രിയുന്ന തീ ചുണ്ടോടു ചേര്‍ത്ത് അയാള്‍ ബീഡി ചുവപ്പിച്ചു. കലഹിച്ചു കത്തുന്ന ചിതപോലെ അതു പുകഞ്ഞു. പതഞ്ഞു വന്നുകൊണ്ടിരിക്കുന്ന പുകനിഴലുകള്‍ വായുവില്‍ നൃത്തം ചവിട്ടി രംഗം വിട്ടു. അയാള്‍ പുതുമണത്താളിലെ കറുത്ത വരികളെ കണ്ണിലെഴുതി, നാവിലരച്ച്, വേദനിപ്പിക്കാതെ പതിയെ നുണഞ്ഞിറക്കിക്കൊണ്ടിരുന്നു. അല്‍പനേരം വരികള്‍ക്ക് പരോള്‍കൊടുത്ത് കണ്ണ് പുറത്തേക്കയച്ച അയാള്‍ നിരന്നുനിന്ന അംബരചുംബികള്‍ ശിരസും കൈയും അറുത്തെടുത്ത, കാട്ടുവള്ളികളോട് ചുംബനസമരം പ്രഖ്യാപിച്ച പാഴ്മരങ്ങള്‍ പോലെ കണ്ടു. അവയുടെ ഉയര്‍ന്ന കൊമ്പില്‍ കൂനിയിരുന്ന കഴുകന്മാര്‍ ഇടയ്ക്കിടെ അയല്‍ കുറ്റിയിലേക്ക് ചിറകു വിടര്‍ത്തി. 

മരച്ചുവട്ടില്‍ കരിഞ്ഞുവെളുത്ത അസ്ഥികള്‍ സംയോജിച്ച് രൂപം കൂടുന്നതും ശവങ്ങള്‍ ധൃതിയില്‍ നാലുപാടും ചിതറിയോടി കാലങ്ങളില്‍ മറയുന്നതും അയാളെ അസ്ഥസ്ഥനാക്കി. തിടുക്കത്തില്‍ കസേലയില്‍ നിന്നും ചാടിയെണീറ്റ് ലിഫ്റ്റിലെ അക്കമമര്‍ത്തി തന്റെ ചില്ലയില്‍നിന്നും അയാള്‍ ഊര്‍ന്നിറങ്ങി നടപ്പു തുടങ്ങി. 

ശവനിരകള്‍ വളവുകളും തിരിവുകളും കടന്ന് ദൂരേയ്ക്ക് പോകുകയാണ്. അവയെല്ലാം ഒന്നും മിണ്ടാതെ, നോക്കുകപോലും ചെയ്യാതെ തലകൂമ്പി നടക്കുന്നത് അയാളെ തെല്ലൊന്നമ്പരപ്പിച്ചു. എങ്കിലും കൂട്ടത്തിലെ തൊണ്ടന്‍ ശവത്തെ അയാള്‍ ധൈര്യം കൂട്ടി വഴി തടഞ്ഞു. കിഴവന്‍ അയാളെ തട്ടിമാറ്റി കാലത്തില്‍ മറഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ശവങ്ങള്‍ കടന്നുപോയി. ഒടുവില്‍ പിന്നില്‍ നീങ്ങുന്ന ശവത്തിനൊപ്പം കാലം കടന്നോടിയ കിതപ്പോടെ അയാള്‍ ചോദിച്ചു. 
"എവിടേക്കാണിത്ര ധൃതിയില്‍ ? "
മൗനം മറുപടിയെഴുതി. 
ആ ശവം കരയുന്നതയാള്‍ കണ്ടു. അതുമാത്രമല്ല. എല്ലാ ശവങ്ങളും കരയുന്നു. അയാള്‍ അവരോടെല്ലാം ചോദ്യമാവര്‍ത്തിച്ച് കുഴങ്ങി. ഒടുവില്‍ അയാള്‍ക്ക് ഒരു ശവത്തെ ബലം പ്രയോഗിച്ച് പിടിച്ചു നിര്‍ത്തേണ്ടിവന്നു. ശവം തലയുയര്‍ത്തി അയാളെ രൂക്ഷമായൊന്നു നോക്കി. 

നൂറ്റാണ്ടുകളായി നീര്‍വറ്റിയ ആ കണ്ണുകളില്‍ നോക്കാന്‍ അയാള്‍ ഭയപ്പെട്ടു. എങ്കിലും വളരെ പണിപ്പെട്ട് അയാള്‍ ചോദ്യമാവര്‍ത്തിച്ചു. തേങ്ങലിനിടയില്‍ ശവം അവ്യക്തമായിപ്പറഞ്ഞ ഒരു വാക്ക് മാത്രമേ അള്‍ക്കു മനസിലായുള്ളൂ
'ഫെലിസിഡാഡ്' 
പിന്നെ ഓരോ ശവങ്ങളും അയാളെ നോക്കി അതേ വാക്കാവര്‍ത്തിച്ചു കൊണ്ടു മറഞ്ഞു. അയാള്‍ പലയാവര്‍ത്തി പറഞ്ഞു നോക്കി.  
'ഫെലിസിഡാഡ്, ഫെലിസിഡാഡ്'. എന്താണത് ? 

വാക്കുതേടി അയാള്‍ അലഞ്ഞു. ദേശങ്ങള്‍ കടന്നു, കാലങ്ങള്‍ താണ്ടി.... ഏതോ നാട്ടില്‍, ഏതോ ദിക്കില്‍ ഏതോ വില്‍പനക്കാരിക്കൊപ്പം ഉരഞ്ഞ രാവില്‍, മൂര്‍ച്ഛയില്‍ അവര്‍ മന്ത്രിച്ചു.... 
'ഫെലിസിഡാഡ്' 
അയാളുടെ പത്തിതാണു, കണ്ണുകള്‍ വിരിഞ്ഞു വിടര്‍ന്നു.
എന്താ നീ പറഞ്ഞത് ?
ചോദ്യത്തില്‍ അവള്‍ വിളറി. അയാള്‍ അവളെ കുലുക്കി ചോദിച്ചു. എന്താണത്  ?

ചെറുപുഞ്ചിരിയില്‍ അവള്‍ മൊഴിഞ്ഞു 
'ഫെലിസിഡാഡ് - ആനന്ദം'
ആദ്യം മൗനം, പിന്നെ അട്ടഹാസം 
അയാള്‍ ആര്‍ത്തട്ടഹസിച്ചു. ആനന്ദം... ആനന്ദം... 

ശരീരങ്ങള്‍ തേടി അയാളലഞ്ഞു. ആനന്ദ നിര്‍വൃതിയടഞ്ഞു. നിര്‍വൃതികളില്‍ അയാള്‍ ആനന്ദമറിഞ്ഞു. വെളിച്ചം നെയ്‌തെടുത്ത പകലുകളും ഓളങ്ങള്‍ക്ക് സ്വര്‍ണം പൂശിയ സന്ധ്യകളും അകന്നു. ആനന്ദങ്ങള്‍ക്ക് ചിതലെടുത്തപ്പോള്‍ പുതിയവ തേടി. ഒടുവില്‍ അയാള്‍ക്കായ് മുറിഞ്ഞ മാവില്‍ തീ പടര്‍ന്നു. കരിഞ്ഞ മാംസഗന്ധം മേഘങ്ങളെ മത്തുപിടിപ്പിച്ചു. അവ നാലുപാടും ചിതറിയോടി. 

എരിഞ്ഞൊടുങ്ങിയ തലയോടിലെ ഇല്ലാത്ത കണ്ണിലൂടെ നോക്കവെ മരക്കുറ്റിയില്‍ കുന്തിച്ചിരുന്ന് കഴുകന്‍ കുറുകുന്നത് അയാള്‍ കണ്ടു.  കഴുകന്‍ കണ്ണിലെ ഇരുട്ടില്‍ അയാള്‍ ആനന്ദം കണ്ടു. അയാള്‍ ഞെട്ടി. 
ഈ ശവം തീനിക്ക് ആനന്ദം!!
വെറുതേ തിന്നു ചാകുന്ന നാല്‍ക്കാലിക്കും ആന്ദം!!!

അപ്പോള്‍... അപ്പോള്‍ താന്‍ നേടിയതൊന്നും ആനന്ദമല്ല. പിന്നെയെന്താണ് ആനന്ദം? 
കരിഞ്ഞ അസ്ഥികള്‍ കൂടിചേര്‍ത്ത് അയാള്‍ എഴുനേറ്റു. 
ആയാള്‍ കരഞ്ഞു. 
മരക്കുറ്റികള്‍ക്കിടയിലൂടെ അയാള്‍ ഓടി. തന്റെ ചുറ്റിലും ശവങ്ങള്‍ കരഞ്ഞുകൊണ്ട് ധൃതിയില്‍ ഓടുന്നതയാള്‍ കണ്ടു. 
ഓട്ടത്തിനിടയില്‍ കരയാത്ത, മുജ്ജന്മത്തില്‍ മാത്രം പരിചയമുള്ള ആരോ ഒരാള്‍ അയാളെ പിടിച്ചു നിര്‍ത്തി ചോദിച്ചു. 
'എവിടേക്കാണിത്ര ധൃതിയില്‍ ?' 
ആവി പറക്കുന്ന കരിഞ്ഞ കണ്ണില്‍നിന്നും ചുടുനീരീറ്റുകൊണ്ട് അയാള്‍ തലയുയര്‍ത്തിപ്പറഞ്ഞു
'ഫെലിസിഡാഡ്'

( കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സാഹിത്യകാമ്പില്‍ തിരഞ്ഞെടുത്ത കഥ. കണ്ണൂര്‍, ശ്രീകണ്ഠാപുരം എസ്.ഇ.എസ്. കോളേജില്‍ രണ്ടാം വര്‍ഷ എം.സി.ജെ. വിദ്യാര്‍ഥിയാണ് അനീഷ് അഗസ്റ്റിന്‍ )