ര്‍മകളുടെ മഹാപ്രളയം... കാലവും ദേശവും തീര്‍ത്ത തടയണകള്‍ തകര്‍ത്ത് കുതിച്ചെത്തുന്ന ഓര്‍മകള്‍... അതില്‍ നാടുണ്ട്... നാട്ടാചാരങ്ങളുണ്ട്... ചരിത്രവും മിത്തുകളും ശീലങ്ങളുമുണ്ട്... എല്ലാറ്റിലുമുപരി വേണുഗോപാലെന്ന വിദേശമലയാളി ഡോക്ടറുടെ ജീവിതമുണ്ട്.

പഴയ തറവാട്ടിലെ കൂട്ടുകുടുംബത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്നും മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ ഭാര്യയുടെയും മകളുടെയും കൈപിടിച്ചിറങ്ങിയതാണ് ഡോ. വേണുഗോപാല്‍ കെ. മേനോന്‍. ഇപ്പോള്‍ വയസ്സ് എണ്‍പതാകുന്നു. അരനൂറ്റാണ്ടോളം അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു ജീവിതം. കയ്പും മധുരവും കലര്‍ന്ന ജീവിതയാത്രയുടെ ഇങ്ങേത്തലയ്ക്കലേക്ക് എത്തുമ്പോഴും മനസ്സില്‍ പച്ചകെടാതെ നില്‍ക്കുന്നത് ജന്മനാടിന്റെ മധുരസ്മരണകള്‍.

പ്രായമേറുന്തോറും തീവ്രതയേറിവരുന്നു എന്ന  സവിശേഷത ഈ നാട്ടോര്‍മകള്‍ക്കുണ്ടെന്ന് ഡോക്ടര്‍ തിരിച്ചറിയുന്നു. ഈ ഓര്‍മത്തുമ്പികളെ ബാല്യത്തില്‍ അനുഭവിച്ച അതേ കൗതുകത്തോടെ, ഭാഷയുടെ നൂലില്‍ക്കെട്ടി ഒരു പുസ്തകത്തില്‍ ബന്ധിക്കുകയാണ്  ഡോ. വേണുഗോപാല്‍.  

'അമ്മ എന്നെ ഉണ്ണീന്ന് വിളിച്ചു...' ('Amma called me Unni, Life Stories of a Migrant Doctor') എന്ന പുസ്തകം വ്യത്യസ്തമാകുന്നത് ഇതിലെ നാട്ടോര്‍മകളുടെ ഊഷ്മളത കൊണ്ടാണ്. പേരു സൂചിപ്പിക്കും പോലെ അമ്മയുടെ വാത്സല്യത്തണലില്‍ ചുരുണ്ടുനില്‍ക്കാന്‍ കൊതിക്കുന്ന ഒരു ശിശുവിന്റെ നിഷ്‌കളങ്കത ഈ പുസ്തകത്തിലെ ഓരോ താളിലും വായിച്ചെടുക്കാം.

house 2

എറണാകുളം കതൃക്കടവിലെ കടേക്കല്‍ വീട്ടില്‍ തങ്കമ്മയുടെയും കൊടുങ്ങല്ലൂരില്‍ നിന്നെത്തി കാരിക്കാമുറിയില്‍ താമസമാക്കിയ നാരായണ മേനോന്റെയും ഏഴു മക്കളില്‍ മൂത്തയാളായിരുന്നു വേണുഗോപാല്‍. അച്ഛന്‍ ടാറ്റാ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നു വേണു. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. ആറാം ക്ലാസാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരുജോഡി ചെരുപ്പ് കിട്ടുന്നത്. അന്ന് ലോകം കൈയിലെത്തിയ സന്തോഷമായിരുന്നുവെന്ന്  വേണുഗോപാല്‍ ഓര്‍മിച്ചു.

എസ്.ആര്‍.വി. സ്‌കൂളിലും മഹാരാജാസ് കോളേജിലും പഠനം പൂര്‍ത്തിയാക്കി 1956-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്സിന് ചേര്‍ന്നു. 1962-ല്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് സംസ്ഥാന ആരോഗ്യവകുപ്പില്‍ ഡോക്ടറായി. തിരൂര്‍ വളവന്നൂരും കക്കയത്തുമൊക്കെ ജോലി ചെയ്തു. അപ്പോഴാണ് ചൈനായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ദേശസ്‌നേഹം നെഞ്ചില്‍ കനലായപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ആര്‍മിയിലെത്തി. നാലുവര്‍ഷം കഴിഞ്ഞ് വീണ്ടും സംസ്ഥാന സര്‍വീസില്‍.

ഇതിനിടെ പുതുക്കാട് മഠത്തിവീട്ടില്‍ ശ്രീദേവിയെ  വിവാഹം കഴിച്ചു. ഒരുമകളും പിറന്നു. യുദ്ധാനന്തരമുണ്ടായ ഞെരുക്കം  കുടുംബത്തെ ബാധിച്ചപ്പോഴാണ് വിദേശത്തേക്കു പോകാന്‍ തീരുമാനിച്ചത്. 1968 ഡിസംബര്‍ 28ന് സ്‌കോട്ലന്‍ഡിലേക്ക് വിമാനം കയറി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് ടെസ്റ്റ് പാസ്സായി യു.എസ്സിലെത്തി. പീഡിയാട്രിക്‌സിലും അലര്‍ജി ആന്‍ഡ് ഇമ്യൂണോളജി വിഭാഗത്തിലും ഉന്നതപഠനം പൂര്‍ത്തിയാക്കി. ഇതോടൊപ്പം ജോലിയും ചെയ്തു.

my mother called me unniനിലയുറപ്പിക്കാനുള്ള കഷ്ടപ്പാടുകളുടെ കാലമായിരുന്നു അത്. പലയിടങ്ങളില്‍ ജോലി ചെയ്തശേഷം ഹൂസ്റ്റണിലെത്തി. അന്നവിടെ ആകെയുണ്ടായിരുന്നത് അറുന്നൂറോളം ഇന്ത്യക്കാര്‍. അവിടെ മഗ്ഗവേണ്‍ അലര്‍ജി ക്ലിനിക്കില്‍ ഡോക്ടറായി. നീണ്ടകാലത്തെ സേവനം കൊണ്ട് അതിന്റെ ഉടമകളിലൊരാളായി മാറി. എട്ടു വര്‍ഷം ക്ലിനിക്കിന്റെ ഭരണസമിതി പ്രസിഡന്റുമായിരുന്നു. ഇക്കാലത്ത് ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് ഫിസിഷ്യന്‍സ് ഫെലോഷിപ്പും ലഭിച്ചു.

ഇടയ്ക്ക് ചെന്നെയില്‍ അപ്പോളോ ആസ്പത്രി തുടങ്ങിയപ്പോള്‍, പ്രത്യേക ക്ഷണപ്രകാരം കുറച്ചുനാള്‍ ജോലി ചെയ്‌തെങ്കിലും പിന്നീട് ഹൂസ്റ്റണിലേക്കു മടങ്ങി. അവിടെ ഇന്ത്യക്കാരുടെയും മലയാളികളുടെയും കൂട്ടായ്മകള്‍ രൂപവത്കരിക്കുന്നതിന് ഡോ. വേണുഗോപാല്‍ മുന്നിലുണ്ടായിരുന്നു. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, ഇന്ത്യ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവയുടെ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മധുര മീനാക്ഷിക്ഷേത്ര മാതൃകയില്‍ ഹൂസ്റ്റണില്‍ ഒരു ക്ഷേത്രം നിര്‍മിക്കുന്നതിനും ഹൂസ്റ്റണില്‍ നാലുകെട്ടും നടുമുറ്റവും തുളസിത്തറയും നിര്‍മിക്കുന്നതിനും മുന്നിട്ടിറങ്ങി. ക്ഷേത്രത്തിനടുത്ത് കേരളീയ മാതൃകയില്‍ നാലുകെട്ടും നടുമുറ്റവും തുളസിത്തറയുമൊക്കെയുള്ള ഒരു വീടും പണിതു. അമേരിക്കയിലേക്ക് നാട്ടിലെ ഓര്‍മകള്‍ പറിച്ചുനടുന്നതിന്റെ ഭാഗമായിരുന്നു ആ വീടെന്ന് ഡോക്ടര്‍ പറഞ്ഞു. കൊച്ചിയില്‍ ഉരുപ്പടികളൊരുക്കിയ ശേഷം കപ്പലിലെത്തിച്ചാണ് വീടു പൂര്‍ത്തിയാക്കിയത്. അവിടത്തെ ആര്‍ക്കിടെക്ടിന്, കൊച്ചിയിലെ ആര്‍ക്കിടെക്ട് നിര്‍മാണ രീതികള്‍ വിശദീകരിക്കുകയും വരച്ചുനല്‍കുകയും ചെയ്തു. ഇതോടൊപ്പം, നാലുകെട്ടും നടുമുറ്റവും ഒക്കെ വരുന്ന പഴയകാല മലയാള സിനിമകള്‍കൂടി കാണിച്ചപ്പോഴാണ് വിദേശിയായ ആര്‍ക്കിടെക്ടിന് നമ്മുടെ തച്ചുശാസ്ത്രത്തിന്റെ മേന്മ മനസ്സില്‍ പതിഞ്ഞത്. ''ആ വീടിന്റെ ചാരുപടിയിലിരുന്നു കണ്ണടയ്ക്കുമ്പോള്‍ മനസ്സ് കേരളത്തിലേക്കെത്തും... അപ്പോള്‍ ഉള്ളില്‍ വല്ലാത്ത ഒരു ഊര്‍ജം പ്രസരിക്കും... അതൊരു സുഖവും ആശ്വാസവുമാണ്...'' -കതൃക്കടവിലെ വീട്ടിലിരുന്ന് ഡോ. വേണുഗോപാല്‍ പറഞ്ഞു.

house 1

മൂന്നു മക്കളാണ് ഡോക്ടര്‍ക്ക്. മൂത്ത മകള്‍ ശ്രീലത വിവാഹം കഴിച്ചത്  അമേരിക്കക്കാരനെയാണ്. രണ്ടാമത്തെ മകള്‍ ശ്രീകലയുടെ ഭര്‍ത്താവ്  ഗുജറാത്തിയാണ്. ന്യൂയോര്‍ക്കില്‍ റേഡിയോ ജേണലിസ്റ്റായ ഇളയ മകന്‍ അരുണിന്റെ ഭാര്യ മലയാളിയാണ്. അമേരിക്കയിലെ ജീവിതവും കാഴ്ചപ്പാടുകളുമാണ് മക്കളെയും പേരക്കുട്ടികളെയും നയിക്കുന്നത്. അതേസമയം, നന്മയും സന്തോഷവും എല്ലായിടത്തും ഒരുപോലെയാണ്. ഇതു രണ്ടും കൈമോശം വരാതെ സൂക്ഷിക്കാനാണ് മക്കളെ പഠിപ്പിച്ചത്.

ഒന്‍പതു വര്‍ഷം മുമ്പ് ജോലിയില്‍ നിന്നും വിരമിച്ചപ്പോഴാണ് 'ഒരു ഓര്‍മപ്പുസ്തകം' എന്ന ആശയം വന്നത്. എഴുതിയപ്പോള്‍ വായിച്ചവര്‍ക്ക് ആവേശമായി. കേരളത്തിലെ ആചാരാനുഷ്ഠാനങ്ങളും ഭക്ഷണരീതികളും എന്നുവേണ്ട, ഞാറ്റുവേലയും തിരുവാതിരയും വരെ ഈ കുറിപ്പുകളിലുണ്ട്. അമേരിക്കയില്‍ പ്രസിദ്ധീകരിച്ച പുസ്തത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ പ്രകാശനം കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നു. ഇതിനായെത്തിയ ഡോ. വേണുഗോപാലും ഭാര്യയും വൈകാതെ ഹൂസ്റ്റണിലേക്ക് മടങ്ങും. നാട്ടില്‍ സ്ഥിരമാകുന്നില്ലേ എന്ന ചോദ്യത്തിന് ഡോക്ടറുടെ മറുപടി ഇതായിരുന്നു: ''മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കാന്‍ നമുക്കു കഴിഞ്ഞില്ല... നമ്മുടെ മക്കള്‍ക്ക് ആ സങ്കടം വേണ്ട...''

എങ്കിലും എല്ലാവര്‍ഷവും ഡോക്ടര്‍ കൊച്ചിയിലെത്തും. പഴയ എം.ബി.ബി.എസ്. ബാച്ചുകാരുടെ കൂട്ടായ്മയില്‍ പങ്കെടുക്കും. നൂറുപേരുടെ ബാച്ചില്‍ ഇപ്പോള്‍ എഴുപതുപേരുണ്ട്.