കൗതുകവും വിസ്മയവുമുണര്‍ത്തുന്ന കഥകളുടെ മഹാസഞ്ചയമാണ് ഗ്രീക്ക് പുരാണങ്ങള്‍. ദേവന്മാരെയും ദേവതകളെയും മനുഷ്യരേയും കേന്ദ്രകഥാപാത്രങ്ങളാക്കി അവര്‍ നെയ്‌തെടുത്ത കഥകള്‍ ഗ്രീസിന്റെമാത്രമല്ല ലോക ജനതയുടെ തന്നെ പൈതൃകസ്വത്തായി മാറി. രൂപത്തിലും മാനസിക വിചാരങ്ങളിലുമെല്ലാം മനുഷ്യസദൃശ്യരായിരുന്ന ദേവന്മാരുടേയും ദേവതകളുടേയും രോഷവും പകയും എടുത്തു ചാട്ടവും പ്രണയചാപല്യങ്ങളും വിഡ്ഢിത്തങ്ങളും അനുകമ്പയുമെല്ലാം ചേരുമ്പോള്‍ ഏതൊരു വായനക്കാരനും ഇഷ്ടപ്പെടുന്ന മനോഹര സൃഷ്ടികളായി ഇവ. 

ഇത്തരം രസകരമായ കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പി. അജിത് കുമാറിന്റെ ഗ്രീക്ക് പുരാണ കഥകള്‍. ഗ്രീക്ക് ദൈവങ്ങളെയും ചരിത്രനായകന്മാരെയും കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് ശിലായുഗകാലംതൊട്ട് വാമൊഴിയായി പ്രചരിക്കുന്ന ഐതിഹാസിക കഥളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. യൂറോപ്പിന്റെയും ഇതരലോകത്തിന്റെയും സംസ്‌കൃതിയില്‍ ഈ കഥകള്‍ ആഴത്തില്‍ വേരുകളാഴ്ത്തിയിട്ടുണ്ട്. ഇത്തരം കഥകള്‍ നമ്മുടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍.

ഹോമറിന്റെയും ഹെസ്യോദിന്റെയുമെല്ലാം രചനകളാല്‍ സമ്പുഷ്ടമാക്കപ്പെട്ട ഈ മിത്തുകള്‍ ഏതൊരു വായനക്കാരനെയും എക്കാലത്തും പരിണമിപ്പിക്കുന്ന അപൂര്‍വമായ കഥകളുടെ ശേഖരമാണ്. 

പുസ്തകത്തില്‍ നിന്നുള്ള ഒരു കഥ വായിക്കാം.

നെരിപ്പോടിലെ വിറകുകഷണം

ആര്‍ക്കേഡിയയില്‍നിന്നും വളരെയകലെയല്ലാതെ ഗോതമ്പുവയലുകളും മുന്തിരിപ്പാടങ്ങളും നിറഞ്ഞ കാലിഡോണ്‍ എന്നുപേരായ നഗരമുണ്ടായിരുന്നു. ആ കൊച്ചു നഗരത്തിലെ രാജാവായിരുന്ന എയ്‌നിസ് ഭാര്യ ആല്‍ത്തയയ്ക്കും കുട്ടികള്‍ക്കുമൊപ്പം വെണ്ണക്കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. വലിയ ധൈര്യശാലിയായാണ് എയ്‌നിസ് അറിയപ്പെട്ടിരുന്നത്. 

എയ്‌നിസിന്റെ സുന്ദരികളായ രണ്ടു പെണ്‍കുട്ടികളും ലോകമറിയപ്പെടുന്നവരായിരുന്നു. ഒരാള്‍ പ്രൊമിത്യൂസിനെ ചങ്ങലയില്‍നിന്നും രക്ഷപ്പെടുത്തിയ ഹെര്‍ക്കുലീസിന്റെ ഭാര്യയായിരുന്നു. എയ്‌നിസിന്റെ ആണ്‍കുട്ടികളില്‍ പ്രശസ്തന്‍ ഏറ്റവും ചെറിയവനായ മെലീഗര്‍ ആയിരുന്നു. മെലീഗറിന് ആറേഴുദിവസം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ കൊട്ടാരത്തില്‍ അദ്ഭുതകരമായ ചില കാര്യങ്ങള്‍ നടന്നു. ഒരു ദിവസം ആല്‍ത്തയ കുഞ്ഞിനെ ഉറക്കിക്കൊണ്ടിരുന്നപ്പോള്‍ മുറിയിലെ നെരിപ്പോടിനരികിലായി മൂന്ന് അപരിചിതരായ യുവതികള്‍ നില്ക്കുന്നത് ആല്‍ത്തായ കണ്ടു. നിശബ്ദയായി അവള്‍ അവരുടെ സംസാരം ശ്രദ്ധിച്ചു. 

'നമ്മള്‍ ഈ കുഞ്ഞിന് എന്തു സമ്മാനം നല്കും?' അവരിലൊരാള്‍ ചോദിച്ചു. 
'ഞാനിവന് ധൈര്യമുള്ള ഒരു മനസ്സു നല്കാം,' അവരില്‍ ഇളയവളായ ക്ലോത്തോ പറഞ്ഞു. 
'ഞാനിവന് കുലീനവും ഉദാത്തവുമായ ഒരു ഹൃദയം നല്കും.' ലാച്ചെനിസ് എന്നുപേരായ രണ്ടാമത്തവള്‍ പറഞ്ഞു. 
'ഞാനിവന് ഈ മരക്കഷണം കത്തിച്ചാമ്പലാകുന്നതുവരെ ആയുസ്സു നല്കാം.' മൂന്നാമത്തവളായിരുന്ന അടോപോസ് പറഞ്ഞു. അവള്‍ കൈയ്യിലിരുന്ന ഒരു മരക്കഷണം, എരിയുന്ന തീയിലേക്കെറിഞ്ഞു. ആ മരക്കഷണം കത്തിത്തുടങ്ങിയപ്പോള്‍ അവര്‍ അപ്രത്യക്ഷരായി.

അപകടം മനസ്സിലാക്കിയ ആല്‍ത്തിയ ഉടന്‍തന്നെ വെള്ളമൊഴിച്ച് തീ കെടുത്തി. പാതി കത്തിക്കരിഞ്ഞ ആ മരക്കഷണം കൈയിലെടുത്തു. അവള്‍ അത് ഭദ്രമായി തന്റെ ഖജനാവില്‍ സൂക്ഷിച്ചു. ആ മരക്കഷണം കത്തിത്തീരാത്തിടത്തോളം തന്റെ കുഞ്ഞിന്റെ ജീവിതം സുരക്ഷിതമാണെന്ന് ആശ്വസിച്ചു. 

വര്‍ഷങ്ങള്‍ കടന്നുപോയി. മെലീഗര്‍ വളര്‍ന്ന് സമര്‍ഥനും ധൈന്യശാലിയുമായ യുവാവായി. അവന്റെ ധൈര്യത്തെയും ഉദാത്തതയെയും കുലീനതയെയും പറ്റി പ്രശംസിക്കാത്തവര്‍ ഗ്രീസില്‍ കുറവായിരുന്നു. അവന്‍ നടത്തിയ സ്വര്‍ണവേട്ടയും മറ്റും അവനെ അവരുടെ നായകനാക്കി. എയ്‌നിസിന്റെ പുത്രന്മാരില്‍ മിടുക്കന്‍ മെലീഗര്‍ തന്നെയാണിനി ആര്‍ക്കേഡിയയുടെ യുവരാജാവ്, അവര്‍ വിധിയെഴുതി.