സ്വയം വായിച്ച് സ്വയം പരിശീലിച്ച എഴുത്തുകാരന്‍. ആദ്യരചന പുറത്തുവരുന്നത് പത്താംതരത്തില്‍ പഠിക്കുമ്പോള്‍. സാഹിത്യമാണ് തന്റെ ജീവിതവഴിയെന്ന് അന്നേ മനസ്സിലുറപ്പിച്ചിരുന്നു. വേറിട്ട രചനാപാടവം കൊണ്ട് മലയാളസാഹിത്യത്തെ സമ്പന്നമാക്കിയ സി.വി.ബാലകൃഷ്ണന്റെ എഴുത്തിന്റെ 50-ാം വര്‍ഷമാണിത്. 

നോവലുകള്‍, കഥകള്‍, നോവലെറ്റുകള്‍, ലേഖനങ്ങള്‍, ചലച്ചിത്രപഠനം, വിവര്‍ത്തനം, തിരക്കഥ, ഓര്‍മക്കുറിപ്പുകള്‍, ആത്മകഥ എന്നിങ്ങനെ തൂലിക ചലിപ്പിച്ച മേഖലകളിലൊക്കെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഏറ്റവുമൊടുവിലിതാ സാമൂഹികപ്രതിബദ്ധതയുള്ള ഒരു സമഗ്രനോവലിന്റെ പണിപ്പുരയിലും. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും ചുറ്റുപാടുകളെ ഉള്‍ക്കാഴ്ചയോടെ നിരീക്ഷിക്കാനുള്ള പാടവവും. പിന്നിട്ട ജീവിതവഴികളില്‍ കാണപ്പെട്ട പല സംഭവങ്ങളും രചനാവിഷയങ്ങളായി. കവിത തുളുമ്പുന്ന ഭാഷാശൈലികൊണ്ടും സവിശേഷമായ ആഖ്യാനരീതികൊണ്ടും എഴുതിയ പുസ്തകങ്ങള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ഈ പ്രതിഭയെ തേടിയെത്തി. 

വിദ്യാര്‍ഥിയായിരിക്കെ 1967-ല്‍ എഴുതിയ ആദ്യ റേഡിയോ നാടകവും അതിനു ലഭിച്ച പ്രതിഫലത്തുകയും ഇന്നും അത്ഭുതത്തോടെ ഓര്‍ക്കുകയാണ് സി.വി. ബാലകൃഷ്ണനെന്ന ചൂവാട്ട വടക്കേക്കര ബാലകൃഷ്ണന്‍. ആകാശവാണി കോഴിക്കോട് നിലയത്തിലേക്ക് നാടകം തയ്യാറാക്കി അയച്ചായിരുന്നു തുടക്കം. നാടകം പ്രക്ഷേപണയോഗ്യമായി തിരഞ്ഞെടുത്ത വിവരമറിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തോടെയായിരുന്നു. പക്ഷേ, ആ നാടകം കേള്‍ക്കാനുള്ള ഭാഗ്യം അന്നുണ്ടായില്ല. 

paralmeen neenthunna paadamരാത്രി 9.15 മുതല്‍ 9.30 വരെയായിരുന്നു നാടകം പ്രക്ഷേപണം ചെയ്തത്. വീട്ടില്‍ അമ്മാവന് ഒരു ചെറിയ ട്രാന്‍സിസ്റ്റര്‍ റേഡിയോ ഉണ്ടായിരുന്നെങ്കിലും അത് മുറിയില്‍വച്ച് പൂട്ടിയിരുന്നു. കുറച്ചകലെയുണ്ടായിരുന്ന എന്‍.വി.കൃഷ്ണന്റെ ബാര്‍ബര്‍ ഷാപ്പില്‍ റേഡിയോ ഉണ്ടായിരുന്നെങ്കിലും കട വൈകീട്ടോടെ പൂട്ടിപ്പോയതിനാല്‍ ആ സാധ്യതയും ഇല്ലാതായി. അങ്ങനെ ആദ്യനാടകം കേള്‍ക്കാനുള്ള ഒരുസാധ്യതയും ഇല്ലാതെപോയി. അന്ന് രാത്രി സങ്കടത്തോടെയാണ് ഉറങ്ങിയത്. 

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നാടകത്തിന് പ്രതിഫലമായി തപാല്‍വഴി 15 രൂപയുടെ ചെക്ക് കിട്ടി. ആദ്യമായാണ് ഒരു ചെക്ക് കാണുന്നത്. അമ്മയുടെ അമ്മാവന് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. അതുവഴിയാണ് ചെക്ക് മാറ്റിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കഥയെഴുതി. വിഷുവിന് പടക്കം വാങ്ങിയിരുന്നെങ്കിലും വീട്ടില്‍നിന്നു പൊട്ടിക്കുന്നത് അമ്മാവന്‍ വിലക്കി. തുടര്‍ന്ന് മണ്ണെണ്ണവിളക്ക് കത്തിച്ച് പുറത്തുപോയി ഒറ്റയ്ക്കിരുന്ന് പടക്കം പൊട്ടിക്കേണ്ടിവന്നു. ഇതായിരുന്നു കഥാതന്തു. പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആ കഥ തപ്പിയെടുത്ത അമ്മാവന്‍ ചുരുട്ടി കീറിയെറിഞ്ഞു. അമ്മാവനെ കഥാപാത്രമാക്കി കഥയെഴുതിയതിനായിരുന്നു ദേഷ്യം. തുടര്‍ന്ന് കുറച്ചുകാലം കഥകളെഴുതി വീടിന്റെ മച്ചില്‍ കൊണ്ട് ഒളിപ്പിക്കും. പെരുച്ചാഴിയും മരപ്പട്ടികളും മറ്റുമായിരുന്നു ഇത് കണ്ടിരുന്നത്. സാഹിത്യത്തിന് അനുകൂലമായ ഒരു സാഹചര്യം അന്നുണ്ടായിരുന്നില്ല. നേരാംവണ്ണം വായിക്കാനുള്ള അവസരംപോലും ഉണ്ടായിരുന്നില്ല. 

വടക്കേ മലബാറില്‍ ഒരുകാലത്ത് തീവ്രമായിരുന്ന മരുമക്കത്തായ വ്യവസ്ഥയുടെ അവസാന പ്രതിനിധികളില്‍ ഒരാളായിരുന്നു താനെന്നാണ് സി.വി. പറയുക. അതിന് ഗുണങ്ങളേക്കാള്‍ ദോഷമായിരുന്നു. ഇല്ലായ്മയുടെ ഓര്‍മകളായിരുന്നു അന്ന്. സംസ്‌കൃതത്തിലുള്ള അഷ്ടാംഗഹൃദയവും ഭഗവത് ഗീതയും അച്ഛന്‍ വീട്ടില്‍നിന്ന് ചൊല്ലുന്നതുകേട്ട് ചെറുപ്പത്തിലേ ഹൃദിസ്ഥമായിരുന്നു. ജീവിതത്തില്‍ എന്താകണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചിരുന്നപ്പോള്‍ എഴുത്തുകാരനാകണമെന്നു തന്നെയാണ് പറഞ്ഞിരുന്നത്.

ഉള്ളിന്റെയുള്ളില്‍ ഒരു പ്രേരണയുണ്ടായിരുന്നു. അടക്കാനാവാത്ത പ്രേരണ. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ എഴുത്തുകാരനാകണമെന്ന് നിലപാട് വ്യക്തമാക്കിയപ്പോള്‍ അമ്മാവന്‍ ഒന്നു വിരട്ടിനോക്കി. 'എഴുത്തുകാരനാവണം പോലും, പയ്യന്നൂരിലെ അങ്ങാടിയില്‍പോയി കണക്കെഴുത്' എന്നായിരുന്നു ആക്രോശിച്ചത്. കിട്ടിയതൊക്കെ വായിക്കുന്ന സ്വഭാവം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. വായിച്ചുകഴിയുമ്പോഴാണ് ഓരോ കൃതിയുടെയും മൂല്യമറിയുക. അക്കാലത്ത് പമ്മന്റെ നോവല്‍ ലൈബ്രറിയില്‍ നിന്നെടുത്ത് വീട്ടില്‍ കൊണ്ടുവന്നു. പുസ്തകം വായിക്കുന്നതിനിടയില്‍ അമ്മാവന്‍ അതെടുത്ത് മഴയിലേക്ക് വലിച്ചെറിഞ്ഞു. സെക്‌സ് പുസ്തകം എന്നുപറഞ്ഞായിരുന്നു വലിച്ചെറിഞ്ഞത്. പരിഭ്രാന്തനായി അതെടുത്ത് അടുക്കളയില്‍ കൊണ്ടുചെന്ന് ഉണക്കിയ സംഭവം ഇന്നും സി.വി. ഓര്‍ക്കുന്നു. 

എല്ലാ വായനയും ഗുണംചെയ്തു. രാജപാതയിലൂടെയല്ല ഊടുവഴിയിലൂടെ നടന്നാണ് മുന്നേറിയത്. ചെറിയ കഥകളും ലേഖനങ്ങളും അന്ന് സ്വന്തം പേരിലും മറ്റുപേരിലും എഴുതിക്കൊണ്ടിരുന്നു. 1969-ല്‍ വയലാറും മങ്കൊമ്പ് ഗോപാലകൃഷ്ണനും ചേര്‍ന്ന് മദ്രാസില്‍നിന്ന് ഇറക്കിയ 'ഉപാസന' മാസികയിലാണ് ആദ്യകഥ വന്നത്. പേര് കോടാലി. അധ്യാപകപരിശീലനം നടത്തുന്ന സമയത്തായിരുന്നു ആ കഥയെഴുതിയത്. 

ഒ.വി.വിജയനായിരുന്നു മാതൃക. മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പുമായിരുന്നു അന്ന് വായനയുടെ പ്രധാന വിഭവങ്ങള്‍. ഇടക്കാലത്ത് എഴുത്ത് നിര്‍ത്തി. അധ്യാപകനായി ജീവിതം തുടങ്ങിയ കാലത്തായിരുന്നു അത്. മയ്യഴി കരിയാട്ട് അധ്യാപകനായാണ് ആദ്യം ജോലി. പിന്നെ കമ്പല്ലൂരില്‍. അന്നത്തെ അനുഭവങ്ങള്‍ എഴുത്തുകാരനെന്ന നിലയില്‍ സഹായകമായി.ethetho saranikalil 

74 മുതല്‍ കൂടുതല്‍ കഥകളെഴുതി. 79-ന്റെ അവസാനത്തിലാണ് ബംഗാള്‍ തീയറ്ററിനെക്കുറിച്ച് പഠിക്കാന്‍ കൊല്‍ക്കത്തയിലേക്ക് പോയത്. ഇതിന് കേരള സാഹിത്യ അക്കാദമി ഗ്രാന്റ് ലഭിച്ചിരുന്നു. അത് ജീവിതത്തിലൊരു വഴിത്തിരിവായി. പ്രമുഖ ബംഗാളി എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ കൃതികള്‍ വായിക്കാനും അവസരമുണ്ടായി. കൊല്‍ക്കത്തയിലെ ഊടുവഴികളിലൂടെ സഞ്ചരിച്ച് അവരുടെ ജീവിതം പഠിച്ചു. അന്ന് അസാമാന്യമായ ധൈര്യമുണ്ടായിരുന്നു. കര്‍മനിരതനായ കാലം. അതിന്റെ സൃഷ്ടിയാണ് 'ആയുസ്സിന്റെ പുസ്തകം'. 

വായനാനുഭൂതികൊണ്ട് ആ നോവല്‍ ഏറെ ചര്‍ച്ചാവിഷയമായി. സാഹിത്യലോകം ആ ചെറുപ്പക്കാരനെ അതോടെ ശ്രദ്ധിച്ചു. എഴുത്തിലൂടെ ജീവിക്കാമെന്ന ആത്മധൈര്യമുണ്ടായതോടെ 20 വര്‍ഷത്തെ അധ്യാപകജോലിയില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു. പറയാനുള്ളത്, ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എഴുതി. ഒരിക്കലും വ്യാപാരത്തിനുവേണ്ടി എഴുതിയിട്ടില്ല. കമേഴ്‌സ്യല്‍ സിനിമയുടെ കൂടെ പോയിരുന്നെങ്കില്‍ കുറേക്കൂടി സമ്പന്നമായി ജീവിക്കാമായിരുന്നു. പക്ഷേ അതിനൊന്നും താത്പര്യമില്ലായിരുന്നു. 

സിനിമയോട് ചെറുപ്പത്തിലേ പ്രതിപത്തിയുണ്ടായിരുന്നു. പയ്യന്നൂരിലെ ശോഭ ടാക്കീസില്‍നിന്ന് തറ ടിക്കറ്റെടുത്ത് പൂഴിയിലിരുന്ന് സിനിമ കണ്ടകാലം. സിനിമകളെക്കുറിച്ച് എഴുതാനും നിരവധി തിരക്കഥകള്‍ രചിക്കാനുമായത് മറ്റൊരു നേട്ടം. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത് ഏറ്റവും പുതിയ സിനിമ കാണുന്നവര്‍ക്കിടയിലും സി.വി.യെ കാണാം. ആദ്യമായി കഥയും തിരക്കഥയും എഴുതിയത് കെ.ജി.ജോര്‍ജിന്റെ മറ്റൊരാള്‍ എന്ന ചിത്രത്തിനാണ്. മലയാളത്തിലെ പ്രമുഖരായ പല സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എന്ന നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 

കണ്ണാടിക്കടല്‍, ഉപരോധം, ദിശ, ഇതിവൃത്തം, മരണം എന്നു പേരുള്ളവന്‍, കാമമോഹിതം, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, കടല്‍ഗുഹകള്‍, കളമെഴുത്ത്, ലൈബ്രേറിയന്‍, വരൂ ദൈവമേ വരൂ എന്നിവയാണ് സി.വി.ബാലകൃഷ്ണന്റെ മറ്റു പ്രധാന നോവലുകള്‍. പരല്‍മീന്‍ നീന്തുന്ന പാടം എന്ന ആത്മകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ ഏറെ ശ്രദ്ധനേടിയ ബാല്യകൗമാര സ്മരണയാണ്. ഇതിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. നീണ്ട ചുരുണ്ടമുടി. കട്ടി മീശ. ആകെയൊരു ഫോട്ടോജനിക് മാന്‍, എന്നും യുവത്വം. 

ബാല്യകാലം അന്നൂരിലായിരുന്നെങ്കിലും കാലിക്കടവില്‍ വീടുവെച്ചതിനുശേഷം അങ്ങോട്ടേക്ക് താമസം മാറ്റി. ഏറെ സൗഹൃദങ്ങള്‍. എഴുത്തും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കേണ്ട യാത്രകളും സിനിമയും ഒക്കെയായി തിരക്കോട് തിരക്കാണ് ജീവിതം. ഉള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന പ്രകൃതി. ഉള്ള സത്യം പലതും തുറന്നു പറഞ്ഞപ്പോള്‍ ചിലര്‍ക്ക് പൊള്ളി. ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും മദ്യനയത്തിലും മുത്തങ്ങ- കൂത്തുപറമ്പ് വെടിവെപ്പുകളിലും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞപ്പോള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഭീഷണിയുയര്‍ന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ സ്വതന്ത്രചിന്താസരണിയുമായി മുന്നോട്ടുതന്ന.


തിരിഞ്ഞുനോക്കുമ്പോള്‍

ഒരു എഴുത്തുകാരന് ലഭിക്കേണ്ടുന്ന ഏറ്റവും മെച്ചപ്പെട്ട ആദ്യകാല പരിശീലനം എന്താണെന്ന ചോദ്യത്തിന് ഏണസ്റ്റ് ഹെമിങ്വേ നല്‍കിയ മറുപടി ആനന്ദരഹിതമായ കുട്ടിക്കാലമെന്നായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ആ പരിശീലനം എനിക്കു?േവണ്ടതിലേറേ ലഭിച്ചിട്ടുണ്ട്. ഉച്ചവെയിലിന്റെ കൊടുംചൂടും നിലാവില്ലാത്ത പാതിരാവിന്റെ കറുകറുപ്പുമാണ് ബാല്യത്തിന്റെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നത്. 

visudhachumbanamഅപ്പം വാങ്ങാന്‍ ഒരണയില്ലാതെ, വലിയ കുടയുമായി നടക്കുന്ന അപ്പക്കാരനുപിറകെ മണംപിടിച്ചു നടന്ന കാലം. എല്ലാറ്റിനോടും കടംപറച്ചില്‍. ഉള്ളിലെപ്പോഴും നിറവേറാത്ത ചെറിയ ആഗ്രഹങ്ങളെക്കുറിച്ചുള്ള വിങ്ങല്‍. പക്ഷേ, ദേശത്ത് ധാരാളമായുള്ള തെയ്യങ്ങളും തലയന്നേരിക്കാവില്‍നിന്ന് വീട്ടിലെത്തുന്ന പോതികളും നീട്ടിയ കൈവെള്ളയിലേക്ക് മഞ്ഞള്‍പ്രസാദമിട്ട് അനുഗ്രഹിക്കുമായിരുന്നു. 'ഗുണം വരണം, ഗുണം വരണം.'

മരുമക്കത്തായ വ്യവസ്ഥ പുലരുന്ന ഒരു കൂട്ടുകുടുംബം എത്ര ദൗര്‍ഭാഗ്യകരമായ സാഹചര്യമാണെന്ന് ഇക്കാലത്തെ ഒരു കുട്ടിക്ക് സങ്കല്പിക്കാനായേക്കില്ല. വല്ലപ്പോഴും ഒരു വിരുന്നുകരനെപ്പോലെ വന്നെത്തുന്ന അച്ഛന്‍ ഏറെക്കുറെ അദൃശ്യനാണ്. പേടിയുടെ താക്കോല്‍ കൈയില്‍ സൂക്ഷിക്കുന്ന കാരണവരാകട്ടെ എപ്പോഴും മുന്നിലുണ്ട്. ഉറക്കെ എന്തെങ്കിലും പറയുകയോ പദ്യംചൊല്ലുകയോ പാഠം വായിക്കുകയോ ചെയ്തുകൂടാ. കാരണവര്‍ നിലത്ത് പലകയിട്ടിരുന്ന് മധുരംചേര്‍ത്ത ചായ കുടിക്കുന്നതും (ആ അവകാശം ഒരാള്‍ക്കുമാത്രം) കടുമാങ്ങതിന്നുന്നതും വലിയ മീന്‍കഷ്ണങ്ങള്‍ അകത്താക്കുന്നതും ഇരുണ്ട ഏതെങ്കിലും കോണില്‍ മറഞ്ഞുനിന്ന് കാണാം. അത് അനന്തിരവന്റെ അവകാശം.

ബാല്യത്തില്‍ എനിക്ക് ആശ്വാസമായത് പുസ്തകങ്ങളാണ്.രഹസ്യസഞ്ചാരങ്ങള്‍ക്കായി പുസ്തകങ്ങളുടെ അതിവിസ്തൃതമായ ലോകം കണ്ടെത്തിയതോടെ ഞാന്‍ എന്റെ sareeram ariyunnathuസ്വകാര്യദുഃഖങ്ങള്‍ ആകപ്പാടെ മറന്നു. വീടിനുതൊട്ടടുത്ത് ഒരു ലൈബ്രറിയായിരുന്നു. സഞ്ജയന്റെ സ്മാരകമായ ആ ഗ്രന്ഥാലയമാണ് എന്റെ പില്‍ക്കാല ജീവിതത്തെ നിര്‍ണയിച്ചത്. 

ജീവിതത്തെക്കുറിച്ചുള്ള അറിവുകള്‍ എനിക്കുപകര്‍ന്നുകിട്ടിയത് ഗ്രന്ഥാലയത്തിലെ അസംഖ്യം പുസ്തകങ്ങളില്‍നിന്നാണ്. അവ എന്നെ ചെറിയ ദേശത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍നിന്ന് അകലങ്ങളിലേക്കു കൊണ്ടുപോയി. അറിയാത്ത അനേകം നാടുകളിലേക്കും നഗരങ്ങളിലേക്കും ജീവിതമേഖലകളിലേക്കും അവ എന്നെ നയിച്ചു. മനുഷ്യമനസ്സ് എത്രമേല്‍ സങ്കീര്‍ണമാണെന്ന് അവ എന്നെ േബാധ്യപ്പെടുത്തി. അറിവുപകര്‍ന്ന ഓരോ പുസ്തകവും എന്റെ ദേഹാംശം തന്നെയാണെന്നതുകൊണ്ട് ഞാന്‍ എങ്ങനെയാണ് അവയ്ക്കു നന്ദിപറയുക! ആ അംശം ഇല്ലെന്നുവരികില്‍ ഞാന്‍ ഒന്നുമല്ലല്ലോ, ആരുമല്ല്‌ലല്ലോ.