ന്ത്യയിലെ ദളിത് സാഹിത്യകാരില്‍ പ്രമുഖനായ ശരണ്‍കുമാര്‍ ലിംബാളെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലെഴുതിയ ആത്മകഥാഖ്യാനമാണ് 'അക്കര്‍മാശി'. ഈ കൃതി മറാത്തിയിലെ ദളിത് സാഹിത്യത്തിലെ ക്ലാസിക്കായി ഗണിക്കപ്പെടുന്നു.

മഹാരാഷ്ട്രകര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമത്തില്‍ മഹാര്‍ജാതിക്കാരുടെ കോളനിയില്‍ നാട്, ഭാഷ, അമ്മ, അച്ഛന്‍, ജാതി, മതം ഇങ്ങനെ എല്ലാ സംഗതികളിലും ഭാഗ്യഹീനനായി വ്യക്തിത്വം നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടിവന്ന ശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മ നൊമ്പരങ്ങളാണ് 'അക്കര്‍മാശി'.

ഞാനാരെന്ന ചിന്ത അലട്ടിക്കൊണ്ടിരിക്കുന്ന ദളിതരുടെ പ്രതിനിധിയാണ് ലിംബാളെ. അക്കര്‍മാശി എന്ന വാക്കിന്റെ അര്‍ഥം പതിനൊന്ന് 'മാസാ' (ഒരു തൂക്കം) എന്നാണ്. ഒരുതോല തൂക്കത്തിന് പന്ത്രണ്ട് മാസാ വേണം. പതിനൊന്ന് മാസാകൊണ്ട് ഒരു തോലയാവില്ല. ഒരുമാസാ കുറവു വരും. അക്കര്‍മാശികളായ അഥവാ അര്‍ധജാതിക്കാരായ മനുഷ്യരും അതുപോലെ അപൂര്‍ണരാണ്.

മഹാരാഷ്ട്രക്കാരോ കര്‍ണാടകക്കാരോ എന്ന് തിരിച്ചറിയാത്ത, മറാത്തിയോ കന്നടയോ ഏത് ഭാഷയാണ് തന്റേതെന്നറിയാത്ത, അമ്മ മഹാര്‍ജാതിക്കാരിയും (കീഴ്ജാതി) അച്ഛന്‍ ലിംഗായത്ത് (മേല്‍ജാതി) ജാതിക്കാരനുമായ അര്‍ധജാതിയായി ജീവിക്കേണ്ടിവരുന്നവന്റെ ദുരന്തം ഈ കൃതിയിലുണ്ട്.

akkarmashiശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മസംഘര്‍ഷങ്ങള്‍ ഇവിടെനിന്ന് ആരംഭിക്കുന്നു. അതിനപ്പുറത്ത് വര്‍ഗവര്‍ണജാതി വ്യവസ്ഥകള്‍ നല്കിയ അധികാരമുണ്ടായിരുന്ന ബ്രാഹ്മണമേധാവിത്വത്തിനു കീഴില്‍ ദളിത് യുവതികള്‍ അടങ്ങിയ മഹാര്‍ ജാതിക്കാര്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും അവഗണനകളും ഞെട്ടിക്കുന്നതാണ്.

സ്‌കൂളില്‍ നിലത്തിരുന്ന് പഠിക്കേണ്ടിവരുന്നതിന്റെ, മറ്റുള്ളവരെപ്പോലെ അമ്പലത്തില്‍ പ്രവേശിപ്പിക്കാത്തതിന്റെ, സവര്‍ണന്റെ കിണറ്റില്‍നിന്ന് കുടിവെള്ളം കോരിക്കുടിക്കാന്‍ അനുവാദമില്ലാത്തതിന്റെ, മുടിവെട്ടുന്നിടത്ത് മഹാര്‍ജാതിക്കാരനായതിന്റെ പേരില്‍ ക്ഷുരകനാല്‍ ആട്ടിയോടിക്കപ്പെടുന്നതിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ലിംബാളെ അവതരിപ്പിക്കുന്നുണ്ട്.

ഉയര്‍ന്നജാതിക്കാരുടെ പീഡനങ്ങളും പ്രാകൃതമായ ആചാരങ്ങളും ഒരു ജനതയെ മൃഗതുല്യരാക്കിത്തീര്‍ക്കുകയായിരുന്നു. ഒരു നേരത്തെ ആഹാരത്തിനായി പാടുപെടുന്ന മഹാര്‍ ജാതിക്കാരുടെ ദൈന്യത ഈ കൃതി വിളിച്ചുപറയുന്നു.