ലയാളഭാഷയില്‍ എക്കാലവും മാര്‍ഗദര്‍ശിയായി പരിലസിച്ചുവരുന്ന 'ശബ്ദതാരാവലി' പുറത്തിറങ്ങിയിട്ട് നൂറുവര്‍ഷമായിരിക്കുന്നു. 1917 നവംബര്‍ 13-നാണ് ശബ്ദതാരാവലിയുടെ പ്രഥമസഞ്ചിക പുറത്തുവന്നത്. ജന്മശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ നിഘണ്ടു ഇന്നും മലയാളഭാഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ്. 

മലയാളത്തിലെ ആദ്യത്തെ ശബ്ദകോശത്തിന്റെ പ്രണേതാവ് എന്നറിയപ്പെടുന്ന ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ളയ്ക്ക് കേരള സാഹിത്യചരിത്രത്തില്‍ സമുന്നതമായ സ്ഥാനമാണുള്ളത്. 1864 നവംബര്‍ 27-ാം തീയതിയാണ്  പത്മനാഭപിള്ളയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്തുള്ള ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു പഠനം. 1888 മുതല്‍ ശ്രീകണ്‌ഠേശ്വരത്ത് സ്വഭവനത്തിനടുത്തുള്ള ഒരു ഗ്രാന്റ് സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1894-ല്‍ തിരുവനന്തപുരത്ത് കണ്ടെഴുത്തു സെന്‍ട്രലാഫീസില്‍ ക്ലാര്‍ക്കായി നിയമനം ലഭിച്ചു. 1899-ല്‍ മജിസ്ട്രേട്ടുപരീക്ഷയ്ക്ക് ചേരുകയും അതില്‍ വിജയിച്ച് സന്നത് കരസ്ഥമാക്കുകയുമുണ്ടായി.

പതിന്നാലാം വയസ്സില്‍ രചിച്ച ബാലിവിജയം എന്ന തുള്ളല്‍ക്കഥയാണ് ആദ്യകൃതി.  അതിനുശേഷം കഥകളി, കവിതാരചന, നാടകം മുതലായവയിലേക്ക് ശ്രദ്ധതിരിഞ്ഞു. അനേകം ലഘുകവനങ്ങളും ധര്‍മഗുപ്തവിജയം എന്നൊരു ആട്ടക്കഥയും രചിച്ചു. അതോടെ യുവകവി എന്ന ബഹുമതിയും പണ്ഡിതരുടെ അനുമോദനങ്ങളും ലഭിച്ചെങ്കിലും കവിതാരചനയില്‍ ഉറച്ചുനിന്നില്ല. പിന്നീട് രചിച്ച കനകലതാസ്വയംവരം, പാണ്ഡവവിജയം എന്നീ നാടകങ്ങളും ദുര്യോധനവധം ആട്ടക്കഥയും കീചകവധം തുള്ളലും ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടും  അദ്ദേഹത്തെ സാഹിത്യരംഗത്ത് ശ്രദ്ധേയനാക്കിത്തീര്‍ത്തു.

1895-ലാണ് ശബ്ദതാരാവലിയുടെ നിര്‍മാണം ആരംഭിച്ചത്. പുരാണങ്ങളും വൈദ്യമന്ത്രതന്ത്രാദി ഗ്രന്ഥങ്ങളും വ്യാഖ്യാനഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പത്ര-മാസികകളും മറ്റും വായിച്ച് കുറിപ്പുകളെടുത്തും പ്രഗല്ഭരുടെ പ്രസംഗങ്ങള്‍ കേട്ടും രണ്ടുവര്‍ഷംകൊണ്ടാണ്  ഒരു അകാരാദി തയ്യാറാക്കാന്‍ സാധിച്ചത്.

ഇങ്ങനെ പോയാല്‍ നിഘണ്ടു പൂര്‍ണരൂപത്തിലെത്താന്‍ കുറേ വര്‍ഷമാകുമെന്ന് മനസ്സിലായപ്പോള്‍ അതുവരെ സംഭരിച്ച് ക്രോഡീകരിച്ചുെവച്ചിരുന്ന പദങ്ങള്‍ ചേര്‍ത്ത് കീശാനിഘണ്ടു എന്ന പേരില്‍  ഒരു ചെറിയ നിഘണ്ടു തയ്യാറാക്കി. അത് പുറത്തിറങ്ങിയപ്പോള്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. അച്ചടിച്ച ആയിരം കോപ്പികളും വേഗത്തില്‍ വിറ്റുതീര്‍ന്നു.   അത് അദ്ദേഹത്തിന് വലിയ പ്രചോദനമായിത്തീരുകയും അതോടെ പൂര്‍വാധികം ഉത്സാഹത്തോടെ നിഘണ്ടുനിര്‍മാണത്തില്‍ വ്യാപൃതനാവുകയും ചെയ്തു.

ഇതിനിടെ 'ശബ്ദരത്‌നാകരം' എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുന്ന ഒരു നിഘണ്ടുവിന്റെ പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഴിവുകളെപ്പറ്റി പത്മനാഭപിള്ളയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് 1909-ല്‍ നിഘണ്ടുനിര്‍മാണം നിര്‍ത്തിവെച്ച് അദ്ദേഹം 'ഭാഷാവിലാസം' എന്നൊരു മാസിക തുടങ്ങി. ഒരു വര്‍ഷത്തിനുശേഷം അത് നിന്നു.
 
'ശബ്ദരത്‌നാകര'വും ആറുലക്കങ്ങളോടെ നിലച്ചുപോയിരുന്നു. അത് വീണ്ടും നിഘണ്ടുനിര്‍മാണത്തിലേക്ക് തിരിയാന്‍ പ്രേരണയായി. മുഴുവന്‍ പണിയും പൂര്‍ത്തിയാക്കാതെ നിഘണ്ടു പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരുപതില്‍പരം വര്‍ഷങ്ങളുടെ നിരന്തര പ്രയത്‌നഫലമായി 1917-ല്‍ പത്മനാഭപിള്ള നിഘണ്ടുവിന്റെ കൈയെഴുത്തുപ്രതി പൂര്‍ത്തിയാക്കി. എന്നാല്‍, രണ്ടായിരത്തിലധികം പുറങ്ങളുള്ള ആ ബൃഹദ്ഗ്രന്ഥം അച്ചടിക്കാന്‍ മുദ്രാലയക്കാര്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹം തന്റെ സുഹൃത്തായ കേപ്പ എന്ന പുസ്തകശാല ഉടമസ്ഥനുമായി കൂട്ടുചേര്‍ന്ന് അത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചുതുടങ്ങി. അച്ചടിച്ച 500 കോപ്പികള്‍ പെട്ടെന്ന് വിറ്റുതീരുകയും ചെയ്തു.

1917 നവംബര്‍ 13-ന് പുറത്തുവന്ന ശബ്ദതാരാവലിയുടെ പ്രഥമസഞ്ചികകണ്ട് പത്രങ്ങളും മാസികകളും സാഹിത്യകാരന്മാരും പത്മനാഭപിള്ളയെ മുക്തകണ്ഠം പ്രശംസിച്ചു. മലയാളത്തില്‍ വളരെ മുമ്പുതന്നെ നിറവേറ്റപ്പെടേണ്ടിയിരുന്ന ഒരാവശ്യമായിരുന്നു ഇതെന്ന് എല്ലാവരും സമ്മതിച്ചു.   

1923 മാര്‍ച്ച് 16-നാണ് 1600 പേജുള്ള ശബ്ദതാരാവലിയുടെ ഒന്നാംപതിപ്പിന്റെ മുദ്രണം പൂര്‍ത്തിയായത്. 32 വയസ്സുള്ള ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ളയാണ് ശബ്ദതാരാവലിയുടെ നിര്‍മാണം തുടങ്ങിയത്. 58 വയസ്സുതികഞ്ഞ അദ്ദേഹം അത് കൈരളിക്ക് സമര്‍പ്പിച്ചു.

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ ഒരു വീരശൃംഖലയും കൊച്ചി മഹാരാജാവ് ഒരു ജോഡി കവണിയും അദ്ദേഹത്തിന് സമ്മാനിച്ചു. രണ്ട് ഗവണ്‍മെന്റും 40 കോപ്പിവീതം വാങ്ങുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം സമസ്ത സാഹിത്യപരിഷത്ത് ഒരു സ്വര്‍ണമെഡലും സമ്മാനിച്ചു.

1931-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ടാംപതിപ്പില്‍ ഒന്നാംപതിപ്പിനേക്കാള്‍ അനവധി വാക്കുകളും വിവരണങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. 1939-ല്‍ മൂന്നാംപതിപ്പിനോടൊപ്പം എണ്ണായിരത്തോളം പദങ്ങള്‍ ഉള്‍പ്പെടുത്തി ഒരു അനുബന്ധവും പ്രസിദ്ധപ്പെടുത്തി. 1931-ല്‍ മലയാളഭാഷയിലുള്ള ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരന്മാരെയും കുറിച്ച് സാഹിത്യാഭരണം എന്ന പേരില്‍ ഒരു വിജ്ഞാനകോശവും ശബ്ദചന്ദ്രിക എന്നൊരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും അദ്ദേഹം രചിച്ച് ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.

പക്ഷേ, അവ രണ്ടും പൂര്‍ത്തിയാകുന്നതിനു മുമ്പ് അനാരോഗ്യംമൂലം ശയ്യാവലംബിയായ അദ്ദേഹം 1946 മാര്‍ച്ച് 4-ന് അന്തരിച്ചു. എണ്‍പത്തിരണ്ടാം വയസ്സില്‍ അന്ത്യശ്വാസം വലിക്കുന്നതുവരെ അദ്ദേഹം സാഹിതീസേവനം നടത്തി. എഴുപതോളം കൃതികള്‍ രചിച്ചു. അവയില്‍ ഭൂരിഭാഗവും രചിച്ചത് ശബ്ദതാരാവലീനിര്‍മാണത്തിനിടയിലാണ്.