@ പാട്ടുരായ്ക്കല്‍, തൃശ്ശൂര്‍
സീബ്രാക്രോസിങ്ങില്‍ കാറിടിച്ചുവീണ സ്ത്രീയെ ആംബുലന്‍സില്‍ വാരിയിട്ട് ആരൊക്കെയോ പാഞ്ഞുപോയി. വഴിയില്‍ വീണുകിടന്ന  ബാഗ് മറ്റാരോ കൊണ്ടുപോയി. ആള്‍ക്കൂട്ടം പിരിഞ്ഞശേഷം അതുവഴിവന്ന ചെറുപ്പക്കാരന്‍ തന്റെ കാല്‍ തട്ടിത്തെറിച്ച  മൊബൈല്‍ഫോണ്‍ മറ്റാരെങ്കിലും ശ്രദ്ധിക്കുംമുമ്പ് കുനിഞ്ഞെടുത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുപോയി.

@ പൂങ്കുന്നം, തൃശ്ശൂര്‍
മുറിയില്‍ തിരിച്ചെത്തിയ ഉടന്‍ അവനാ ഫോണെടുത്ത് പരതിത്തുടങ്ങി. സുന്ദരിയെന്നുതന്നെ പറയാവുന്ന ഫോണുടമയുടെ നിരവധി സെല്‍ഫികളും മറ്റു ഫോട്ടോകളും കൂടാതെ, ലോഗ് ഔട്ട് ചെയ്യാത്ത ഫെയ്‌സ്ബുക്ക് അക്കൗണ്ട്തന്നെ തുറന്നുകിട്ടിയെന്നത്  പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു. കിടിലന്‍  കക്ഷിതന്നെ എന്നോ മറ്റോ ചിന്തിക്കുന്നതിനിടയ്ക്ക് മെസേജ് ഐക്കണ്‍ പുതിയതൊന്നിന്റെ വരവറിയിച്ച് ചുവന്നുതുടുത്തു.

ഒറ്റ സ്പര്‍ശത്തില്‍ ആ സന്ദേശക്കുമിള അന്നോളം രണ്ടുപേരുടേതു മാത്രമായിരുന്നൊരു സ്വകാര്യ ലോകം മൂന്നാമതൊരാള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിക്കൊടുത്തു. ശേഷം, രണ്ടു കഥാപാത്രങ്ങളുടെയും 'ശരിയായ ഉടമസ്ഥരെ'ക്കൂടി തിരഞ്ഞ് കണ്ടെത്തിയതോടെ ചാരിതാര്‍ഥ്യത്തിന്റെ ഒരു പുഞ്ചിരി ആ മുഖത്ത് വിടര്‍ന്നു. ചേതമില്ലാത്ത ഉപകാരങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാന്‍ ഒരു കാലത്തും മടിതോന്നിയിട്ടില്ലാത്തൊരാള്‍ക്ക് ഇതിലും നല്ലൊരവസരം കിട്ടാനില്ലായിരുന്നു.

@ജബല്‍ അലി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്
മെസേജ് അവള്‍ കണ്ടിട്ട് സമയമേറെക്കഴിഞ്ഞിട്ടും മറുപടി വന്നതേയില്ല. അത് പതിവുള്ളതല്ലാത്തതിനാല്‍ അല്‍പ്പം ചിന്താക്കുഴപ്പത്തോടെ, ലോകത്തൊരുവളെയും വിളിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യത്തോടെയൊരു 'ടീ' വിളികൂടി ടൈപ്പ്‌ചെയ്തയച്ചിട്ട് ഫെയ്‌സ്ബുക്കടച്ച് ടി.വി.യിലേക്ക് ശ്രദ്ധിക്കാന്‍ ശ്രമിച്ച നേരത്താണ് തീയാളുന്ന മുഖത്തോടെ അയാളുടെ ഭാര്യ കടന്നുവന്നത്. എന്താണിതൊക്കെയെന്ന ചോദ്യത്തോടൊപ്പം അവള്‍ നീട്ടിക്കാണിച്ച ഫോണില്‍ ദൈന്യതയോടെ ചിതറിക്കിടന്ന സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ടപ്പോള്‍ അയാളുടെ ഹൃദയം നെഞ്ചിന്‍ കൂടുപൊളിച്ച് പുറത്തിറങ്ങിയോടാനൊരു ശ്രമം നടത്തി.

@മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍
ഐ.സി.യു.വിനുമുന്നിലെ കാലുവെന്ത നില്‍പ്പിലും നടപ്പിലും ഇരിപ്പിലുമെല്ലാം അയച്ചുകിട്ടിയ സ്‌ക്രീന്‍ ഷോട്ടുകള്‍ ആ മനുഷ്യനെ പുകച്ചുകൊണ്ടിരുന്നു. ഇടയ്‌ക്കെപ്പോഴൊക്കെയോ വന്ന സഹപ്രവര്‍ത്തകയുടെ ഫോണ്‍വിളിമണിയൊച്ചകള്‍ മറുപടിയൊന്നും കിട്ടാതെ താനേ നിശ്ശബ്ദമായി. ബോധമറ്റവളോട് പ്രകടിപ്പിക്കാനാവാതെ അരിശമെല്ലാം ഉള്ളില്‍ത്തന്നെ ഒതുക്കേണ്ടിവന്നതിലുള്ള എരിപൊരി സഞ്ചാരത്തിനിടയില്‍ ഭാര്യയുടെ നഷ്ടമായ ഫോണും അതെടുത്ത ആളെയും കണ്ടെത്തിയെന്ന വിവരംമാത്രമാണ് അല്‍പ്പമൊരാശ്വാസമായത്.

പ്രശ്‌നമാക്കണ്ട, നാണക്കേട് നമുക്കല്ലേയെന്നോര്‍മിപ്പിച്ച് സംസാരം മുറിയുമ്പോഴേക്കും പാതി ജീവനായ പെണ്ണിന്റെ വാരിയെല്ലിട തുളച്ച് ട്യൂബിടാന്‍ സമ്മതംവാങ്ങാന്‍ ഡോക്ടറും നഴ്‌സും വന്നു. ധൃതിയില്‍ ഒപ്പിട്ടുനല്‍കുമ്പോള്‍  തന്റെ നിര്‍വികാരതയില്‍ അയാള്‍ക്ക്  അന്ധാളിപ്പുതോന്നി.

@ ജബല്‍ അലി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്     
ജീവനോടെ പിടിക്കപ്പെട്ടവന്റെ വീട് ഒരു പടകഴിഞ്ഞതിന്റെ താത്കാലിക ശാന്തതയിലായിരുന്നു. ഒരേ ദുരന്തത്തിനിരയായവര്‍ക്ക് പൊടുന്നനെ വന്നുചേരുന്ന പ്രത്യേകതരം മാനസികൈക്യത്തോടും അടുപ്പത്തോടുംകൂടെ  കൂട്ടുപ്രതിയുടെ ഭര്‍ത്താവിനോട് എന്തൊക്കെയോ ഫോണില്‍ നിര്‍ത്താതെ സംസാരിക്കുന്ന ഭാര്യയുടെ ശബ്ദത്തിന് കാതോര്‍ത്ത് അയാള്‍ കിടക്കയില്‍ കമഴ്ന്നുകിടന്നു.

സ്വയം ന്യായീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴായിപ്പോയിരുന്നു. പിടിക്കപ്പെടാത്തതിനാല്‍മാത്രം നിഷ്‌കളങ്കരായിത്തുടരുന്ന എല്ലാവരെയും ശപിച്ചുകൊണ്ട്, തോല്‍വി സമ്മതിച്ച് മൗനിയായിത്തീരുകയല്ലാതെ മറ്റുമാര്‍ഗമുണ്ടായിരുന്നില്ല.

കുറേക്കാലമായി  ജീവിച്ചുപോന്നിരുന്ന അയഥാര്‍ഥമായ ഒരു സമാന്തരലോകം ഇല്ലാതായിക്കഴിഞ്ഞിരുന്നു. എന്തിനെന്നറിയാത്തൊരു വെമ്പല്‍ വിരല്‍ത്തുമ്പുകളില്‍ വീണ്ടും അരിച്ചുകയറിത്തുടങ്ങിയപ്പോള്‍ മുഷ്ടിചുരുട്ടി, കണ്ണുകളിറുക്കിയടച്ച് തലയിണയിലേക്ക് അയാള്‍ മുഖംപൂഴ്ത്തി. ഒരു ലോകാവസാനത്തിനുശേഷമുള്ള ശൂന്യതയിലേക്കടര്‍ന്നു വീണ്, എങ്ങോട്ടെന്നില്ലാതെ അയാള്‍ ഒഴുകിത്തുടങ്ങി.