martin luther kingപൗരാവകാശചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ് മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയർ. ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിൽ അടിയുറച്ചുനിന്ന് അമേരിക്കയിലെ കറുത്തവർഗക്കാരന്റെ അവകാശങ്ങൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച കിങ്, വെടിയേറ്റുമരിച്ചത് 1968 ഏപ്രിൽ നാലിനാണ്. മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയർ 20-ാം നൂറ്റാണ്ടിൽ ലോകമെങ്ങും  പൗരാവകാശപ്രക്ഷോഭങ്ങൾക്ക് ശക്തമായ ഊടുംപാവുമേകി. 

അമേരിക്കയിലെ അറ്റ്‌ലാന്റയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മാർട്ടിൻ ലൂഥര്‍ കിങിന്റെ പിതാവ്, മകന് ഈ പേരു നൽകിയത് 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജർമൻ ക്രിസ്ത്യൻ മതപണ്ഡിതനായ മാർട്ടിൻ ലൂഥറിന്റെ ഓർമയ്ക്കാണ്. താരതമ്യേന മികച്ച ജീവിതസാഹചര്യങ്ങളുണ്ടായിട്ടും വർണവിവേചനത്തിന്റെ പ്രയാസങ്ങൾ മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയറിന്റെ ജീവിതത്തിലും ഇരുൾപരത്തിയിരുന്നു. പ്രശസ്തമായ ബുക്കർ ടി.വാഷിങ്ടൺ സ്കൂളിൽ ചേർന്ന കിങ്ങിന്റെ പ്രസംഗമികവ് ഏവരെയും ആകർഷിച്ചു. 

1944-ൽ അറ്റ്‌ലാന്റയിലെ മൂർഹൗസ് കോളേജിൽ ചേർന്ന അദ്ദേഹം, സാമൂഹികശാസ്ത്രത്തിൽ ബിരുദം നേടി. ഈയവസരത്തിലാണ് മനുഷ്യസേവനത്തിനുതകുന്ന ഏറ്റവും മികവാർന്ന മാർഗമെന്ന നിലയ്ക്ക് പെൻസിൽവാനിയായിലെ ക്രോസർ സെമിനാരിയിൽ ദൈവശാസ്ത്രം പഠിക്കാൻ ചേരുന്നത്. ഒരു വ്യക്തി എന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും കിങ്ങിന്റെ കഴിവുകൾ വികസിക്കാൻ ആ മൂന്നു വർഷങ്ങൾ ഇടയാക്കി. 

ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന്റെ സാർവദേശീയമായ പ്രസക്തിയും കാലാതീതമായ ശക്തിയും മനസ്സിലാക്കാൻ ആ കാലഘട്ടം കിങ്ങിനെ പ്രാപ്തനാക്കി. ദൈവശാസ്ത്രത്തിൽ ബോസ്റ്റൺ സർവകലാശാലയിൽനിന്ന് 1955ൽ പിഎച്ച്.ഡി. നേടി. ബോസ്റ്റൺ ജീവിതത്തിനിടെ പരിചയപ്പെട്ട കോരറ്റാ സ്കോട്ട് അദ്ദേഹത്തിന്റെ ജീവിതസഖിയായി. 

viswaprasidha prasangangalമാർട്ടിൻലൂഥര്‍ കിങ് ജൂനിയറിന്റെ ജീവിതത്തെ പൗരാവകാശപ്പോരാട്ടങ്ങളുടെ ലോകത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സംഭവം 1955 ഡിസംബർ ഒന്നിലെ ഒരു ബസ്‌യാത്രയായിരുന്നു. റോസാപാർക്സ് എന്ന ആഫ്രിക്കൻ അമേരിക്കൻ വനിത വെളുത്തവർഗക്കാരനായ ഒരു യാത്രക്കാരനുവേണ്ടി ഇരിപ്പിടമൊഴിയാൻ തയ്യാറായില്ല. അമേരിക്കയുടെ തെക്കൻസംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന ജിംക്രോ നിയമങ്ങൾ വംശീയ വേർതിരിവിന്റെ കടുത്ത ചിഹ്നങ്ങളായി നിലനിന്നിരുന്ന കാലമായിരുന്നു അത്.

ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ പാർക്ക്‌സ്‌ അറസ്റ്റുചെയ്യപ്പെട്ടു. യുവാവും വിദ്യാസമ്പന്നനുമായ കിങ്ങിന്റെ നേതൃത്വത്തിൽ നടന്ന മോണ്ട്‌ഗോമറി ബസ് ബഹിഷ്കരണം ഒരു വർഷത്തിലേറെ നീണ്ടുനിന്നു. യാത്രയിലെ ഈ ഉച്ചനീചത്വം എന്നെന്നേക്കുമായി നിർത്തലാക്കാൻ കോടതി ഉത്തരവിട്ടു. അമേരിക്കയുടെ ദേശീയനായകനായി ഉയർന്ന കിങ്, പൗരാവകാശപ്പോരാട്ടങ്ങളിലെ പുതുജിഹ്വയായി മാറി. 

പോരാട്ടങ്ങൾക്കു ജനപിന്തുണ നേടാനായി ‘സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ്‌’ എന്ന സംഘടന രൂപവത്‌കരിച്ചു. ലോകമെമ്പാടും സഞ്ചരിച്ച മാർട്ടിൻ ലൂഥര്‍ കിങ് ജൂനിയർ ഇന്ത്യയിലെത്തി ജവഹർലാൽ നെഹ്‌റുവിനെ സന്ദർശിച്ചു. ആഫ്രിക്കയിലെ വർണവിവേചനപ്പോരാട്ടങ്ങൾ കിങ്ങിന്റെ പുതിയ പ്രസ്ഥാനത്തിനും ആശയങ്ങൾക്കും കരുത്തേകി. 1960-ൽ തന്റെ ജന്മനാടായ അറ്റ്‌ലാന്റ കേന്ദ്രീകരിച്ച് കിങ് തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഒപ്പം തന്റെ പിതാവ് പുരോഹിതനായി പ്രവർത്തിച്ചിരുന്ന എബനേസർ പള്ളിയിൽ സഹപുരോഹിതനായി പ്രവർത്തിക്കുകയും ചെയ്തു. 

അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയും കിങ്ങിന്റെ പ്രവർത്തനങ്ങൾക്കു പിന്തുണയേകിയിരുന്നു. 1963 ഓഗസ്റ്റ് 28ന് ലിങ്കൺ മെമ്മോറിയലിനു മുന്നിൽ തടിച്ചുകൂടിയ രണ്ടുലക്ഷത്തോളം ജനങ്ങളെ അഭിസംബോധനചെയ്തു നടത്തിയ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗം എക്കാലത്തെയും വലിയ സ്വാതന്ത്ര്യപ്രഖ്യാപനമായി ലോകം അംഗീകരിക്കുന്നു. 

കിങ്ങിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രക്ഷോഭങ്ങൾ 1964-ൽ പൗരാവകാശനിയമം പ്രാബല്യത്തിൽവരാൻ കാരണമായി. 1964-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കിങ്ങിനു ലഭിച്ചു. അലബാമയിലെ സെൽമയിൽ 1500ഓളം പേരുമായി നടത്തിയ പ്രതിഷേധജാഥ അദ്ദേഹത്തിന് േപാലീസിന്റെ പ്രതിരോധത്തെത്തുടർന്ന് അവസാനിപ്പിക്കേണ്ടിവന്നത് തിരിച്ചടിയായെങ്കിലും 1965-ലെ വോട്ടവകാശനിയമം പാസ്സാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 

1967 ഏപ്രിൽ 4ന് വിയറ്റ്‌നാം യുദ്ധത്തെ രൂക്ഷമായി വിമർശിച്ച് കിങ്ങിന്റെ പ്രസംഗം വിവാദമായി. 1968 ഏപ്രിൽ 3ന് ടെന്നീസിയിൽ ശുചീകരണത്തൊഴിലാളികളുടെ തുല്യവേതനത്തിനായുള്ള പ്രക്ഷോഭത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ച കിങ്ങിന്റെ വാക്കുകൾ ആ മനുഷ്യസ്നേഹിയുടെ അവസാന പ്രഭാഷണമായി കലാശിച്ചു. താമസിച്ചിരുന്ന ഹോട്ടലിന്റെ ബാൽക്കെണിയിൽ വെച്ച് ഏപ്രിൽ 4ന് ജെയിംസ് ഏൾ റേയുടെ വെടിയേറ്റ് മാർട്ടിൻ ലൂഥര്‍ കിങ് കഥാവശേഷനാവുമ്പോൾ അതുല്യമായ ഒട്ടനവധി വിജയങ്ങൾ തന്റെ 39 വർഷത്തെ ജീവിതത്തിനൊപ്പം എഴുതിച്ചേർത്തിരുന്നു ആ പ്രതിഭ.