ഞാൻ ആദ്യം പ്രേമിക്കുന്നത്‌ ഏഴാംക്ളാസിൽ പഠിക്കുമ്പോഴാണ്‌. അന്ന്‌ പന്ത്രണ്ട്‌ വയസ്സ്‌. ആദ്യം കണ്ടപ്പോൾതന്നെ എനിക്ക്‌ ആളെ അങ്ങോട്ട്‌ ഇഷ്ടമായി. ‘അന്നു നമ്മൾ കണ്ടതിൽപിന്നെ...’ എന്നു പാടുന്നത്‌ കണ്ടതോടെ തീവ്രമായ പ്രേമം ഉദിച്ചു. ആ മൊഞ്ചത്തിയുടെ പേര്‌ രാഗിണി. സിനിമാനടിയാണ്‌. കേളികേട്ട നൃത്തക്കാരി. ഹൂറി എന്നെ ഇങ്ങോട്ടു കണ്ടില്ല; ഞാൻ മുഹബ്ബത്ത്‌ തുടങ്ങിയതും അറിഞ്ഞില്ല. കണ്ടത്‌ മാവൂരിലെ  ടാക്കീസിൽവെച്ചാണ്‌. അതും തിരശ്ശീലയിൽമാത്രം. ആ സിനിമയുടെ പേര്‌ ‘ഉണ്ണിയാർച്ച’. അവളുടെ വീറ്‌ എനിക്ക്‌ ആവേശം തന്നു.

ഞാൻ ആദ്യമായി ഒരു മലയാള സിനിമ കാണുകയാണ്‌. അതിനുമുമ്പ്‌ ‘ടിപ്പുസുൽത്താൻ’ എന്നുപേരായി ഒരു ഹിന്ദി സിനിമ മാത്രമേ കണ്ടിട്ടുള്ളൂ. ‘ഹറാം’ ആയ സിനിമ കാണാൻ ഇക്കാക്കയോടൊപ്പം വീട്ടിൽനിന്ന്‌ ഒളിച്ചുപോയതാണ്‌. സിനിമ കണ്ട വിവരംതന്നെ ആരോടും പറഞ്ഞുകൂടാ. പിന്നെയല്ലേ, പ്രേമത്തിന്റെകഥ? പ്രണയത്തിന്റെ വർത്തമാനം ഇക്കാക്കയോട്‌ പറയാൻ കൊള്ളില്ലെന്ന്‌ എങ്ങനെയോ ഞാൻ അറിഞ്ഞിരുന്നു.

കണ്ണും കാതും മനസ്സും നിറഞ്ഞ ആ സിനിമ ഓർമയിലേക്ക്‌ വീണ്ടുംവീണ്ടും വന്നു. പാട്ടുകൾ, സംഭാഷണങ്ങൾ, വാൾപ്പയറ്റുകൾ, പോർവിളികൾ, കുതിരയോട്ടങ്ങൾ. ഒരു സിനിമ എത്രയോവട്ടം കാണുന്നപോലെ. അവിടെയോന്നും വേറെ പടങ്ങളൊന്നും കാണാൻ അവസരം കിട്ടിയില്ല. ഞങ്ങളുടെ കാരശ്ശേരിയിൽ തിയേറ്ററുണ്ടാകുന്നത്‌ പിന്നെയും എത്രയോ കഴിഞ്ഞാണ്‌. എന്റെ കുട്ടിക്കാലത്തേ മുക്കത്തു തിയേറ്ററുണ്ട്‌-പ്രസാദ്‌ ടോക്കീസ്‌. ഏറ്റവും താണ ടിക്കറ്റിന്‌ ആറണയാണ്‌. ഇന്നത്തെ മുപ്പത്തഞ്ചു പൈസ. ആ വൻതുക എങ്ങനെയുണ്ടാക്കാനാണ്‌?

ഉണ്ടാക്കിയാൽത്തന്നെ സിനിമ കണ്ടതിന്‌ മദ്രസയിലെ ഉസ്താദിന്റെ അടി കിട്ടും; ഉമ്മ ചീത്ത പറയും. ഉമ്മ ചീത്ത പറയുന്നത്‌ സഹിക്കാം. ‘പടച്ചോനേ, ന്റെ മക്കള്‌ ബെടക്കായിപ്പോയി,’ എന്നു പറഞ്ഞ്‌ ഉമ്മ കരയും. അതെങ്ങനെ സഹിക്കാനാണ്‌?

കുളിക്കാൻ പോകുമ്പോഴും ഒറ്റക്കിരിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴുമെല്ലാം വീണ്ടുംവീണ്ടും കണ്ടുകൊണ്ടിരുന്ന ആ സിനിമയിലെ വേറൊരാളെ എനിക്ക്‌ വല്ലാതെ ഇഷ്ടമായി. അത്‌ ഉണ്ണിയാർച്ചയുടെ നേരാങ്ങളയായ ആരോമൽ ചേകവരായി വന്ന സത്യനെയാണ്‌. രാഗിണിയോടുള്ള പ്രണയത്തെക്കാളും ശക്തമായിരുന്നു, ആ ഇഷ്ടം. അദ്ദേഹത്തിന്റെ മുഖത്തും ശരീരചേഷ്ടകളിലും ശബ്ദത്തിലും വെളിപ്പെട്ട ഉശിര്‌ എനിക്ക്‌ പിടിച്ചു.

എല്ലാറ്റിനും മേലേ ആ ചിരി! രാഗിണിയുടെ ചിരിയെക്കാൾ ഭംഗി അതിനാണ്‌. ഉണ്ണിയാർച്ചയുടെ കാമുകനും പിന്നീട്‌ ഭർത്താവും ആയിത്തീർന്ന കുഞ്ഞിരാമനായി വന്ന പ്രേംനസീർ സുന്ദരനാണ്‌. പക്ഷേ, മിടുക്കില്ല. സത്യന്റെ പുഞ്ചിരിക്കുമുന്നിൽ പ്രേംനസീറിന്റെ മുഖസൗന്ദര്യം ഒന്നുമല്ല. കരുത്തന്മാരെയാണ്‌ എനിക്കിഷ്ടം. സത്യനാണ്‌ നടൻ.

വളരെ വൈകാതെ കോഴിക്കോട്‌ രാധയിൽവെച്ച്‌ ‘കുട്ടിക്കുപ്പായം’ കണ്ടപ്പോൾ എന്റെ പ്രണയം അതിലെ അംബികയോടായി. അതിൽ മാദകസുന്ദരിയായി അരങ്ങേറിയ ഷീലയോടും ശകലം പ്രേമം തോന്നിയോ എന്നു സംശയം. സ്ഥായി ഇല്ലാത്ത കാമുകനായിരുന്നു ഞാൻ. കുട്ടിക്കുപ്പായത്തിലെ നസീറിനെയും എനിക്കിഷ്ടമായില്ല. നടന്‌ സൗന്ദര്യം മാത്രം മതിയോ?

Naseer

ഏറെച്ചെല്ലും മുമ്പെ തിരശ്ശീലയിൽ കാണുന്ന സുന്ദരികളെ പ്രേമിക്കുന്നതിൽ ഒരു റങ്ക്‌ ഇല്ലാതായി. അതിലെ നായകന്മാരുടെ ചേലും കോലവും ഓർത്തുനോക്കുന്നതായി രസം. വളരെവേഗം ഞാൻ ഒരു സത്യൻആരാധകനായി.

അന്നുമുണ്ടായിരുന്നു, ആരാധക വടംവലികൾ. സത്യൻ-നസീർ പിരിവിൽ ഞാൻ സത്യൻ പക്ഷത്തായി. ശിവാജി ഗണേശൻ -എം.ജി. രാമചന്ദ്രൻ പിരിവിൽ ശിവാജി പക്ഷത്ത്‌. ദിലീപ്‌കുമാർ-രാജ്‌കപൂർ പിരിവിൽ ദിലീപ്‌ പക്ഷത്ത്‌.

എന്റെ കൂട്ടുകാരെല്ലാം നസീർ ഭാഗക്കാരായിരുന്നു. അദ്ദേഹത്തിന്റെ മൊഞ്ചിനെയും പ്രണയരംഗങ്ങളുടെ അഴകിനെയും അവർ വാഴ്‌ത്തി. ‘കരിമുട്ടി’യായ സത്യനുവേണ്ടി പോരാടുമ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നു. ആ സ്വാഭാവികമായ അഭിനയത്തെപ്പറ്റിയും അത്യാകർഷകമായ ചിരിയെപ്പറ്റിയും എത്ര പറഞ്ഞിട്ടും എനിക്ക്‌ മടുത്തില്ല. മരം ചുറ്റി പ്രേമിക്കുന്നതും പാട്ടിന്‌ ചുണ്ടനക്കുന്നതും വലിയ കാര്യമല്ല.

ഞാൻ പത്തിൽ പഠിക്കുമ്പോഴാണ്‌ മാതൃഭൂമിയിൽ വാർത്ത - നാളെ മാനാഞ്ചിറ മൈതാനിയിൽ നാഗ്‌ജി ഫുട്‌ബോൾ ഫൈനൽ. ട്രോഫി സമ്മാനിക്കുന്നത്‌ സിനിമാനടൻ സത്യൻ!

കോഴിക്കോട്ടുകാരുടെ അക്കാലത്തെ പ്രധാന ലഹരിയാണ്‌ നാഗ്‌ജി ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബോൾ ടൂർണമെന്റ്‌. എന്റെ പ്രശ്നം ഫുട്‌ബോളല്ല, ട്രോഫി കൊടുക്കുന്ന താരമാണ്‌. സത്യനെ നേരിൽ കാണാനുള്ള സുവർണാവസരം.

അന്ന്‌ ബാപ്പ സ്ഥലത്തില്ലാത്തത്‌ ഭാഗ്യമായി. ഉമ്മയുടെ പിന്നാലെക്കൂടി കോഴിക്കോട്ടുപോയി ഫുട്‌ബോള്‌ കാണാനുള്ള അനുവാദവും ബസ്സിനുള്ള പൈസയും സംഘടിപ്പിച്ചു. നാട്ടുകാരനായ ചങ്ങാതി മേലെപ്പൊയിലിൽ അബ്ദുറഹിമാനെയും ഒപ്പം കൂട്ടി - ഒറ്റയ്ക്കല്ല എന്ന്‌ ഉറപ്പിച്ചിട്ടാണ്‌ ഉമ്മ വിട്ടത്‌.

മാനാഞ്ചിറ മൈതാനം ആളെക്കൊണ്ടും ആരാവാരം കൊണ്ടും നിറഞ്ഞുകവിഞ്ഞിരുന്നു. ആ മാതിരിയൊക്കെ ആദ്യം കാണുകയായിരുന്നതുകൊണ്ട്‌ എനിക്ക്‌ അവിടെ ഇരിക്കാൻ കഴിഞ്ഞതിനെപ്പറ്റി വലിയ അന്തസ്സുതോന്നി. രണ്ടുഭാഗത്തുമുള്ള കളിക്കാർ വന്നു നിരയായി നിന്നപ്പോൾ വിസിലടിയും കൈയടിയുമായി മൈതാനം ഇരമ്പി.

എന്നെപ്പോലുള്ള ചിലർ ഈ കോലാഹലമൊക്കെ ഉണ്ടാക്കിയത്‌ അവർക്ക്‌ കൈകൊടുക്കുന്നതിനുവേണ്ടി സത്യൻ വന്നപ്പോഴാണ്‌ - ആ കറുത്തമുഖത്തെ ചിരിയുടെ പ്രകാശം! കണ്ണുകളിലെ തിളക്കം. വൈക്കോലിന്റെ നിറമുള്ള കുട്ടിക്കുപ്പായത്തിനു പുറത്തേക്ക്‌ തള്ളി നിൽക്കുന്ന കുട്ടിക്കുമ്പ എനിക്ക്‌ നിറഞ്ഞു.

കളി നടക്കുന്ന നേരമത്രയും ഞാൻ സത്യനെ നോക്കിയിരിക്കുകയായിരുന്നു. ട്രോഫി സമ്മാനിച്ചുകൊണ്ട്‌ അദ്ദേഹം നടത്തിയ ചെറുപ്രസംഗം ഇപ്പോഴും ഓർമയിലുണ്ട്‌. സുഹൃത്തുക്കളേ! ഞാൻ ജീവിതത്തിലാകെ നാലുപ്രാവശ്യമേ ഫുട്‌ബോൾ കളിച്ചിട്ടുള്ളൂ. രണ്ട്‌ പ്രാവശ്യം പള്ളിക്കൂടത്തീ പഠിക്കുമ്പോഴാണ്‌. പിന്നെ രണ്ട്‌ പ്രാവശ്യം പടത്തിനുവേണ്ടിയും. കളി കാണാൻ പോകാനും നേരം കിട്ടാറില്ല. ഇപ്പോഴിതാ, നല്ലൊരു കളി കണ്ടു. രണ്ടു ടീമിനെയും ഞാൻ അനുമോദിക്കുന്നു. വളരെ നന്ദി’.

ഗ്രൗണ്ടിൽനിന്ന്‌ ആള്‌ പിരിയുന്നതിനിടയിൽ ആരോ പറഞ്ഞു, സത്യൻ താമസിക്കുന്നത്‌ അളകാപുരി ഹോട്ടലിലാണെന്ന്‌. ഞാൻ അബ്ദുറഹിമാനോട്‌ പറഞ്ഞു. ‘വാ നമ്മൾക്ക്‌ അളകാപുരിയിൽ പോകാം’ അവൻ ചോദിച്ചു: ‘എന്തിനാ?’ ഞാൻ പറഞ്ഞു: ‘എനിക്ക്‌ സത്യനെക്കണ്ട്‌ പൂതി തീർന്നില്ല വാ’

ഞങ്ങൾ അന്വേഷിച്ച്‌ പിടിച്ച്‌ അളകാപുരിയിൽ എത്തി. മഹാഭാഗ്യം! സത്യൻ അവിടെ വരാന്തയിൽ ഉലാത്തുകയാണ്‌ ഞങ്ങൾ അങ്ങോട്ടുചെന്നു. വളരെ  അടുത്തുചെല്ലാൻ ധൈര്യം കിട്ടിയില്ല. അപ്പോഴതാ, സത്യൻ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു -ഈശ്വരാ! അദ്ദേഹം ചോദിച്ചു.

‘എന്താ കുഞ്ഞുങ്ങളേ?
സത്യൻ ഞങ്ങളോട്‌ സംസാരിച്ചു എന്നതിന്റെ ആഘാതത്തിൽ ഒരു മറുപടിയും തോന്നാതെ ഞങ്ങൾ സ്തംഭിച്ചുനിന്നു. ഒരു മിനിറ്റ്‌ കഴിഞ്ഞ്‌ അദ്ദേഹം മുറിയിലേക്കുപോയി. 

എന്റെ സത്യൻ ഭക്തി കൂടി. ആ നടൻ മരിച്ചുപോയ വാർത്തകേട്ട്‌ (1971) ബിരുദ വിദ്യാർഥിയായ ഞാൻ പൊട്ടിക്കരഞ്ഞു. 
ഇതിനിടയിലെല്ലാം ഞാൻ നസീർ സിനിമകൾ കാണുന്നുണ്ടായിരുന്നു. എം.ടി.യുടെ വേലായുധനായി ‘ഇരുട്ടിന്റെ ആത്മാവി’ൽ വന്നപോലെ ചിലത്‌ ഇഷ്ടമാവുകയും ചെയ്തു. പറഞ്ഞിട്ടെന്താ, ഒരു സുന്ദരൻ എന്നതിലധികം സ്ഥാനമൊന്നും എന്റെയുള്ളിൽ അദ്ദേഹത്തിന്‌ കിട്ടിയില്ല. 

എം.എ. കഴിഞ്ഞ്‌ ഞാൻ കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവേഷണവിദ്യാർഥിയായി ചേർന്ന കാലം. തമിഴ്‌നാട്‌ ആർക്കൈവ്‌സിൽ ചില പഴയരേഖകളും പുസ്തകങ്ങളും പത്രങ്ങളും പരിശോധിക്കുന്നതിനുവേണ്ടി മദിരാശിയിൽ ചെന്നിരിക്കുകയാണ്‌. ആർക്കൈവ്‌സിനടുത്ത്‌ എഗ്‌മൂറിൽ മലബാർ മുസ്‌ലിം അസോസിയേഷൻ  ഹോസ്റ്റലിൽ താമസിക്കുന്നു. ഗവേഷണമൊക്കെ പേരിനാണ്‌. 77ബി, ഹാരിസ്‌ റോഡിൽ ചെന്ന്‌ എം. ഗോവിന്ദനെകണ്ട്‌ വർത്തമാനം പറയലും പഴയ ചില സുഹൃത്തുക്കളെ കാണലുമൊക്കെയാണ്‌ പ്രധാന പണി. 1975-കാലം.

അന്നുരാവിലെ ഞാൻ ടി.കെ. അബ്‌ദുൽ മജീദിന്റെ ഐസ്‌ ഹൗസിലുള്ള വീട്ടിലാണ്‌. തലശ്ശേരിക്കാരനായ മജീദ്‌ ന്യൂ കോളേജിൽ ഇംഗ്ളീഷ്‌ അധ്യാപകനാണ്‌. ഇംഗ്ളീഷ്‌- മലയാളം പത്രങ്ങളിൽ ചലച്ചിത്രവാർത്തകൾ എഴുതുന്നതിലാണ്‌ കമ്പം. ചന്ദ്രിക ദിനപത്രത്തിൽ കോടമ്പാക്കത്തുനിന്നുള്ള ചലച്ചിത്രവാർത്തകളും ഫീച്ചറുകളും അഭിമുഖങ്ങളുമൊക്കെ കാച്ചുന്നത്‌ മജീദാണ്‌. താരങ്ങളുടെ സുഹൃത്ത്‌ എന്ന പരിവേഷം മൂപ്പർക്ക്‌ ചുറ്റുമുണ്ട്‌. പ്രേംനസീറിന്റെ സ്വന്തം എന്നതാണ്‌ പ്രധാനം. ആവർത്തിക്കാവുന്ന വാക്യം: ‘സിനിമയിൽ കാണുന്നതല്ല പ്രേംനസീർ. നേരിൽ കാണണം. പൊന്നുപോലത്തെ ആളാ’.

മുമ്പ്‌ പലപ്പോഴും മജീദ്‌ എന്നെ താരനിബിഡമായ ആകാശങ്ങളിലേക്ക്‌  ക്ഷണിച്ചിട്ടുണ്ട്‌. ‘ഒാ, എനിക്ക്‌ ഒരു നടനയേ നേരിൽ കാണേണ്ടിയിരുന്നുള്ളൂ അത്‌ ചെറുപ്പത്തിലേ കാണുകയും ചെയ്തുവെന്ന്‌ പറഞ്ഞ്‌ ഞാൻ ഒഴിഞ്ഞുമാറും. 
ഞങ്ങൾ ചായകുടിച്ച്‌ വിശദമായ വർത്തമാനത്തിലാണ്‌ ഞായറാഴ്ച. കോളേജിലോ കോടമ്പാക്കത്തോ മജീദിന്‌ പണിയൊന്നുമില്ല. എനിക്കും അവധിതന്നെ. 

അപ്പോൾ സുബ്രഹ്‌മണ്യനെന്ന്‌ പേരായി ഒരു കുറ്റിപ്പുറം സ്വദേശി അറ്റുവീണു. ചായപ്പീടികയിൽ ജോലിചെയ്യുന്നു. കാറുമായിട്ടാണ്‌ വരവ്‌. കൂടെയൊരു ഫോട്ടോഗ്രാഫറും. വിഷയം: പ്രേംനസീറിന്റെ കൂടെ ഒരു ഫോട്ടോ എടുക്കണം. അതിന്റെ കോപ്പികളുമായിട്ടുവേണം അടുത്തയാഴ്ച നാട്ടിൽ പോകാൻ. മജീദ്‌ വിചാരിച്ചാൽ നടക്കും. കഴിഞ്ഞതവണ പോകുമ്പോൾ തരമായില്ല അന്ന്‌ മജീദ്‌ നാട്ടിലായിപ്പോയി.

കൂട്ടുകാരോടൊക്കെ ബഡായി പറഞ്ഞുപോന്നതാണ്‌ ആ ഫോട്ടോയും കാത്തിരിപ്പാണ്‌  വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും-പ്രത്യേകിച്ച്‌ ഭാര്യയുടെ അമ്മ. അവർക്കൊരു ദൈവമേയുള്ളൂ- നസീർ! ഇത്തവണ ഫോട്ടോ ഇല്ലാതെ പോയാൽ ചേപ്രയാകും. 
മജീദ്‌ വിസ്തരിച്ചു: സുബ്രഹ്‌മണ്യൻ പാവമാണ്‌. നിരാശപ്പെടുത്താൻ പറ്റില്ല. വീട്ടിൽ അതിഥിയായെത്തിയ ഞാൻ കൂടെ ചെന്നാൽ പ്രശ്നം തീർന്നു. സ്റ്റുഡിയോകൾ കാണാം. വേഗം മടങ്ങാം. ഞാൻ സമ്മതിച്ചു.

ഇതിനിടയിൽ ആരെയൊക്കെയോ ഫോണിൽ വിളിച്ച്‌ ‘നസീർ സാറു’ള്ളത്‌ പ്രകാശ്‌ സ്റ്റുഡിയോവിൽ ‘തുറുപ്പുഗുലാന്റെ’ സെറ്റിലാണെന്ന വിവരം ശേഖരിച്ച മൂപ്പർ കാറ്‌ അങ്ങോട്ടുവിടാൻ പറഞ്ഞു.
ഞങ്ങൾ ചെല്ലുമ്പോൾ പ്രേംനസീർ, തിക്കുറിശ്ശി, അടൂർഭാസി, സുരാസു മുതലായവർ ഒരു മരച്ചുവട്ടിലിരുന്ന്‌ വെടി പറയുകയാണ്‌. കൊമ്പൻമീശ, കള്ളിത്തുണി, കഴുത്തിൽ ടവ്വൽ, അരപ്പട്ട മുതലായവയുമായി ഏതോ പോക്കിരിയുടെ കോലത്തിലാണ്‌ നസീർ. മജീദിനെ കണ്ട്‌ ഉടനെ അദ്ദേഹം കൈയുയർത്തി അഭിവാദ്യം ചെയ്തു.

പുഞ്ചിരിയോടെ ഞങ്ങളോട്‌ മൂന്നുപേരോടും ഇരിക്കാൻ പറഞ്ഞെങ്കിലും സുബ്രഹ്‌മണ്യൻ ഇരുന്നില്ല. ആ താരങ്ങളെയൊക്കെ ഒന്നിച്ച്‌ നിരങ്ങനെ അടുത്തുകണ്ടതിന്റെ അങ്കലാപ്പിലായിരുന്നു, ആ ആരാധകൻ.
മജീദ്‌ എന്നെ പരിചയപ്പെടുത്തി. ‘ഇത്‌ എം.എൻ. കാരശ്ശേരി... സലാം കാരശ്ശേരിയുടെ അനുജനാണ്‌’ നസീർ എന്നെ നോക്കി മധുരമായി ചിരിച്ചു ‘സലാം ഭായിയെ എനിക്കറിയാം. സ്വന്തം അനുജനാണോ?’

ഞാൻ ഒന്നു ചുളുങ്ങി. ‘അല്ല ബാപ്പയുടെ അനിയന്റെ മകനാ. ഫസ്റ്റ്‌ കസിൻ’
അപ്പോൾ എതോ കഥാപാത്രമായി കുത്തിയിരിക്കുന്ന തിക്കുറിശ്ശി പറഞ്ഞു. ‘മജീദേ, ഈ ചെറുപ്പക്കാരനെ എനിക്ക്‌ നേരത്തേ അറിയാം’ എന്നിട്ട്‌ എന്നെ നോക്കി ചിരിച്ചുകൊണ്ട്‌ ചോദിച്ചു ‘ശരിയല്ലേ അനിയാ’
ഞാൻ ശരിക്കും സന്തോഷിച്ചു: ശരിയാ, കുറച്ചുമുമ്പ്‌ ഞങ്ങൾ കാലിക്കറ്റ്‌ സർവകലാശാലയിൽ ഒരു സ്വീകരണം തന്നിരുന്നു. ഞാനാ സ്വാഗതംപറഞ്ഞത്‌.

തിക്കുറിശ്ശിക്ക്‌ ഉത്സാഹമായി: ‘എനിക്ക്‌ പദ്മശ്രീ കിട്ടിയ കൂട്ടത്തിൽ ഡോ. മാലിക്‌ മുഹമ്മദിനും പദ്മശ്രീ കിട്ടിയിരുന്നു. ഞങ്ങൾ നാട്ടുകാരാ. നാഗർകോവിൽക്കാർ. മാലിക്‌ മുഹമ്മദ്‌ കാലിക്കറ്റ്‌ സർവകലാശാലയിൽ ഹിന്ദി വകുപ്പിന്റെ ഹെഡ്ഡാ. പുള്ളി സർവകലാശാലയിൽ എനിക്ക്‌ പദ്മശ്രീ വകയിൽ ഒരു സ്വീകരണം ഏർപ്പാടാക്കി. ഇവരൊക്കെക്കൂടിയാ സംഘടിപ്പിച്ചത്‌. അന്ന്‌ പ്രധാന പ്രസംഗക്കാരൻ ആരാന്നറിയോ? സുകുമാർ അഴീക്കോട്‌. ഇപ്പോൾ അവിടെ പ്രോ-വൈസ്‌ ചാൻസലറാ... അന്ന്‌ മലയാളം ഹെഡ്‌’

മജീദ്‌ ഇടയിൽക്കടന്ന്‌ പറഞ്ഞു: ‘ഇയാൾ പിഎച്ച്‌.ഡി.ക്ക്‌ വർക്ക്‌ ചെയ്യുന്നത്‌ അഴീക്കോടിന്റെ കീഴിലാ’
പ്രേംനസീർ ഒന്നും പറയാതെ മധുരമായി പുഞ്ചിരിച്ചു. പിന്നെ ചോദിച്ചു’ ഈ മാലിക്‌ മുഹമ്മദ്‌ ആരാ?’
ഉടനെ അടൂർഭാസി പറഞ്ഞു ‘ങഹ! അതറിയത്തില്ലേ? നമ്മുടെ നടി സീനത്ത്‌ അമന്റെ ഭർത്താവാ മാലിക്‌’
ചുറ്റുമുള്ളവർ പൊട്ടിച്ചിരിച്ചപ്പോഴാണ്‌ ഭാസി തന്നെ കളിയാക്കുകയാണ്‌ എന്ന്‌ നസീർ തിരിച്ചറിഞ്ഞത്‌. ചിരിയിൽ അദ്ദേഹവും പങ്കുചേർന്നു.

ഇതിനിടയിൽ ചായ വന്നു. ആദ്യത്തെ കപ്പ്‌ സ്വാഭാവികമായും നസീറിനുതന്നെ. എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ നസീർ കസാലയിൽ നിന്നെണീറ്റ്‌ ആ ചായ എനിക്കുതന്നു. ഞാൻ നാണിച്ചുപോയി! ചുറ്റുമുള്ളവർ അതിലൊരു പുതുമയും കാണാതിരുന്നപ്പോൾ എനിക്ക്‌ മനസ്സിലായി, ഇത്‌ അദ്ദേഹത്തിന്റെ ശീലമാണെന്ന്‌. തിക്കുറിശ്ശി ആ പഴയ സ്വീകരണയോഗത്തിൽ തന്നെയാണ്‌: ‘അനിയാ, ഒന്നു പറഞ്ഞുകൊട്‌, അന്ന്‌ എന്തൊക്കെയാ അഴീക്കോട്‌ എന്നെപ്പറ്റി പറഞ്ഞതെന്ന്‌’

എന്തുപറയണമെന്ന്‌ ആലോചിക്കുന്നതിനിടയ്ക്ക്‌ അദ്ദേഹംതന്നെ പറഞ്ഞു ‘അഴീക്കോട്‌ അന്ന്‌ പറഞ്ഞു, തിക്കുറിശ്ശി സിനിമയിൽ പോയതുകൊണ്ട്‌ സിനിമയ്ക്ക്‌ ലാഭമാണോ നഷ്ടമാണോ എന്നെനിക്കറിയില്ല. പക്ഷേ, അദ്ദേഹം കവിതയെഴുത്ത്‌ നിർത്തിയതുകൊണ്ട്‌ മലയാളകവിതയ്ക്ക്‌ വലിയ നഷ്ടമുണ്ടായി. എന്നിട്ട്‌ ഞാൻ യൗവ്വനകാലത്തെഴുതിയ ഒരു കവിത മുഴുവൻ കാണാപ്പാഠം ചൊല്ലി. ഉള്ളത്‌ തന്നെ, അനിയാ?’

ഞാൻ സാക്ഷിനിന്നു: ‘ശരിയാ. കൂട്ടത്തിൽ ഒന്നുകൂടിപ്പറഞ്ഞു-തൊട്ടതെന്തും പൊന്നാക്കാൻ കെല്പുള്ള ആളാണ്‌ തിക്കുറിശ്ശി സുകുമാരൻ നായർ. ഞാൻ ഇപ്പറഞ്ഞത്‌ ബോധ്യമില്ലാത്തവർ അദ്ദേഹത്തിന്റെ കൈവിരലുകളിലെ പൊൻമോതിരങ്ങളിലേക്കും മുണ്ടിന്റെ വീതിയേറിയ പൊൻകസവിലേക്കും കഴുത്തിൽ അണിഞ്ഞിരിക്കുന്ന സ്വർണച്ചെയിനിലേക്കും നോക്കി അത്‌ ബോധ്യപ്പെടേണ്ടതാണ്‌’.

അടൂർഭാസി തലയറഞ്ഞ്‌ ചിരിച്ചു. അപ്പോൾ തിക്കുറിശ്ശി ഓർത്തെടുത്തു: ‘അഴിക്കോട്‌ പ്രസംഗം തുടങ്ങിയതുതന്നെ തമാശയിലാ-നമ്മുടെ സർവകലാശാലയിലെ ഹിന്ദി പ്രൊഫസറുടെ ബഹുമതിയും മലയാളം പ്രൊഫസറുടെ പേരുമുള്ള ആളാണ്‌ ഇന്നത്തെ മുഖ്യാതിഥി! അപ്പോഴാണ്‌ ഞങ്ങൾ രണ്ടാളും ഒരേ പേരുകാരാണെന്ന്‌ ഞാനോർത്തത്‌.

ഇതിനിടയിൽ ഭാസി ചോദിച്ചു: ‘നിങ്ങളെന്താ എഴുതുന്നത്‌? ‘ഞാൻ നിങ്ങളുടെ പേര്‌ കേട്ടിട്ടില്ല. എന്റെ കുഴപ്പമാണോ?’
ഞാൻ ഇളിഞ്ഞു: ‘എന്റെ പേര്‌ കേൾക്കില്ല. ഞാൻ കാര്യമായൊന്നും എഴുതീട്ടില്ല. വലിയ പ്രസിദ്ധീകരണങ്ങളിലൊന്നും എന്റെ പേര്‌ വന്നിട്ടില്ല. ഒറ്റപ്പുസ്തകംപോലും പ്രസിദ്ധീകരിച്ചിട്ടില്ല. കുറേ കഥകളും ചില ലേഖനങ്ങളും കോഴിക്കോട്ടെ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്നിട്ടുണ്ട്‌. അത്രയേ ഉള്ളൂ.’

ഭാസി തെളിഞ്ഞുചിരിച്ചു: ‘അല്ല, സലാം ഭായിയെ എനിക്കറിയാം. എന്റെ സഹോദരൻ ചന്ദ്രാജിയുടെ അടുത്ത കൂട്ടുകാരനാ.’
സുബ്രഹ്മണ്യൻ മജീദിനോട്‌ തിരക്കുകൂട്ടി-വേഗം ഫോട്ടോ എടുക്കണം, ടാക്സിക്കാരന്റെ വെയ്‌റ്റിങ്‌ ചാർജ്‌ കൂടുന്നു. മജീദ്‌ പ്രശ്നം അവതരിപ്പിച്ചു.
അതൊക്കെ പതിവായതിനാൽ നസീർ എഴുന്നേറ്റ്‌ കൈകെട്ടി മരച്ചുവട്ടിൽനിന്നു. മജീദിന്റെ അഭ്യർഥനപ്രകാരം മറ്റുള്ളവരും വരിനിന്നു. സുബ്രഹ്‌മണ്യൻ ഇഷ്ടതാരത്തിന്റെ തൊട്ടടുത്തുതന്നെ.

ഞാൻ ഇരുന്നേടത്തുനിന്ന്‌ അനങ്ങിയില്ല. വന്നത്‌ ഫോട്ടോ എടുക്കാനല്ലല്ലോ. പിന്നെ, എനിക്കതൊക്കെ മഹാബോറായിത്തോന്നി. സ്റ്റുഡിയോ നിരങ്ങി സിനിമാതാരങ്ങളുടെ കൂടെനിന്ന്‌ ഫോട്ടോ എടുക്കുകയോ? ഞാനോ? ച്ഛായ്‌...

മജീദ്‌ വിളിച്ചു. ഞാൻ അനങ്ങിയില്ല. തിക്കുറിശ്ശി വിളിച്ചിട്ടും അടൂർഭാസി വിരലുകൊണ്ട്‌ താളം കാണിച്ചിട്ടും ഞാൻ അനങ്ങിയില്ല.
ഒടുക്കം നസീർതന്നെ വിളിച്ചു. ഞാൻ അനങ്ങിയില്ല.

ആ മരച്ചുവട്ടിൽ എല്ലാവരും വരിനിൽക്കുമ്പോൾ ഞാനൊരാൾ കസാലയിൽ കുത്തിയിരിക്കുക! അതിന്റെ അനൗചിത്യവും അഭംഗിയും തിരിച്ചറിഞ്ഞിട്ടും എനിക്ക്‌ അനങ്ങാൻ കഴിഞ്ഞില്ല! എല്ലാവരും വിഷമിച്ച്‌ നിൽപ്പാണ്‌.

പ്രേംനസീർ പെട്ടെന്ന്‌ എന്റെ അടുത്തേക്കുവന്ന്‌ തോളിൽ കൈവെച്ചു. ഞാൻ ചാടിയെണീറ്റു. അദ്ദേഹം മധുരമായി പുഞ്ചിരിച്ചുകൊണ്ട്‌ ഫോട്ടോഗ്രാഫറോട്‌ പറഞ്ഞു:

‘എടുക്കൂ. എനിക്ക്‌ കാരശ്ശേരിയുടെകൂടെയൊരു ഫോട്ടോ വേണം.’
ഉടുത്തതഴിഞ്ഞുപോയപോലെ ഞാൻ നിന്നു. എല്ലാവരും പൊട്ടിച്ചിരിച്ചു. ഉടനെത്തന്നെ അവരെല്ലാം ഞങ്ങളുടെ രണ്ടുവശത്തുമായി നിരന്നു. ക്യാമറ പലവട്ടം മിന്നി.

എന്റെ അല്പത്തം വിനയസമൃദ്ധമായ സ്വന്തം അന്തസ്സുകൊണ്ട്‌ പ്രേംനസീർ മായ്‌ച്ചുകളഞ്ഞു. അപകർഷബോധം എങ്ങനെയാണ്‌ അഭിമാനത്തിന്റെ കപടരൂപം സ്വീകരിക്കുന്നതെന്നും അന്തസ്സിന്റെ വാസ്തവമായ സ്വരൂപം എങ്ങനെയാണ്‌ വെളിപ്പെടുന്നതെന്നും ഞാൻ അന്ന്‌ പഠിച്ചു.