കുടിക്കാന്‍ കൊണ്ടുവന്ന് അയാളുടെ മുന്നില്‍ വെച്ചു. പെട്ടെന്ന് തന്റെ കവിളില്‍ അയാളുടെ ചൂടുള്ള കരസ്പര്‍ശം അവള്‍ക്കനുഭവപ്പെട്ടു.
 
അയാളുടെ കണ്ണുകള്‍ അഗ്നിജ്വാലപോലെ മഞ്ഞനിറം പൂണ്ടിരുന്നു. അവള്‍ പതുക്കെ അയാളുടെ കൈകള്‍ എടുത്തുമാറ്റി. 'നിനക്ക് സുഖമില്ല, ഫ്രാന്‍സ്വ.'
  'നീയാണെന്റെ അസുഖം. ഞാന്‍ നൈജീരിയയില്‍ക്കിടന്നു മരിക്കാനാഗ്രഹിക്കുന്നു- എനിക്ക് മരിക്കണം. നിന്റെ സ്‌നേഹത്തോടൊപ്പം. ചിനി, നീ തീരുമാനിച്ചോ?'
 'നിന്റെ കൂടെ ഫ്രാന്‍സിലേയ്ക്ക് വരാനോ?'
'അതേ, നീ വരുമോ?'
'ഫ്രാന്‍സ്വ, വരാനെനിക്കാഗ്രഹമുണ്ട്. നിനക്കറിയാമല്ലോ. പക്ഷേ-'
 'നൈജീരിയ മന്ത്രിക്കുന്നു. അല്ലേ? എനിക്കറിയാം.'

അവള്‍ക്കാ പരിഹാസം സഹിക്കാന്‍ കഴിഞ്ഞില്ല. 'ഫ്രാന്‍സ്വ, നീയിത്ര നിര്‍ദ്ദയനാകല്ല. നൈജീരിയ മന്ത്രിക്കുന്നു. ശരിയാണ്. പക്ഷേ, നിന്റെ ശബ്ദമുണ്ടല്ലോ, അതാ മന്ത്രിക്കലിനുപരിയാണ്. ഞാനതു കേള്‍ക്കുന്നു. ശ്രദ്ധിക്കുന്നു. കാരണം, നീ സംസാരിക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയാണ്.'
  
എന്റീശ്വരാ, അവള്‍ കരുതി, ഈ മനുഷ്യനെച്ചൊല്ലി എനിക്കിങ്ങനെ ഭ്രാന്തുപിടിച്ചതെങ്ങനെ? എന്നെ വിവാഹാഭ്യര്‍ത്ഥനയുമായി സമീപിച്ച ഇത്രയേറെ ചെറുപ്പക്കാരിരിക്കെ എനിക്കെങ്ങനെ ഇങ്ങനെ ഭ്രാന്തുപിടിച്ചു?
  അവളാ ചെറുപ്പക്കാരെയെല്ലാം ഓര്‍മ്മിച്ചു. സര്‍വ്വകലാശാലയിലെ അവളുടെ ആദ്യവര്‍ഷം. ഒരു വളര്‍ത്തുനായയുടെ മുഴുവന്‍ സമര്‍പ്പണഭാവത്തോടുകൂടി അബിയാദേ അവളുടെ പിറകെ വാലാട്ടി നടന്നു. അവള്‍ക്ക് തന്നെപ്പറ്റിത്തന്നെ വലിയ മതിപ്പുതോന്നി. അതവളുടെ ആദ്യവര്‍ഷമായിരുന്നു. അവസാനത്തേതും. വിദ്യാഭ്യാസം തുടരാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ക്ഷണത്തില്‍ നേടാവുന്ന നേട്ടങ്ങളും കൂടുതല്‍ പകിട്ടുമായിരുന്നു അവളുടെ ലക്ഷ്യം. പിറ്റ്മാന്‍സില്‍ പഠിക്കാന്‍ വേണ്ടി അവള്‍ ഇംഗ്ലണ്ടിലേയ്ക്കു പോയി. അബിയാദേ അവള്‍ക്ക് പ്രേമലേഖനങ്ങളെഴുതിയിരുന്നെങ്കിലും ലാഗോസിലെ മറീനയിലും  ഇബാദാനിലെ ഓക്-അദോയിലും ചുറ്റിപ്പറ്റി നടക്കുന്ന പെണ്‍കുട്ടികളുടെ മാംസമായിരുന്നു അയാളെ നിലനിര്‍ത്തുന്നതെന്ന് അവള്‍ മനസ്സിലാക്കി. അത്തരക്കാര്‍ അസംഖ്യമാണ്.
  
സുന്ദരമായൊരു സായാഹ്നത്തിലാണവള്‍ ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയത്. ലഗോസ് മധ്യാഹ്നസുഷുപ്തിയുടെ ലഹരിയലമര്‍ന്നപോലെ തോന്നി. വിദ്യുച്ഛക്തി നിലയത്തിന്റെ കൂറ്റന്‍ ഗോപുരങ്ങളും പരിചിതമായ പഴയ കരക്കുറികളും കണ്ടപ്പോള്‍ ഗൃഹാതുരതകൊണ്ട് അവള്‍ക്ക് ശ്വാസംമുട്ടി. അബിയാദേ തലേന്നു രാത്രി കൂടി അവള്‍ അയാളുടെ കത്തു വായിച്ചതാണ്.... അവിടെയതാ ക്ഷമയോടെ അവളെ കാത്തുനിന്ന് അയാള്‍ കൈവീശുന്നു. അവളെ സ്വീകരിക്കാന്‍ വന്നെത്തിയതാണയാള്‍.
  
അവളയാളെ ആലിംഗനം ചെയ്തു. പക്ഷേ, അയാളുടെ മുഖം പൊയ്മുഖം വെച്ചപോലെ തോന്നി. പിന്നീടാണവള്‍ക്കതിന്റെ കാരണം മനസ്സിലായത്. അതിനിടയില്‍ അയാളുടെ കത്തുകളെല്ലാം ഒരു ചരടുകൊണ്ട് കൂട്ടികെട്ടിവെച്ചിരുന്നു അവള്‍. അതെന്തുചെയ്യണമെന്നവളാശ്ചര്യപ്പെട്ടു... ഇപ്പോള്‍ അയാളോടൊപ്പം പാര്‍ക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ ഒന്ന് അമ്പരപ്പിക്കാന്‍വേണ്ടി, താനിപ്പോളനുഭവിക്കുന്ന സുഖം മറ്റൊരാളുടെ ചെലവിലാണെന്ന് അവളെ മനസ്സിലാക്കിക്കാന്‍ വേണ്ടി ആ കത്തുകളൊന്നിച്ച് അയാളുടെ വീട്ടഡ്രസ്സിലയച്ചുകൊടുത്താലോ? അവളാ കത്തുകള്‍ ആപ്പീസിലേയ്ക്കു കൊണ്ടുപോയി. അവ ഒരിക്കല്‍കൂടി വായിച്ചുനോക്കാന്‍. പക്ഷേ, അവള്‍ക്ക് മനസ്സുവന്നില്ല. ഒരു വൈകുന്നേരം മരീനയിലൂടെ അവള്‍ നടന്നു.
  
തുറമുഖത്തിലെ പ്രകാശം ചിതറുന്ന വിളക്കുകളിലേയ്ക്ക് നോക്കവേ, ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും വന്നെത്തുന്ന കപ്പലുകളിലേയ്ക്ക് നോക്കവേ, തന്റെ പ്രേമത്തെക്കുറിച്ച് അവളോര്‍ത്തു. പെട്ടെന്ന് ഒരാവേശത്തില്‍ അവളാ കത്തുകള്‍ കടലിലേക്കെറിഞ്ഞുകളഞ്ഞു.
  
അവളുടെ ആദ്യത്തെ ജോലിയില്‍ ചെറുപ്പക്കാരനായൊരു ഡോക്ടര്‍ അവളുടെ താമസസ്ഥലത്തേയ്ക്ക് അവളെ കൂട്ടിക്കൊണ്ടുപോകാന്‍ വേണ്ടി എന്നും വരാറുണ്ടായിരുന്നു. അക്കാലത്ത് അവളുടെ ചെറിയ ഫിയറ്റ് അവള്‍ വാങ്ങിക്കഴിഞ്ഞിരുന്നില്ല. വൈ.ഡബ്ല്യു.സി.എ. ഹോസ്റ്റലിലായിരുന്നു അവള്‍ താമസിച്ചിരുന്നത്. ഒരു പുരുഷന്‍ തന്നെ സന്ദര്‍ശിക്കാന്‍ വരുന്നത് വലിയൊരു കാര്യമായിരുന്നു. പെണ്‍കുട്ടികള്‍ ജനലിലൂടെ നോക്കി അവളോട് പറയാറുണ്ട്, നിന്റെ പൈപ്പുകാരന്‍ ഇതാ വന്നിരിക്കുന്നു എന്ന്. കാരണം ആ ഡോക്ടരെപ്പോഴും പൈപ്പ് വലിച്ചുകൊണ്ടിരുന്നു.
  
പൊട്ടിച്ചിതറിയ ഹൃദയത്തിന്റെ കഷ്ണങ്ങള്‍ വീണ്ടും ശരിപ്പെടുകയാണെന്നു തോന്നി. മനസ്സിന്റെ ഉല്ലാസവും നടത്തത്തിന്റെ ലാഘവത്വവുമെല്ലാം തിരിച്ചുവരുന്നപോലെ തോന്നി. ഒരു വൈകുന്നേരം അവള്‍ വൈ.ഡബ്ല്യു.സി.എ.യുടെ ജനലിലൂടെ പുറത്തേയ്ക്കു നോക്കിക്കൊണ്ടിരിക്കെ ഒരു പെണ്‍കുട്ടി വിളിച്ചുപറഞ്ഞു: 'ചിനി, വേഗം വാ. നിന്റെ നീളന്‍ പൈപ്പുകാരനെ ഒന്നു വന്ന് നോക്ക്.'
  
എതിരെയുള്ള പെട്രോള്‍ ബങ്കില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ജനലിലൂടെ നോക്കിയാല്‍ എളുപ്പത്തില്‍ കാണാതിരിക്കത്തക്കവിധം കാര്‍ പാര്‍ക്ക് ചെയ്യാന്‍ ബോധപൂര്‍വ്വമായൊരു ശ്രമം അയാള്‍ നടത്തിയിട്ടുണ്ടെന്ന് അവള്‍ക്ക് കാണാന്‍ കഴിഞ്ഞു. കാറിന്റെ സ്റ്റിയറിങ്ങ് വീല്‍ പിടിച്ച്  അയാളിരിക്കുന്നത് അവള്‍ കണ്ടു. അയാളുടെ അടുത്ത് ഒരു സ്ത്രീ. പിന്‍സീറ്റില്‍ മൂന്നു കുട്ടികള്‍- വരയുള്ള ഒറ്റക്കുപ്പായം ധരിച്ച രണ്ട് ആണ്‍കുട്ടികളും മുടിയില്‍ രണ്ടു ചുവന്ന റിബ്ബണ്‍ കെട്ടിയ സുന്ദരിയായ ഒരു കൊച്ചു പെണ്‍കുട്ടിയും.
  
ഓഫീസില്‍ അവള്‍ക്കന്ന് ജോലിയൊന്നും ചെയ്യാന്‍ തോന്നിയില്ല. കൃത്യം രണ്ടടിക്കാന്‍ പത്തുമിനിറ്റുള്ളപ്പോള്‍ അവള്‍ ആപ്പീസുവിട്ട് ഒരു ബസ്സ് പിടിച്ചു. ആപ്പീസില്‍ വെച്ചിനി അവളെ സന്ദര്‍ശിക്കാന്‍ അയാളെ അനുവദിച്ചുകൂടാ. ഹോസ്റ്റലില്‍വെച്ചും അവളയാളെ കാണില്ല. പക്ഷേ, ഒരു ദിവസം വൈകുന്നേരം അയാളവളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.
 
സ്വീകരണമുറിയില്‍ വെച്ച് അവള്‍ അയാളെ കണ്ടു. 'നിങ്ങള്‍ മുമ്പേ വിവാഹിതനാണെന്ന്  എന്നോടെന്തേ പറഞ്ഞില്ല?'
 അയാള്‍ക്കു വിശദീകരണമൊന്നുമുണ്ടായിരുന്നില്ല. 'നീയെന്റെ ഗേള്‍ഫ്രണ്ടല്ലേ?' എന്നു മാത്രമേ അയാള്‍ പറഞ്ഞുള്ളൂ. അതിലസാധാരണമായി ഒന്നുമില്ലല്ലോ എന്നാണയാള്‍ അര്‍ത്ഥമാക്കുന്നതെന്ന് അവള്‍ക്കു മനസ്സിലായി.
 'വിവാഹിതനായൊരു പുരുഷന്റെ ഗേള്‍ഫ്രണ്ടാവുന്നതില്‍ എനിക്കു വിസമ്മതമുണ്ടാവില്ലെന്നു നിങ്ങള്‍ക്കെങ്ങനെ തോന്നി?'
  'ഞാന്‍ മറിച്ചൊന്നും ഉദ്ദേശിച്ചില്ലല്ലോ, ചിനി?'
  അവള്‍ പൊട്ടിക്കരഞ്ഞു. 'നിങ്ങളെന്നെ വഞ്ചിക്കുകയായിരുന്നു!'
  
ഇത്തരം കാര്യങ്ങളിലഭിജ്ഞരായ അവളുടെ സ്‌നേഹിതമാര്‍ തമാശയായി അവളോടു പറയാറുണ്ടായിരുന്നു, ഒരു നൈജീരിയന്‍ പെണ്‍കുട്ടിക്ക് രണ്ടിലേതെങ്കിലുമൊരു മാര്‍ഗ്ഗമേ സ്വീകരിക്കാനുള്ളൂവെന്ന്. ബ്രിട്ടനിലെ പരിശീലനം അവസാനിക്കുന്നതിനുമുമ്പ് ഒരു പുരുഷനെ കണ്ടുപിടിക്കാനവള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ പിന്നെ, നൈജീരിയയില്‍ തിരിച്ചെത്തിയാല്‍ പിന്നെയവള്‍ക്കു കണ്ടുമുട്ടേണ്ടിവരിക മുമ്പേതന്നെ വിവാഹിതരായ പുരുഷന്മാരെയായിരിക്കുമെന്നും വിവാഹിതയാകാനുള്ള അവളുടെ ആഗ്രഹത്തെ ചൂഷണം ചെയ്യാന്‍ അവര്‍ ഒരുങ്ങിയിരിക്കുമെന്നും അവര്‍ പറഞ്ഞത് അവളന്നു തമാശയായി ചിരിച്ചു തള്ളുകയാണ് ചെയ്തത്.
  
തന്റെ മടിയില്‍ കിടക്കുന്ന ഊഷ്മളമായ കൈകളിലേയ്ക്ക് അവള്‍ നോക്കി. ഫ്രാന്‍സ്വയുടെ ഉറ്റുനോക്കുന്ന കണ്ണുകളെ അവള്‍ സശ്രദ്ധം പഠിച്ചു. തികച്ചും അസാധാരണവും പരുക്കനുമായിരുന്നു അയാളുമായുള്ള അവളുടെ ആദ്യ സന്ദര്‍ശനം. ആഫ്രിക്കന്‍ സംസ്‌കാരത്തെസ്സംബന്ധിച്ചുള്ള ഒരു സാര്‍വദേശീയ സെമിനാറില്‍ വെച്ചാണ് അവരൊന്നാമതായി കണ്ടുമുട്ടിയത്.
  
ആഫ്രിക്കക്കാര്‍ രചിച്ച ഗ്രന്ഥങ്ങളും പെയിന്റുങ്ങുകളും ശില്പങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിരുന്ന എയര്‍-കണ്ടീഷന്‍ ചെയ്ത മുറിയിലിക്കുന്നതുതന്നെ വളരെ ആശ്വാസപ്രദമായി ഫ്രാന്‍സ്വയ്ക്കു തോന്നിയിരുന്നു.
 പുരുഷന്മാര്‍ സംസാരിക്കേ, ലാടാകൃതിയിലുള്ള മേശയ്ക്കരികെ കാതില്‍ ഇയര്‍ഫോണുകള്‍ ഘടിപ്പിച്ചു ചിനി ഇരിക്കുന്നുണ്ടായിരുന്നു. ദ്വിഭാഷികള്‍, സ്വതന്ത്രമായി പരിഭാഷപ്പെടുത്തി, കുറച്ചുകൂടെ വേഗത കുറച്ചു സംസാരിച്ചു. ഫ്രാന്‍സ്വ വളരെയേറെ ആവേശത്തോടെ സംസാരിച്ചിരുന്നതു കാരണം ദ്വിഭാഷിക്ക് ഒരവസരത്തില്‍ ത്രിശങ്കുസ്വര്‍ഗത്തില്‍ തങ്ങിനില്‍ക്കേണ്ടിവന്നപോലെ തോന്നി. ശരിയായ അര്‍ത്ഥം മനസ്സിലാക്കിയെടുക്കാന്‍വേണ്ടി അവള്‍ അവളുടെ വിരലുകള്‍ കൂട്ടിയമര്‍ത്തി. പക്ഷേ, ഫ്രാന്‍സ്വ നിര്‍ത്താതെ യഥാര്‍ത്ഥമായ ഉത്സാഹത്തിമര്‍പ്പോടെ വാക്കുകളുടെ മാലപ്പടക്കം പൊട്ടിക്കുകയായിരുന്നു.
 
'....അതുകൊണ്ടാണ് സംശയാസ്പദമായ ഒരു പിന്തുടര്‍ച്ചാവകാശമാണ് സാമ്രാജ്യത്വ ശക്തികള്‍ നമുക്കേല്‍പ്പിച്ചുതന്നിരിക്കുന്നതെന്ന നിഗമനത്തില്‍ നമ്മളെത്തിച്ചേരുന്നത്. ആഫ്രിക്കന്‍ സംസ്‌കാരത്തിന്, അഥവാ മറ്റേതൊരു സംസ്‌കാരത്തിനും സ്വയം സംരക്ഷിക്കാന്‍ കഴിയുമെന്ന സാമ്രാജ്യവാദികളുടെ വിശ്വാസത്തിന്റെ ദുഃഖകരമായ ഭാഷ്യമാണ് ആഫ്രിക്കയിലെയും മുമ്പ് അസ്വതന്ത്രമായിരുന്ന മറ്റു പ്രദേശങ്ങളിലേയും വിദ്യാസമ്പന്നമായ വര്‍ഗത്തിന്റെ കസവിട്ട കൈലേസുകളിലൊട്ടിപ്പിടിച്ചു നില്‍ക്കുന്ന പെറ്റിബൂര്‍ഷ്വാ അന്തരീക്ഷം.... ഇപ്പോളിതാ കാലം വന്നെത്തിയിരിക്കുന്നു...'
  
ചായയ്ക്കുള്ള ഒഴിവുസമയത്ത്, പ്രതിനിധികള്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞു. അല്പം മുമ്പ് ഫ്രാന്‍സ്വ വായിച്ച പ്രബന്ധത്തെപ്പറ്റി അവര്‍ സംസാരിച്ചു. പ്രദര്‍ശനത്തിനു വെച്ച പുസ്തകങ്ങളിലൂടെ അവര്‍ വിരലോടിച്ചു. പുസ്തകങ്ങള്‍ മറിച്ചുനോക്കാന്‍ ചിനിയും അവരോടൊപ്പം ചെന്നു.
  
അസാധാരണമായൊരുതരം ഫ്രഞ്ച് ഇംഗ്ലീഷാണ് അയാള്‍ സംസാരിച്ചിരുന്നത്. വികാരാവേശത്തിന്റെ ലാളിത്യം കൊണ്ട് കൂടുതല്‍ ആകര്‍ഷകമായിത്തീര്‍ന്ന സംഗീത സാന്ദ്രമായൊരു ഭാഷയായിരുന്നു അയാളുടേത്. ഈ പ്രത്യേക തരം ഭാഷയെ ഫ്രാന്‍സ്വയുമായി ബന്ധപ്പെടുത്താന്‍ തുടങ്ങി അവള്‍. അയാള്‍ പറഞ്ഞതില്‍ പകുതിയും അവള്‍ക്കു മനസ്സിലായില്ല. എന്നാലും അവളുടെ തല്‍ക്കാലത്തെ ആശയാഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നവയായിരുന്നു അയാളുടെ അഭിപ്രായങ്ങള്‍. അതേ സമയം, ഓരോ വാക്കും വിടാതെ റിപ്പോര്‍ട്ടുചെയ്യാന്‍ തനിക്ക് ഉത്തരവാദിത്വമുള്ള ഒരു സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതിരിക്കുന്നത് നല്ല കാര്യമല്ല.
   
അവര്‍ പുസ്തകത്തില്‍ നിന്നു കാപ്പിയിലേക്കും കാപ്പിയില്‍ നിന്നു സ്വന്തം കാര്യങ്ങളിലേക്കും കടന്നു. ആറടിയോളം പൊക്കമുണ്ടായിരുന്നു ഫ്രാന്‍സ്വയ്ക്ക്. കൈത്തണ്ടകളിലെ രോമക്കാടുകള്‍ പ്രദര്‍ശിപ്പിക്കും വിധം മുട്ടുവരെ മടക്കിവെച്ച ഒരു ചുവന്ന ഷര്‍ട്ടാണയാള്‍ ധരിച്ചിരുന്നത്. ആഫ്രിക്കന്‍ സംസ്‌കാരത്തെക്കുറിച്ചു സംസാരിക്കാന്‍ അവിടെ ഒത്തുകൂടിയ പ്രൊഫസര്‍മാരേയും നരവംശ ശാസ്ത്രജ്ഞന്മാരേയും നിരൂപകന്മാരേയും സന്ദര്‍ശകരേയും സംബന്ധിച്ച് അവരോരുത്തരും എന്ത് കരുതുന്നു എന്ന് തനിക്കറിയാമെന്ന് സൂചിപ്പിക്കും വിധം വിട്ടുമാറാത്ത ഒരു പുഞ്ചിരി അയാളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചു.
  
സമ്മേളനത്തിനെത്തിയ ഭൂരിപക്ഷം പേരും അസാധാരണമാംവിധം വസ്ത്രധാരണം ചെയ്തവരായിരുന്നു. വളരെ മോടിയായി വസ്ത്രം ധരിക്കാന്‍ ചിനി വളരെ ശ്രദ്ധിച്ചിരുന്നു. അവളുടെ മുടി പിറകില്‍ പന്നിവാലുപോലെ കെട്ടിവെച്ചിരുന്നു. അഴകാര്‍ന്ന് പ്രിന്റ് ചെയ്ത തുണിയുടെ ആവശ്യത്തിലധികമുള്ള ഭാഗങ്ങള്‍ അവളുടെ കൈകള്‍ക്ക് മീതെകൂടി വീണുകിടന്നിരുന്നു. വസ്ത്രധാരണത്തില്‍ കാണിച്ച അത്യധികമായി നിഷ്‌കര്‍ഷ ഇപ്പോള്‍ അവള്‍ക്കൊരു ഭാരമായിത്തോന്നി. തന്റെ സാംഗത്യത്തില്‍പ്പോലും അവള്‍ക്കു സംശയം തോന്നി. അപ്പോഴാണ് നോട്ടുകള്‍ കുറിച്ചെടുക്കുന്ന പോലെ തോന്നിച്ച അതിസുന്ദരിയായ മറ്റൊരു സ്ത്രീയെ മേശയ്ക്കപ്പുറം അവള്‍ കണ്ടത്. സുതാര്യമായ ഇളംനീല നൈലോണ്‍ തുണിയാണവള്‍ ധരിച്ചിരുന്നത്. വായുവേക്കാള്‍  കനം കുറഞ്ഞതും അതിലേറെ ശരീരത്തോടൊട്ടിപ്പിടിച്ചു നില്‍ക്കുന്നതും. ഒരു ആഫ്രിക്കന്‍ സ്ത്രീയെസ്സംബന്ധിച്ചായാല്‍ക്കൂടി മാക്‌സ്ഫാക്ടര്‍പോലും തലകുലുക്കി സമ്മതിക്കുന്ന വിധത്തിലാണ് അവളുടെ മുഖം മേക്ക്-അപ് ചെയ്തിരുന്നത്. റേഡിയോ നൈജീരിയയുടെ പ്രതിനിധിയാണ് അവളെന്ന് ചിനിക്ക് പിന്നീട് മനസ്സിലായി.
   
ഫ്രാന്‍സ്വയുടെ ചോദ്യത്തിന് മറുപടിയായി ചിനി പറഞ്ഞു: 'ഞാനൊരു സിക്രട്ടറി-ടൈപ്പിസ്റ്റാണ്.' അവള്‍ പുഞ്ചിരിച്ചു: 'പതിനെട്ടു സിക്രട്ടറിമാരിലൊരാള്‍.'
  'എല്ലായ്‌പ്പോഴും ഇംഗ്ലീഷാണോ നീ സംസാരിക്കാറ്?'
'അതേ'
'നീ എഴുതാറുണ്ടോ?'
'ഇല്ല. പക്ഷേ, അവരെഴുതുന്നത് ഞാന്‍ വായിക്കാറുണ്ട്. റിപ്പോര്‍ട്ട് ചെയ്യാനാണ് എന്നെ ഇങ്ങോട്ടയച്ചിട്ടുള്ളത്. ഇല്ല, ഞാനെഴുതാറില്ല. ഞാന്‍ പക്ഷേ, വായിക്കാറുണ്ട്, അധികവും പ്രേമകഥകള്‍.'
  അയാളുടെ മുഖം ചുവന്നു. താന്‍ പറഞ്ഞത് അസംഗതമായിപ്പോയെന്ന് അവള്‍ക്കു തോന്നി. അത് തിരുത്താന്‍ അവളൊരു ശ്രമം നടത്തി.
  'ശരിക്കും ഞാനാസ്വദിച്ച ആദ്യത്തെ പ്രേമകഥ 'പ്രേമം മന്ത്രിക്കുമ്പോള്‍' എന്നതാണ്.'
  'അതു ശരി!... ഞാനങ്ങനെയൊന്നു കേട്ടിട്ടേയില്ല.'
  'അതു വളരെക്കാലം മുമ്പാണ്. ഞാനന്ന് കോണ്‍വെന്റിലായിരുന്നു.' അവളാക്കഥ വ്യക്തമായും ഓര്‍മ്മിച്ചു. ഉടനെത്തന്നെ അയാള്‍ക്കതു പറഞ്ഞുകൊടുക്കാനും അവള്‍ തയ്യാറായി. പക്ഷേ ഇടയ്‌ക്കെവിടെയോ വെച്ച് അവള്‍ക്കു തോന്നി, വളരെയേറെ ഉയര്‍ന്ന നിലവാരമ പുലര്‍ത്തുന്ന ഈ സമ്മേളനവേദി ഇത്തരം തരംതാണ സൊള്ളലുകള്‍ക്ക് പറ്റിയതല്ലെന്ന്. അവള്‍ പെട്ടെന്ന് നിശ്ശബ്ദയായി. ആ വിശാലമായ ഹാളിനകത്ത് അവരുടെയിടയില്‍ ഒരുതരം ശൂന്യത സ്ഥലം പിടിച്ചു. മറ്റെല്ലാവരും സൊള്ളുകയായിരുന്നെങ്കില്‍ പോലും.
  അപ്പോഴേയ്ക്കും ബെല്ലടിച്ചു. അവര്‍ സ്വസ്ഥാനങ്ങളില്‍ ചെന്നിരുന്നു.
 
ചിനി ഇപ്പോഴും ലഗോസില്‍ തന്നെ ജോലി ചെയ്യുകയാണ്. അവളെ അറിയുന്നവരെല്ലാം നിങ്ങളോട് അവളെപ്പറ്റി സംസാരിക്കും- അവര്‍ നെടുവീര്‍പ്പിടുകയും തല കുലുക്കുകയും ചെയ്യും. ഒരു സാര്‍വ്വദേശീയവാദ പ്രതിവാദത്തിലെ കേന്ദ്രബിന്ദു അവളായതിന്റെ കാരണം കണ്ടുപിടിക്കാന്‍ നിങ്ങള്‍ അത്രയേറെ സൂക്ഷിച്ചുനോക്കുകയൊന്നും വേണ്ട. എന്നാലും അവളിപ്പോള്‍ വളരെ ശാന്തയാണ്. വളരെ സംയമശീലയാണ്. വളരെയേറെ കാര്യപ്രാപ്തിയുള്ളവളാണവള്‍. അതുകൊണ്ടു ചിലപ്പോഴൊക്കെ മേലധികാരി അവളെ തന്റെ ആപ്പീസുമുറിയിലേക്കു വിളിച്ചുവരുത്തി പറയും: 'നോക്കൂ, ചിനി.... നീ വല്ലാതെ അധ്വാനിച്ചു ജോലി ചെയ്യുന്നുണ്ട്. കുറച്ചു വിശ്രമമെടുത്തോളൂ.'
  
അവളപ്പോള്‍ ഒന്നു പുഞ്ചിരിക്കും. അവളുടെ നിഗൂഢമായ ആ പുഞ്ചിരി. എന്നിട്ടു പറയും: 'ഞാനോ.... എന്റെ നാട്ടിനു വേണ്ടി അധ്വാനിച്ചു ജോലി ചെയ്യാന്‍ എനിക്കിഷ്ടമാണ്.'
  ഈ രീതിയില്‍ അവള്‍ സംസാരിക്കുമ്പോള്‍ അവളുടെ മേലധികാരി ക്ഷണത്തിലയാളുടെ സിഗററ്റ് കുത്തിക്കെടുത്തി മുഖം ചുളിക്കും. അവളെന്തോ ഗൗരവതരമായൊരു പ്രശ്‌നത്തിലാണ് സ്പര്‍ശിച്ചതെന്ന പോലെ. 
 'ഞാനിനി പൊയ്‌ക്കോട്ടെ?'
  
അവളുടെ മേലധികാരിയുടെ മുഖത്ത് നേരിയൊരു പുഞ്ചിരി വിടരും. അവളെ ശ്രദ്ധിക്കാതെ തന്നെ അയാള്‍ പറയും: 'നിനക്കറിയാമല്ലോ, നമുക്കെല്ലാവര്‍ക്കും ഭാഗ്യദോഷങ്ങള്‍ നേരിടാറുണ്ട്. നീ ജീവിതം മുഴുവന്‍ നിന്റെ ഭാഗ്യദോഷവും പേറി കഴിച്ചുകൂട്ടരുത്. നിന്റെ എന്തെങ്കിലും കുറ്റംകൊണ്ടല്ല ഫ്രാന്‍സ്വ മരിച്ചത്. നീ അയാളെ സ്‌നേഹിച്ചിരുന്നുവെന്നത് ശരിതന്നെ... അതേതായാലും നിര്‍ഭാഗ്യകരമായിപ്പോയി.'
  
അവളപ്പോഴേയ്ക്കും കരയാന്‍ തുടങ്ങിയിട്ടുണ്ടാവും. ഇനിയൊരല്പംപോലും നിവര്‍ന്നുനില്‍ക്കാന്‍ അവളെക്കൊണ്ടാവില്ല. അവള്‍ ചുറ്റും നോക്കി ഒരു സീറ്റിലേക്ക് കുഴഞ്ഞുവീഴും. അവളുടെ മേലധികാരി ഒരു സുഹൃത്തിനോടെന്നവിധമാണ് ഇപ്പോളവളോട് സംസാരിക്കുന്നത്. അവളുടെ വില നന്നായി അറിയുന്നൊരാള്‍. അവളുടെ കാര്യപ്രാപ്തി അവളുടെ വ്യക്തിപരമായ സുഖവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍.
  
'നിനക്ക് വേറെ ഏതെങ്കിലും ചെറുപ്പക്കാരനെ കണ്ടുപിടിച്ചുകൂടേ? നോക്ക്, ചീ, നീ വേണ്ടത്ര പുറത്തൊന്നും പോകുന്നില്ല. നീ.... ഓ, അല്ലെങ്കില്‍ പറഞ്ഞിട്ടെന്തു കാര്യം!'
  അയാള്‍ക്ക് ശുണ്ഠിപിടിക്കും. തന്റെ വശ്യശക്തിയാര്‍ന്ന ശബ്ദംകൊണ്ട് ജനക്കൂട്ടങ്ങളെ ഇളക്കിമറിക്കാന്‍ കഴിയുന്ന ഇയാള്‍ക്ക് അവളുടെ മുമ്പില്‍, തന്റെ ടൈപ്പിസ്റ്റായ ചീയുടെ മുമ്പില്‍ ശുണ്ഠിവരുന്നു.
  
അയാളങ്ങനെ സുദീര്‍ഘമായി സംസാരിക്കേ, ചുമരിന്റെ മറുഭാഗത്തുനിന്നാണ് അയാളുടെ ശബ്ദം വരുന്നതെന്ന് അവള്‍ മനസ്സിലാക്കുന്നു. സ്ത്രീസഹജമായ അവളുടെ നിര്‍ബന്ധബുദ്ധി അയാളുടെയും അവളുടെയും ഇടയ്‌ക്കൊരു മതില്‍ കെട്ടിയിരിക്കയാണ്. അതിലൂടെ അവള്‍ക്കയാളെ കാണാന്‍ വയ്യ. അയാള്‍ പറയുന്നത് കേള്‍ക്കാന്‍പോലും കഴിയില്ല.

( മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

Content Highlights : malayalam story, Malayalam Literature, Malayalam books, Trasilated Story,