''ലോകം മുഴുവന്‍ എനിക്ക് കുടുംബങ്ങളുണ്ട്, 
അവിടെയെല്ലാം ജനങ്ങള്‍ എന്നെ കാത്തിരിക്കുന്നുണ്ട്''

കളിച്ചുനടക്കേണ്ട പ്രായത്തില്‍ രവിശങ്കര്‍ എന്ന കുട്ടിയുടെ ഈ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല. എന്നാല്‍, പിന്നീട് ലോകം മുഴുവനും ആളുകള്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമായി ആ കുട്ടി മാറുകയായിരുന്നു. രവി എന്നു വിളിച്ചിരുന്ന ഈ മിടുക്കന്‍ പിന്നീട് ലോകം അറിയുന്ന ശ്രീ ശ്രീ രവിശങ്കറായി മാറുകയായിരുന്നു. 'വസുധൈവ കുടുംബകം' എന്ന ലക്ഷ്യത്തിലേക്ക് ഏവരെയും അടുപ്പിക്കുകയാണ് 'ആര്‍ട്ട് ഓഫ് ലിവിങ്' എന്ന സംഘടനയും.  

ശ്രീ ശ്രീ രവിശങ്കറിനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെക്കുറിച്ചുമാണ് 'ഗുരുദേവ് ഓണ്‍ ദ പ്ലാറ്റ്വേ ഓഫ് ദ പീക്ക്: ദ ലൈഫ് ഓഫ് ശ്രീ ശ്രീ രവിശങ്കര്‍' എന്ന പുസ്തകം പറയുന്നത്. ലോകം 'ഗുരുജി' എന്നു വിളിക്കുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ സഹോദരി ഭാനുമതി നരസിംഹനാണ് രചയിതാവ്. അനുജത്തിയുടെ ഓര്‍മകളിലൂടെയും അവരുടെ കണ്ടെത്തിലിലൂടെയും അനുഭവത്തിലൂടെയും സഹോദരന്റെ ജീവിതം വരച്ചുകാട്ടുകയാണ് ഈ പുസ്തകം.

1956 മേയ് 13-ന് തമിഴ്നാട് പാപനാശത്ത് വിശാലാക്ഷിയുടെയും ആര്‍.എസ്. വെങ്കട്ട്രത്‌നത്തിന്റെയും മൂത്തമകനായാണ് രവിശങ്കറിന്റെ ജനനം. വേദപണ്ഡിതനായ അച്ഛനും വീണാവിദൂഷിയായ അമ്മയ്ക്കും ജനനംമുതല്‍ തന്നെ മകന്റെ ജീവിതം ജ്വലിച്ചുനില്‍ക്കുന്ന ഒന്നാണെന്ന് ഉറപ്പായിരുന്നു. ജ്യോതിഷപ്രകാരവും ഒട്ടനവധി പ്രത്യേകത നിറഞ്ഞ കുട്ടിക്ക് 'ഉദയസൂര്യന്‍' എന്നര്‍ഥം വരുന്ന 'രവി' എന്നു പേരിടാന്‍ നിര്‍ദേശിച്ചത് മുത്തശ്ശിയാണ.് ഒപ്പം, ആദിശങ്കരന്റെ ജന്മദിനത്തില്‍ തന്നെ ജനിച്ചതായതിനാല്‍ 'ശങ്കര്‍' എന്ന പേരും ഒപ്പം ചേര്‍ത്ത് 'രവിശങ്കര്‍' ആയി. ലോകത്ത് വെളിച്ചം പകരാന്‍ ഇവനെക്കൊണ്ടാകുമെന്നാണ് മുത്തശ്ശി കുഞ്ഞുരവിയെക്കുറിച്ച് പറഞ്ഞത്. 

കൂട്ടുകാര്‍ ജോലിയെക്കുറിച്ചും ലഭിക്കാന്‍ പോകുന്ന ശമ്പളത്തെക്കുറിച്ചും ചര്‍ച്ച ചെയ്തപ്പോള്‍ 'ലോക സമാധാനവും ധ്യാനവും' ആയിരുന്നു രവിയുടെ വിഷയങ്ങള്‍. ഋഷികേശില്‍ കണ്ട മഹര്‍ഷിയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ 'മഹിര്‍ഷി യൂറോപ്യന്‍ റിസര്‍ച്ച് യൂണിവേഴ്സിറ്റി'യെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം സര്‍വകലാശാലയില്‍ പഠനം. ഈ രണ്ടുവര്‍ഷക്കാലം സഹോദരരന്റെ കത്തിന് വേണ്ടിയുള്ള സഹോദരി ഭാനുമതിയുടെയും അമ്മയുടെയും കാത്തിരിപ്പും കത്ത് കിട്ടുമ്പോഴുള്ള സന്തോഷവും വളരെ മനോഹരമായ രീതിയിലാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. 

ആ കത്തുകളിലൊന്നില്‍ ആണ് ''എല്ലാ നിറവും ഭംഗിയേറിയതാണെന്നും തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടായതിനാല്‍ താന്‍ ഇനി വെള്ളനിറം മാത്രമേ ധരിക്കുകയുള്ളൂ'' എന്ന സന്ദേശവും അമ്മയെ തേടിയെത്തുന്നത്. മുടി നീട്ടിവളര്‍ത്തിയ മകനോടുള്ള അമ്മയുടെ ചോദ്യങ്ങള്‍ക്ക് ചിരി മാത്രമായിരുന്നു അവന്റെ മറുപടി. ഇന്ന് ശ്രീ ശ്രീ രവിശങ്കര്‍ ലോകം ആദരിക്കുന്ന ആത്മീയ, മാനുഷിക നേതാവും സമാധാനത്തിന്റെ അംബാസഡറുമാണ്. 

Gurudev'ആര്‍ട്ട് ഓഫ് ലിവിങ്' എന്ന സന്നദ്ധ സംഘടന ഒട്ടനേകം സാമൂഹിക-സാംസ്‌കാരിക പരിപാടികളിലാണ് പങ്കെടുത്തിട്ടുള്ളതും നേതൃത്വം നല്‍കിയിട്ടുള്ളതും. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ പ്രവര്‍ത്തനങ്ങളും ഗുരുജിയുടെ സേവന പ്രവര്‍ത്തനങ്ങളുമെല്ലാം ഭാനുമതി പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നശിച്ചു കിടന്നിരുന്ന മുപ്പതോളം നദികളാണ് സംഘടനയുടെ സന്നദ്ധസേവകര്‍ വീണ്ടും നീരണിയിച്ചത്. 'ശാസ്ത്രം തോറ്റിടത്ത് പലപ്പോഴും വിശ്വാസം രക്ഷകനായിട്ടുണ്ട്' എന്ന തത്ത്വം ഓരോരുത്തരും വിശ്വസിക്കുന്നു. പലപ്പോഴും മരിച്ചെന്നു കരുതിയ നദി, പുനരുജ്ജീവിച്ചപ്പോഴാണ് ആ വിശ്വാസം താന്‍ തിരിച്ചറിഞ്ഞതെന്ന് ഭാനുമതി പറയുന്നു. ബിഹാറിലെ മാവോയിസ്റ്റ് അക്രമങ്ങള്‍ക്ക് അറുതിവരുത്താനും പല ഭീകരാന്തരീക്ഷങ്ങളില്‍ ചര്‍ച്ചയ്ക്കിരുന്ന് സമാധാനം വീണ്ടെടുക്കാനും ഗുരുജിക്കായിട്ടുണ്ട്. 

'സുദര്‍ശന ക്രിയ' യിലൂടെയും 'ധ്യാന'ത്തിലൂടെയും ലോകത്ത് സമാധാനവും ജനങ്ങളില്‍ പുഞ്ചിരിയും നിലനിര്‍ത്താനുള്ള ശ്രമമാണ് ഓരോ കാല്‍വയ്പിലും ഗുരുജി സ്വീകരിക്കുന്നത്. ഒരു പുസ്തകത്തില്‍ ഒതുങ്ങാത്തത്ര കഥകളും വിവരങ്ങളുമാണ് 'ഗുരുദേവ്: ഓണ്‍ ദ പ്ലാറ്റ്വേ ഓഫ് ദ പീക്ക്: ദ ലൈഫ് ഓഫ് ശ്രീ ശ്രീ രവിശങ്കര്‍' എന്ന പുസ്തകത്തിലുള്ളത്. 'ഗുരു ഓഫ് ജോയ്' എന്ന് അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.