ന്തുകൊണ്ട്‌ ഫെബ്രുവരി 21 മാതൃഭാഷാദിനമായി തിരഞ്ഞെടുത്തുവെന്ന അന്വേഷണം മാതൃഭാഷാവികാരങ്ങളെ ചൂടുപിടിപ്പിക്കാൻ പര്യാപ്തമാണ്‌. ഭാഷാപ്രേമത്തിനും രക്തസാക്ഷികളുണ്ടെന്നത്‌ ഏതു ഭാഷാപ്രേമിയെയാണ്‌ ആവേശംകൊള്ളിക്കാത്തത്‌! ഐക്യകേരളപ്രസ്ഥാനമോ തെക്കൻസംസ്ഥാനങ്ങളിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളോ ആകമാനമെടുത്തുനോക്കിയാലും ധർണ, സത്യാഗ്രഹം, പൊതുയോഗങ്ങൾ, അറ്റകൈയ്ക്ക്‌ ചില കല്ലേറുകൾ എന്നിടത്തുനിന്ന്‌ അവയൊന്നും മുന്നേറിയിട്ടില്ല! എന്നാൽ, 1952 ഫെബ്രുവരി 21-ന്‌ കിഴക്കൻ പാകിസ്താന്റെ  തലസ്ഥാനവീഥികൾ ഭാഷാപ്രക്ഷോഭകാരികളുടെ രക്തംവീണു ചുവന്നു. 

nalla malayalamധാക്കാനഗരത്തിലെ കോളേജ്‌ വിദ്യാർഥികൾ അവരുടെ മാതൃഭാഷയ്ക്കായി കൂട്ടംകൂട്ടമായി തെരുവിലിറങ്ങി. ദേശീയഭാഷയായി ബംഗാളിയെ അംഗീകരിക്കുകയെന്ന പൊതുപ്രമേയമാണ്‌ യുവത്വത്തെ തെരുവിൽ ജ്വലിപ്പിച്ചത്‌. ഭരണകൂടം അതിനിഷ്ഠുരമായാണ്‌ ആ മാതൃഭാഷാപ്രണയത്തെ അമർച്ചചെയ്യാനൊരുമ്പെട്ടത്‌. ധാക്കാ ഹൈക്കോടതി പോലീസ്‌ വെടിവെപ്പിൽ വിറകൊണ്ടു. ആ ഉന്നതന്യായാസനത്തിന്റെ മതിൽക്കെട്ടിനരികെ നിരവധി വിദ്യാർഥികൾ വെടിയേറ്റുവീണു. അന്നെത്രപേർ മരിച്ചുവീണുവെന്ന്‌ ഇപ്പോഴും തിട്ടമില്ല.

ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ സംസ്കരിച്ചത്‌ അഞ്ചുപേരുടെ ശരീരങ്ങൾ. ധാക്കയിലെ ഭാഷ ആന്ദോളൻ സ്മാരകത്തിൽ അത്‌ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. അബ്ദുൾ സലാം, ഷഫിയൂർ റഹ്‌മാൻ, അബ്ദുൾ ജബ്ബാർ, അബ്ദുൾ ബർക്കത്ത്‌, മെഹബൂബ്‌. ഇവരാണ്‌ അറിയപ്പെടുന്ന ഭാഷാരക്തസാക്ഷികൾ.മതത്തിന്റെപേരിൽ, കൃത്രിമമായി പഴുപ്പിച്ചെടുത്ത ദേശീയവികാരത്തിന്റെപേരിൽ, വെട്ടിമുറിച്ചു നേടിയ പാകിസ്താൻ 1947-ൽതന്നെ ഏകദേശീയ ഭാഷയായി ഉറുദു പ്രഖ്യാപിച്ചതോടെ, വീണ്ടും പിളരുമെന്ന ആശങ്ക ഉണർന്നിരുന്നു. കാരണം മുഹമ്മദലി ജിന്നയുടെ ഭാഷയായ ഉറുദു കിഴക്കൻ പാകിസ്താനിൽ രണ്ടുശതമാനംപോലും സംസാരിച്ചിരുന്നില്ല.

മഹാഭൂരിപക്ഷത്തിന്റെ ഭാഷയായ ബംഗാളി രണ്ടാം ഭാഷയാക്കണമെന്ന അഭ്യർഥനയും നിരസിക്കപ്പെട്ടു. തൊഴിൽപരീക്ഷകളിൽനിന്ന്‌ ബംഗാളിഭാഷയെ മാറ്റിനിർത്തിയത്‌ പ്രകോപനപരമായി. ബംഗാളി എഴുതുന്നത്‌ അറബിലിപിയിൽ വേണമെന്ന ധാർഷ്ട്യത്തിലേക്കുവരെ ഭരണാധികാരികൾ എത്തിയതോടെ പൊട്ടിത്തെറിയിലേക്ക്‌ നീങ്ങുകയായിരുന്നു. 

വെടിവെപ്പിന്റെ മൂന്നാംനാൾ അടക്കമില്ലാത്ത വീര്യവുമായി വിദ്യാർഥികൾ തങ്ങളുടെ ചങ്ങാതിമാർ രക്തസ്നാതമാക്കിയ തെരുവിൽ ശഹീദ്‌ സ്മൃതിസ്മാരകമുയർത്തി. നാളുകൾക്കുശേഷമാണ്‌ ആ പ്രക്ഷോഭമടങ്ങിയത്‌. തുടർന്നുള്ള വർഷങ്ങൾ കിഴക്കൻ പാകിസ്താനിലെ ദേശീയാചരണങ്ങളിൽ ഒന്നായതുമാറി. കറുത്തതും വെളുത്തതുമായ വസ്ത്രങ്ങൾ ധരിച്ചെത്തി രക്തസാക്ഷിസ്മാരകത്തിൽ പൂക്കളർപ്പിച്ച്‌ അവർ മാതൃഭാഷയെ പ്രണമിച്ചു. ബംഗ്ലാദേശ്‌ വിമോചനപോരാട്ടത്തിന്റെ ആരംഭംകുറിച്ചത്‌ ഭാഷായുദ്ധമാണ്‌. അവരുടെ ദേശീയതയുടെ അടയാളമായി ഭാഷാപ്രണയം തളിർത്തുനിൽക്കുന്നു.

1971-ൽ പാകിസ്താൻ ഭരണത്തിൽനിന്ന്‌ മോചിതരായി ബംഗ്ലാദേശ്‌ സ്ഥാപിതമായതോടെ അവർ ദേശീയഗാനമായി ഔദ്യോഗികമായി അംഗീകരിച്ചത്‌, നേരത്തേതന്നെ ഹൃദയത്തിൽ പ്രതിഷ്ഠിതമായ ടാഗോറിന്റെ മറ്റൊരു അനശ്വരഗീതം ‘അമർ ഷോണാർ ബാംഗ്ല’ ആണ്‌. അതെ, ബംഗ്ലാദേശിനെ ഭാഷാദേശീയത എന്നുതന്നെ വിശേഷിപ്പിക്കണം. ഒരു രാഷ്ട്രത്തിന്റെ സാംസ്കാരികപ്രാതിനിധ്യവും ദേശസ്നേഹവും ഭാഷയിൽ പ്രകടിതമായതിന്റെ സാർവദേശീയ മാതൃകയാണ്‌ ബംഗ്ളാദേശ്‌. മാതൃഭാഷയ്ക്കായി ഒരു ജനതക്ക്‌ രക്തസാക്ഷികളെ  സൃഷ്ടിക്കേണ്ടിവന്നു എന്ന ചരിത്രയാഥാർഥ്യമാണ്‌ ഈ ദിവസം തിരഞ്ഞെടുക്കാൻ നിമിത്തമായതും. 

യു.എൻ. പ്രമേയം അംഗീകരിക്കുന്ന വേദിയിൽ ഇതിനനുകൂലമായി കൈയുയർത്താൻ ഇന്ത്യക്കൊപ്പം പാകിസ്താൻകൂടെ ഉണ്ടായിരുന്നുവെന്നത്‌ മറ്റൊരു ചരിത്രകൗതുകം.
ടാഗോറിന്റെ ഭാഷാഗീതത്തിന്‌ സമാനമാണ്‌ മലയാളികൾക്ക്‌ വള്ളത്തോളിന്റെ ‘എന്റെ ഭാഷ’. മാതൃഭാഷാദിനത്തിൽ മലയാളി വായിച്ചുറപ്പിക്കേണ്ടത്‌ ഈ കവിതയാണ്‌. അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്ന രണ്ടക്ഷരം, മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മാതാവിൻ വാത്സല്യദുഗ്‌ധം തുടങ്ങിയ സങ്കല്പങ്ങളടങ്ങിയ വരികളെല്ലാം സുപരിചിതം. എന്നാൽ, ഇന്നത്തെ ഭാഷാമനഃസ്ഥിതിക്ക്‌ പണ്ടേ വള്ളത്തോൾ കരുതിവെച്ച വരികൾ ഇവിടെ ഓർക്കാം:

‘‘എത്ര ലജ്ജാകര,മെത്ര ദുഃഖപ്രദം
പുത്രധർമങ്ങൾ മറന്നിടായ്‌വിൻ
മാതൃഭാഷയ്ക്കിഹ ദാസ്യം നടത്തായ്‌കി-
ലാധിപത്യത്തിന്നർഹർ നിങ്ങൾ-
ഭക്ത്യാ സ്വഭാഷ തൻ 
കാൽക്കൽക്കുനിയായ്‌കി-
ലത്തലയെങ്ങനെ പൊങ്ങിനിൽക്കും’’