ലയാള സാഹിത്യ നിരൂപണത്തില്‍ ഇന്നോളം ശക്തമായ മുഴങ്ങിക്കേണ്ട സ്വരമുണ്ടെങ്കില്‍ അത് ഡോ. എം ലീലാവതിയുടേതാണ്. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണശൈലിയെ പരിപോഷിക്കുകയായിരുന്നു ലീലാവതി ടീച്ചര്‍ ചെയ്തത്. 2017 സെപ്റ്റംബര്‍ 16ന് ഡോ. എം ലീലാവതി ടീച്ചര്‍ തൊണ്ണൂറാം വയസിലേക്ക് കടക്കുകയാണ്. 

അധ്യാപനമേഖലയിലെ അനുകരണീയമായ ശൈലിക്കുടമയായ ലീലാവതി, കാവ്യനിരൂപണമേഖലയിലെ പുനര്‍വായനകളിലൂടെ കൃതികളുടെ കാലാതീതമായ ആന്തരികലോകത്തെ വീണ്ടെടുക്കുകയായിരുന്നു. പക്വവും പ്രസന്നവുമായ ഈ നിരൂപണരീതിയില്‍ മാതൃത്വത്തിന്റെ വാത്സല്യവും സ്ത്രീത്വത്തിന്റെ ഉള്‍ക്കരുത്തും ഒരുപോലെ സമന്വയിക്കപ്പെട്ടിരിക്കുന്നു. 

സാഹിത്യഗവേഷണ പഠനങ്ങളിലും മനഃശാസ്ത്ര പഠനങ്ങളിലും സാമൂഹികശാസ്ത്ര വിശകലനങ്ങളിലും സ്ത്രീപക്ഷ ചിന്തകള്‍ ഇണക്കിച്ചേര്‍ത്തുകൊണ്ട് പുതുഭാവുകത്വത്തോട് സംവദിക്കുന്ന രീതി എം. ലീലാവതിയുടെ പ്രത്യേകതകളിലൊന്നാണ്. 1950- കളില്‍ത്തന്നെ എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയായ എം. ലീലാവതി, മലയാള കവിതയിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ സാംസ്‌കാരികലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നിരൂപകയാണ്.

ഡോ. എം. ലീലാവതിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

പൗരാണികമായ പ്രമേയങ്ങളുടെ പുനര്‍വായനകളില്‍ ആ കൃതികളുടെ സ്ത്രീപക്ഷ വായനകള്‍ക്കും വീക്ഷണങ്ങള്‍ക്കും ഡോ. എം.ലീലാവതി പ്രാധാന്യം നല്കിയിരുന്നു. കഥാപാത്രങ്ങളുടെ സാമൂഹികപശ്ചാത്തലം, സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍, വ്യക്തി എന്ന നിലയിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നിരൂപണത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ശൈലിയും അവരുടെ പ്രത്യേകതയാണ്. ഇത് ഒരേസമയം ലാവണ്യശാസ്ത്രപരവും സൈദ്ധാന്തികവുമായ സവിശേഷതകളെ ഇണക്കിച്ചേര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. 

ഡോ. എം.ലീലാവതിയുടെ സാഹിത്യ നിരൂപണം വ്യക്തിഹത്യയിലധിഷ്ഠിതമായിരുന്നില്ല. അതുകൊണ്ടുതന്നെ പഠന, ഗവേഷണ രംഗങ്ങളില്‍ സ്വീകാര്യമായ ശൈലിയായി അവരുടെ നിരൂപണരീതി വിലയിരുത്തപ്പെടുന്നു. കാവ്യനിരൂപണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ അവര്‍ കവിത, നോവല്‍, ചെറുകഥ, വേദാന്തം, ഇതര സാഹിത്യശാഖകള്‍ എന്നിവയെ മുന്‍നിര്‍ത്തിയും വേറിട്ട നിരൂപണങ്ങള്‍ നടത്തിയിട്ടുണ്ട്. 

മലയാള സാഹിത്യനിരൂപണമേഖലയിലെ എടുത്തുപറയാവുന്ന സ്ത്രീസാന്നിധ്യം ഡോ. എം.ലീലാവതിയുടേതാണ്. അവരോളം ശക്തമായ മറ്റൊരു സ്ത്രീ സ്വരം ഈ മേഖലയില്‍ കണ്ടെത്തുകതന്നെ പ്രയാസമാണ്. എന്നാല്‍ സ്ത്രീപക്ഷ നിരൂപക എന്ന നിലയില്‍ മാത്രമല്ല; അധ്യാപക, പഠന, ഗവേഷണങ്ങളിലൂടെയും സാംസ്‌കാരിക സംവാദങ്ങളിലൂടെയും സ്ത്രീപക്ഷ വീക്ഷണങ്ങളിലൂടെയും തനതായ രചനാശൈലി രൂപീകരിച്ച വ്യക്തി എന്നീ നിലകളില്‍കൂടിയാണ് അവരെ അടയാളപ്പെടുത്തുന്നത്.