കസൂവോ ഇഷിഗൂരോയ്ക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു. പക്ഷേ, അത് കഴിഞ്ഞകൊല്ലം ഗാനരചയിതാവ് ബോബ് ഡിലനു നൽകിയതുപോലെ ഞെട്ടിപ്പിക്കുന്നതായിരുന്നില്ല. ഇഷിഗൂരോ തീർച്ചയായും സമകാലിക സാഹിത്യകാരന്മാരിൽ അഗ്രഗണ്യനാണ്. പക്ഷേ, ആ ഗണത്തിൽപെടുന്ന, അദ്ദേഹത്തിനു തുല്യംവയ്ക്കാനോ അദ്ദേഹം എഴുതിയതിനെക്കാൾ മഹത്തരമായ സാഹിത്യം രചിച്ചു എന്നോ കരുതപ്പെടുന്ന പല എഴുത്തുകാരുമുണ്ട്. ചെറുകഥ എഴുതുന്ന മാർഗരറ്റ് ആറ്റ്വുഡിന്റെ പേരാണ് ആദ്യമായി മനസ്സിലേക്ക് കടന്നുവരുന്നത്.
ജപ്പാനിൽനിന്നു തന്നെയുള്ള ഹരുക്കി മുരകാമിക്ക് നൊബേൽ കിട്ടുമെന്ന് കരുതാൻ തുടങ്ങിയിട്ട് വർഷങ്ങൾ നാലഞ്ച് കഴിയുന്നു. കെനിയയിലെ ഗികുയുഭാഷയിൽ എഴുതുന്ന ഗൊഗി വാ തിയൊങ്ങൊവിനെ ഈ വർഷവും സ്വീഡിഷ് അക്കാദമിയിലെ പതിനെട്ടുപേരടങ്ങുന്ന സമിതി പരിഗണിച്ചില്ല.
ഇഷിഗൂരോ ജപ്പാനിലാണ് ജനിച്ചത്, പക്ഷേ, ജാപ്പനീസ് ഭാഷയിലല്ല എഴുതുന്നത്. ഇത് സത്യത്തിൽ ഇംഗ്ലീഷ്ഭാഷയ്ക്ക് ലഭിച്ച നൊബേൽ സമ്മാനം കൂടിയാണ്. ഏറ്റവും കൂടുതൽ നൊബേൽ കിട്ടുന്ന ഭാഷ അതുതന്നെയാണല്ലോ.
ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഒരു വലിയ കരുത്ത് ആ ഭാഷയ്ക്ക് വിവിധ സ്രോതസ്സുകളെ യാതൊരു മടിയും കൂടാതെ സ്വീകരിക്കാനുള്ള കഴിവാണ്. പോളണ്ടിൽ വേരുകളുള്ള ജോസഫ് കോൺറാഡ് മുതൽ ആഫ്രിക്കൻ ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവെന്ന് കരുതുന്ന ചിനുവ അച്ചെബെ വരെയുള്ള എഴുത്തുകാരുടെ നീണ്ടനിര ഉദാഹരണങ്ങൾ.
ഇംഗ്ലണ്ടിൽ ജനിക്കാത്ത, ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത, ഒരു പറ്റം എഴുത്തുകാർ ആ ഭാഷയിലെ സാഹിത്യത്തിൽ, പ്രത്യേകിച്ച് നോവലിൽ, അവരുടെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഇഷിഗൂരോയുടെ രംഗപ്രവേശം. അത്തരം എഴുത്തുകാരുടെ കൂട്ടത്തിൽ ആദ്യത്തെ ഉദാഹരണം സൽമാൻ റുഷ്ദി തന്നെയാണ്. വിക്രം സേഠ്, അമിതാവ് ഘോഷ്, അരുന്ധതി റോയ് തുടങ്ങിയവർ ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യത്തെ ലോകമെമ്പാടുമുള്ള വായനക്കാർക്ക് പരിചിതമാക്കുമ്പോഴാണ് ഇഷിഗൂരോയുടെ ആദ്യത്തെ നോവലായ ‘കുന്നുകളുടെ മങ്ങിയദൃശ്യം’ (1982) പുറത്തു വരുന്നത്. അടുത്ത നോവലായ ‘പൊങ്ങിക്കിടക്കുന്ന ലോകത്തിന്റെ കലാകാരൻ’ 1986-ൽ പുറത്തുവന്നു. ഈ രണ്ട് നോവലുകളുടെയും പ്രത്യേകത ഇവയുടെ പശ്ചാത്തലം ജപ്പാൻ ആയിരുന്നുവെന്നതാണ്. അതായത്, റുഷ്ദിയെപ്പോലെ, ബെൻ ഒക്രിയെപ്പോലെ, തദ്ദേശീയരല്ലാത്ത ഇംഗ്ലീഷ് എഴുത്തുകാരെപ്പോലെ അദ്ദേഹവും തന്റെ ജന്മനാടിന്റെ കഥ തന്നെയാണ് എഴുതിയത്.
അടുത്ത നോവലായ ‘ദിവസത്തിന്റെ ശേഷിപ്പുകൾ’ (ദി റിമെയ്ൻസ് ഓഫ് ദി ഡേ) ആണ് ഇഷിഗൂരോയെ പ്രസിദ്ധിയിലേക്ക് ഉയർത്തിയത്. തുടർന്ന് ഇഷിഗൂരോയുടെ നോവലുകൾക്കായി വായനക്കാർ കാത്തിരിക്കാൻ തുടങ്ങി. ഈ നോവലും അതിനുശേഷം പ്രസിദ്ധീകരിച്ചിട്ടുള്ള നോവലുകളും അതിൽ 2005-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ‘എന്നെ ഒരിക്കലും പോകാൻ അനുവദിക്കരുത്’ എന്ന മറ്റൊരു ക്ലാസിക്കും ഉൾപ്പെടുന്നു. എല്ലാത്തിന്റെയും പശ്ചാത്തലം ഇംഗ്ലണ്ട് തന്നെയായിരുന്നു. അതായത് ആദ്യ നോവലുകൾക്കു ശേഷം ഇഷിഗൂരോ ജപ്പാനെ ഉപേക്ഷിച്ചു.
ഉപേക്ഷിക്കാൻ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. അഞ്ചു വയസ്സിൽ ജപ്പാൻ വിട്ട അദ്ദേഹത്തിന് ജന്മനാടിനെക്കുറിച്ച് വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ. പിന്നീട് ഒരു അഭിമുഖത്തിൽ ഇഷിഗൂരോ തന്നെ പറഞ്ഞു: ‘‘ആദ്യനോവലുകളിലെ ജപ്പാൻ എന്റെ സങ്കല്പത്തിൽ മാത്രമുണ്ടായിരുന്ന ജപ്പാനായിരുന്നു.’’
ഇംഗ്ലണ്ടിൽ ജനിക്കാത്ത എഴുത്തുകാർ അവരുടെ എഴുത്തിൽ അവരവരുടെ വേരുകൾ അന്വേഷിച്ചുപോയപ്പോൾ, ഇഷിഗൂരോ യാതൊരു മടിയും കൂടാതെ വർത്തമാനത്തെ സ്വീകരിച്ചു. ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരിൽ വിക്രം സേഠിന്റെ ‘അസമമായ സംഗീതം’ എന്ന നോവലിൽ മാത്രമേ പാശ്ചാത്യലോകം ഉള്ളൂ, ബാക്കിയുള്ള ഇന്ത്യൻ -ഇംഗ്ലീഷ് സാഹിത്യം പ്രമേയപരമായി മിക്കവാറും ഇന്ത്യയെ ആശ്രയിക്കുന്നു.
എഴുത്തിന് ഭാഷയോ, എന്തിന് വേരുകൾ പോലും ബാധ്യതയല്ലെന്ന് എന്നെ തോന്നിപ്പിച്ച എഴുത്തുകാരനാണ് ഇഷിഗൂരോ. ഇതൊരു വലിയ സ്വാതന്ത്ര്യമാണ്. മാത്രമല്ല, സ്വത്വത്തിന്റെ ഒാരോ അംശവും മനുഷ്യനുംമനുഷ്യനുമായി വിഘടിപ്പിക്കാൻ വേണ്ടി പൊക്കിപ്പിടിക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ചട്ടക്കൂടുകളില്ലാത്ത ഇഷിഗൂരോയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചത് എനിക്ക് സന്തോഷം നൽകുന്നു.
nsmadhavan@hotmail.com