കാളിദാസകൃതികളുടെ നിരവധിയായ വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കാളിദാസന്റെ കാവ്യഭാവനയെ ഒന്നൊഴിയാതെ മലയാളത്തിന്റെ കാൽച്ചിലമ്പണിയിച്ചത് റിട്ടയേർഡ് അധ്യാപകനും കവിയുമായ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയാണ്. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഭാഷാ കാളിദാസ സർവസ്വം, സമ്പൂർണമായും സംസ്കൃത ഭാഷയിൽനിന്ന് നേരിട്ട് കാളിദാസകൃതികളെ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത ആദ്യ ഉദ്യമം എന്ന നിലയിൽ മലയാളസാഹിത്യ ചരിത്രത്തിൽ ഇടം നേടി. പതിനെട്ടുവർഷം നീണ്ട ഈ കഠിനപ്രയത്നം അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നല്ലോ എന്ന വേദന ശതാബ്ദി ആഘോഷത്തിന്റെ നിറവിലും കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയെ വല്ലാതെ പിന്തുടരുന്നു.

തലമുറകളായി മലയാളസാഹിത്യത്തെ സമ്പന്നമാക്കിയ ഒരു തറവാടിന്റെ പേരത്രേ കുറിശ്ശേരി. കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയുടെ പിതാവ് സ്വാതന്ത്ര്യസമരസേനാനി വിദ്വാൻ കുറിശ്ശേരി നാരായണപിള്ള സകലകലാ വല്ലഭനായിരുന്നു. കവി, ചിത്രകാരൻ, ഫോട്ടോഗ്രാഫർ, പ്രസംഗകൻ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. നാരായണപിള്ളയാണ് കണ്ണശ്ശകവികളെക്കുറിച്ചുള്ള ആദ്യത്തെ പ്രാമാണിക ഗ്രന്ഥമായ ‘കണ്ണശ്ശന്മാരും എഴുത്തച്ഛനും’ എഴുതിയത്. കൂടാതെ കഥകളി മുദ്രകളെക്കുറിച്ച് സ്വന്തം വരകളോടുകൂടിയ മറ്റൊരാധികാരിക ഗ്രന്ഥവുമുണ്ട്.

1924-ൽ ചട്ടമ്പിസ്വാമികൾ പന്മനയിൽ സമാധിയായപ്പോൾ വിദ്വാൻ കുറിശ്ശേരി സ്വന്തം ക്യാമറയിലൂടെ എടുത്ത ബ്ലാക്ക് ആൻഡ്‌ വൈറ്റ് ചിത്രമായിരുന്നു. ആ മഹാസമാധിയുടെ കാലാന്തരത്തിലെ ഒരേ ഒരു നേർസാക്ഷ്യം. കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയുടെ ഇളയച്ഛൻ കേരളഗൗതമൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കുറിശ്ശേരി ഗോപാലപിള്ളയാണ് മലയാളത്തിലെ ആദ്യത്തെ തർക്കശാസ്ത്രഗ്രന്ഥം കേരള ഗൗതമീയം രചിച്ചത്.

‘ഭാഷാ കാളിദാസ സർവസ്വത്തിന്റെ പ്രസിദ്ധീകരണത്തിനു പിന്നിലും കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയുടെ അച്ഛൻ വിദ്വാൻ കുറിശ്ശേരി നാരായണപിള്ളയുടെ അദൃശ്യമായ കരങ്ങളുണ്ടായിരുന്നു. കുറിശ്ശേരിയുടെ കണ്ണശ്ശൻന്മാരും എഴുത്തച്ഛനും’കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പു:നപ്രസിദ്ധീകരിച്ചത്. അതിന്റെ തുടർച്ചയായിരുന്നു മകൻ നിർവഹിച്ച കാളിദാസവിവർത്തനങ്ങളും പ്രകാശിതമായത്. ഭാഷാകാളിദാസ സർവസ്വത്തിൽ ആദ്യന്തം അനുഷ്ടുപ്പ് വൃത്തമാണ് ഗ്രന്ഥകർത്താവ് സ്വീകരിച്ചിരിക്കുന്നത്. എന്തുകൊണ്ട് അനുഷ്ടുപ്പ്? അറിവില്ലായ്മയിൽ മുങ്ങിക്കിടക്കുന്ന മനസ്സിൽ അറിയാതെ അറിവ് കടന്നുകേറാൻ പറ്റിയ ഒരു വേദവൃത്തമാണ് അനുഷ്ടുപ്പ്. ഗദ്യത്തിന്റെയും പദ്യത്തിന്റെയും ഘടനയിലേയ്ക്ക് ഭാവനകളെ കൈമാറാവുന്ന വൃത്തം കൂടിയാണത്- കുറിശ്ശേരി നയം വ്യക്തമാക്കുന്നു.

വിവർത്തനത്തിലും സാധാരണക്കാരായ വായനക്കാരെ മനസ്സിൽ കണ്ടുകൊണ്ട് പച്ചമലയാളശൈലിയാണ് കുറിശ്ശേരി പിന്തുടർന്നിരിക്കുന്നത്. സമ്പൂർണ വിവർത്തനലക്ഷ്യത്തിന്റെ മുന്നോടിയായി പ്രസിദ്ധീകരിച്ച കാളിദാസകൈരളിയുടെ ആമുഖത്തിൽ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള ഇങ്ങനെ പറയുന്നു: ‘ലളിതമായി ഭാഷാന്തരീകരിച്ച ഒരു പതിപ്പും കണ്ണിൽപ്പെട്ടില്ല, സംസ്കൃതപദങ്ങളുടെ അപ്രതിരോധ്യമായ കട്ടി, സുഗമമായ പമ്പയിൽ മുങ്ങാൻ എത്തുന്ന ഭക്തർക്ക് പാറക്കഷ്ണങ്ങൾ ഉപദ്രവമാകും പോലെയാണ്.’

കാളിദാസകൃതികളെ സമ്പൂർണമായി മൊഴിമാറ്റി സമാഹരിച്ച ഭാഷാ കാളിദാസ സർവസ്വത്തിന്റെ ഉള്ളടക്കചിത്രങ്ങൾ വരച്ചുചേർത്തത് ഗ്രന്ഥകർത്താവിന്റെ മകനും പത്രപ്രവർത്തകനും നോവലിസ്റ്റുമായ ഹരി കുറിശ്ശേരിയാണ്. ഇരുവരും ചേർന്നെഴുതിയ ‘വിരഹി’ കാളിദാസമേഘസന്ദേശത്തിന്റെ ഗദ്യപദ്യപരിഭാഷയാണ്. ഒരു കൂട്ടുകൃതി എന്നു പറയാൻ കഴിയില്ലെങ്കിലും മേഘസന്ദേശത്തിന്റ പദ്യപരിഭാഷ അച്ഛനും ഗദ്യപരിഭാഷ കാവ്യാത്മകമായി മകനും ഒരേ ഗ്രന്ഥത്തിൽ നിർവഹിച്ചു എന്ന അപൂർവതയുമുണ്ട്. വിരഹിക്ക് 2013-ലെ ഇ.വി. അവാർഡ് ലഭിച്ചിരുന്നു. വിവർത്തനത്തിനായി കാളിദാസകൃതികളുടെ മൂലം വാരണാസിയിൽനിന്ന് വരുത്തുകയായിരുന്നു. 

തിരുവനന്തപുരം രാജകീയ സംസ്കൃത സർവകലാശാലയിൽ സംസ്കൃതസാഹിത്യത്തിൽ ബിരുദം നേടിയ കുറിശ്ശേരി ഗോപാലപിള്ള ഔേദ്യാഗികജീവിതത്തിൽനിന്ന് വിരമിക്കുമ്പോൾ അധ്യാപകനായിരുന്നു. കാളിദാസ കൈരളി വൈകിവിടർന്ന പൂവ് (കവിതാസമാഹാരം),  ഹന്തഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), മൃച്ഛകടികം ( തർജമ) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന രചനകൾ. ഭഗവദ്‌ ഗീതയ്ക്ക് വ്യാഖ്യാനം എഴുതിവെച്ചിട്ടുണ്ടെങ്കിലും അത് പ്രസിദ്ധീകരിച്ചിട്ടില്ല. കാലാതിവർത്തിയായ കാളിദാസകവിതകളെ സാധാരണക്കാർക്കുപോലും പ്രാപ്യമായ രീതിയിൽ വിവർത്തനം ചെയ്ത, പുരുഷായുസ്സു മുഴുവൻ സാഹിത്യത്തെ ഉപാസിച്ച കുറിശ്ശേരിയെപ്പോലെയുള്ളവർ കൂടിയാണ് നമ്മുടെ ഭാഷയേയും സാഹിത്യത്തേയും ധന്യമാക്കുന്നത്.