നീലനിറമായ നദിക്കപ്പുറത്തുനിന്ന് മധുരസംഗീതം വന്ന് എന്നെ വിളിക്കുന്നു. ഞാന്‍ വീട്ടില്‍ സൗഖ്യത്തോടെ ഇരിക്കുകയായിരുന്നു. പക്ഷേ, രാത്രിയിലെ നിശ്ശബ്ദമായ കാറ്റില്‍ ആ ഗാനം പ്രതിധ്വനിച്ചു. ഒരു വേദന എന്റെ ഹൃദയത്തില്‍ തുളച്ചു കയറി. ഹാ! അറിയാവുന്നവര്‍ എനിക്ക് വഴി കാണിച്ചുവരിക. അദ്ദേഹത്തിന്റെ സന്നിധാനത്തിലേക്കുള്ള വഴി ഏതാണെന്ന് എന്നോടു പറയണേ! എന്റെ കൈയിലുള്ള ഈ ഒരു പൂവും കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെയടുക്കല്‍ പോകും. ഇതു ഞാന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കും. ആ സംഗീതവും എന്റെ പ്രേമവും ഒന്നു തന്നെയെന്ന് ഞാന്‍ അദ്ദേഹത്തോട് പറയും.''
(ടാഗോര്‍)

വിടെ പ്രേമം കവിതയാകുന്നു. പ്രേമത്തെ കവിത തുളുമ്പുന്ന ഗാനമാക്കിയ കവികള്‍ നമുക്കുമുണ്ട്. അവരുടെ മുന്‍നിരയിലാണ് ഒ.എന്‍.വി.യുടെ സ്ഥാനം. പ്രേമാനുഭൂതികളുടെ വശ്യമായ ആഖ്യാനം അദ്ദേഹത്തിന്റെ എത്രയോ സിനിമാ ഗാനങ്ങളില്‍ കാണാം. അവയില്‍, രൂപഭാവങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന നാലെണ്ണത്തെക്കുറിച്ചു മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. കഥാസന്ദര്‍ഭത്തിന്റെ അതിരുകള്‍ കടന്ന് അവ സ്വതന്ത്രരചനയുടെ വിശാല തലങ്ങളിലേക്ക് ഒഴുകുന്നു.

'മാണിക്യവീണയുമായെന്‍ മനസ്സിന്റെ' (ചിത്രം: കാട്ടൂപൂക്കള്‍) എന്നു തുടങ്ങുന്ന ഗാനത്തില്‍, കാമുകിയുടെ പിണക്കത്തിന്റെയും മൗനത്തിന്റെയും കാരണം ആരായുന്ന കാമുക ഹൃദയത്തിന്റെ മൃദുസ്പന്ദനങ്ങള്‍ കേള്‍ക്കാം. പ്രിയപ്പെട്ടവളുടെ വേദനകള്‍ പങ്കിടാന്‍ ആ ഹൃദയം ദാഹിക്കുന്നു. പിണക്കവും മൗനവും പ്രേമം കൂടുതല്‍ തീവ്രമാക്കുകയാണ്.

'മഞ്ഞുപൊഴിഞ്ഞു, മാമ്പൂ കൊഴിഞ്ഞു. പിന്നെയും പൊന്‍വെയില്‍ വന്നു, കാമിനിയുടെ മുഖത്തുമാത്രം പുഞ്ചിരിയുടെ പ്രകാശം പരക്കുന്നില്ല.' അതുകൊണ്ടാവാം പ്രകൃതിയിലുണ്ടാകുന്ന സുഖകരമായ മാറ്റങ്ങള്‍ പോലും കാമുകന് ആസ്വാദ്യമാകാത്തത്. പ്രേമഭംഗം വന്ന മനസ്സ് ഒന്നിലും രമിക്കുകയില്ലല്ലോ... ('...രമിക്കയില്ലെന്നിലും പ്രണയഹീന മാനസം' -കുമാരനാശാന്‍).

മുഖവും മനസ്സും തെളിഞ്ഞ്, അവള്‍ പ്രേമവതിയായി വരുന്നത് കാണാന്‍ കാമുകന് തിടുക്കമായി. അവന്റെ ഹൃദയഭാഷ ഈ 'മാണിക്യവീണ'യിലൂടെ ഒഴുകിവരുന്നു. അതിനെ ആസ്വാദകന്റെ ഹൃദയത്തോടു ചേര്‍ക്കുന്നത് ലാളിത്യത്തിന്റെ കാവ്യഭംഗിയാണ്. മനസ്സില്‍ അകൃത്രിമ പ്രണയത്തിന്റെ ഉറവ് ഊറിയപ്പോള്‍ വാസവദത്ത അസ്വസ്ഥയായി.

ധനപതികള്‍ കനകാഭിഷേകം ചെയ്തു തൊഴുതാല്‍ പോലും അനുഗ്രഹിക്കാന്‍ മടിക്കുന്ന തന്റെ കണ്ണുകള്‍, കൊച്ചു മുനിയെ കാണാന്‍ ഉഴറുകയാണെന്ന് അവള്‍ അറിയുന്നു. എന്നാല്‍, ആരിലേക്കാണോ അവളുടെ പ്രേമത്തിന്റെ ഉറവ ഒഴുകിയെത്തിയത്, ആ ഉപഗുപ്തന്‍ അതില്‍ അലിയുന്നില്ല. രാഗവിവശയായ അവള്‍ സ്വയം ചോദിച്ചുപോകുന്നു:
'എന്തിനീ ചിലങ്കകള്‍
എന്തിനീ കൈവളകള്‍
എന്‍പ്രിയനെന്നരികില്‍ 
വരില്ലയെങ്കില്‍?''
(ചിത്രം: 'കരുണ')

ഉപഗുപ്തന്‍ കണ്ടാസ്വദിച്ചില്ലെങ്കില്‍, തന്റെ പ്രേമവായ്പില്‍ തരളിതനായില്ലെങ്കില്‍, എന്തിനാണ് തന്റെ മേനിക്ക് ഈ അലങ്കാരങ്ങള്‍...? അലങ്കാരങ്ങളും മേനിയും മാത്രമല്ല, തന്റെ വ്യക്തിത്വം പോലും ഈ പ്രേമനിരാസത്താല്‍ നിഷ്പ്രഭമാകുന്നതായി അവള്‍ക്ക് തോന്നുന്നു.

'അര്‍ത്ഥഭാണ്ഡങ്ങള്‍ തന്‍ കനം 
കുറഞ്ഞുപോകുന്നൂ തോഴീ-
യിത്തനു കാന്തിതന്‍ വിലയിടിഞ്ഞിടുന്നൂ
വ്യര്‍ത്ഥമായ് തോന്നുന്നു കഷ്ടമവന്‍- കാണാതെനിക്കുള്ള
നൃത്തഗീതാദികളിലെ നൈപുണിപോലും'
'കരുണ'യിലെ ഈ വരികളിലെ ആശയമാണ് വ്യത്യസ്തമായ കാവ്യഭാഷ്യത്തിലൂടെ ഇവിടെ വിശദീകരിച്ചിരിക്കുന്നത്. ലാളിത്യവും ഔചിത്യവുമാണതിന്റെ മുഖമുദ്രകള്‍.

ഉപഗുപ്തനെ പകല്‍ക്കിനാവ് കാണുന്ന വാസവദത്ത 'വാസനത്തൈലം പൂശി, വാര്‍മുടി കോതിവയ്ക്കാനും വാലിട്ടു കണ്ണെഴുതാനും മറന്നുപോയി'. മനസ്സ് പ്രേമത്തിലൂന്നിയപ്പോള്‍ അവള്‍ മറ്റെല്ലാം മറക്കുന്നു.
'ആയിരമുഷസ്സുകള്‍ ഒന്നിച്ചുദിച്ചു നില്‍ക്കും
ആ മുഖമരികില്‍' കാണാന്‍ എന്നാണവള്‍ക്ക് കഴിയുക ?
('ഭാനുമാനില്‍ നിന്ന് കാറ്റില്‍ കടപൊട്ടിപ്പറന്നെത്തും കതിരുപോലെ' യാണ് ആശാന്റെ കരുണയിലെ ഉപഗുപ്തന്‍ വരുന്നത്.). ഇവിടെയും ഒ.എന്‍.വി.യുടെ കാവ്യഭാവന ഗാനത്തിനനുസൃതമായ ലാളിത്യവും വൈവിധ്യവുമുള്‍ക്കൊണ്ട് ഹൃദ്യമാകുന്നത് നാം അനുഭവിച്ചറിയുന്നു:

'താഴെ തൊഴുതു നില്‍ക്കും
താമരപ്പൂവാണു ഞാന്‍
താലോലിച്ചെന്നെ നാഥന്‍
തഴുകുകില്ലേ?'
അര്യമാവിനെ (സൂര്യനെ) സ്‌നേഹിച്ച സൂര്യകാന്തിയെപ്പോലെ ഉപഗുപ്തനെ സ്‌നേഹിച്ച താമരയും താഴെ തൊഴുതു നില്‍ക്കുകയാണ്. ഭൗതിക മോഹങ്ങളുടെ ചേറില്‍ വളര്‍ന്ന വാസവദത്തയില്‍ അകൃത്രിമ പ്രേമത്തിന്റെ താമര വിരിയുന്നതും ഈ വരികളില്‍ സൂചിതമാകുന്നുണ്ട്. വാസവദത്തയുടെ ആത്മസത്തയെന്ന പോലെ ആശാന്റെ 'കരുണ'യുടെ കാവ്യസത്തയും ഈ ഗാനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

'പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ?
ഹിമഗിരി ശൃംഗമേ പറയൂ
എന്‍ പ്രിയതമനെവിടെ?' 
(ചിത്രം: 'കുമാരസംഭവം')

പ്രേമതപസ്വിനിയായ പാര്‍വതി പ്രകൃതിയിലെല്ലാം തിരയുന്നത് പ്രിയമാനസനെയാണ്. ഗംഗയോടും ഹിമഗിരിശൃംഗത്തോടും വനതരു വൃന്ദത്തോടും പൊന്മാനുകളോടും ആ തപസ്വിനിക്ക് ഒരേയൊരാളെക്കുറിച്ചേ ചോദിക്കാനുള്ളു.  ശ്രീരാമന്‍ വനദേവതമാരോടും മൃഗ-പക്ഷി സഞ്ചായങ്ങളോടും വൃക്ഷവൃന്ദത്തോടും സീതയെക്കുറിച്ചന്വേഷിക്കുന്ന ഭാവതീവ്രമായ രംഗങ്ങളെ ('അദ്ധ്യാത്മ രാമായണം' -എഴുത്തച്ഛന്‍) ഓര്‍മിപ്പിക്കുന്നതാണ് ഈ ഗാനത്തിന്റെ രചനാഭംഗി.

onv book'തിരുമുടി ചൂടിയ തിങ്കള്‍ക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ?'
എന്നു ചോദിക്കുമ്പോള്‍ ഭാവാവിഷ്‌കരണം ഉച്ചകോടിയില്‍ എത്തുന്നുണ്ട്. ആ കതിരൊളി പാര്‍വതിക്ക് പ്രേമസാഫല്യമാണ്. ഹൈമവതഭൂവിന്റെ നന്മയും ഒരു പ്രേമതപസ്സിന്റെ ഉജ്ജ്വലതയും തപസ്വിനിയുടെ പ്രേമതീവ്രതയും 'ഹിമകണ'ത്തില്‍ കാനനമെന്നപോലെ ഈ ഗാനത്തില്‍ 'ബിംബിച്ചു' കാണാം.

മുഗ്ദ്ധപ്രേമവും കാവ്യകല്പനയും ചേര്‍ന്ന ഒരു ഗാനാമൃതം 'സ്വപ്നം' എന്ന ചിത്രത്തിലുണ്ട്. അതില്‍, 'ഭൂമി സൗരയൂഥത്തില്‍ വിടര്‍ന്ന കല്യാണസൗഗന്ധിക'മാണ്. കാമുകി അതിന്റെ 'സൗവര്‍ണപരാഗ'വും അതിന്റെ 'സൗരഭ്യവു'മാണ് കാമുകന്റെ സ്വപ്നം. അയാള്‍ ചോദിക്കുന്നു: 

'നിന്നെ ഞാനെന്തു വിളിക്കും?
എന്നെന്നും തളിര്‍ക്കുന്ന സൗന്ദര്യമെന്നോ
എന്‍ജീവനോലുന്ന സിന്ദൂരമെന്നോ
എന്നാത്മ സംഗീതമെന്നോ'
ആ സിന്ദൂരം മനസ്സിലെ രാഗം തന്നെയാവണം.
'ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ
ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ...'
പാടാത്ത പാട്ടിന്റെ മാധുര്യം കീറ്റ്സിന്റെ 
'Heard Melodies are sweet, 
but those unheard are sweeter' 
എന്ന വരികള്‍ ഓര്‍മയിലെത്തിക്കും.

'ചൂടാത്ത പൂവിന്റെ നിശ്വാസ'ത്തിന് പ്രചോദനമായത് കാളിദാസന്റെ 'അനാഘ്രാതം പുഷ്പം' എന്ന പ്രയോഗമാവാം. രണ്ടിനും കാവ്യോചിതമായ നവീകരണത്തിന്റെ മാധുര്യമുണ്ട്.
'പ്രപഞ്ചത്തിലെ സൗന്ദര്യം, പ്രണയം, സംഗീതം, സൗരഭ്യം, മാധുര്യ എന്നിവ മാത്രമല്ല, എല്ലാ കാവ്യ കല്പനകളും കൂടിച്ചേര്‍ന്നതാണ് നീ. ഏതു സംബോധനയ്ക്കാണ് നിന്റെ പൂര്‍ണത ഉള്‍ക്കൊള്ളാനാവുക?'

മൃഗ്ദ്ധപ്രേമത്തിന്റെ മധുരനൊമ്പരം അനുഭവിക്കുന്ന പ്രണയിതാക്കളുടെയെല്ലാം ഉള്ളില്‍, ഉത്തരം ലഭിക്കാത്ത ആ ചോദ്യമുണ്ടാവും: 'നിന്നെ ഞാന്‍ എന്തു വിളിക്കും?' 
അത് സ്വയം അവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന ആത്മനിര്‍വൃതിയാവാം, ഏതു സംബോധനയെക്കാളുമേറെ അവര്‍ ഇഷ്ടപ്പെടുന്നത്.  ഈ ഗാനത്തില്‍ കവി പ്രേമത്തെ പ്രപഞ്ചത്തോളം വിടര്‍ത്തുന്നു... പ്രപഞ്ചത്തെ പ്രേമത്തിലേക്ക് ഒതുക്കുന്നു.   കാവ്യഭാവന കൊണ്ടുള്ള ഈ ജാലവിദ്യയോട് ഏതു സഹുദയനാണ് പ്രേമം തോന്നാതിരിക്കുക.