രിക്കൽ ഞാനെന്റെ എല്ലാ കവിതകളും കട്ടിയുള്ള നോട്ട്‌ബുക്കിൽ എഴുതി യങ്‌ ഗാർഡൻസിന്റെ എഡിറ്റോറിയൽ ഓഫീസിലേക്കയച്ചു. ആദ്യമായി എഡിറ്ററിൽനിന്ന്‌ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട്‌ എഴുത്തുകിട്ടി. കവി ആന്ദ്രേ ഡോസ്റ്റൽ ആയിരുന്നു അതിലൊപ്പിട്ടത്‌. കടൽക്കൊള്ളക്കാരനെപ്പോലെ ഒരു കണ്ണ്‌ മൂടിയ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. എന്നെ ആശ്ചര്യത്തോടെ നോക്കിക്കൊണ്ട്‌ അദ്ദേഹം ചോദിച്ചു.

‘‘ഹലോ, കുട്ടിക്ക്‌ ആരെയാണ്‌ കാണേണ്ടത്‌?’’ഞാൻ കത്തെടുത്ത്‌ നീട്ടി. ‘‘ഒാ, അച്ഛന്‌ സുഖമില്ലാത്തതുകൊണ്ട്‌ നിന്നെ അയച്ചതായിരിക്കും അല്ലേ?’’‘‘എന്റെ അച്ഛനല്ല, ഞാൻതന്നെയാണെഴുതിയത്‌’’. സ്കൂൾബാഗിൽ രോഷത്തോടെ തെരുപ്പിടിച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു. പറഞ്ഞത്‌ മനസ്സിലാകാതെ അമ്പരന്ന്‌ നോക്കി ഒരല്പനേരം മിണ്ടാതെനിന്നശേഷം ഡോസ്റ്റല്‍ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

‘‘ഞാനങ്ങനെ ചിന്തിച്ചുപോയി. ഞാൻ നരച്ച ഒരു താടിക്കാരനെയാണ്‌ പ്രതീക്ഷിച്ചത്‌. നിന്റെ കവിതകൾ ഒന്നുനോക്കൂ-യുദ്ധവും സങ്കടങ്ങളും ദുരന്തങ്ങളുമാണ്‌ നിറയെ’’.മുറിയിൽ എന്നെ നോക്കിച്ചിരിക്കുന്ന മറ്റുപലരും ഉണ്ടായിരുന്നു. അവരെന്നെ കളിയാക്കുകയാണെന്ന്‌ ചിന്തിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ, ഡോസ്റ്റൽ എന്നെ കെട്ടിപ്പിടിച്ച്‌ തൊട്ടടുത്ത കസേരയിലിരുത്തി കവിതകളെക്കുറിച്ച്‌ സംസാരിക്കാൻ തുടങ്ങി. അതോടെ അദ്ദേഹം എന്റെ സുഹൃത്തായി.

അത്ര വലിയ കവിതയൊന്നുമല്ലെങ്കിലും ഡോസ്റ്റലിന്‌ എന്റെ കവിതകൾ വളരെ ഇഷ്ടമായി. തനിക്ക്‌ ചെയ്യാൻ കഴിയാത്ത്‌ ഞാൻ ചെയ്യണമെന്ന്‌ അദ്ദേഹം ആശിച്ചു. ആകപ്പാടെ, അത്ര വലിയ കവികളല്ലാത്തവരൊക്കെ എന്നെ അകമഴിഞ്ഞ്‌ സഹായിച്ചിരുന്നു. വലിയ കവികൾ എന്നതിലുപരി അവർ ദയാലുക്കളാണ്‌ എന്നതാണ്‌ കാരണം. അതോടെ എന്റെ കവിതാസങ്കല്പങ്ങൾ ഒന്നുകൂടി തകിടംമറിഞ്ഞു. അതിനുശേഷം മാർട്ടിൻ ഈഡൻ എന്റെ ഡസ്കിൽ സ്ഥിരമായി.

പണ്ട്‌ ആദ്യപേജുകൾ എനിക്ക്‌ പ്രോത്സാഹനം തന്ന്‌ സഹായിച്ചു. പക്ഷേ, ഇന്നെനിക്ക്‌ അവസാനപേജുകളാണ്‌ ഇഷ്ടം. ഞാൻ കവിയാകണമെന്ന്‌ അമ്മ ഒരിക്കലും ആഗ്രഹിച്ചില്ല. കവിത മനസ്സിലാകാത്തതല്ല കാരണം. ഒരുകാര്യം അവർക്ക്‌ മനസ്സിലായിരുന്നു, കവി വേദനിക്കുന്ന, വിശ്രമമില്ലാത്ത, സുരക്ഷിതനല്ലാത്ത, അസന്തുഷ്ടനായ ഒരാളാണെന്ന കാര്യം.

എല്ലാ റഷ്യൻ കവികളുടെയും വിധി ദുരന്തമായിരുന്നു. പുഷ്കിനും ലെർമെന്റോറും ദ്വന്ദ്വയുദ്ധത്തിൽ കൊല്ലപ്പെട്ടു. ബ്ലോക്ക്‌ ആത്മഹത്യചെയ്തു. യെസ്‌നിൻ തൂങ്ങിമരിച്ചു. മയക്കോവ്‌സ്കി സ്വയം വെടിവെച്ചുമരിച്ചു. ഇതേക്കുറിച്ചൊന്നും അമ്മയെന്നോട്‌ സംസാരിച്ചിരുന്നില്ല. സ്റ്റാലിന്റെ ക്യാമ്പിൽ ഒരുപാട്‌ കവികളെ കൊന്നതായും കേട്ടറിവുണ്ട്‌. ഇതൊക്കെ മതിയായിരുന്നു അമ്മയ്ക്ക്‌ എന്നെക്കുറിച്ച്‌ വേവലാതിപ്പെടാൻ.

സൗകര്യം കിട്ടുമ്പോഴൊക്കെ എന്റെ കവിതാനോട്ടുബുക്ക്‌ അവർ പിച്ചിക്കീറി. ‘വേറെ എന്തെങ്കിലും ചെയ്യാൻ’ നിർബന്ധിച്ചു. ‘കൂടുതൽ ഗൗരവമേറിയ എന്തെങ്കിലും’ എന്നു പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, കവിതയേക്കാൾ ഗൗരവമായി ഞാനൊന്നും കണ്ടില്ല. ഒരു യുവഭ്രാന്തന്റെ ത്വരയോടെ ഞാനെഴുതിക്കൊണ്ടിരുന്നു. ഞാൻ വലിയ തത്ത്വചിന്തകളെക്കുറിച്ചൊന്നും വേവലാതിപ്പെട്ടില്ല.

അന്വേഷിച്ചത്‌ രൂപഭദ്രമായ കവിതയായിരുന്നു. വർഷങ്ങളോളം ഞാനതിൽ മുഴുകി. സമകാലീനകവിതകളിൽ അനുവർത്തിക്കുന്ന രീതികൾക്ക്‌ പരിമിതികൾ ഏറെയുണ്ട്‌. ഇതേക്കുറിച്ച്‌ മയക്കോവ്‌സ്കി നർമഭാഷയിൽ എഴുതിയിട്ടുണ്ട്‌. വെനസ്വേലയിലെവിടെയോ ഡസൺ കണക്കിന്‌ ഉപയോഗിക്കാത്ത കവിതകൾ അതിജീവിക്കുന്നുണ്ട്‌.

എനിക്ക്‌ മയക്കോവ്‌സ്കിയെ വിശ്വാസമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഒരഭിപ്രായം എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടതാണ്‌. അംഗീകരിക്കപ്പെട്ട സാഹിത്യനായകരെ പ്രീതിപ്പെടുത്താൻ ഒരാൾക്കും കഴിയില്ല എന്നതാണത്‌.  പടിഞ്ഞാറൻകവികൾ പ്രാസവും താളവും ഒപ്പിക്കാതെ എളുപ്പത്തിൽ കവിതയെഴുതുന്നതിനോട്‌ എനിക്ക്‌ യോജിക്കാനാവില്ല. അത്‌ പദ്യത്തിനും ഗദ്യത്തിനും ഇടയ്ക്കുള്ള എന്തോ ആണ്‌. അതോടെ കവിതയുടെ വിലയേറിയ യഥാർഥഗുണമായ സംഗീതം കൊല്ലപ്പെട്ടു.

വർഷങ്ങളോളം എല്ലാ വൈകുന്നേരങ്ങളിലും ഞാൻ വലിയൊരു റഷ്യൻ ഡിക്‌ഷണറിയുമായി മല്ലടിക്കുമായിരുന്നു. അകാരാദിക്രമത്തിൽ വാക്കുകളിലൂടെ സഞ്ചരിച്ച്‌ അധികമാരും ഉപയോഗിക്കാത്ത പദപ്രയോഗങ്ങൾ സംഭരിക്കുമായിരുന്നു. അതോടെ 10,000 പുതിയ പദപ്രയോഗങ്ങളുള്ള ഒരു നോട്ടുബുക്ക്‌ എനിക്ക്‌ സ്വന്തമായി. നിർഭാഗ്യവശാൽ, അതെവിടെയോ നഷ്ടപ്പെട്ടു. പക്ഷേ, അതോടെ ഞാൻ പുതിയൊരു രീതിക്ക്‌ തുടക്കമിടുകയായിരുന്നു.

പിന്നീടത്‌ ‘യെവ്‌തുഷെൻകിയൻ’ എന്നറിയപ്പെട്ടു. പക്ഷേ, യഥാർഥത്തിൽ ഞാനൊന്നും കണ്ടുപിടിച്ചിട്ടില്ല. റഷ്യൻ നാടൻപാട്ടുകളിൽനിന്ന്‌ ചില പ്രത്യേക സമ്പ്രദായങ്ങൾ സ്വീകരിക്കുകയായിരുന്നു. ഇവ പടിഞ്ഞാറൻ വായനക്കാരന്‌ പറഞ്ഞുമനസ്സിലാക്കുക വിഷമമാണ്‌. തീർച്ചയായും വിവർത്തനത്തിൽ ഇത്‌ നഷ്ടപ്പെടുമെന്നതാണ്‌ കാരണം.

സമാധാനപൂർണമായ ജീവിതം എന്നത്‌ കേട്ടമാത്രയിൽത്തന്നെ ഞാനുപേക്ഷിച്ചു. അതുപോലെ സമ്പത്തിനെയും വെറുത്തു. ഏതോ മഹാന്റെ അഭിപ്രായത്തിൽ സമ്പത്ത്‌ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ്‌. പക്ഷേ, എന്റെ അഭിപ്രായം അന്നും ഇന്നും എന്നും ആളുകളെ അടിമകളാക്കുന്ന ഒന്നാണ്‌ സമ്പത്ത്‌ എന്നാണ്‌. പണമില്ലാത്തവൻ സമ്പത്ത്‌ ഉണ്ടാക്കുന്നതിൽമാത്രം മുഴുകി അതിന്റെ അടിമയാവും. ഉള്ളവനാകട്ടെ, കൂടുതൽ ഉണ്ടാക്കാനും ഉള്ളവ നിലനിർത്താനും പാടുപെട്ട്‌ ഊർജം മുഴുവനും ചെലവാക്കി അതിന്റെ അടിമകളായി മാറും.

(കടപ്പാട്: പാപ്പിയോൺ ബുക്‌സ് പ്രസിദ്ധീകരിച്ച 'യെവ്തുഷെങ്കോയുടെ ആത്മകഥ' എന്ന പുസ്തകം. പരിഭാഷ: കൃഷ്ണവേണി)