ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു

 

 


ജീവിച്ചിരിക്കെത്തന്നെ ചരിത്രത്താളുകളിലും പുരാവൃത്തങ്ങളിലും ഇടം പിടിച്ച മഹാന്‍ - ഫിദല്‍ കാസ്‌ട്രോക്ക് ഇഗേ്‌നഷ്യോ റമോണെറ്റ് നല്‍കുന്ന വിശേഷണം അതാണ്. കാസ്‌ട്രോ എന്ന ഇതിഹാസ പുരുഷന്റെ ജീവിത കഥയെഴുതാന്‍ ഈ പത്രപ്രവര്‍ത്തകന്‍ ഇറങ്ങിത്തിരിച്ചതിനു വേറെ കാരണമൊന്നും തിരയേണ്ടതില്ല.

ഫിദല്‍ കാസ്‌ട്രോക്ക് തുല്യനായി മറ്റൊരു ലോക നേതാവില്ല. ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ചെറുത്തു നില്‍പിന്റെ ആള്‍ രൂപമാണദ്ദേഹം. സാനമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകം. അമേരിക്കയെന്ന ലോക ശക്തിയുടെ കുത്സിത നീക്കങ്ങളില്‍ തകരാത്ത ആത്മവീര്യം. പക്ഷേ, അമേരിക്കന്‍ മാധ്യമങ്ങളില്‍ നിറയുന്ന കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയാണ്. ജനാധിപത്യ വിരുദ്ധന്‍; അതി സമ്പന്നനായ ഭരണത്തലവന്‍. ഈ വിരുദ്ധ ചിത്രങ്ങള്‍ക്കിടയില്‍ എവിടെയാണ് യഥാര്‍ഥ കാസ്‌ട്രോയുടെ സ്ഥാനം. പ്രാധാന്യം ഏറെയുണ്ട് ഇത്തരമൊരന്വേഷണത്തിന്. ഫിദല്‍ കാസ്‌ട്രോയുമായി ചേര്‍ന്നു റമോണെറ്റ് എഴുതിയ 'മൈ ലൈഫ്' എന്ന പുസ്തകത്തിന്റെ പ്രസക്തിയും അതു തന്നെ.

ക്രൂരനായ ഏകാധിപതിയെന്ന വിശേഷണത്തെപ്പറ്റി ഈ പുസ്തകത്തില്‍ കാസ്‌ട്രോയോട് റമോണെറ്റ് ചോദിക്കുന്നുണ്ട്. അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരാള്‍ക്ക് ക്രൂരനാകാന്‍ കഴിയില്ലെന്നാണ് കാസ്‌ട്രോയുടെ മറുപടി. ക്യൂബയില്‍ താന്‍ ഏകപക്ഷീയമായി ഒരു തീരുമാനവും എടുക്കാറില്ലെന്നും വിശദ ചര്‍ച്ചകള്‍ക്കു ശേഷമുള്ള കൂട്ടായ തീരുമാനത്തിലൂടെയാണ് ഭരണം നടത്തുന്നതെന്നും ഏകാധിപതിയെന്ന വിശേഷണം തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.

ഇങ്ങനെ ചോദ്യങ്ങളും ഉത്തരവുമായാണ് ഈ പുസ്തകം മുന്നോട്ടു പോകുന്നത്. സുദീര്‍ഘമായ ഈ അഭിമുഖത്തെ ആത്മ കഥയെന്നോ ആത്മ ഭാഷണമെന്നോ വിളിക്കാം. തന്റെ ജീവിതത്തെപ്പറ്റി, പോരാട്ടങ്ങളെപ്പറ്റി, രാഷ്ട്രീയ ദര്‍ശനങ്ങളെപ്പറ്റി കാസ്‌ട്രോ മനസ്സു തുറക്കുകയാണിവിടെ. കുട്ടിക്കാലത്തെപ്പറ്റി തുടങ്ങി കാസ്‌ട്രോക്ക് ശേഷം എന്ത് എന്നു വരെ നീളുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലൂടെ ആ ജീവിത കഥ ഇതള്‍വിരിയുന്നു. കാസ്‌ട്രോയുമായുള്ള 100 മണിക്കൂര്‍ നീണ്ട സംഭാഷണത്തിന്റെ സംഗ്രഹമാണ് ഇരുപത്തെട്ട്് അധ്യായങ്ങളിലായി എഴുന്നൂറോളം പേജുകള്‍ നീളുന്ന ഈ പുസ്തകം.

ഫിദല്‍ കാസ്‌ട്രോയുടെ ജീവിത കഥ തയ്യാറാക്കുകയെന്നത് ഏതൊരു പത്ര പ്രവര്‍ത്തകന്റേയും സ്വപ്നമാണ്. പതിറ്റാണ്ടുകളായി എത്രയോപേര്‍ അതിനു ശ്രമിച്ചിട്ടുമുണ്ട്. പക്ഷേ, അതിനു ശ്രമിച്ചവരെയെല്ലാം കാസ്‌ട്രോ സ്‌നേഹപൂര്‍വം തിരിച്ചയച്ചു. പക്ഷേ, റമോണെറ്റിനെ കാസ്‌ട്രോ തടഞ്ഞില്ല.

ഹവാന പുസ്തക മേളയ്ക്കിടയില്‍ 2002-ലാണ് റമോണെറ്റ് ഇങ്ങനെയൊരു നിര്‍ദേശം കാസ്‌ട്രോക്കു മുന്നില്‍ വച്ചത്. 'താങ്കള്‍ക്ക് വേറൊരു പണിയുമില്ലേ, വെറുതെ സമയം പാഴാക്കണോ' എന്നായിരുന്നു. കാസ്‌ട്രോയുടെ ആദ്യ പ്രതികരണം. പക്ഷേ, റമോണെറ്റ് പിന്തിരിഞ്ഞില്ല. കാസ്‌ട്രോ വഴങ്ങി. ജീവിതത്തിന്റെ സായംകാലത്ത് ഇങ്ങനെയൊരു ആത്മകഥ ഇറങ്ങേണ്ടത് ആവശ്യമാണെന്ന് കാസ്‌ട്രോക്കും തോന്നിക്കാണണം. പാശ്ചാത്യ മാധ്യമങ്ങളുടെ കുപ്രചരണത്തിന് ഒരു മറുപടിയാകുമതെന്ന് അദ്ദേഹം കരുതിക്കാണും. ന്യൂസ് റിപ്പോര്‍ട്ടായാണ് റമോണെറ്റ് പുസ്തകം വിഭാവന ചെയ്തത്. കാസ്‌ട്രോയിലൂടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്യബയിലേക്കു വെളിച്ചം വീശുന്ന രചന. അതൊരു ചരിത്ര പുസ്തകവും ആത്മകഥയുമാകണം എന്നു നിര്‍ദേശിച്ചത് കാസ്‌ട്രോ തന്നെയാണ്. അതു സംഭാഷണ രൂപത്തില്‍ വേണമെന്നും നിര്‍ബന്ധിച്ചതും അദ്ദേഹമാണ്. 2003 ജനവരിയില്‍ തുടങ്ങി പല തവണകളിലായി 2005 ഡിസംബര്‍ വരെ നീണ്ടു, ആ സംഭാഷണം. 2006-ല്‍ പുസ്തകത്തിന്റെ സ്​പാനിഷ് പതിപ്പിറങ്ങി. അതിനു ശേഷം കാസ്‌ട്രോ തന്നെ പുസ്തകം വായിച്ചു തിരുത്തലുകള്‍ വരുത്തി. ഇപ്പോള്‍ ഇംഗ്ലീഷ് വിവര്‍ത്തനവുമിറങ്ങി.

പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനാണ് താനറിഞ്ഞ ഫിദലെന്ന് പുസ്തകത്തിന്റെ മുഖവുരയില്‍ റമോണെറ്റ് പറയുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കു സശ്രദ്ധം ചെവികൊടുക്കുന്നയാള്‍, ഏറെക്കുറെ ലജ്ജാലു, മൃദു ഭാഷി. എന്നാല്‍ തീരുമാനങ്ങളില്‍ വിട്ടു വീഴ്ചയില്ല. കാര്യം നിസ്സാരമാണെങ്കില്‍ പോലും അന്തിമ തീരുമാനം കാസ്‌ട്രോയുടേതാകും. പട്ടാളക്കാരന്റെ കാര്‍ക്കശ്യവും സന്ന്യാസത്തിന്റെ ലാളിത്യവും നിറഞ്ഞ ജീവിതം. ആഡംബരങ്ങള്‍ അന്യം.

തികഞ്ഞ ആരാധനയോടെയാണ് ഈ വിദേശ പത്രപ്രവര്‍ത്തകന്‍ കാസ്‌ട്രോയെ കാണുന്നത്. വെറുമൊരു പത്രപ്രവര്‍ത്തകനല്ല, ഒരിടതു ചിന്തകന്‍ കൂടിയാണദ്ദേഹം. ഇടതു നിലപാടുകളുള്ള 'ലേ മോണ്ടെ ഡിപ്ലോമാറ്റിക്ക് ' എന്ന ഫ്രഞ്ചു മാസികയുടെ പത്രാധിപരാണീ സ്‌പെയിന്‍കാരന്‍. വേള്‍ഡ് സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയയാള്‍. മീഡിയാ വാച്ച് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍. തന്റെ ജീവിത കഥയെഴുതാന്‍ പറ്റിയ ആള്‍ റമോണെറ്റ് തന്നെയെന്ന് കാസ്‌ട്രോ ഉറപ്പിച്ചത് വെറുതെയല്ല. കാസ്‌ട്രോയുടെ ജീവിത കഥ തയ്യാറാക്കാന്‍ ലാറ്റിനമേരിക്കയിലെ സമുന്നത സാഹിത്യകാരന്‍മാര്‍ തന്നെ തയ്യാറാവുമായിരുന്നു. ക്യൂബയില്‍ തന്നെ അതിനു പറ്റിയ പത്രപ്രവര്‍ത്തകരുണ്ടായിരുന്നു. പക്ഷേ, തന്റെ ജീവിതകഥ യൂറോപ്പിലും അമേരിക്കയിലുമെത്തണമെങ്കില്‍ അതിനു വിശ്വാസ്യത വേണമെങ്കില്‍ അതു തയ്യാറാക്കുന്നത് ഒരു യൂറോപ്യനായിരിക്കണമെന്ന് കാസ്‌ട്രോക്കറിയാമായിരുന്നു. തെക്കെ അമേരിക്കയല്ല, വടക്കേ അമേരിക്കയാണ് കാസ്‌ട്രോയുടെ ജീവിതമറിയേണ്ടത്.

അമേരിക്കന്‍ മാധ്യമങ്ങളുടെ കണക്കില്‍ എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പന്നനാണ് കാസ്‌ട്രോ. എന്നാല്‍ അധികാരം ഉപയോഗിച്ച് സമ്പത്ത് കുന്നു കൂട്ടാന്‍ ശ്രമിക്കാത്ത അത്യപൂര്‍വ നേതാവായാണ് റമോണെറ്റ് കാസ്‌ട്രോയെ വിശേഷിപ്പിക്കുന്നത്. തന്റെ ശമ്പളം 1200 രൂപയോളം മാത്രമാണെന്ന് കാസ്‌ട്രോ പറയുന്നു -ജീവിക്കാന്‍ അതു മതിയെന്നു വ്യക്തമാക്കുന്നു. എന്തിനാണെപ്പോഴും യൂണിഫോം ധരിക്കുന്നതെന്ന് റമോണെറ്റ് കാസ്‌ട്രോയോട് ചോദിക്കുന്നുണ്ട്. വളരെ സൗകര്യമാണത് എന്നാണ് മറുപടി. ഏതു വസ്ത്രം ധരിക്കുമെന്നോര്‍ത്ത് സമയം കളയേണ്ട; ടൈ ധരിക്കേണ്ട.

എളുപ്പമായിരുന്നില്ല ഈ അഭിമുഖ സംഭാഷണം. പുറത്തു നിന്നുള്ള ഒരാള്‍ക്ക് കാസ്‌ട്രോയുടെ ജീവിതത്തിലേക്കു കടന്നുചെല്ലുക എളുപ്പമല്ല. 638 വധശ്രമങ്ങളെ അതിജീവിച്ചയാളാണദ്ദേഹം. നിതാന്ത ജാഗ്രത ഒന്നു കൊണ്ടു മാത്രമാണ് ഇത്രനാള്‍ ജീവനോടെയിരിക്കാനായത്. ഉറ്റബന്ധുക്കളില്‍ നിന്നു പോലും അദ്ദേഹം അകലം പാലിക്കുന്നു. തുടര്‍ച്ചയായി രണ്ടു ദിവസം ഒരു സ്ഥലത്തുറങ്ങില്ല. യാത്ര തന്നെ യാത്ര. പക്ഷേ, റമോണെറ്റ് മൂന്നു വര്‍ഷത്തോളം കാലം കാസ്‌ട്രോയെ പിന്തുടര്‍ന്നു. ചിലപ്പോള്‍ തുടര്‍ച്ചയായി പത്തു ദിവസത്തോളം ഒരുമിച്ചു കഴിഞ്ഞു. സംശയങ്ങള്‍ തീര്‍ത്തു. അവരുടെ സംഭാഷണം പലപ്പോഴും വെളുക്കുവോളം നീണ്ടു. പുലര്‍ച്ചെ രണ്ടു മണിക്കോ മൂന്നു മണിക്കോ കാസ്‌ട്രോ അഭിമുഖം അവസാനിപ്പിക്കുന്നത് ഉറങ്ങാന്‍ വേണ്ടിയാവില്ല. ഏതെങ്കിലും സുപ്രധാന യോഗത്തില്‍ പങ്കെടുക്കാനായിരിക്കും. ഒപ്പമുള്ള ചെറുപ്പക്കാര്‍ ഉറക്കം തൂങ്ങുമ്പോള്‍ ഈ വയോധികന്‍ ചുറുചുറുക്കോടെ ഉണര്‍ന്നിരിക്കും. ഉറക്കം വെറും നാലു മണിക്കൂര്‍.

200 ചോദ്യങ്ങളുടെ പട്ടികയുമായാണ് താന്‍ അഭിമുഖം തുടങ്ങിയതെന്ന് റമോണെറ്റ് പറയുന്നു. ചോദ്യങ്ങള്‍ മുന്‍കൂട്ടി കാണണമെന്ന് കാസ്‌ട്രോ ആവശ്യപ്പെട്ടില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. ചോദ്യശരങ്ങളിലൂടെ കാസ്‌ട്രോയുടെ ഉത്തരം മുട്ടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. അക്രമണാസക്തമായ അഭിമുഖങ്ങളില്‍ തനിക്കു വിശ്വാസമില്ലെന്ന് റമോണെറ്റ് പറയുന്നു. അതുകൊണ്ടു തന്നെ ഈ പുസ്തകത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളില്ല. ഏറ്റുപറച്ചിലുകളില്ല. ജനപ്രിയ ആത്മകഥയ്ക്കുവേണ്ട ചേരുവകളൊന്നുമില്ല. സൗമ്യമായ ചോദ്യങ്ങള്‍. സുദീര്‍ഘമായ മറുപടികള്‍. പ്രിയ സഖാവ് ഏണെസ്റ്റോ ചെ ഗുവേരയുമായുള്ള ആത്മബന്ധത്തെക്കുറിച്ചു കാസ്‌ട്രോ വാചാലനാകുന്നു. കനത്ത മഴയില്‍, കൊടും തണുപ്പില്‍, സൈന്യത്തിന്റെ വെടിയൊച്ചകള്‍ക്കിടെ, ആസ്ത്മാ ബാധിച്ച ചെഗുവേരയെയും വലിച്ചിഴച്ചു രക്ഷപ്പെട്ട ആവേശോജ്ജ്വല കഥ പറയുന്നു. നെല്‍സണ്‍ മണ്ഡേല, ഒലോഫ് പാമെ, ഹ്യൂഗോ ചാവേസ് തുടങ്ങിയ ലോക നേതാക്കളോടുള്ള ആദരം പ്രകടിപ്പിക്കുന്നു. ഹോചിമിനെയും മാവോയേയും നേരില്‍ കാണാനാകാഞ്ഞതിന്റെ നിരാശ പങ്കുവെക്കുന്നു. ഹെമിങ്‌വേ കൃതികളോടുളള പ്രിയം പ്രകടിപ്പിക്കുന്നു.

ആരോപണങ്ങളും വിമര്‍ശനങ്ങളും ചോദ്യങ്ങള്‍ക്കു വിഷയമാകുന്നുണ്ടെങ്കിലും കാസ്‌ട്രോയുടെ സ്വകാര്യ ജീവിതം പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. മക്കളോടൊപ്പം കാസ്‌ട്രോയെ കണ്ടിട്ടു പോലും അദ്ദേഹത്തിന്റെ കുടുംബ ജീവിത്തെക്കുറിച്ച് ചോദിക്കാന്‍ തോന്നിയില്ലെന്ന് റമോണെറ്റ് പറയുന്നു. രാഷ്ട്രീയ ജീവിതമല്ലാതെ, കാസ്‌ട്രോക്കൊരു സ്വകാര്യ ജീവിതമില്ലെന്ന് അദ്ദേഹം കരുതുന്നു. അവധി ദിവസം കാസ്‌ട്രോ പുറത്തു പോകുന്നതു പോലും രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ പറ്റിയ ആരുടേയെങ്കിലും കൂടെയാവും. റൗള്‍ കാസ്‌ട്രോ ഫിദലിന് സഹോദരനല്ല, സഖാവാണ്. പരിചയ സമ്പന്നനായ ഭരണ കര്‍ത്താവും. അതുകൊണ്ടു തന്നെ തന്റെ അഭാവത്തില്‍ ദേശീയ അസംബ്ലി ക്യൂബയുടെ ചുമതല കൈമാറുക റൗളിനാകുമെന്ന കാര്യത്തില്‍ കാസ്‌ട്രോക്ക് സംശയമില്ല. ഫിദലിനെക്കാള്‍ അഞ്ചു വയസ്സിന്റെ ഇളപ്പമേയുള്ളു റൗളിന്. റൗളിന്റെ കാലശേഷം എന്തു സംഭവിക്കും? നേതൃത്വം ഏറ്റെടുക്കാന്‍ സജ്ജരായി ഒരു തലമുറ മുഴുവനുണ്ടെന്നാണ് കാസ്‌ട്രോയുടെ മറുപടി.

കാസ്‌ട്രോക്ക് ശേഷം ക്യൂബയ്‌ക്കെന്തു സംഭവിക്കും എന്ന ചോദ്യത്തിനുള്ള മറുപടിയും സമാനമാണ്. അക്യൂബയുടെ ഭാവി ഒരു പക്ഷേ, കഠിനമായിരിക്കാം. പക്ഷേ, വീരോചിതമായിരിക്കും, മഹത്ത്വ പൂര്‍ണവുമായിരിക്കും. ക്യൂബയെ നശിപ്പിക്കാന്‍ അമേരിക്കക്കാര്‍ക്കാവില്ല, പക്ഷേ, ക്യൂബക്കാര്‍ക്കാവും. സ്വയം നാശം. അതൊഴിവാക്കാന്‍ ഒരു വഴിയേയുള്ളു. തെറ്റുകള്‍ കണ്ടെത്തുക തിരുത്തിക്കൊണ്ടേയിരിക്കുക.'' ക്യൂബയുടെ ഏറ്റവും വലിയ വിമര്‍ശകന്‍ താന്‍ തന്നെയാണെന്നു വ്യക്തമാക്കിക്കൊണ്ട് കാസ്‌ട്രോ പറയുന്നു. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അഭിമാനം കൊള്ളുമ്പോള്‍ തന്നെ ചെയ്യാന്‍ പറ്റാതെ പോയ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കാറുമുണ്ടെന്ന് അദ്ദേഹം ഏറ്റു പറയുന്നു.

ഈ സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ കാസ്‌ട്രോക്ക് 79 വയസ്സാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെപ്പറ്റി അതിലുമെത്രയോ മുമ്പ് ഊഹാപോഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. കാസ്‌ട്രോയും ക്യൂബയും അതെല്ലാം പുഛിച്ചു തള്ളി. പക്ഷേ, രോഗം കാസ്‌ട്രോയെ വീഴ്ത്തുക തന്നെ ചെയ്തു. 2006 ജൂലായ് 31 ന് ഔദ്യോഗിക ചുമതലകള്‍ അനിയന്‍ റൗളിനു കൈമാറി കാസ്‌ട്രോ വിശ്രമം തുടങ്ങി. അസുഖമായി കിടക്കുമ്പോഴാണ് ഈ പുസ്തകത്തിന്റെ ആദ്യ പ്രതി കാസ്‌ട്രോ വായിച്ചു തിരുത്തുന്നത്. ഇപ്പോള്‍ കാസ്‌ട്രോക്ക് 86 വയസ്സ്. ആരോഗ്യം മോശം. കാസ്‌ട്രോക്ക് ശേഷമുള്ള കാലത്തെപ്പറ്റി ക്യൂബ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

കാസ്‌ട്രോക്ക് ശേഷം ക്യൂബയുടെ സ്ഥിതിയെന്ത് എന്ന സന്ദേഹം ഈ പുസ്തകം വായിച്ചു കഴിഞ്ഞാലും അവശേഷിക്കും. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും നേരെ ക്യൂബയുടെ വാതായനം എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് റമോണെറ്റുമായുള്ള സംഭാഷണം കാസ്‌ട്രോ അവസാനിപ്പിക്കുന്നത്. ഒരു കാര്യം അദ്ദേഹം ഉറപ്പു നല്‍കുന്നു-ഞങ്ങളൊരിക്കലും കള്ളം പറയില്ല.

റിയല്‍ ഫൈറ്റര്‍

 

 


1926 ആഗസ്ത് 13ന് ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറന്‍ എന്ന സ്ഥലത്താണ് ഫിഡല്‍ കാസ്‌ട്രോ ജനിച്ചത്. ഫിഡല്‍ അലെജാന്‍ഡ്രോ കാസ്‌ട്രോ റൂസ് എന്നാണ് ഈ വിപ്ലവകാരിയുടെ മുഴുവന്‍ പേര്. പിതാവ് സ്‌പെയിന്‍കാരനായ ഏഞ്ചല്‍ കാസ്‌ട്രോ. മാതാവ് ക്യൂബക്കാരിയായ ലിനാറുസ് ഗോണ്‍സാലസ്. കാസ്‌ട്രോയുടെ പ്രാഥമിക വിദ്യാഭ്യാസം സാന്റിയാഗോ ദെ ക്യൂബയിലെ കത്തോലിക്കാ സ്‌കൂളിലായിരുന്നു. ഹവാനയിലെ ബേലെന്‍ സ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നിയമപഠനത്തിനായി 1945ല്‍ ഹവാന യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 1950ല്‍ നിയമബിരുദം കരസ്ഥമാക്കിയതിനുശേഷം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. എന്നാല്‍ രാഷ്ട്രീയത്തോടും വിപ്ലവപ്രവര്‍ത്തനങ്ങളോടുമായിരുന്നു കാസ്‌ട്രോക്ക് ആഭിമുഖ്യം. അദ്ദേഹം സോഷ്യല്‍ ഡെമോക്രാറ്റിക് ഓര്‍ത്തഡോക്‌സ് പാര്‍ട്ടിയില്‍ അംഗത്വം നേടി. ഈ പാര്‍ട്ടി പ്രസിഡന്റ് ബാറ്റിസ്റ്റയുടെ ദുര്‍ഭരണത്തെ ശക്തിയുക്തമായി വിമര്‍ശിച്ചുവന്നു.

അട്ടിമറിയിലൂടെ അധികാരത്തിലേറിയ ബാറ്റിസ്റ്റയെ അംഗീകരിക്കാന്‍ കാസ്‌ട്രോ തയ്യാറായില്ല. വിപ്ലവകാരികളെ സംഘടിപ്പിച്ച് 1953 ജൂലായ് 26ന് സാന്റിയാഗോ ദെ ക്യൂബയിലെ മൊങ്കാട സൈനികത്താവളം ആക്രമിച്ചു. ഈ ആക്രമണം ദയനീയമായി പരാജയപ്പെട്ടു. ഇതില്‍ വിപ്ലവകാരികളില്‍ ഏറെപ്പേരും വധിക്കപ്പെട്ടു. കാസ്‌ട്രോയെ 15 വര്‍ഷത്തേയും സഹോദരന്‍ റൗളിനെ 13 വര്‍ഷത്തേയും തടവിന് വിധിച്ചു. മൊങ്കാടാ കേസിന്റെ വിചാരണയ്ക്കിടെയാണ് 'ചരിത്രം എന്നെ കുറ്റവിമുക്തനാക്കു'മെന്ന (ഃഹീറ്ിള്‍ ണഹാാ എയീ്ാ്വവ ൗവ) വിഖ്യാതമായ പ്രസ്താവന അദ്ദേഹം നടത്തിയത്. മൊങ്കാടാ ആക്രമണം ഫലംകണ്ടില്ലെങ്കിലും ഇത് കാസ്‌ട്രോക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. 1955ല്‍ ഭരണകൂടം പൊതുമാപ്പ് നല്‍കിയതിനെ തുടര്‍ന്ന് കാസ്‌ട്രോയെയും സഹോദരനെയും വിട്ടയച്ചു. മെക്‌സിക്കോയിലെത്തിയ കാസ്‌ട്രോ അവിടെവെച്ചും വിപ്ലവത്തിന് കോപ്പുകൂട്ടി.

മെക്‌സിക്കോയില്‍വെച്ച് അദ്ദേഹം 26റസ ഖുാള്‍ ൗ്്വവൗവൃറ എന്ന വിപ്ലവ പ്രസ്ഥാനത്തിന് രൂപം നല്‍കി. ക്യൂബയിലേക്ക് മടങ്ങാനും ബാറ്റിസ്റ്റക്കെതിരെ പൊരുതാനും പദ്ധതിയിട്ടു. 1956 ഡിസംബറില്‍ കാസ്‌ട്രോ, സഹോദരന്‍ റൗള്‍, ചെഗുവേര തുടങ്ങിയവരടങ്ങുന്ന സംഘം ഒരു ബോട്ടില്‍ യാത്രചെയ്ത് ക്യൂബന്‍ തീരത്തെത്തി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കാസ്‌ട്രോയുടെ സംഘം പരാജയം ഏറ്റുവാങ്ങി. കാസ്‌ട്രോ ഉള്‍പ്പെടെ കുറച്ചുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. പര്‍വത പ്രദേശത്തേക്ക് കടന്ന കാസ്‌ട്രോ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ ഗറില്ലാ സമരമുറ പ്രയോഗിച്ചു. വിദ്യാര്‍ത്ഥികളും നഗരവാസികളുമെല്ലാം ബാറ്റിസ്റ്റക്കെതിരെ തിരിഞ്ഞു. നിവൃത്തിയില്ലാതെ 1959 ജനവരി ഒന്നിന് ബാറ്റിസ്റ്റ പലായനം ചെയ്തു. അങ്ങനെ കാസ്‌ട്രോ അധികാരത്തിലേറി.

എതിരില്ലാത്ത നേതാവ്

 

 


1959 ഫിബ്രവരി 16 മുതല്‍ 1976 ഡിസംബര്‍ രണ്ടുവരെ പ്രധാനമന്ത്രിയായും അതിനുശേഷം പ്രസിഡന്റായും അദ്ദേഹം ക്യൂബ ഭരിച്ചു. രാഷ്ട്രത്തിന്റെ സര്‍വ്വസൈന്യാധിപനും കാസ്‌ട്രോയായിരുന്നു. താന്‍ മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റാണെന്നും ക്യൂബ കമ്യൂണിസം സ്വീകരിക്കുകയാണെന്നും അദ്ദേഹം 1961ല്‍ പ്രഖ്യാപിച്ചു. കെന്നഡിക്ക് സോഷ്യലിസം ഇഷ്ടപ്പെടാത്തതുപോലെ തനിക്ക് സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു. കാസ്‌ട്രോക്ക് കീഴില്‍ ക്യൂബ ഒരു കക്ഷിമാത്രം നിലവിലുള്ള സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. നിലവില്‍ ചേരിചേരാപ്രസ്ഥാനത്തിന്റെ (ചഎങ) സെക്രട്ടറി ജനറല്‍ കാസ്‌ട്രോയാണ്. 1979-83 കാലഘട്ടത്തിലും അദ്ദേഹം ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.

എതിരാളികള്‍ കാസ്‌ട്രോയെ ഏകാധിപതിയെന്ന് വിളിച്ചു. എന്നാല്‍ അതൊന്നും ആ വിപ്ലവകാരിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചില്ല. എതിര്‍പ്പുകളെ വകഞ്ഞുമാറ്റി കാസ്‌ട്രോ ദ്വീപരാഷ്ട്രത്തെ മുന്നോട്ടു നയിച്ചു. കാര്‍ഷിക പരിഷ്‌കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ദേശസാത്കരണം നടപ്പാക്കി. ക്യൂബയില്‍ സൗജന്യ വൈദ്യസഹായം ലഭ്യമാണ്. സാക്ഷരതാ നിരക്ക് 90 ശതമാനത്തിന് മേലെയാണ്. ശിശുമരണ നിരക്ക് ഇവിടെ വളരെ കുറവാണ്. അമേരിക്ക എന്ന ഗോലിയാത്തിനെ നിലംപരിശാക്കിയ ദാവീദാണ് ക്യൂബക്കാര്‍ക്ക് അദ്ദേഹം. അനാരോഗ്യത്തെ തുടര്‍ന്ന് അധികാരം സഹോദരന് കൈമാറിയെങ്കിലും ക്യൂബയില്‍ അദ്ദേഹം 1959 മുതല്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്.

അര നൂറ്റാണ്ടത്തെ കാസ്‌ട്രോ ഭരണത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. വിമതസ്വരം ഉയര്‍ത്തുന്നവരെ പീഡിപ്പിക്കുന്നതായും വകവരുത്തുന്നതായും ആക്ഷേപമുണ്ട്. ക്യൂബയിലെ ജീവിതം മടുത്ത ആയിരക്കണക്കിനാളുകള്‍ കടല്‍വഴി അമേരിക്കയിലെ ഫ്‌ളോറിഡയിലേക്ക് കടക്കുകയുണ്ടായി. കാസ്‌ട്രോയില്‍ നാട്ടുകാര്‍ അവിശ്വാസം രേഖപ്പെടുത്തിയ ഇത്തരം സംഭവങ്ങള്‍ കുറവല്ല. 1953ന് ശേഷം ക്യൂബയിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറഞ്ഞുവന്നു. 1959-73 കാലത്ത് ആറ് ലക്ഷത്തോളം പേര്‍ ക്യൂബ വിട്ടുപോകുകയുണ്ടായി.

 

 


ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി
യു.എസിനെ ലക്ഷ്യംവെച്ച് ക്യൂബയില്‍ സോവിയറ്റ് മിസൈലുകള്‍ വിന്യസിച്ചത് 1962ല്‍ വലിയ കോലാഹലമുണ്ടാക്കി. അമേരിക്ക തന്നെയാണ് മിസൈല്‍ വിന്യാസം കണ്ടുപിടിച്ചത്. ഇവ നീക്കംചെയ്യാന്‍ പ്രസിഡന്റ് കെന്നഡി ആവശ്യപ്പെട്ടു. അമേരിക്കന്‍ ആക്രമണത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് പ്രധാനമന്ത്രി ക്രൂഷ്‌ചേവ് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്. ടര്‍ക്കിയില്‍ ഇത്തരത്തില്‍ അമേരിക്കയും മിസൈലുകള്‍ വിന്യസിച്ചിരുന്നു. മിസൈല്‍ വിന്യാസം പ്രതിസന്ധിയായി മാറിയപ്പോള്‍ അവ നീക്കം ചെയ്യാന്‍ ക്രൂഷ്‌ചേവ് സമ്മതിച്ചു. ക്യൂബയെ ആക്രമിക്കില്ലെന്ന ഉറപ്പിന്മേലും ടര്‍ക്കിയില്‍ നിന്ന് യു.എസ് മിസൈലുകള്‍ മാറ്റാമെന്നുള്ള വാഗ്ദാനത്തിന്‍മേലുമായിരുന്നു ഇത്. മിസൈലുകള്‍ ക്യൂബയുടെ നിയന്ത്രണത്തില്‍ വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ യു.എസ്. നഗരങ്ങളെ ലക്ഷ്യംവെച്ചേനെയെന്ന് പിന്നീട് ചെഗുവേര വെളിപ്പെടുത്തുകയുണ്ടായി.

സോവിയറ്റ് യൂണിയന്റെ തണലില്‍
ആന്റിലിസിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്യൂബയുടെ ഗോഡ്ഫാദര്‍ സോവിയറ്റ് യൂണിയനായിരുന്നു. പഴയ യു.എസ്.എസ്.ആര്‍ ആയിരുന്നു എല്ലാനിലയ്ക്കും ക്യൂബയെ സഹായിച്ചിരുന്നത്. സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ റഷ്യ കാസ്‌ട്രോക്ക് വാരിക്കോരി നല്‍കി. എന്നാല്‍ തങ്ങളുടെ മൂക്കിന് താഴെ ഒരു റഷ്യന്‍ ഉപഗ്രഹം നിലകൊള്ളുന്നത് വാഷിംഗ്ടണ് കടുത്ത അസ്വസ്ഥതയാണ് സമ്മാനിച്ചത്. ക്രൂഷ്‌ചേവ് ക്യൂബയില്‍ മിസൈല്‍ വിന്യസിച്ചതും അതു വലിയ പുകിലായതുമൊക്കെ ചരിത്രം. ശീത- യുദ്ധകാലത്ത് സോവിയറ്റ് ചേരിയുമായി ക്യൂബ ഊഷ്മള ബന്ധം പുലര്‍ത്തി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 1960ല്‍ ഇരുരാഷ്ട്രങ്ങളും കരാറിലേര്‍പ്പെട്ടു. കാസ്‌ട്രോയും സോവിയറ്റ് പ്രധാനമന്ത്രി ക്രൂഷ്‌ചേവും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. ക്യൂബയില്‍ നിന്ന് റഷ്യ വന്‍തോതില്‍ പഞ്ചസാര ഇറക്കുമതി ചെയ്തു. എന്നാല്‍ 1980കളില്‍ ഗോര്‍ബച്ചേവിന്റെ വരവോടെ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. അന്താരാഷ്ട്രരംഗത്തുണ്ടായ മാറ്റങ്ങളും ഇതിന് കാരണമായി. റഷ്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന എണ്ണ നിലച്ചു. റഷ്യയിലേക്ക് വന്‍തോതിലുള്ള പഞ്ചസാര കയറ്റുമതിയും വഴിമുട്ടി. ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും ക്യൂബയെ കുഴക്കി. ഇതോടെ പുതിയ സുഹൃത്തുക്കളെ തേടാന്‍ കാസ്‌ട്രോ നിര്‍ബന്ധിതനായി. ലാറ്റിനമേരിക്കയില്‍ വെനസ്വേലയും ബൊളീവിയയുമെല്ലാം ക്യൂബയുടെ ഉറ്റമിത്രങ്ങളായി.

യു.എസിന്റെ ശത്രു
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്ന് 216 കി.മീ തെക്കായിട്ടാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ യു.എസും ക്യൂബയും മാനസികമായി കോടിക്കണക്കിന് മൈലുകള്‍ അകലമുണ്ട്. ബാറ്റിസ്റ്റ പലായനം ചെയ്തതോടെ ക്യൂബയും യു.എസും തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധം അവസാനിച്ചു. ഇന്ന് യു.എസിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് ക്യൂബ. പാശ്ചാത്യ ലോകത്തുനിന്നും ക്യൂബയെ എന്നും അങ്കിള്‍സാം ഒറ്റപ്പെടുത്തി. ക്യൂബയെ സാമ്പത്തികമായി തളര്‍ത്താന്‍ അതിന്റെ പിറവി മുതല്‍ തന്നെ യു.എസ് കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. സോവിയറ്റ് യൂണിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പെട്രോളിയം നിരസിക്കാന്‍ ക്യൂബയിലെ ഓയില്‍ റിഫൈനറികളോട് യു.എസ്. ആവശ്യപ്പെട്ടു. ക്യൂബയുടെ ജീവനാഡിയായ പഞ്ചസാര വ്യവസായത്തിനും യു.എസ്. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ബേ ഓഫ് പിഗ്‌സ് ആക്രമണം (ഏമള്‍ ്ശ ജഹഷീ ഹൃ്വമീഹ്ൃ), ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി എന്നിവ ഇരു രാഷ്ട്രങ്ങളെയും കൂടുതല്‍ അകറ്റി. 1961 ജനവരിയില്‍ യു.എസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ക്യൂബ വിച്ഛേദിച്ചു. ഹവാനയിലെ യു.എസ്. എംബസിയിലെ ജീവനക്കാരോട് രാജ്യം വിടാനും കാസ്‌ട്രോ ആവശ്യപ്പെട്ടു. 1962ല്‍ ക്യൂബക്കെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്നും തുടരുന്നു. ഈ ഉപരോധം കൊച്ചു ക്യൂബയെ വല്ലാതെ തളര്‍ത്തി. കാസ്‌ട്രോയെ വധിക്കാന്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങളുണ്ടായി. രാജ്യത്ത് ജനാധിപത്യം നടപ്പാക്കുന്നതിന് കാസ്‌ട്രോ തടസ്സമായി ചൂണ്ടിക്കാട്ടിയത് ഏതു സമയത്തുമുണ്ടായേക്കാവുന്ന യു.എസ്. ഇടപെടലാണ്.

കാസ്‌ട്രോയും ചെ ഗുവേരയും

 

 


അര്‍ജന്റീനയില്‍ ജനിച്ച ഏണെസ്റ്റോ ചെ ഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ ഉറ്റതോഴനായിരുന്നു. 1954ല്‍ മെക്‌സിക്കോയിലെത്തിയ ചെ ഗുവേര അവിടെ രാഷ്ട്രീയ അഭയം തേടിയിരുന്ന കാസ്‌ട്രോയുമായി ബന്ധപ്പെട്ടു. താന്‍ തേടിക്കൊണ്ടിരുന്ന വിപ്ലവകാരി ഇതുതന്നെയാണെന്ന് ചെ ഗുവേരയ്ക്ക് ബോധ്യപ്പെട്ടു. അങ്ങനെ കാസ്‌ട്രോ രൂപീകരിച്ച 26റസ ഖുാള്‍ ങ്്വവൗവൃറഎന്ന പ്രസ്ഥാനത്തില്‍ ചെയും അംഗമായി. ബാറ്റിസ്റ്റക്കെതിരെ വിപ്ലവം സംഘടിപ്പിക്കാനായി പത്തേമാരിയില്‍ പുറപ്പെട്ട സംഘത്തില്‍ ചെയുമുണ്ടായിരുന്നു. ഗറില്ലാ പോരാട്ടങ്ങള്‍ക്കൊടുവില്‍ അവര്‍ ലക്ഷ്യം കണ്ടു. 1959 ജനവരിയില്‍ ഫുള്‍ ജെന്‍ഷിയോ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ ഗവണ്‍മെന്റ് നിലംപതിച്ചു.

വിപ്ലവാനന്തര ക്യൂബയില്‍ കാസ്‌ട്രോക്ക് ശേഷം രണ്ടാമത്തെ നേതാവായി ചെ ആദരിക്കപ്പെട്ടു. 1959 ഫിബ്രവരി ഏഴിന് ചെയെ ക്യൂബയിലെ ഒരു പൂര്‍ണപൗരനായി കാസ്‌ട്രോ പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് 'ചെ' എന്ന് പേരിനോട് കൂട്ടിച്ചേര്‍ത്തത്. ഏണെസ്റ്റോ ഗുവേരാ സെര്‍ണാ എന്നായിരുന്നു ഈ വിപ്ലവകാരിയുടെ പേര്.

കാര്‍ഷിക പരിഷ്‌കരണത്തിനുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വ്യവസായ വിഭാഗം മേധാവി, ക്യൂബന്‍ ദേശീയ ബാങ്കിന്റെ ഡയറക്ടര്‍, വ്യവസായ വകുപ്പ് മന്ത്രി, ആസൂത്രണ സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ ചെ വഹിച്ചു. ബാറ്റിസ്റ്റ ഭരണകൂടവുമായി ബന്ധമുള്ളവരെയും വിപ്ലവത്തിന്റെ ശത്രുക്കളെയും വിചാരണ ചെയ്തതും തൂക്കിലേറ്റിയതും ചെയുടെ നേതൃത്വത്തിലായിരുന്നു.
ക്യൂബയിലെ ഭരണാധികാര ചുമതലകളെല്ലാം പരിത്യജിച്ച് 1965ല്‍ ചെ ലാറ്റിനമേരിക്കയിലെ സായുധ സമരങ്ങളില്‍ പങ്കാളിയായി. ക്യൂബയില്‍ നിന്നും പൊടുന്നനെയുള്ള തിരോധാനം ദുരൂഹത സൃഷ്ടിച്ചു. ക്യൂബയ്ക്കകത്തും പുറത്തും അഭ്യൂഹങ്ങള്‍ പരന്നു. ബൊളീവിയയിലെ ഒളിപ്പോരിനിടെ 1967 ഒക്ടോബറില്‍ ബൊളീവിയന്‍ പട്ടാളക്കാര്‍ ചെയെ വെടിവെച്ചുകൊല്ലുകയായിരുന്നു. കാസ്‌ട്രോ ഈ വിവരം പിന്നീട് സ്ഥിരീകരിച്ചു.

BAY OF PIGS
കാസ്‌ട്രോയെ അധികാരത്തില്‍ നിന്ന് നീക്കാന്‍ അമേരിക്ക ആസൂത്രണം ചെയ്തതായിരുന്നു ബേ ഓഫ് പിഗ്‌സ് ആക്രമണം. അമേരിക്കയിലെ ക്യൂബന്‍ പ്രവാസികളെ ഉപയോഗിച്ച് സി.ഐ.എയാണ് ആക്രമണം സംഘടിപ്പിച്ചത്. 1961 ഏപ്രില്‍ 17ന് 1400ഓളം പേര്‍ ബേ ഓഫ് പിഗ്‌സില്‍ ഇറങ്ങി. ക്യൂബയിലെ ജനങ്ങള്‍ തങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് ആക്രമണകാരികള്‍ കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ആക്രമണം പരാജയപ്പെട്ടു. സംഭവത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ പിടിയിലായി. എതിരാളികളുടെ രണ്ട് കപ്പലുകള്‍ ക്യൂബന്‍ സേന മുക്കി. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് അമേരിക്ക കൈകഴുകി. ഈ സംഭവം കാസ്‌ട്രോവിന് കൂടുതല്‍ അംഗീകാരം നേടിക്കൊടുക്കുകയാണുണ്ടായത്.


ഫിദല്‍ കാസ്‌ട്രോയുമായുള്ള അഭിമുഖം - ഭാഗം ഒന്ന്
 

ഫിദല്‍ കാസ്‌ട്രോയുമായുള്ള അഭിമുഖം - ഭാഗം രണ്ട്
 

ഫിദല്‍ കാസ്‌ട്രോയുമായുള്ള അഭിമുഖം - ഭാഗം മൂന്ന്

ഫിദല്‍ കാസ്‌ട്രോയുമായുള്ള അഭിമുഖം - ഭാഗം നാല്