നിലാവിന്റെ അരക്കെട്ടിൽനിന്ന് രാത്രിയുടെ കൊഴുത്തുരുണ്ട ഉടൽ സാവധാനം പിടഞ്ഞിറങ്ങുന്ന മൂന്നാം യാമത്തിൽ കള്ളൻ തന്റെ അടിവസ്ത്രം ഉരഞ്ഞുകീറിയതറിയാതെ ആ വീടിന്റെ ഉയരമുള്ള മതിൽ ചാടിക്കടന്നു.‘ഞാൻ കാത്തുനിൽക്കും. അവസാന നിമിഷംവരെ. കതിർമണ്ഡപത്തിൽ കയറുന്നതുവരെ. അതിനുമുമ്പ് എന്നെ കൊണ്ടുപൊയ്ക്കൊള്ളണം.അല്ലെങ്കിൽ എന്റെ ശവമായിരിക്കും,’ രാശിപ്പലകയിൽ നിരത്തിയ കവിടിക്കണ്ണ് പോലെ അർധനഗ്നയായി മലർന്നുകിടന്ന് നെഞ്ചിൻകൂട് തകർന്നുപോകുന്ന ഒരു കിളിയൊച്ചയിൽ ഒരു പെൺശബ്ദം! 

വീട് കള്ളനോട് ചോദിച്ചു: ‘ഏത് വാതിലാണ് തുറന്നുതരേണ്ടത്? ആഭരണങ്ങൾ സുക്ഷിച്ചവെച്ചിട്ടുള്ള ആ കിടപ്പുമുറി പോരേ? അവിടെയിപ്പോൾ ആ ദുഷ്ടൻ തന്ത ഉറങ്ങാതെ കിടപ്പുണ്ട്. നിങ്ങൾ തയ്യാറാകുമ്പോൾ പറഞ്ഞോളൂ. ഒരു ഈച്ചപോലും അറിയാതെ എല്ലാ വാതിലുകളും ഞാൻ തുറന്നുതരാം.’’
കള്ളൻ നന്ദിയോടെ വീടിനെ നോക്കി. എന്നിട്ട് ‘നിൽക്കൂ, പറയാം’ എന്ന് ചുണ്ടുകൾക്കുമീതെ വിരൽചേർത്ത് ഒച്ച താഴ്ത്തി, വെന്റിലേറ്റർ അനുവദിച്ച നേർത്ത സൗകര്യത്തിൽ വീണ്ടും ആ കല്യാണപ്പെണ്ണിന്റെ വർത്തമാനത്തിന് ചെവികൊടുത്തു.

‘‘ഞാൻ എങ്ങനെ ഇനി ഹൃദയംതുറന്ന് ചിരിക്കും? ഞാനിനി എങ്ങനെ പാട്ടുപാടും? ഇല്ല, ഞാൻ മരിക്കും. ഈ കല്യാണംനടന്നാൽ ആദ്യരാത്രി തന്നെ ഞാൻ ആ കിടപ്പറയിൽ കെട്ടിത്തൂങ്ങി ചാവും. അല്ലെങ്കിൽ... ‘‘മറുപുറത്തുനിന്നുള്ള സാന്ത്വനവാക്കുകളിലൊന്നിലും വഴിപ്പെടാതെ അവൾ വിതുമ്പിപ്പൊട്ടി.
‘ഏയ്, മനുഷ്യാ നിങ്ങൾ ആ പ്രണയപാപങ്ങളിലൊന്നും ശ്രദ്ധിക്കണ്ട,’  ‘വീട് കള്ളനോട് പറഞ്ഞു: ‘സമയം ഇപ്പോൾത്തന്നെ മൂന്നര കഴിഞ്ഞു. ഇനിയും വൈകിയാൽ എല്ലാം കൈവിട്ടുപോകും. നാളെ നിങ്ങളുടെ കുഞ്ഞിന്റെ ഓപ്പറേഷൻ നടക്കില്ല. അവൾ ജീവിച്ചിരിക്കേണ്ടത് മറ്റാരെക്കാളും നിങ്ങളുടെ ആവശ്യമാണ്. ഒരു വീട് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത ആത്മവഞ്ചനയാണ് ഞാൻ കാണിക്കുന്നത്. എനിക്കറിയാം.’

‘വീട് അവനെ തട്ടിവിളിച്ചു. കള്ളൻ പെട്ടെന്ന് ജാഗ്രതയിലേക്ക് മടങ്ങിവന്നു. അവൻ വാച്ചിൽനോക്കി. ശരിയാണ്, പാൽ, പത്രം എന്നിവയൊക്കെ നിരത്തിലിറങ്ങുന്ന സമയം അതിക്രമിക്കുന്നു. ഉറക്കമില്ലാത്ത നടത്തക്കാരും ഉണ്ടാകും. പിന്നെ നായ്ക്കളും. ആസ്പത്രി ഓഫീസിൽ പതിനൊന്നുമണിക്ക്‌ മുൻപുതന്നെ പണംകെട്ടണം.

പെൺകുട്ടി നീല സ്‌ക്രീനുള്ള ഫോൺ നിലത്ത് വലിച്ചെറിഞ്ഞ് ഒരു തളർച്ചയോടെ കിടക്കയിലേക്ക് മറിഞ്ഞു വീണു. പിന്നെ മറ്റൊരാവേശത്തിൽ ചാടിയെഴുന്നേറ്റ് അലമാര തുറന്ന് എന്തൊക്കെയോ കുറെ സാധനങ്ങൾ വാരി തുരുതുരെ നിലത്തിട്ടു. അതിനിടയിൽനിന്നും ഒരു കത്തി വേഗം വലിച്ചെടുത്തു. കൊടുങ്കാറ്റിന്റെ ശ്വാസവേഗത്തിൽ പിന്നെ വായ്ത്തല വെട്ടിത്തിളങ്ങുന്ന അതിന്റെ പിടി വലിച്ചൂരി. ഉന്മാദക്കോളിൽ നീട്ടിപ്പിടിച്ച ഇടത്തേ കൈത്തണ്ടയിൽ ചേർത്തു.

വിഷപ്പല്ലുകൾ അമർത്തിയ ഒരു ഞടുക്കം കശേരുക്കളെ ചവിട്ടി മറിയുന്നതായി തോന്നിയ നിമിഷം കള്ളൻ എല്ലാ ജാഗ്രതയും മറന്ന് അയ്യോ എന്ന് ഉറക്കെ 
നിലവിളിച്ചുപോയി. എന്ത് മണ്ടത്തരമാണ് നിങ്ങൾ കാണിച്ചതെന്ന് വീട് തലയിൽ കൈവെച്ചുകൊണ്ട് ചോദിക്കുംമുൻപേ, എല്ലാ മുറികളിലും ചറപറാന്ന് വെളിച്ചം കുലച്ചുപൂത്തു.

കള്ളൻ ദുർബലഹൃദയനാകരുതെന്ന് സ്റ്റേഷൻ എസ്.ഐ. പതിവ് കലാപരിപാടികൾക്കുശേഷം ചിരിച്ചുകൊണ്ട് പറയുമ്പോൾ ലോക്കപ്പിലെ മൂത്രംമണക്കുന്ന നനഞ്ഞ തറയിൽ ചടഞ്ഞിരിക്കുകയായിരുന്നു, അയാൾ. മൂന്നാമത്തെ ആഴ്ചയിലും പണമടയ്ക്കാത്തതുകൊണ്ട് മാറ്റിവെയ്ക്കുന്ന മകളുടെ ഓപ്പറേഷനെക്കുറിച്ചല്ല, കല്യാണമണ്ഡപത്തിൽനിന്ന്‌ അവസാന നിമിഷം ആ പെൺകുട്ടിയെ വിളിച്ചിറക്കികൊണ്ടുപോകാൻ അവളുടെ തരളഹൃദയനായ കാമുകൻ എത്തിച്ചേരുമോ എന്ന ഉത്കണ്ഠയിലായിരുന്നു, പവിത്രഹൃദയമുള്ള ആ കള്ളൻ.

sreekantankarikkakom@gmail.com