രക്തക്കരവും രാഷ്ട്രീയ കൊലപാതകങ്ങളും

അവസാനമില്ലാതെ  രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന കേരളത്തിൽ എല്ലാവരും വായിക്കേണ്ടതാണ് ഇസ്മായിൽ കാദിരിയുടെ (ismail kadare) ‘ബ്രോക്കൺ ഏപ്രിൽ’ (broken april) എന്ന നോവൽ. ബ്ലഡ് ടാക്‌സ് അഥാവാ രക്തക്കരം ആണ് ഇതിലെ പ്രധാനവിഷയം.

ജോർഗ് ബരിഷ എന്നയാളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തിലാരെങ്കിലും കൊല്ലപ്പെട്ടാൽ കൊല്ലപ്പെടുന്നയാളുടെ ബന്ധുക്കൾ വധശിക്ഷ നടപ്പാക്കണമെന്നാണ് നിയമം. പകരം കൊല്ലുകയെന്നത് കുടുംബപരമായ ആചാരമാണ്. ആ നിയമപ്രകാരം ഇദ്ദേഹത്തിനും കൊല്ലേണ്ടിവരുന്നു.

ഒരു കൊലപാതകം നടന്നാൽ, കൊല്ലപ്പെട്ടയാളുടെ ചോരയിറ്റുന്ന വസ്ത്രം വീട്ടിൽ തൂക്കിയിടും. രക്തം ഉണങ്ങി കറുക്കുമ്പോൾ, പകരം കൊല നടത്താനുള്ള സമയമായെന്നാണ് അർഥം. അങ്ങനെ കൊന്നുകഴിഞ്ഞാൽ സർക്കാരിലേക്ക് രക്തക്കരം അടയ്ക്കേണ്ടതുണ്ട്. ജനങ്ങൾ പരസ്പരം കൊല്ലുമ്പോൾ സർക്കാർഖജനാവിൽ പണം നിറയുകയാണ്. നിരന്തരം  കൊലപാതകങ്ങൾ ഉണ്ടാവുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഭരണകൂടം.

ഇതേ അവസ്ഥതന്നെയാണ് കേരളത്തിലും. രാഷ്ട്രീയകൊലപാതകങ്ങളിൽ ഒരിക്കലും വലിയവലിയ നേതാക്കൾ ഇരകളാകുന്നില്ല. എല്ലാ പാർട്ടിയിലെയും നേതാക്കൾ പരസ്പരം സൗഹാർദത്തിലാണ്. താഴേക്കിടയിലുള്ള പ്രവർത്തകർ പരസ്പരം കൊല്ലുന്നു. ഈ കൊലകളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയനേതാക്കൾക്ക് രക്തക്കരം പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തിന്റെ അതേ മനസ്സാണ്. രക്തക്കരത്തിലൂടെ വരുമാനം കൂട്ടുന്നതുപോലെ ഇവിടെ ഇവർ പാർട്ടിയുടെ സ്വാധീനവും ശക്തിയും കൂട്ടിക്കൊണ്ടേയിരിക്കുന്നു.

എല്ലാവർക്കുംവേണ്ടി വിരിയുന്ന കുമ്പളം

ജെ.എം. കൂറ്റ്‌സിയുടെ ‘ലൈഫ് ആൻഡ് ടൈംസ് ഓഫ് മൈക്കിൾ കെ’ എന്ന നോവൽ ഇപ്പോഴത്തെ ലോകസാഹചര്യത്തിൽ വളരെ ശ്രദ്ധേയമാണ്. അതിഭയങ്കരമായ യുദ്ധങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നത്. അവിടങ്ങളിലെല്ലാം ഒരുപാട് അഭയാർഥികളുണ്ടാവുന്നു. അവർ രക്ഷപ്പെടാനും ജീവിതം തിരിച്ചുപിടിക്കാനും നടത്തുന്ന യാത്രകളുടെ കഥയാണ് ഈ നോവൽ പറയുന്നത്.

 വീട്ടുവേലയെടുത്ത് കഴിയുന്ന അമ്മയുമൊത്ത് കേപ്ടൗണിൽനിന്ന് സ്വന്തം വീടിരിക്കുന്ന പ്രിൻസ് ആൽബർട്ടിലേക്കുപോകാൻ ശ്രമിക്കുകയാണ് മൈക്കിൾ കെ. അമ്മയ്ക്ക് തീരേ വയ്യ. അതിനിടയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നു. അതിർത്തികടക്കാൻ പട്ടാളക്കാർ അനുവദിക്കുന്നില്ല. വേരും ഇലകളും മറ്റും കഴിച്ചാണ് കഴിഞ്ഞുകൂടുന്നത്. രാജ്യത്തിന്റെ കെട്ടുറപ്പ് നഷ്ടമായാൽ സാധാരണക്കാരുടെ ജീവിതം എത്ര ദുരിതനിർഭരമാകുമെന്ന്‌ കാട്ടിത്തരുന്നുണ്ട് ഈ കൃതി.

വഴിയിൽ അമ്മ മരിക്കുന്നു. മൃതദേഹം കത്തിച്ച് ചിതാഭസ്മവുമായാണ് യാത്ര തുടരുന്നത്. എവിടെയും പോലീസും പട്ടാളവുമാണ്. യാത്രയ്ക്കിടെ ഒരു കുന്നിൻമുകളിൽ കുറച്ചുനാൾ കഴിയുന്നുണ്ട്. അവിടെ കുഴികുത്തി കുമ്പളം നടുന്നുണ്ട്‌ അദ്ദേഹം. അമ്മയുടെ ചിതാഭസ്മം അതിന്‌ വളമാകുന്നു. കുഴിബോംബ് പാകുകയാണെന്നുപറഞ്ഞ് പട്ടാളക്കാർ വരുമ്പോൾ, ‘‘ഇത് ബോംബല്ല, കുമ്പളമാണ്’’ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘‘കുമ്പളം എല്ലാവർക്കുംവേണ്ടിയാണ് വിരിയുന്നത്. കൊല്ലുന്നവർക്കും കൊല്ലപ്പെടുന്നവർക്കുമുൾപ്പെടെ എല്ലാവർക്കും വേണ്ടി.’’ ഉദാത്തമായ മാനവികതയുടെ ആഴം മുഴങ്ങുന്നൊരു വാക്യമാണത്.

 ഒടുവിൽ അദ്ദേഹം വീട്ടിലെത്തുന്നു. വീടൊക്കെ തകർന്ന് പൊടിപിടിച്ചുകിടക്കുകയാണ്. അപ്പോഴേക്കും മൈക്കിൾ കെ വളരെ അവശനായിരുന്നു. വല്ലാത്ത ഏകാന്തതയുണ്ടെങ്കിലും വീട്ടിലെത്തിയതിന്റെ സന്തോഷം വലുതായിരുന്നു. വീട്ടുകിണറ്റിലെ തെളിഞ്ഞവെള്ളം ഇരുമ്പുതൊട്ടിയിൽ കോരിയെടുത്ത് കുടിച്ച് അതിന്റെ മാധുര്യം ആസ്വദിച്ച് പൊടിപിടിച്ച തന്റെ കിടക്കയിൽ അദ്ദേഹം കിടക്കുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. അഭയാർഥിയുടെ മാനസികാവസ്ഥ, വേദനകൾ, ആശങ്കകൾ തുടങ്ങിയവയൊക്കെ പങ്കുവെയ്ക്കുന്നുണ്ട് ഈ നോവൽ.

വരൾച്ചക്കാലത്തെ പാഠപുസ്തകം

141 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ച അനുഭവിക്കുന്ന കേരളത്തിന് പാഠപുസ്തകമാകേണ്ടതുണ്ട് ‘ബ്ലൂ ഗോൾഡ്’ എന്ന കൃതി. മൗഡ് ബാർലോ, ടോണി ക്ലാർക്ക് എന്നിവരാണ് ഈ പുസ്തകത്തിന്റെ രചയിതാക്കൾ. വെള്ളത്തോടും പ്രകൃതിയോടും നാമെന്താണ് ചെയ്യുന്നതെന്ന് കാട്ടിത്തരുന്നു ഈ കൃതി. മനുഷ്യന്റെ അടിസ്ഥാനാവശ്യമായ വെള്ളം കോർപ്പറേറ്റുകളുടെ കച്ചവടവസ്തുവായതെങ്ങനെയെന്ന് വെളിവാക്കുന്നു. ആഫ്രിക്ക, പശ്ചിമേഷ്യ, മെക്സിക്കോ എന്നിവിടങ്ങളിലെ അനുവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമാണിത്. വെള്ളത്തിനുവേണ്ടിയാകും മൂന്നാംലോകമഹായുദ്ധമുണ്ടാവുകയെന്ന് ഈ പുസ്തകം വായിക്കുമ്പോൾ നാമറിയുന്നു.

‘എവരിതിങ് ഫോർ സെയിൽ’ എന്നൊരു ലേഖനമുണ്ട് ഇതിൽ. ഫലഭൂയിഷ്ഠവും ജലസമൃദ്ധവുമായിരുന്ന മെക്സിക്കോയുടെ പരിസ്ഥിതി ഫ്രാൻസിന്റെ ആധിപത്യത്തിനുശേഷം എപ്രകാരം താളംതെറ്റിയെന്ന് അതിൽ വിവരിക്കുന്നു. തടാകങ്ങൾ നിറഞ്ഞിരുന്നു അവിടെ. അതുമുഴുവൻ നികത്തി കോർപ്പറേറ്റുകൾ വൻകെട്ടിടങ്ങൾ പണിയുന്നു. ബെംഗളൂരുവിലും മറ്റും ഉണ്ടായതും ഇതുതന്നെയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കാനും കോർപ്പറേറ്റുകളുടെ ഇടപെടൽ എങ്ങനെയൊക്കെയാണെന്ന്‌ തുറന്നുകാട്ടാനും കഴിഞ്ഞിട്ടുള്ള ഈ പുസ്തകം ഈ വരൾച്ചക്കാലത്ത് നാമെല്ലാം വായിക്കേണ്ടതാണ്. വെള്ളത്തിന്റെ പ്രതിസന്ധിയും രാഷ്ട്രീയവുമെല്ലാം ഉൾക്കൊള്ളുന്നുണ്ട് ഈ കൃതി.

അധികാരശ്രേണിയിലെ കള്ളസന്ന്യാസിമാർ

മതവർഗീയത രാഷ്ട്രീയാധികാരഘടനയിൽ ശക്തമായി പിടിമുറുക്കുന്ന  ഇന്ത്യൻസാഹചര്യത്തിൽ ഏറ്റവും പ്രസക്തിയേറുന്ന കൃതിയാണ് വി.കെ.എൻ. രചിച്ച ‘കാവി’. രാഷ്ട്രീയമെന്തെന്നുപോലും സന്ന്യാസിമാർ തീരുമാനിക്കുന്ന കാലമാണിത്. സന്ന്യാസി  മുഖ്യമന്ത്രിയാവുന്നകാലം. കള്ളസന്ന്യാസിമാർ രാഷ്ട്രീയം കളിക്കുന്ന സാഹചര്യത്തിന്റെ പൊള്ളത്തരം ധീരമായി വെളിപ്പെടുത്തിയിട്ടുണ്ട് ഈ കൃതി. ഏതു വെല്ലുവിളിയെയും അതിജീവിച്ച് സത്യംപറയാനുള്ള സ്വാതന്ത്ര്യമുണ്ട്‌ എഴുത്തുകാരന്. അത് പൂർണമായും ഉപയോഗിച്ചയാളാണ് വി.കെ.എൻ. അതിനുദാഹരണമാണ് ‘കാവി’. ഇന്നാണ് അങ്ങനെയൊരു കൃതിയെഴുതുന്നതെങ്കിൽ അദ്ദേഹത്തെ വെടിവെച്ചുകൊന്നേനെ.

നല്ല സന്ന്യാസിമാർ ഒട്ടേറെയുള്ള ഇന്ത്യയിൽ അധികാരശ്രേണിയിലെ കണ്ണികളായി കള്ളസന്ന്യാസിമാർ വരുന്നതിന്റെ കാപട്യം പൊളിക്കുന്നുണ്ട് ഈ കൃതി. വർഗീയതയ്ക്കെതിരായ ശക്തമായ പ്രതിരോധമെന്ന നിലയിൽ വരുംകാലങ്ങളിലും ഇത് നന്നായി വായിക്കപ്പെടുമെന്നുറപ്പാണ്.

ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക്

താരാശങ്കർ ബന്ദോപാധ്യായയുടെ  ‘ആരോഗ്യനികേതനം’ എന്ന നോവൽ എം.ബി.ബി.എസ്. സിലബസിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം പണ്ടേയുണ്ടെനിക്ക്. ആരോഗ്യരംഗമാകെ വെറും കച്ചവടമായിമാറിയ കാലത്ത് അവശ്യം വായിച്ചിരിക്കണം ഈ നോവൽ.

ആസ്പത്രികളും ലാബുകളും മരുന്നുഫാക്ടറികളും വില്പനശാലകളുമൊക്കെ ഭീകരമായ വ്യാപാരതാത്പര്യത്തോടെ നിലകൊള്ളുകയാണ് കേരളത്തിലും. കോളറ പരന്ന കൊൽക്കത്തയുടെ തെരുവുകളിൽ രാപകലില്ലാതെ സേവനസന്നദ്ധനായി നടന്ന് എല്ലാവരെയും ശുശ്രൂഷിച്ച, ജീവിതം സാധാരണക്കാർക്കായി ഉഴിഞ്ഞുവെച്ച, ജീവൻ മശായി എന്ന ഡോക്ടറുടെ ചിത്രം എല്ലാവരുടെയും മനസ്സിലുണ്ടാവണം. എന്തായിരിക്കണം, എങ്ങനെയായിരിക്കണം ഡോക്ടറെന്ന് പുതിയ തലമുറയെ മനസ്സിലാക്കിക്കൊടുക്കാൻ പറ്റിയ പുസ്തകമാണിത്.

കേരളത്തിൽ ആകെത്തകർന്നിരിക്കുന്ന ആരോഗ്യമേഖലയെപ്പറ്റി ഉത്കണ്ഠയുള്ള കാലമാണിത്. സ്വകാര്യമെഡിക്കൽകോളേജുകളും അവിടെനിന്ന്‌ പഠിച്ചിറങ്ങുന്ന ഡോക്ടർമാരുമൊക്കെയാവുമ്പോൾ വരുംകാലത്തെക്കുറിച്ചും ആശങ്കയേറുന്നു. ആരോഗ്യമേഖലയിലെ കച്ചവടവത്കരണത്തിനെതിരായ പ്രതിരോധമെന്ന നിലയിലും ഈ പുസ്തകം വായിക്കാവുന്നതാണ്.