"പന്തു ഡ്രിബ്ള്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം പോലെ സുന്ദരമായ മറ്റൊന്നില്ല എന്ന് കവിയാവാന്‍ വേണ്ടി പന്തു കളി നിര്‍ത്തിയ യെവ്തുഷെങ്കോ പറഞ്ഞത് പില്‍ക്കാലത്ത് വായിച്ചപ്പോള്‍ അത്ഭുതം തോന്നിയില്ല..."എം.ടി. വാസുദേവന്‍ നായരുടെ ഈ വാചകങ്ങളാണ് യെവ്തുഷെങ്കോ എന്ന റഷ്യന്‍ കവിയിലേക്കുള്ള ആദ്യ താക്കോല്‍. എം.ടി. ഇതെഴുതിയത് 23 വര്‍ഷം മുമ്പാണ്. അതിനും മൂന്നു വര്‍ഷം മുമ്പാണ് രണ്ടു ലക്ഷം പേര്‍ മോസ്‌കോയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഇരമ്പിക്കയറിയത്: കളി കാണാനല്ല, യെവ്തുഷെങ്കോയുടെ കവിത കേള്‍ക്കാന്‍ 

യെവ്‌ജെനി യെവ്തുഷെങ്കോ എന്ന, വിപ്ലവാനന്തര റഷ്യ കണ്ട ഏറ്റവും ജനകീയനായ കവിയുടെ മരണം ഇന്ത്യയിലെ പത്രങ്ങള്‍ക്കൊന്നും വലിയ വാര്‍ത്തയായില്ല. ഏപ്രില്‍ ഒന്നിന് ന്യൂയോര്‍ക്ക് ടൈംസില്‍ യെവ്തുഷെങ്കോയെക്കുറിച്ച് ഉജ്വലമായ ഒരു ചരമക്കുറിപ്പ് വന്നു. അതു വായിച്ചപ്പോള്‍ എം.ടിയുടെ വാക്കുകള്‍ വീണ്ടും ഓര്‍മ വന്നു:

"ആദ്യത്തെ കവിത അച്ചടിച്ചു വന്നത് മുന്നില്‍ നിവര്‍ത്തിവെച്ചു കൊടുത്തപ്പോള്‍ യെവ്തുഷെേെങ്കാവിന്റെ അമ്മ പറഞ്ഞു: ഇനി നീ രക്ഷപ്പെടില്ല..." മോസ്‌കോ ഡയനാമോസിന്റെ കളിക്കാരനായിരുന്നെങ്കില്‍ ഉജ്വല പ്രകടനങ്ങളുടെ ഏതാനും സീസണുകള്‍ കഴിഞ്ഞാല്‍ യെവ്തുഷെങ്കോവിനെ റഷ്യക്കാര്‍ ഓര്‍മിക്കുമായിരുന്നോ? (എം.ടി., ഓര്‍മകളുടെ അല്‍പ്പായുസ്സ്് -1994 ജൂണ്‍, മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക)

എം.ടി പറഞ്ഞത് ഒരര്‍ഥത്തില്‍ ശരിയായിരുന്നു. ജീവിതം കൊണ്ടതു തെളിയിച്ചയാളാണ് യെവ്തുഷെങ്കോ. യാഷിനെയും ബ്ലോഖിനെയും ബെലാനോവിനെയും പോലുള്ള ഇതിഹാസതുല്യരായ റഷ്യന്‍ ഫുട്‌ബോള്‍ കളിക്കാരെ, ഗാലറികളില്‍ നിന്നു പുറത്തു കടന്നതോടെ, എല്ലാവരും മറന്നു. എന്നാല്‍ കളി നിര്‍ത്തി നാല്‍പതു വര്‍ഷത്തിനു ശേഷം മോസ്‌കോയിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കവിത വായിക്കാന്‍ വന്നപ്പോള്‍ യെവ്തുഷെങ്കോവിനെ കേള്‍ക്കാനെത്തിയത് ഗാലറിയിലും ഗ്രൗണ്ടിലുമായി തിങ്ങിനിറഞ്ഞ രണ്ടു ലക്ഷം പേരായിരുന്നു! പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലത്തു പോലും യാഷിനെപ്പോലുള്ളവര്‍ ആ സ്റ്റേഡിയത്തില്‍ രണ്ടു ലക്ഷം കാണികള്‍ക്കു മുന്നില്‍ കളിച്ചിരിക്കില്ല! 

ന്യൂയോര്‍ക്ക് ടൈംസിന്റെ അതിദീര്‍ഘമായ ചരമക്കുറിപ്പില്‍ എവിടെയും ഈ കാര്യം പരാമര്‍ശിച്ചിട്ടില്ല, യെവ്തുഷെങ്കോ എന്ന കവി അബോധത്തില്‍ മത്സരിച്ചിരുന്നത് ഫുട്‌ബോളര്‍മാരോടായിരുന്നു എന്ന കാര്യം. അയാളുടെ അമ്മയുടെ ഏറ്റവും വലിയ സ്വപ്‌നം തിങ്ങി നിറഞ്ഞ ഗാലറിക്കു മുന്നില്‍ മകന്‍ മോസ്‌കോ ഡൈനാമോസിനു വേണ്ടി ബൂട്ടു കെട്ടുന്നതായിരുന്നു.

16 വയസ്സാവുമ്പോഴേക്കും അവനെ ലീഗ് കളിക്കാരനായി വളര്‍ത്തിയെടുക്കാന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആ അമ്മയ്ക്കായി. എന്നാല്‍ മകന്‍ ഒരു ദിവസം പൊടുന്നനെ കളി നിര്‍ത്തി കവിയാവാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ സങ്കടപ്പെട്ടു. ഇനി നീ രക്ഷപ്പെടില്ല എന്നു വിലപിച്ചു. അന്ന് ആ അമ്മ കരുതിക്കാണില്ല, അതേ സ്‌റ്റേഡിയത്തില്‍ മകന്റെ കവിത കേള്‍ക്കാന്‍ അതിനേക്കാള്‍ വലിയ ജനക്കൂട്ടം ഇരമ്പിയെത്തുമെന്ന്. അവരുടെ മനസ്സിലെ ഉജ്വല വിഗ്രഹങ്ങളായിരുന്ന അക്കാലത്തെ കളിക്കാരെല്ലാം അതിനകം മറവിയുടെ അടരുകളിലേക്കു മറഞ്ഞു കഴിഞ്ഞിരുന്നു. മകനോ, റഷ്യന്‍ ജനതയുടെ ഹൃദയങ്ങള്‍ കവര്‍ന്ന ചിന്തകനും പണ്ഡിതനും കവിയും വാഗ്മിയും അധ്യാപകനും പ്രഭാഷകനും ഒരു തലമുറയുടെ മുഴുവന്‍ മാതൃകാപുരുഷനുമായി വളരുകയും ചെയ്തു...  

അപ്പോഴും യെവ്തുഷെങ്കോയുടെ ഉള്ളില്‍ ഒരു മികച്ച കളിക്കാരന്‍ സദാ ബൂട്ടു കെട്ടി, ചുരമാന്തി, തന്റെ ഊഴം കാത്ത്, ഡഗ് ഔട്ടില്‍ ഇരിപ്പുണ്ടായിരുന്നു. എത്രയോ ഉയരങ്ങള്‍ താണ്ടിയിട്ടും കവിയോ കളിക്കാരനോ മികച്ചവനെന്ന ചോദ്യം യെവ്തുഷെങ്കോയുടെ കാവ്യജീവിതത്തിലുടനീളം നിലനിന്നതായി കാണാം. അമ്മയ്ക്കു വേണ്ടിയാണ് താന്‍ ഈ കവിത സ്‌റ്റേഡിയത്തില്‍ വെച്ചു ചൊല്ലുന്നതെന്ന് യെവ്തുഷെങ്കോ പറഞ്ഞത് ഭംഗിവാക്കായിരിക്കണം. മോസ്‌കോ ഡൈനാമോസിന്റെ ഗാലറി ഏതു കവിയരങ്ങുകളേക്കാളും കാവ്യഭംഗിയുള്ള ഒന്നായി അദ്ദേഹത്തെ പ്രലോഭിപ്പിച്ചിരുന്നു എന്നതാണ് സത്യം. 

"വിദഗ്ധ കളിക്കാരന് പന്ത് ജീവനുള്ള വസ്തുവാകുന്നു. ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച്, തടയാന്‍ വീഴണോ പറക്കണോ എന്ന് നിശ്ചയിക്കാനാവാതെ നില്‍ക്കുന്ന ഗോളിയുടെ പടരുന്ന കൈകള്‍ക്ക് തൊടാനാവാത്ത വിധം, ലക്ഷ്യം കാണുമ്പോള്‍ കളിക്കാരന്‍ കവിത രചിക്കുകയാണെന്നു യെവ്തുഷെങ്കോ എഴുതി.. പദാവലി കാലേ കാലേ തോന്നണമെന്നു പ്രാര്‍ഥിക്കുന്ന കവിയെപ്പോലെയാണ് കളിക്കാരനും. പന്ത് അനുസരിക്കുന്നു. ചലനങ്ങള്‍ക്കും നീക്കങ്ങള്‍ക്കും അര്‍ഥമുണ്ടാകുന്നു. ലക്ഷ്യം തേടിക്കഴിയുമ്പോള്‍ വേണ്ടത് വേണ്ട സമയത്ത് തോന്നിച്ച ആരോടോ കലാകാരന്‍ നിശ്ശബ്ദം നന്ദി പറയുന്നു. സ്വയം അനുമോദിക്കുന്നു..." (എം.ടി., അതേ ലേഖനം).

കവിയും കളിക്കാരനുമായുള്ള ഈ താരതമ്യത്തിന് യെവ്തുഷെങ്കോവിനോളം മികച്ച ഉദാഹരണം വേറെയില്ല. കൂടുതല്‍ ഉദാത്തമായ കല കവിതയെഴുത്താണെന്നു പറയലായിരുന്നുവല്ലോ യെവ്തുഷെങ്കോവിന്റെ ആദ്യ പ്രവൃത്തി. കളിക്കാരന്‍ കലാകാരനല്ല എന്ന പ്രഖ്യാപനവും. പക്ഷെ ജീവിതത്തിലുടനീളം കളിക്കാരനാവാന്‍ കഴിഞ്ഞില്ലല്ലോ എന്നു സ്വകാര്യമായി ഖേദിച്ചിരുന്നു എന്നു തോന്നുമാറ് കവികളിലെ ഫുട്‌ബോളറായിട്ടാണ് പിന്നീടദ്ദേഹം ജീവിച്ചത്.

മെയ്‌വഴക്കം, എതിരാളികളെ വെട്ടിച്ചൊഴിയാനും വെട്ടിവീഴ്ത്താനുമുള്ള കഴിവ്, ആക്രമണോത്സുകത, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യം, താരമൂല്യത്തിലും ആരാധകരിലും അഭിരമിക്കല്‍, നിറപ്പകിട്ടാര്‍ന്ന ജീവിതം എല്ലാം ഒരു ഫുട്‌ബോളറിലെന്ന പോലെ യെവ്തുഷെങ്കോവിലും നിലനിന്നു. വലിയ ഗാലറികള്‍ക്കു മുന്നില്‍ നിന്നു കൊണ്ട് നിഗൂഢമായി അദ്ദേഹം ഈ അനുഭവത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു.

കവിയും കളിക്കാരനും ഒരേ അളവില്‍ അനുഭവിക്കുന്നത് സൃഷ്ടിയുടെ ആനന്ദമാണ് എന്നതു യെവ്തുഷെങ്കോ തിരിച്ചറിഞ്ഞിരുന്നു. അതേസമയം അവര്‍ തമ്മില്‍ കാതലായ ഒരു വ്യത്യാസമുണ്ടെന്ന, മറ്റു പലര്‍ക്കും അറിയാത്ത കാര്യവും സ്വയമൊരു കളിക്കാരനായതിനാല്‍ യെവ്തുഷെങ്കോവിന് അറിയാമായിരുന്നു. അത് 'എതിരാളിയുടെ സാന്നിധ്യ'മാണ്. കവിക്കില്ലാത്ത ഈ ഘടകത്തെ കളിക്കാരനു നേരിടേണ്ടതുണ്ട്.

ഓരോ നിമിഷവും ഒരു വിനാശകന്‍ (Spoiler) അവനൊപ്പമുണ്ട്. അയാളെ തോല്‍പ്പിച്ചു വേണം അവനു 'കവിത രചിക്കാന്‍'. പന്തിനായി ചാടിയുയരുമ്പോള്‍ വലിച്ചു വീഴ്ത്തുന്ന എതിരാളി. പാസ്സിനായി കുതിച്ചെത്തുമ്പോള്‍ ഇടങ്കാലിട്ടു വീഴ്ത്തുന്ന ശത്രു. ഇങ്ങിനെ ഒരു എതിരാളി കവിക്കില്ല. അയാള്‍ ഏകാന്തതയിലിരുന്ന് എഴുതുന്നു. കളിക്കാരന്‍ ഇരമ്പുന്ന ഗാലറിക്കു മുന്നില്‍ നിന്ന് പുതിയ 'പദാവലി' തേടുന്നു. കവി എഴുതുന്നത് മായ്ക്കുന്നു, തിരുത്തുന്നു.

കളിക്കാരന്‍ നിമിഷാര്‍ധത്തില്‍ തോന്നുന്നത് പ്രവൃത്തിയിലേക്ക് ആവാഹിക്കുന്നു. കവിക്ക് എപ്പോഴും, എത്ര കാലത്തിനു ശേഷവും, തന്റെ രചന മാറ്റിയെഴുതാം. കളിക്കാരന് തന്റെ ഒരു നീക്കവും എഡിറ്റ് ചെയ്യാനാവില്ല. ഭൗതികമായ അളവുകോലുകളില്‍ എത്രയോ ഉന്നതമായ വിജയങ്ങള്‍ നേടിയിട്ടും യെവ്തുഷെങ്കോവിന്റെ കവിതകളില്‍ പിറക്കാതെ പോയ ഒരു കളിക്കാരന്റെ സങ്കടം കലര്‍ന്ന ശരീരഭാഷ ഉണ്ടായിരുന്നു. 

ബാബി യാര്‍ എന്ന കവിതയാണ് യെവ്തുഷെങ്കോവിന്റെ മാസ്റ്റര്‍പീസ്. അത് യുക്രൈനിലെ മരണച്ചതുപ്പിന്റെ കഥയായിരുന്നു. നാസി ക്രൂരതയുടെ തണുപ്പന്‍ ചാവുനിലത്ത് പിടഞ്ഞുവീണ 43000 ജൂതന്മാരെക്കുറിച്ചുള്ളതായിരുന്നു. അവര്‍ക്കു സ്മാരകമില്ലാത്തതിനെ കുറിച്ചായിരുന്നു. എന്നാല്‍ അബോധമായി അതില്‍ കലര്‍ന്നിരുന്നത് നാസിപ്പട കൊന്നൊടുക്കിയ ഡൈനാമോ കീവ് എന്ന യുക്രൈനിയന്‍ ഫുട്‌ബോള്‍ ടീമിനെക്കുറിച്ചുള്ള വീരഗാഥകളാണ്.

1942ല്‍ നടന്നതായി വിശ്വസിക്കപ്പെടുന്ന കീവ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെ നാസി കൂട്ടക്കൊല അന്നു പത്തു വയസ്സു മാത്രമുള്ള യെവ്തുഷെങ്കോയില്‍ കല്ലിച്ചു കിടന്നിരുന്നു. ബാബി യാറില്‍ സ്മാരകങ്ങളില്ലാത്ത ജൂതരെയോര്‍ത്ത് കരഞ്ഞ യെവ്തുഷെങ്കോ താനൊരു ജൂതനായി സ്വയം മാറിയെന്നു പറഞ്ഞത് കീവ് സ്‌റ്റേഡിയത്തില്‍ ബൂട്ടു കെട്ടിയ ഹതഭാഗ്യരോടുള്ള താദാത്മ്യമായിരുന്നു. അങ്ങിനെ കവിജീവിതത്തിലുടനീളം യെവ്തുഷെങ്കോയെ ഫുട്‌ബോള്‍ എന്ന വികാരം വിടാതെ പിന്തുടര്‍ന്നു പോന്നു.  

പൂത്തുലഞ്ഞ ശരീരമാണ് അദ്ദേഹത്തിന്റെ കവിതകള്‍. അതിസുന്ദരനും അതില്‍ അഹങ്കരിക്കുന്നവനും ആനന്ദിക്കുന്നവനുമായിരുന്നു യെവ്തുഷെങ്കോ. തന്റെ സാന്നിധ്യത്തെ ഗംഭീരമാക്കി അവതരിപ്പിക്കാന്‍ അദ്ദേഹം സദാ ശ്രമിച്ചിരുന്നു. ഗംഭീരമായ ശരീരചലനങ്ങളോടെ കവിത ചൊല്ലുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടു. ആരാധകരുടെ കൈയടി അദ്ദേഹത്തെ എന്നും ത്രസിപ്പിച്ചു. അവിടെയും കളിക്കാരനാണ് കവിയല്ല അദ്ദേഹത്തില്‍ ജീവിച്ചത്.

കവിക്കു ചേരാത്ത ആക്രമണോത്സുകമായ ഒരു ശരീരഭാഷ അദ്ദേഹം സൂക്ഷിച്ചു. ഒരു നര്‍ത്തകനെപ്പോലെ, സുന്ദരമായി ശരീരത്തെ പരിപാലിച്ചു. കളിക്കാരന് സാമ്യം കവിയേക്കാള്‍ നര്‍ത്തകനോടാണല്ലോ. ഇരുവരും ശരീരം കൊണ്ട് ആത്മാവിഷ്‌കാരം നടത്തുന്നു. അതെ, ശരീരമാണ് ലോകത്തേറ്റവും സുന്ദരമായ കവിത. അതിന്റെ പ്രജാപതിയാണ് കളിക്കാരന്‍. എല്ലാം തികഞ്ഞ ആ കളിക്കാരനാണ് അദ്ദേഹത്തില്‍ കവിയായി ജീവിച്ചത്.

ഫുട്‌ബോള്‍ പോലെ, നൃത്തത്തിനും യുദ്ധത്തിനും ഉന്മാദത്തിനും ഇടയിലുള്ള ഒരു തലത്തിലാണ് ആ കവിതകള്‍ വിളഞ്ഞത്. താരതമ്യങ്ങളെ അപ്രസക്തമാക്കുന്ന ഒരു തലത്തിലേക്ക് കളിക്കാരന്‍ കലാകാരനെ മറികടന്ന് വളരുന്നത് ആ കവിതകളില്‍ നമുക്കു കാണാം. പിറക്കാതെ പോയ ഒരു കളിക്കാരന്റെ സങ്കടങ്ങളും അതില്‍ നമുക്കു വായിക്കാം. 

ഒരു ലോകകപ്പ് വേളയില്‍ മെസ്സിയെക്കുറിച്ചെഴുതാന്‍ വേണ്ടിയാണ് യെവ്തുഷെങ്കോയെക്കുറിച്ച് എംടി എഴുതിയ ലേഖനം തപ്പിയെടുത്തത്. യെവ്തുഷെങ്കോ എഴുതിയതിനേക്കാള്‍ എത്രയോ വലിയ കവിതകള്‍ മെസ്സി കളിക്കളത്തില്‍ രചിച്ചിരിക്കുന്നു എന്നു വാദിക്കാന്‍ വേണ്ടി. കളികളുടെ ലോകത്തില്‍ ഇന്നു മാത്രമേയുള്ളൂ. ഇന്നലെ എന്നത് വെറും സ്ഥിതിവിവരക്കണക്കാണ് എന്ന് ആ ലേഖനത്തില്‍ എം.ടി എഴുതുന്നുണ്ട്.

കളിക്കാര്‍ക്ക് കവിയുടെ ലോകം കൊതിക്കാനേ കഴിയൂ എന്ന ധ്വനിയോടെ. എം.ടി പറഞ്ഞതു ശരിയാണ്, കവിയുടെ രചനകള്‍ കാലങ്ങള്‍ക്കു ശേഷവും വായിക്കപ്പെടാം. എന്നാല്‍ ശരീരം കൊണ്ട് കളിക്കാരെഴുതുന്ന കാവ്യാത്മകനിമിഷങ്ങള്‍ ജലരേഖകള്‍ പോലെ മാഞ്ഞുപോകുന്നു. അത് കളിക്കാരന്റെ ശിരോരേഖ! പക്ഷെ അതിനെ കൊതിച്ചവരും കവികളിലുണ്ട് എന്ന് യെവ്തുഷെങ്കോ ഓര്‍മിപ്പിക്കുന്നു. എത്രയോ വലിയ കവിയായി വളര്‍ന്നിട്ടും ഒരു കളിക്കാരനെ ഉള്ളില്‍ പ്രതിഷ്ഠിച്ചും അയോളോടു മത്സരിച്ചും ജീവിച്ച കവിയായിരുന്നു യെവ്തുഷെങ്കോ. 

(യെവ്തുഷെങ്കോയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഓര്‍മ്മക്കുറിപ്പ് ഇവിടെ വായിക്കാം