കാറല്‍ മാര്‍ക്‌സിന്റെ സര്‍വതലസ്പര്‍ശിയായ സംഭാവനകളുടെ മൂര്‍ത്തരൂപമെന്ന് വിശേഷിപ്പാക്കാവുന്ന 'ദാസ് ക്യാപ്പിറ്റല്‍' പുറത്തുവന്നിട്ട് സെപ്റ്റംബര്‍ 14-ന് 150 വര്‍ഷം പിന്നിടുകയാണ്. ഒന്നാം വാല്യം പുറത്തിറങ്ങി അധികം കഴിയും മുമ്പുതന്നെ യൂറോപ്പില്‍ 'തൊഴിലാളി വര്‍ഗത്തിന്റെ ബൈബിള്‍' എന്ന വിശേഷണമാര്‍ജിച്ച 'ദാസ് ക്യാപ്പിറ്റല്‍' ഇന്നും ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങളിലൊന്നാണ്. സമത്വസുന്ദരവും ഭരണകൂടരഹിതവുമായ സാര്‍വദേശീയ സമൂഹമെന്ന തന്റെ വിഭാവനത്തിന് ശാസ്ത്രീയമായ അടിസ്ഥാനമുണ്ടെന്ന് തെളിയിക്കാന്‍ ആയുഷ്‌കാലം മുഴുവന്‍ മറ്റെല്ലാം മറന്ന് പ്രവര്‍ത്തിക്കുക; ക്യാപ്പിറ്റലിന്റെ, മൂലധനത്തിന്റെ രചനാചരിത്രം ഇതാണ്. 

കടുത്ത രോഗ-ദാരിദ്ര്യ പീഡകള്‍ സഹിച്ച്  1850-കളുടെ ആദ്യം മുതല്‍  ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലിരുന്ന് നടത്തിയ ഗവേഷണാന്ത്യത്തില്‍ തൊഴിലാളിവര്‍ഗ വീക്ഷണത്തില്‍ സാമ്പത്തികശാസ്ത്രം ആറ് വാല്യമായി രചിക്കാന്‍ തീരുമാനിച്ചു മാര്‍ക്‌സ്. അതിലെ  ആദ്യവാല്യമാണ് 1859-ല്‍ പുറത്തിറങ്ങിയത് -'രാഷ്ട്രീയ ധനശാസ്ത്രവിമര്‍ശത്തിന് ഒരു സംഭാവന'. 
 
ആ പുസ്തകം ഇറങ്ങിയ ശേഷമുണ്ടായ സാഹചര്യങ്ങളും മറ്റും പരിഗണിച്ച് 'ദാസ് ക്യാപ്പിറ്റല്‍' എന്ന മൂന്ന് വാല്യമുള്ള കൃതിക്ക് പദ്ധതിയുണ്ടാക്കി. 1862-'63 കാലത്തായിരുന്നു ഇത്. 'ധനശാസ്ത്രവിമര്‍ശനത്തിനുള്ള സംഭാവന' എന്ന പുസ്തകം മൂന്ന് അധ്യായമായി സംഗ്രഹിച്ച് 'മൂലധനം' ഒന്നാംവാല്യത്തിലെ ആദ്യഭാഗമാക്കി. ഹാംബര്‍ഗിലെ ഓട്ടോമിഷനറാണ് പ്രസാധനത്തിന് മുന്നോട്ടുവന്നത്. കമ്പോസിങ്ങില്‍ ശ്രദ്ധിക്കാനും പ്രൂഫ് സ്വന്തം കൈകൊണ്ട് തിരുത്താനുമായി  ഹാനോവറില്‍ സുഹൃത്തായ ലുദ്വിഗ് കഗല്‍മാന്റെ വസതിയില്‍ മാര്‍ക്‌സ് മൂന്നു മാസം താമസിച്ചു.

'മുതലാളിത്തോത്പാദനത്തിന്റെ വിമര്‍ശനാത്മക വ്യാഖ്യാനം' എന്നു പേരിട്ട ഒന്നാംവാല്യം മൂന്നരക്കൊല്ലം കൊണ്ടാണ് വിറ്റുതീര്‍ന്നത്. പുതിയ പതിപ്പുകള്‍ക്കായി സമ്മര്‍ദമുണ്ടായെങ്കിലും 1872-ല്‍ സമഗ്രമായി പരിഷ്‌കരിച്ച ശേഷമേ പുതിയ പതിപ്പിന് മാര്‍ക്‌സ് സമ്മതിച്ചുള്ളൂ. ആദ്യം ഒമ്പത് പുസ്തകമായെത്തി അത്. പിന്നെ 1873-ല്‍ ഒറ്റവാല്യമായും. ആദ്യ പതിപ്പിന്റെ മൂന്നു മടങ്ങ് വലിപ്പമുണ്ടായിരുന്നു '73-ല്‍ മാര്‍ക്‌സ് തന്നെ പുറത്തിറക്കിയ പതിപ്പിന്. സമഗ്രമായ എഡിറ്റിങ്ങും അടിക്കുറിപ്പും ചേര്‍ത്ത് 1890-ല്‍ എംഗല്‍സ് ഇറക്കിയ നാലാം ജര്‍മന്‍ പതിപ്പാണ് 'ദാസ് ക്യാപ്പിറ്റല്‍' ഒന്നാം വാല്യത്തിന്റെ പില്‍ക്കാല പതിപ്പുകളുടെയെല്ലാം അടിസ്ഥാനം. ഇന്ന് ലോകത്തെങ്ങും പ്രചാരത്തിലുള്ളത് അതാണ്. 

പടവുകള്‍ കയറി ഒടുവില്‍ മൂലധനം

ബോണ്‍-ബെര്‍ലിന്‍  സര്‍വകലാശാലകളില്‍ നിയമം പഠിക്കുകയും അതിനിടയില്‍ ജെനോ സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത കാറല്‍ മാര്‍ക്‌സ് ധനശാസ്ത്രരംഗത്തെത്തുന്നത് പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. 1842 ഏപ്രിലില്‍ 'റെയിനിഷെ സെയ്ത്തുംഗ്' പത്രത്തില്‍ ലേഖകനാവുകയും അഞ്ച് മാസത്തിനകം അതിന്റെ പൊളിറ്റിക്കല്‍ എഡിറ്ററാവുകയുംചെയ്ത മാര്‍ക്‌സ് കാട്ടിലെ വിറക് എടുക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് അഞ്ച് ലക്കത്തിലായി ഒരു പരമ്പരയെഴുതി. കാട്ടില്‍ കയറി വിറക് പെറുക്കിക്കൊണ്ടുപോകുന്നത് നിരോധിച്ചതിനെതിരേയായിരുന്നു പരമ്പര.

എല്ലാവരുടേതുമായ പ്രകൃതിവിഭവങ്ങള്‍ സാധാരണക്കാര്‍ക്ക് നിഷേധിക്കുന്നതിനെ മാര്‍ക്‌സ് എതിര്‍ത്തു. ഇതടക്കമുള്ള ലേഖനങ്ങളുടെ പേരില്‍ പത്രത്തെ കമ്യൂണിസ്റ്റെന്ന് മുദ്രകുത്തി നടപടി  ഭീഷണിയുണ്ടായി. ഈ ഘട്ടത്തില്‍ പത്രത്തില്‍നിന്നൊഴിഞ്ഞ മാര്‍ക്‌സ് ഫ്രാന്‍സിലേക്ക്  കടന്നു. അതേവരെ കമ്യൂണിസം അന്യമായിരുന്ന മാര്‍ക്‌സ് വിറക് പ്രശ്‌നത്തിലൂടെ മൂലധനത്തെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചുമുള്ള പഠനത്തിലേക്ക് തിരിഞ്ഞു. 1844-ല്‍ 'ധനശാസ്ത്ര-തത്ത്വശാസ്ത്ര കുറിപ്പുകള്‍' എന്ന പുസ്തകം എഴുതി.

ഈ കൃതിയിലാണ് 'ദാസ് ക്യാപ്പിറ്റലി'ന്റെ വേര്. നിലവിലുള്ള വ്യവസ്ഥിതിയില്‍ അധ്വാനം അന്യവത്കരിക്കപ്പെടുകയാണെന്നും ഉത്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയാണതിന് കാരണമെന്നും തൊഴിലിന്റെ അന്യാധീനം സാമൂഹ്യമായ അന്യാധീനത്തിന് കാരണമാകുന്നുവെന്നും അത് വളര്‍ച്ച മുരടിപ്പിക്കുകയും അസ്വതന്ത്രരാക്കുകയും സ്വാഭാവിക മാനവസൗഹൃദം പോലുമില്ലാതാക്കുകയും ചെയ്യുന്നുവെന്നും അന്യാധീനമായ അധ്വാനമാണ് സ്വകാര്യസ്വത്താകുന്നതെന്നുമാണ് 'സാമ്പത്തിക-തത്ത്വശാസ്ത്ര കുറിപ്പു'കളുടെ സത്ത. 

1845-ല്‍ ഇംഗ്ലണ്ടിലെ വ്യവസായ മേഖല മാര്‍ക്‌സും എംഗല്‍സും സന്ദര്‍ശിക്കുകയും ലീഗ് ഓഫ് ജസ്റ്റ്, ചാര്‍ട്ടിസ്റ്റുകള്‍ എന്നിവരുമായി ബന്ധപ്പെടുകയും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന് ധാരണയിലെത്തുകയും ചെയ്തു. തുടര്‍ന്ന് 10 ദിവസം പാരീസില്‍ താമസിച്ച അവര്‍ ഒരു പുസ്തകമെഴുതി. ബ്രൂണോ സഹോദരന്മാരെ പുണ്യകുടുംബം എന്നുവിശേഷിപ്പിക്കുന്ന കൃതിയായിരുന്നു അത്. പ്രസ്ഥാനങ്ങളെല്ലാം തകര്‍ന്നത് ജനകീയത കാരണമാണെന്നും പാമര ഭൂരിപക്ഷമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും പണ്ഡിതന്മാരാണ് ലോകത്തെ മുന്നോട്ടുനയിക്കുന്നതെന്നുമായിരുന്നു ബ്രൂണോസഹോദരങ്ങളുടെ സിദ്ധാന്തം. മഹാന്മാരായ ഏതാനും പേരല്ല, അധ്വാനിക്കുന്ന ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന് പ്രഖ്യാപിക്കുന്നതാണ് 'ദി ഹോളി ഫാമിലി-ക്രിറ്റിക്ക് ഓഫ് ക്രിറ്റിക്കല്‍ ക്രിറ്റിസിസം' എന്ന കൃതി.

ഫോയര്‍ബാഹിന്റെ ഭൗതികവാദത്തെ കൂട്ടുപിടിച്ചാണ്  ബ്രൂണോ സഹോദരങ്ങളെ കടന്നാക്രമിച്ചത്. എന്നാല്‍, ഫോയര്‍ബാഹിന്റെ യാന്ത്രികഭൗതികവാദവും സ്വീകാര്യമല്ലെന്നുകണ്ട് അതിനെ കടന്നാക്രമിക്കാന്‍ 11 അധ്യായങ്ങളുള്ള തീസിസ് മാര്‍ക്‌സ് എഴുതി. അപ്പോഴേക്കും വിപ്ലവം ആവശ്യമില്ല, സഹകരണസംഘങ്ങളിലൂടെ സമത്വം കൈവരിക്കാമെന്ന സിദ്ധാന്തവുമായി ഫ്രഞ്ച് ചിന്തകനും ജനകീയനേതാവുമായ പീറ്റര്‍ ജോസഫ് പ്രുദോങ് മുന്നേറുകയായിരുന്നു. ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രം എന്ന കൃതി 1847 ആദ്യം പ്രുദോങ് പുറത്തിറക്കി. അതിനെ നിശിതമായി ആക്രമിച്ചുകൊണ്ട് രണ്ട് മാസത്തിനകം മാര്‍ക്‌സ് തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്ന പുസ്തകം ഫ്രഞ്ചില്‍ത്തന്നെ ഇറക്കി. 

ഇതിന്റെയും തുടര്‍ച്ചയായി ബ്രസ്സല്‍സിലെ ഒരുമുറിയില്‍ താമസിച്ച് മാര്‍ക്‌സും എംഗല്‍സും നടത്തിയ വാദപ്രതിവാദത്തിലൂടെ രൂപപ്പെടുകയും ഭൂരിഭാഗവും മാര്‍ക്‌സ് തന്നെ എഴുതുകയും ചെയ്ത ഗ്രന്ഥമാണ് പ്രശസ്തമായ ജര്‍മന്‍ ഐഡിയോളജി. അപ്പോഴേക്കും 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എഴുതി അവതരിപ്പിക്കേണ്ട സന്ദര്‍ഭമായി. രണ്ട് കാര്യത്തില്‍കൂടി വ്യക്തത വേണം - അങ്ങനെയാണ് 'കൂലിവേലയും മൂലധനവും' എന്ന പ്രഭാഷണം മാര്‍ക്‌സ് നടത്തുന്നത്. പിന്നീട് സ്വതന്ത്രവ്യാപാരം എന്ന ലഘുഗ്രന്ഥരചന. ഇങ്ങനെ ആശയപരമായ അടിത്തറ പൂര്‍ണമായെന്ന ബോധ്യത്തോടെയാണ് 1848-ല്‍ 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എഴുതുന്നത്. 
 ഇങ്ങനെ പടവുകള്‍ കയറിക്കഴിഞ്ഞ ശേഷമാണ് 1851-ല്‍ 'മൂലധന' രചനയ്ക്കാവശ്യമായ തയ്യാറെടുപ്പിലേക്ക് മാര്‍ക്‌സ് കടക്കുന്നത്. 'മൂലധനം' ഒന്നാംവാല്യത്തിനെതിരായ വലിയ ആക്ഷേപം ദുര്‍ഗ്രഹതയെന്നതായിരുന്നു.

നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോവുക 

ദുര്‍ഗ്രഹതയെപ്പറ്റി 'ദാസ് ക്യാപ്പിറ്റലി'ന്റെ ഫ്രഞ്ച് പതിപ്പിന് എഴുതിയ ഹ്രസ്വമായ മുഖവുരയില്‍ കാള്‍ മാര്‍ക്‌സ് പറഞ്ഞു: ''ശാസ്ത്രജ്ഞാനത്തിലേക്ക് രാജപാതയില്ല. ശാസ്ത്രത്തിന്റെ കിഴുക്കാംതൂക്കായ ഇടുങ്ങിയ പാതയിലൂടെ പ്രയാസപ്പെട്ട് കയറിയെത്താന്‍ ഭയപ്പാടില്ലാത്തവര്‍ക്ക് മാത്രമേ  അതിന്റെ പ്രകാശമാനമായ കൊടുമുടിയിലെത്താന്‍ പറ്റൂ.''
 
എല്ലാ തുടക്കങ്ങളും ദുര്‍ഘടമാണെന്ന് ഒന്നാം ജര്‍മന്‍ പതിപ്പിന്റെ ആമുഖത്തില്‍ത്തന്നെ വ്യക്തമാക്കിയ മാര്‍ക്‌സ് ദുര്‍ഗ്രഹതയെക്കുറിച്ച് മാത്രമല്ല, താന്‍ നടത്തുന്ന പ്രവര്‍ത്തനത്തെയും താന്‍ സ്ഥാപിക്കുന്ന സിദ്ധാന്തത്തെയും തന്നെയാണ് രൂപകരൂപത്തില്‍ സൂചിപ്പിക്കുന്നത്.

ശാസ്ത്രീയമായ  വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യും എന്നാല്‍, മുന്‍വിധികള്‍ പൊതുജനാഭിപ്രായമെന്നപേരില്‍ എഴുന്നള്ളിച്ചാല്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് വ്യക്തമാക്കിയ  മാര്‍ക്‌സ് തൊട്ടടുത്തതും അവസാനത്തേതുമായ വരിയായി ഇങ്ങനെ എഴുതി: ''മഹാനായ ഫ്‌ളോറന്‍സുകാരന്റെ വാക്കുകള്‍ ഞാന്‍ കടമെടുക്കുന്നു-ആളുകള്‍ എന്തും പറയട്ടെ, നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോവുക''-( ഫ്‌ളോറന്‍സുകാരന്റെ പേര്  മാര്‍ക്‌സ് പറയുന്നില്ല.)

വിഷയം ഗഹനമായതിനാല്‍ പ്രതിപാദനവും ഗഹനമാകാതിരിക്കില്ല എന്നതായിരുന്നു മാര്‍ക്‌സിന്റെ നിലപാട്. എന്നാല്‍, വിവിധ ഭാഷകളിലെ പുതിയ പതിപ്പുകള്‍ക്ക് എഴുതിയ അവതാരികകളിലൂടെയും എഡിറ്റിങ്ങിലൂടെയും ക്യാപ്പിറ്റല്‍ ഒന്നാം വാല്യത്തിന്റെ വായന സുഗമമാക്കാന്‍ എംഗല്‍സിന് കഴിഞ്ഞു.

ക്യാപ്പിറ്റല്‍ എഴുതുന്നതിനായി മാര്‍ക്‌സ് തയ്യാറാക്കിയ ബാക്കി നോട്ടുപുസ്തകങ്ങള്‍ പകര്‍ത്തലും എഡിറ്റ് ചെയ്ത് രണ്ടും മൂന്നും വാല്യം പ്രസിദ്ധപ്പെടുത്തലും എംഗല്‍സിന്റെ ചുമതലയായി. ഉടനീളം വെട്ടുംതിരുത്തും നിറഞ്ഞ ആ നോട്ടുപുസ്തകങ്ങളില്‍നിന്ന് എംഗല്‍സ് രണ്ടും മൂന്നും വാല്യം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. മാര്‍ക്‌സിന്റെ മകള്‍ എലേനര്‍ ഇതില്‍ കാര്യമായി സഹായിച്ചു. എന്നിട്ടും അവശേഷിച്ച കുറിപ്പുകളാണ് നാലാം വാല്യമായി 'മിച്ചമൂല്യസിദ്ധാന്തം' എന്ന പേരില്‍ കാള്‍ കൗതുസ്‌കി പ്രസിദ്ധപ്പെടുത്തിയത്.