ചൂണ്ടയിട്ട് മീൻ പിടിച്ച് മടുത്തപ്പോളാണ് ഞങ്ങൾ ആമയെ പിടിക്കാനിറങ്ങിയത്. റിസോർട്ടിൽനിന്ന് കുറച്ചുദൂരം നടന്ന് കായലിൽ കൽക്കെട്ടുള്ള ഒരു ഭാഗത്ത് ഞങ്ങളെത്തി. അപ്പോഴേക്കും മാർട്ടിൻ ‘ഹൗ ടു ക്യാച്ച് ടോർട്ടോയ്‌സ്’ എന്ന് സെർച്ച് നടത്തി കാര്യങ്ങൾ ഗ്രഹിച്ചിരുന്നു. ഞങ്ങൾ ഒരു കയർ കുടുക്കുണ്ടാക്കി കാത്തിരുന്നു.  

ഒടുവിൽ ഞങ്ങളുടെ കുടുക്കിൽ ഒരാമ കുടുങ്ങുകതന്നെ ചെയ്തു.‘ഹൗ ടു പ്രിപ്പയർ എ ടോർട്ടോയ്‌സ്?’ -ഞാൻ ഗൂഗിളടിച്ചു. ‘ഹൗ ടു കിൽ ആനാമ എന്നാദ്യം ഗൂഗിൾ ചെയ്യടാ’ -മാർട്ടിൻ ഉപദേശിച്ചു. 

വധവിദ്യ പഠിച്ചശേഷം ഞാൻ ആമയെ ചാക്കിൽനിന്ന് പുറത്തിറക്കി. ‘ആമ പത്തിരുന്നൂറു കൊല്ലം ജീവിക്കുമെന്നാ...’ -ഞാൻ പറഞ്ഞു. ‘ആമ ഒരിക്കലും മരിക്കില്ലെന്നും പറയാറുണ്ട്.’ ‘നമ്മുടെ ആമച്ചാർക്ക് എത്ര വയസ്സുണ്ടാവും?’ ‘കൊറേയുണ്ടാവും. ഇവനാണെന്നുതോന്നുന്നു ആ മുയലച്ചനെ തോൽപ്പിച്ച കക്ഷി.’ 

ആമയപ്പോൾ എന്നെ സൂക്ഷിച്ചൊന്നു നോക്കി. നൂറ്റാണ്ടുകളുടെ വടുക്കൾ പറ്റിയ നീളൻ കഴുത്ത് അത് പുറത്തേക്ക് നീട്ടി. ശീലമായ നിസ്സംഗതയോടെ അവൻ എന്നെത്തന്നെ നോക്കുകയാണ്. അതിന്റെ പുറംതോടിൽ വാർഷിക വലയങ്ങളുടെ പൗരാണികമായ ചെതുമ്പലുകൾ. മങ്ങിയ കണ്ണുകളിൽ പല തലമുറകളെ ദർശിച്ചതിനാലാകാം ഒരു ദാർശനിക സൗഖ്യം. 

പുരാതനമായ ആ ജീവിയെ നോക്കിയിരുന്നപ്പോൾ ഞാൻ പേരറിയാത്ത എന്റെ മുതുമുത്തച്ഛനെ ഓർത്തു. നിസ്സഹായനായ വൃദ്ധജീവി ദൈന്യമായ കണ്ണുകൾകൊണ്ട് പേരക്കുട്ടിയെ എന്നപോലെ എന്നെ ഉറ്റുനോക്കുന്നു! മാർട്ടിൻ കരിങ്കല്ലുയർത്തിപ്പിടിച്ച് നിൽക്കുകയായിരുന്നു അപ്പോൾ. ഞാൻ വിലക്കാനായുന്നതിനുമുമ്പ് മാർട്ടിന്റെ കൈവിട്ട കല്ല് മുത്തച്ഛനിലേക്ക് താണുകഴിഞ്ഞിരുന്നു.

shinilal@gmail.com