ഫെബ്രുവരി 13-ഒ.എൻ.വി. വിട വാങ്ങിയിട്ട് ഒരു വർഷമാകുന്നു. കേരളസമൂഹത്തിന്റെ വ്യത്യസ്തങ്ങളായ ജീവിതരഥ്യകളിലൂടെ പൂർവികരായ പ്രതാപികളൊത്തു സഞ്ചരിച്ചു. സമകാലികരിൽ തലപ്പൊക്കമുള്ളവർക്കൊപ്പം നിന്നു. ഒട്ടേറെ പിൻതലമുറക്കാരെക്കൂടെ വെളിച്ചത്തിലേക്കു നടത്തിച്ചു. രാഷ്ട്രീയം, സിനിമ, നാടകം, കവിത, കല... ഒരു ജീവിതവ്യവഹാരവും ഒ.എൻ.വി.യ്ക്കു അന്യമായിരുന്നില്ല.

കേരള കലാമണ്ഡലം കല്പിത സർവകലാശാലയാകുന്ന സംക്രമണവേളയിൽ കഷ്ടിച്ചൊരുവർഷം അദ്ദേഹം ചെയർമാനായിരിക്കേ, ആ കമ്മിറ്റിയുടെ സെക്രട്ടറിയാകാനുള്ള മഹാഭാഗ്യം ഈ ലേഖകന്‌ ലഭിച്ചു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. 1930ൽ മഹാകവി വള്ളത്തോൾ ചെയർമാനായി ആരംഭിച്ച കലാമണ്ഡലം, മറ്റൊരു സംഘടനാ സംവിധാനത്തിലേക്ക് മാറിയത് അക്കാലത്താണല്ലോ.

onv bookദൈർഘ്യം കുറഞ്ഞതെങ്കിലും ആ ദിനങ്ങൾ അർഥപൂർണങ്ങളായിരുന്നു. അന്നും പിന്നീടും കൂടുതൽ ശ്രദ്ധയോടെ ആ പ്രഭാഷണങ്ങളും ക്ലാസുകളും സൗമ്യസല്ലാപങ്ങളും ആവോളം ആസ്വദിക്കാനായി. സൗഹൃദനേരങ്ങളിൽ ഗൗരവപ്രകൃതം വിട്ട് പൂച്ചിരികളുതിർത്തുള്ളതായിരുന്നു അദ്ദേത്തിന്റെ സംഭാഷണം. കൂടെയുള്ളവരിലേക്ക് നിർമലമായൊരു ആനന്ദം അവ പകർന്നു. സല്ലാപവേളകളിലെ നേർമൊഴികളുടെ പശ്ചാത്തലത്തിലുള്ള കൗതുകകരമായൊരന്വേഷണമാണ് ഈ ഓർമക്കുറിപ്പ്.

പൂർവസൂരികളായ കവികളിൽ ഒ.എൻ.വി.യ്ക്ക് ഏറെ പ്രിയപ്പെട്ടവർ ആരായിരുന്നു? കർമവശാൽ വള്ളത്തോളും കാവ്യതേജസ്സിൽ വൈലോപ്പിള്ളിയും മാതൃഭാഷയിലെ ആരാധ്യരായി. ഭാരതീയ കവികളിൽ അഭിവന്ദ്യൻ കാളിദാസൻ. വിദേശ കവികളിൽ ഏറെയിഷ്ടം പാബ്ലോ നെരുദ -ഇതാണ് അന്വേഷണഫലം.

vallatholവള്ളത്തോൾവർഷങ്ങൾക്കു മുൻപ്‌ നിളാതീരത്തെ ഗ്രാമവിശുദ്ധി വിട്ടുമാറിയിട്ടില്ലാത്ത ദേശമംഗലത്തുനിന്ന്‌ ജീവിതസഖിയെ കണ്ടെത്തുക വഴി തൃശ്ശൂരിന്റെ മരുമകനായി ഒ.എൻ.വി.

1996ൽ കലാമണ്ഡലത്തിന്റെ ചെയർമാനായതോടെ, ഒരു കുടുംബനാഥന്റെ ചുമതലയുമായി. ആ സ്ഥാപനത്തോടും സ്ഥാപകനായ വള്ളത്തോളിനോടുമുള്ള മലയാളികളുടെയും തന്റെയും കടപ്പാട് അദ്ദേഹത്തിന്റെ വർത്തമാനങ്ങളിൽ നിരന്തരം നിറഞ്ഞു. 

അമ്പതുകളുടെ അവസാനമാകണം, വിദ്യാർഥിജീവിതം മുഴുമുപ്പിച്ച നാളുകളിൽ, ഗുരുകല്പനായ മുണ്ടശ്ശേരിയുടെ നിർദേശപ്രകാരം, വള്ളത്തോളിനെ കാണാനായി, പണ്ഡിതനും സാമൂഹിക ഗവേഷകനുമായ പി.സി. ജോഷിയെ അനുഗമിച്ചുവന്നത് അഭിമാനനിർഭരമായ വാക്കുകളിൽ ഒ.എൻ.വി. ഓർക്കാറുണ്ട്. അവരുടെ സംഭാഷണത്തിന്റെ ദ്വിഭാഷി ഒ.എൻ.വി. ആയിരുന്നു. കേരളീയ കലാ സംരക്ഷണത്തെക്കുറിച്ച് എക്കാലവും ഓർക്കേണ്ടുന്ന ഒരു വസ്തുതമാത്രം ഇവിടെ എഴുതാം.

‘‘കഥകളിയടക്കമുള്ള പ്രാചീന കലകളെ പുതിയ കാലത്തിലേക്ക് പരിചയപ്പെടുത്താനുള്ള ശ്രമങ്ങളിൽ എന്തു സമീപനമാണ് സ്വീകരിക്കുന്നത് ?’’ പി.സി. ജോഷിയുടെ ആകാംക്ഷാഭരിതമായ ചോദ്യം.ഉത്തരത്തിനധികം തിരയേണ്ടിവന്നില്ല. പല നാളായി സ്വയം ചോദിച്ചും പറഞ്ഞും ദൃഢപ്പെടുത്തിയിരുന്ന മറുപടി വള്ളത്തോളിൽനിന്ന്‌ പുറപ്പെട്ടു.

 “പഴക്കമുള്ള ചുമർച്ചിത്രങ്ങളിൽ പൊടിപറ്റിയിരിക്കുമല്ലോ. അതു തുടച്ചുനീക്കാൻ ശ്രമിക്കുന്നയാൾ അതിനിടെ തന്റെ കൈയിലെ ചെളി അവിടെ പതിക്കരുത്.’’ വർഷങ്ങൾക്കു മുൻപ് വള്ളത്തോളിൽനിന്ന്‌ നേരിട്ടുകേട്ട അകംതൊട്ട ഈ വാക്കുകളാകാം കലാമണ്ഡലത്തിലെ കർമകാണ്ഡത്തിൽ ഒ.എൻ.വി.യ്ക്കു വഴികാട്ടിയായത്.

vailoppilli sreedhara menonവൈലോപ്പിള്ളിമാറ്റൊലിക്കവികളെന്ന വിളികൊണ്ടാണ് വയലാർ - പി. ഭാസ്‌കരൻ - ഒ.എൻ.വി. കവിത്രയം വളർന്നത്. ഇടപ്പള്ളിക്കവിതകളുടെ ശൈലി പിന്തുടരുന്നവരെന്ന ചെറിയൊരു പരദൂഷണവും അതിലുണ്ടല്ലോ. എന്നാൽ, ചങ്ങമ്പുഴയുടെ ഗന്ധർവസാന്നിധ്യത്തിൽനിന്ന്‌ വളരെ പെട്ടെന്ന്‌ താൻ വിട്ടകന്നുവെന്ന്‌ ഒ.എൻ.വി. പിന്നീട് താനേറെ വ്യാമുഗ്ദ്ധനായത്‌ വൈലോപ്പിള്ളിക്കവിതയുടെ കരുത്തിലാണ്.

മഹാരാജാസ് കോളേജ് കാലത്ത്, തന്റെ ഇരുട്ടുനിറഞ്ഞ വാസസ്ഥലത്തേക്ക് ഒരു മിന്നാമിനുങ്ങിനെപ്പോലെ വന്നുപോയിരുന്നതു മുതൽ സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗമായി തൃശ്ശൂരിലെത്തിയപ്പോൾ ലഭിച്ച ദീർഘകാല ബന്ധം വരെ, നിരവധി കാവ്യലോകസ്മരണകൾ -വൈലോപ്പിള്ളിയുമായി ബന്ധപ്പെട്ടവ ഒ.എൻ.വി. അയവിറക്കാറുണ്ട്. വൈലോപ്പിള്ളിയുടെ പ്രകൃതം വെളിവാക്കുന്ന ഒരെണ്ണം ഇതാണ്. 

ഒരുദിവസം വീടിന്റെ പൂമുഖത്ത് സൊറപറഞ്ഞിരിക്കുന്ന അവർക്കിടയിലേക്ക് ഏതോ ഒരു യോഗത്തിനു ക്ഷണിക്കാൻ പരിചയം പറഞ്ഞെത്തിയവരോട്, ഒഴിവില്ലെന്നു പല രീതിയിൽ പറഞ്ഞിട്ടും വിട്ടുപോകാൻ തയ്യാറായില്ല. ഇതുകണ്ട് അസ്വസ്ഥനായത് വൈലോപ്പിള്ളിയാണ്. അദ്ദേഹം ഇടപെട്ടു.

‘നല്ല വർണക്കടലാസു കണ്ടാൽ വികൃതിക്കുട്ടികൾ ഒരു കത്രികയെടുത്ത് അതിലെ ചില ഭാഗങ്ങൾ വെട്ടിയെടുത്ത്‌ സ്വന്തമാക്കാൻ നോക്കും. അതുപോലെയാണിത്. കവികളുടെ ആയുസ്സാണ്‌ നിങ്ങൾ വെട്ടിയെടുക്കുന്നത്. ഞങ്ങളെ വെറുതെ വിടൂ.’’ -ഇതാണ്‌ വൈലോപ്പിള്ളി. മയമില്ലാത്ത പ്രതികരണത്തിന്റെ ആചാര്യൻ!

pablo nerudaപാബ്ലോ നെരൂദപുഷ്‌കിൻ, മയോക്കോവ്‌സ്‌കി, ലോർക്ക... ഒട്ടേറെ കവികളെ ആദരവോടെ സ്‌നേഹിച്ചു. പക്ഷേ, നെരൂദയെ ഹൃദയത്തോടു ചേർത്തുവെച്ചു. ലാറ്റിനമേരിക്കയിലെ പ്രശസ്തമായ മച്ചു - പിച്ചു പർവതത്തിന്റെ ഉയരമുള്ള കവിയെന്ന്‌ വിശേഷിപ്പിക്കുമ്പോൾ ആ മതിപ്പിന്റെ അളവുകോലായി. ഏറെ ആവർത്തിച്ചുകൊണ്ടിരുന്ന നെരൂദയുടെ വരികൾ: 
‘I did not come to solve anything
I came here to sing
And for you to sing with me’ 
-തനിക്കും ബാധകമാണെന്ന് തോന്നിപ്പിച്ചു. 

നെരൂദയുടെ ആശയലോകവും ബഹുവ്യാപിയായ ജീവിതവും കാവ്യലോകവും പല തലങ്ങളിലും ഒ.എൻ.വി.യുടേതുമായി ചേർന്നൊഴുകുന്നുണ്ട്. ‘പൂക്കാലം ചെറിമരത്തോടു കാട്ടുന്നതൊക്കെയും നിന്നോടു ചെയ്‌വാൻ കൊതിപ്പൂ ഞാൻ’ എന്ന പ്രണയാതുരതയിൽ തുടങ്ങി ചിലിയിലെ ഉപ്പുഖനികളിലേതടക്കം ദുരിതമനുഭവിക്കുന്ന നിസ്വവർഗത്തോടു പ്രതിബദ്ധനായ നെരൂദയ്ക്ക്‌ സമാനമാണ്, കേരളത്തിലെ രാഷ്ട്രീയ - സാംസ്‌കാരിക ഭൂമികയിൽ നിത്യസാന്നിധ്യമായ ഒ.എൻ.വി.യുടേതും.

പ്രകൃതി, മാതൃഭാഷ, വിദ്യാഭ്യാസം, കലാസംരക്ഷണം തുടങ്ങി ഒട്ടേറെ സമരമുഖങ്ങളിൽ ‘വരൂ.. ഈ തെരുവിലെ രക്തം കാണൂ..’ എന്ന നെരൂദയുടെ വരികൾ ഇടിമിന്നൽ വെളിച്ചമായി ഒ.എൻ.വി.യ്ക്ക്‌ വഴികാട്ടിയിരിക്കാം. അത്രമേൽ നെരൂദയെ ചേർത്തുപിടിച്ചതും അതുകൊണ്ടാകാം.

കാളിദാസൻ- രസനയിൽ, തൂലികയിൽ, ഹൃദയത്തിൽ അമൃതകിരണം പൊഴിച്ചത് കാളിദാസൻ തന്നെ, സംശയമില്ല. ഭാരതത്തിൽനിന്ന്‌ ലോകത്തിലേക്കു വളർന്ന കവി. 1948ൽ ‘മാളവിക’ എന്ന ആദ്യകാല കവിത മുതൽ എത്രയോ കവിതകളിൽ കാളിദാസസ്മൃതി മിന്നിമറഞ്ഞു. ഭാസനും ഭവഭൂതിയും വാല്‌മീകിയും വ്യാസനും ടാഗോറും എഴുതിയ അർഥവാഹികളായ വരികൾ ഒ.എൻ.വി.യുടെ വാക്കുകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും കാളിദാസകവിയുടെ വചനചാരുതയിലാണ് സർവാദരവും സമർപ്പിച്ചത്. 

onv book‘ഉജ്ജയിനി’യെന്ന കാവ്യാഖ്യായിക അതിന്റെ തെളിവായി പരിലസിക്കുന്നു. ഛത്രചാമരങ്ങളോടിടഞ്ഞു ജീവിച്ച കാളിദാസന്റെ ജീവിതയഥാർഥ്യമന്വേഷിക്കലാണ് കാവ്യാഖായിക. രത്നഹാരിയായ അധികാരപ്രമത്തതയുടെ സിംഹാസനങ്ങൾക്കു മുൻപിൽ തലകുനിക്കാത്ത, കാളിദാസപ്രതിഭയെ, സദാചാരനിഷ്ഠയില്ലാത്തവനെന്നും വേശ്യാലയത്തിൽക്കിടന്നു മരിച്ചവനെന്നും പ്രചരിപ്പിച്ച രാജതന്ത്രത്തോടുള്ള കണക്കുതീർക്കലാണ് ഉജ്ജയിനി.

അധികാരവുമായി രാഗദ്വേഷസങ്കീർണമായ ബന്ധം പുലർത്തുവാൻ വിധിക്കപ്പെട്ട ഏതു കവിക്കുമെന്നപോലെ ആത്മസംഘർഷവുമായി ജീവിക്കേണ്ടിവന്ന സ്വാനുഭവങ്ങൾ പലതുമുണ്ടായിരുന്നില്ലേ ഒ.എൻ.വി.യ്ക്ക് ? കാളിദാസന്റെ സത്യം തേടിയുള്ള യാത്രയ്ക്ക്‌ അതും പ്രചോദനമായിട്ടുണ്ടാകാം. ഏകാന്തതയുടെ തടവറയിലേക്ക് എന്ന ആദ്യ അധ്യായം മുതൽ പല്ലക്കിന്റെ കഥ വരെയുള്ള പതിന്നാല്‌ അധ്യായങ്ങൾ വായിക്കുമ്പോൾ, കാളിദാസ കവിസാമ്രാജ്യത്തിലൂടെയുള്ള പര്യടനം പോലെ അനുഭവപ്പെടും. 

ഭൂപടത്തിലെ ഏതു റിപ്പബ്ലിക്കിനേയും അതിശയിക്കുന്ന മറ്റൊരു സാമ്രാജ്യമാണ് ഉജ്ജയിനിയിലൂടെ ഒ.എൻ.വി. തീർത്തതെന്ന് എം.ടി.യുടെ വാക്കുകൾ സൂചിപ്പിച്ചിട്ടുണ്ടല്ലോ. വിക്രമാദിത്യന്റെ സാമ്രാജ്യത്തിനു പരിധികളുണ്ട്. കാളിദാസസാമ്രാജ്യത്തിനു പരിധികളില്ല. അത്‌ ദേശകാലാതിവർത്തിയാണ്. മനുഷ്യവംശത്തിന്റെ മുഴുവനുമാണ്. പരിധികളില്ലാത്ത സാമ്രാജ്യങ്ങളുടെ അധിപന്മാരായിരുന്നു ഈ കവികൾ. നമ്മളോ, അവരുടെ അമരത്വത്തെ നിർണയിക്കുകയും വാഴ്‌ത്തുകയും ചെയ്യുന്ന ഇന്നത്തെ പ്രജകളും. കാവ്യസാമ്രാജ്യങ്ങൾ നശിക്കുന്നില്ല, അവസാനിക്കുന്നുമില്ല.