തുലാചന്തം മുഴുവന്‍ ഉടലില്‍പേറി ജനിച്ചുവീഴും മുന്നേ മണ്ണിന്റെ പ്രേമഭാജനമായി മാറുന്ന മഴത്തുള്ളികള്‍ ചോലയുടെ ഇളംതളിരുകളില്‍ തട്ടി മണ്ണിലേക്കൊളിക്കുന്നതു കാണാന്‍ കൊതിയോടെ നോക്കിയിരിക്കുമായിരുന്നു ഞാന്‍. വേലിക്കരികില്‍ മുറ്റം മുഴുകെ നിഴലും പടര്‍ത്തി നില്‍ക്കുന്ന അവളെ ചോലെയെന്ന് വിളിക്കാനായിരുന്നു എനിക്കിഷ്ടം. കാക്കത്തൊള്ളായിരം കണ്ണുകള്‍ ഒരേ സമയം ചിമ്മിത്തുറന്ന്, ആ കണ്ണുകളിലൂടെ എന്നെ മാത്രം കണ്ടിരുന്ന അതിസുന്ദരി. 

എന്റെ ഹൃദയത്തിലെമ്പാടും ചുവന്ന ഇലകളും പച്ചപ്പൂക്കളും ഉള്ള ചെമ്പരത്തി പൂത്തുതുടങ്ങിയതു മുതല്‍ അമ്മയും അച്ഛനും ഭ്രാന്തിയാക്കി. കണങ്കാലില്‍ പൂട്ടിയ ചങ്ങലയുടെ മറുഭാഗം ചോലയുമായി ചേര്‍ത്തുകെട്ടിയതുമുതലാണ് അവളെനിക്കേറ്റം പ്രിയമുള്ളവളായത്. സ്‌കൂളില്‍നിന്ന് സമ്മാനവും വാങ്ങിവന്ന അമ്മുവിനെ കോരിയെടുത്ത് അമ്മ തെരുതെരെ ഉമ്മ വെച്ചപ്പോള്‍, ഉടുപ്പിന്റെ അറ്റത്ത് മുഖം പൂഴ്ത്തിയ എനിക്ക് കുന്നിന്‍പുറത്തെ കാറ്റിനെയും കൂട്ടുവിളിച്ച് ഇലകളാല്‍ ഉമ്മ തന്നിരുന്നു അവളെനിക്ക്. 

അമ്മയ്ക്കും അമ്മുവിനും അച്ഛനും അവള്‍ വാകയായപ്പോഴും ഈ ഭ്രാന്തിയ്ക്കു മാത്രം അവള്‍ ചോലയായി. എണ്ണതേച്ചൊതുക്കാത്ത എന്റെ മുടിയിഴകളെ ഓര്‍മിപ്പിക്കുന്ന പോലെയാണ് അവളുടെ ഇലകള്‍. അതുമാത്രമായിരുന്നില്ല, ഞങ്ങള്‍ക്കിടയിലെ സാമ്യതകള്‍. ഒരിക്കലും ചുവക്കാന്‍ കഴിയാതിരുന്ന രണ്ടുപേരായിരുന്നു ഞങ്ങള്‍. 

മുറ്റത്തെ ചരല്‍മണലില്‍ നിഴലുപങ്കിടാന്‍ ചോലയുടെ ഇലയിടുക്കുകളില്‍ ഒരു പൂമൊട്ട് പോലും വിരിഞ്ഞില്ല. ലഹരിപിടിപ്പിക്കുന്ന വാകയുടെ മണമോ, നിറമോ പരത്താന്‍ ചോലയ്ക്കു കഴിഞ്ഞില്ല. 

ഉടുതുണിയില്‍ കറ പുരളാത്തതിനാല്‍ മാത്രം നാട്ടിന്‍പുറത്തെ കല്യാണങ്ങളില്‍ നിന്നും ഞാന്‍ മാറ്റി നിര്‍ത്തപ്പെട്ടു. ഒരു മുഴം നീളമുള്ള തുണികള്‍ ഇറയത്തെ അഴയില് ഒരിക്കലും ഇളകാത്ത കറയുമായി ഒളിക്കേണ്ട പ്രായം കഴിഞ്ഞിട്ടും എന്റെ ഉടുപ്പില്‍ ഒരിത്തിരി ചുവപ്പധീന പ്രദേശങ്ങള്‍ പോലും കണ്ടെടുത്തില്ല. 

സാരിയുടുത്ത് തുടങ്ങിയിട്ടും മണ്ണിന്റെ കറകള്‍ ഉണ്ടാക്കിയെന്നു ചൊല്ലി അമ്മ തല്ലിയതിനേക്കാളും വേദനയായിരുന്നു ചുവന്ന കറകള്‍ ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള അമ്മത്തല്ലിന്. തുരുമ്പു മണക്കുന്ന കാലിലെ വ്രണത്തില്‍ നിന്നും വിജയിയെപ്പോലെ അരിച്ചുനീങ്ങിയ പുഴുക്കള്‍ ഹൃദയത്തെ കാര്‍ന്നു തിന്നുന്നതായി എനിക്ക് തോന്നിയിരുന്നു.

ഹൃദയത്തില്‍ പടര്‍ന്നു പന്തലിച്ച പച്ച നിറമുള്ള ചെമ്പരത്തിപ്പൂക്കള്‍ അമ്മുവിന്റെയും അച്ഛന്റെയും അമ്മയുടെയും പോലും ജീവിതത്തില്‍ ഒരു ഭീകരസത്വമായി പരിണമിക്കുന്നു എന്നു തോന്നിയ ഒരു ദിവസം, എനിക്കും ചോലയ്ക്കുമിടയില്‍ മറ്റൊരു ബന്ധവുമുണ്ടായി. എന്റെ കഴുത്തിലമര്‍ന്ന സാരിത്തുമ്പിന്റെ മറുഭാഗം ചോലയുടെ ചില്ലകളെ വരിഞ്ഞുമുറുക്കിയിരുന്നു. 

ഉരഞ്ഞുപൊട്ടിയ എന്റെ ഓര്‍മകള്‍ അവളിലേക്ക് പെയ്തുവീണതുകൊണ്ടാവണം, ഞാന്‍ മരിച്ചതിനു അടുത്ത വര്‍ഷം മുതല്‍ ചോല ചുവന്നു പൂത്തുതുടങ്ങിയത്.

( കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സാഹിത്യകാമ്പില്‍ തിരഞ്ഞെടുത്ത കഥ. കൊടുവായൂര്‍ മരിയന്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് എസ്. ശില്പ.)