കോരിച്ചൊരിയുന്ന മഴ നനഞ്ഞാണ് അമ്മയും മകനും സ്‌കൂളിലേക്കു ചെന്നത്. വരാന്തയില്‍ കയറിയ ശേഷം അമ്മ സാരിത്തലപ്പുകൊണ്ട് മകന്റെ തല തുവര്‍ത്തി. പിന്നെ മകനെ തന്നോടു ചേര്‍ത്തുപിടിച്ച് ഓഫീസ് മുറിയിലേക്ക് കയറിച്ചെന്നു.
മഴയില്‍ നനഞ്ഞ അമ്മയുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട് പ്രധാനാധ്യാപകന്‍ ചോദിച്ചു, 'എന്താ?'
'ഇവനെ സ്‌കൂളില്‍ ചേര്‍ക്കണം,' അമ്മ പറഞ്ഞു. 
തനിക്കഭിമുഖമുള്ള കസേരയിലേക്ക് കൈ ചൂണ്ടി അധ്യാപകന്‍ അമ്മയെ ഇരിക്കാന്‍ ക്ഷണിച്ചു. പിന്നെ പേരുവിവരങ്ങള്‍ ചേര്‍ക്കുന്ന പുസ്തകം തുറന്നു.
'മോന്റെ പേരെന്താണ്?' അധ്യാപകന്‍ ചോദിച്ചു. 
'ഭാരതപുത്രന്‍,' അമ്മ പറഞ്ഞു. 
ദേശാഭിമാനം തുളുമ്പുന്ന പേരാണല്ലോയെന്ന് അധ്യാപകന്‍ മനസ്സില്‍ കരുതി.
'അച്ഛന്റെ പേര്?'
'അറിയില്ല.'

'കമ്യൂണലിസ്റ്റ് മാനിഫെസ്റ്റോ' വാങ്ങാം

അമ്മയുടെ മറുപടി കേട്ടപ്പോള്‍ അധ്യാപകന്‍ ഞെട്ടി. അയാള്‍ പുസ്തകത്തില്‍നിന്നും കണ്ണുയര്‍ത്തി അമ്മയെ നോക്കി.
'അറിയില്ലെന്നോ?' അധ്യാപകന്‍ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.
'അതെ സാര്‍, കൃത്യമായിട്ടറിയില്ല,' തന്റെ അധ്യാപകജീവിതത്തിനിടയില്‍ ഇങ്ങനെയൊരു അനുഭവം അയാള്‍ക്ക് ആദ്യമായിട്ടായിരുന്നു. അച്ഛന്റെ പേര് അമ്മയ്ക്ക് കൃത്യമായിട്ടറിയില്ല എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം. ഈ പെണ്ണ് പിഴയാണല്ലോയെന്ന് അധ്യാപകന്‍ മനസ്സില്‍ പറഞ്ഞു. പിന്നെ അയാളവളെ ആപാദചൂഡം നോക്കി.
കാണാന്‍ കൊള്ളാം. ചെറുപ്പവും. ഒന്നു മുട്ടിനോക്കിയാലോ എന്നായി അയാളുടെ പിന്നീടുള്ള ആലോചന.
'രജിസ്റ്ററില്‍ കുട്ടിയുടെ പിതാവിന്റെ പേരു ചേര്‍ക്കണമെന്നാണു നിയമം,' അധ്യാപകന്‍ പറഞ്ഞു.
'നിര്‍ബന്ധമാണെങ്കില്‍ സണ്‍ ഓഫ് അഖണ്ഡഭാരത് എന്നു ചേര്‍ത്തോളൂ,' അമ്മ പറഞ്ഞു.
മകന്റെ പേര് ഭാരതപുത്രന്‍, അച്ഛന്റെ പേര് അഖണ്ഡഭാരത്. ഇവരാര് ദേശീയവേശ്യയോ? അധ്യാപകന്‍ മനസ്സില്‍ വിചാരിച്ചു.
'ചേര്‍ത്തോളൂ എന്നൊക്കെപറഞ്ഞാല്‍.... അച്ഛന്റെ ശരിക്കുള്ള പേര്...'
'എനിക്കറിയില്ലെന്നു പറഞ്ഞില്ലേ,' അവര്‍ അസഹ്യതയോടെ പറഞ്ഞു.
'പൊട്ടിമുളച്ചുണ്ടായതൊന്നുമല്ലല്ലോ. നിങ്ങളുടെ വയറ്റില്‍ കുരുത്തതല്ലേ,' അധ്യാപകന്‍ പരുഷമായി ചോദിച്ചു. 
'അവര്‍ ഒരുപാടു പേരുണ്ടായിരുന്നു. കേരളം മുതല്‍ കാശ്മീര്‍ വരെ വിവിധ സംസ്ഥാനങ്ങളില്‍പ്പെട്ടവര്‍. ആരുടെ ബീജമാണ് എന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍....'
'നിങ്ങള്‍ക്ക് ഭ്രാന്താണോ...' അധ്യാപകന്‍ ദേഷ്യത്തോടെ ചോദിച്ചു.
'ഭ്രാന്ത് അവര്‍ക്കായിരുന്നു സാര്‍. കാമഭ്രാന്ത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലിചെയ്യുമ്പഴാ ഞാനിവനെ ഗര്‍ഭം ധരിച്ചത്. നൈറ്റ്ഡ്യൂട്ടിക്കു പോവാന്‍ സന്ധ്യകഴിഞ്ഞ് ഞാനൊരു ബസ്സില്‍ കയറിയതാണ്. സ്ത്രീയായി ഞാനൊരു യാത്രക്കാരിയേ ഉണ്ടായിരുന്നുള്ളൂ. കുറെച്ചെന്നപ്പോള്‍ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നെന്നെ...' അവള്‍ തേങ്ങിക്കരഞ്ഞു.
അപ്പോള്‍ ക്ലാസ് കൂടാനുള്ള കൂട്ടമണി മുഴങ്ങി.
'ചെറുത്തുനില്ക്കാനുള്ള ശ്രമത്തിനിടയില്‍ അവരുടെയൊക്കെ പേരും വിലാസവും ചോദിക്കാന്‍ എനിക്കു കഴിഞ്ഞില്ല, സാര്‍,' അവള്‍ പറഞ്ഞവസാനിപ്പിച്ചു.
സ്‌കൂളിലെ രണ്ടു പെണ്‍കുട്ടികള്‍ ദേശീയഗാനം ചൊല്ലാന്‍ തുടങ്ങി.
'ജനഗണ മനയധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ...' 
അധ്യാപകന്‍ ദേശീയഗാനത്തെ ആദരിച്ചുകൊണ്ട് എഴുന്നേറ്റു നിന്നു. അവളപ്പോള്‍ ദേശീയഗാനത്തിലെ അടുത്ത വരി ചൊല്ലി, 'പഞ്ചാബ് സിന്ധു ഗുജറാട്ട് മറാട്ടാ ദ്രാവിഡ ഉല്‍ക്കലവംഗാ...'

(കമ്യൂണലിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകത്തില്‍ നിന്ന്)

'കമ്യൂണലിസ്റ്റ് മാനിഫെസ്റ്റോ' വാങ്ങാം