akbar kakkattilമുഗൾസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്നു മഹാനായ അക്‌ബർ. കേരളത്തെ വിശേഷിച്ച്‌, മലയാളസാഹിത്യത്തെ ഒരു സാമ്രാജ്യമായി സങ്കല്പിച്ചാൽ, അതിൽ ‘സൗഹൃദങ്ങളുടെ ചക്രവർത്തി’ എന്ന വിശേഷണത്തിന്‌ അർഹരായവരിൽ അഗ്രഗണ്യൻ ആരാവും? സംശയമില്ല: അക്‌ബർ കക്കട്ടിൽ. അത്രമേൽ വിസ്തൃതമായിരുന്നു അക്‌ബർ മാഷുടെ ദീപ്തസൗഹൃദങ്ങളുടെ വൻകരകൾ.

സർഗാത്മകരചനകളിലൂടെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ എത്തുമ്പോഴേക്കും അനാവശ്യമായ അഹങ്കാരവും അശ്ലീലമായ ജാഡയും പ്രകടിപ്പിക്കുന്ന ശരാശരി മലയാളി എഴുത്തുകാരിൽനിന്ന്‌ എന്തുകൊണ്ടും വ്യത്യസ്തനായിരുന്നു അക്‌ബർ കക്കട്ടിൽ.

സൗഹൃദപൂർവം നീളുന്ന കൈയും സിഗരറ്റുപുക പുരണ്ട ചുണ്ടിൽപ്പരക്കുന്ന ചിരിയും കണ്ണുകളിൽ (അദ്ദേഹത്തിന്റെ ഭാഷയിൽ ‘കോങ്കണ്ണ്‌’) തെളിയുന്ന സഹജീവിസ്നേഹത്തിന്റെ വെളിച്ചവും കാന്തശക്തിയിലെന്നോണം അക്‌ബർ മാഷിലേക്ക്‌ നമ്മെ ആകർഷിക്കുന്നു. നിർദോഷകരമായ ‘അക്‌ബറിയൻ തമാശ’കളുടെ അകമ്പടികൂടിയാവുമ്പോൾ ആകർഷണവലയം ഭേദിക്കുകയെന്നത്‌ അസാധ്യമായിത്തീരുന്നു.
അക്‌ബർമാഷുടെ സൗഹൃദസാമ്രാജ്യത്തിൽ ജാതി, മതം, പണം, വിദ്യാഭ്യാസം, പ്രായം... ഒന്നും പരിഗണനാർഹമായ വിഷയങ്ങളായതേയില്ല. മുൻ, പിൻ തലമുറക്കാരോടും സമകാലീനരോടുമുള്ള സ്നേഹദീപ്തിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായതേയില്ല.

akbar kakkattil nokku ayal ningalil thanneyundമസിൽപ്പിടിത്തക്കാരെയും ‘ഇൗഗോയിസ്റ്റുകളെ’യും ഒരുനിമിഷംകൊണ്ട്‌ സൗഹൃദത്തിന്റെ ചെപ്പിലടയ്ക്കുന്ന കൈയടക്കമാണത്‌. എങ്ങനെയിത്‌ സാധ്യമാവുന്നുവെന്ന്‌ അമ്പരന്ന സന്ദർഭങ്ങളുണ്ട്‌. വ്യക്തിപരമായ ഒരോർമ: 2010 മേയ്‌ മാസം. കോഴിക്കോട്‌ നഗരത്തിൽ ഇതെഴുതുന്നയാൾ വിലയ്ക്കുവാങ്ങിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന്റെ ദിവസം. സ്ഥലപരിമിതിയും മറ്റും പരിഗണിച്ച്‌ ചുരുക്കം ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ.

വൈകീട്ട്‌ നാലുമണിയായിക്കാണും -മൊബൈൽഫോണിൽ ആരോ വിളിക്കുന്നു.‘‘ദിനേശാ.. ഇത്‌ ഞാനാണ്‌, അക്‌ബർ മാഷ്‌...’’ കുറച്ചിട നിർത്തി, ‘നേരെചൊവ്വേ’ ഒരൊറ്റ ചോദ്യം:‘‘നീയെന്താ വീട്ടിലേക്ക്‌ എന്നെ വിളിക്കാഞ്ഞത്‌?...’’ സ്നേഹത്തിന്റെ മുഖംമൂടിയില്ലാത്ത ആ അധികാരപ്രയോഗം പെരുത്തിഷ്ടമായെങ്കിലും ഞാനൊന്നു പതറി:‘‘മാഷേ... ബോധപൂർവമൊന്നുമല്ല. അങ്ങനെ... അധികമാരെയും... വിളിച്ചിട്ടില്ല!’’‘‘സാരമില്ലെടാ...’’ എന്നെ സമാധാനിപ്പിക്കുംമട്ടിൽ തനി ‘അക്‌ബർ ശൈലി’യിലായി അടുത്ത ഡയലോഗ്‌: ‘‘നാം നിന്നോട്‌ ക്ഷമിച്ചിരിക്കുന്നു’’നേർത്ത ചമ്മലോടെ ഞാൻ ആലോചിച്ചു: മറ്റാരുമായിരുന്നെങ്കിൽ, ഞാൻതന്നെ ആയിരുന്നെങ്കിൽ, ഇത്തരമൊരു സന്ദർഭത്തിൽ ഈവിധമൊരു ‘തുറന്ന സമീപനം’ സാധ്യമായേക്കുമോ?...

akbar kakkattil adhyapaka kadhakalവൈവിധ്യമാർന്ന സൗഹൃദങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അക്‌ബർ കക്കട്ടിൽ എന്ന എഴുത്തുകാരനെ (വ്യക്തിയെയും) തുണച്ചത്‌ അദ്ദേഹത്തിന്റെ ഗ്രാമജീവിതപ്പശ്ചാത്തലമാണ്‌. സാഹിത്യമേഖലയിൽ നാലാളറിയുന്ന അക്‌ബറായി മാറിയിട്ടും കക്കട്ടിൽ ഗ്രാമത്തിന്റെ നിർമലഭാവങ്ങളെ കുടഞ്ഞെറിയാൻ തുനിയാത്ത വ്യക്തിത്വത്തിന്റെ മാറ്റ്‌. ഒപ്പം കലാലയനാളുകളിലെ  രാഷ്ട്രീയപ്രവർത്തനം സമ്മാനിച്ച പ്രായോഗികബുദ്ധിയും.

മേൽപരാമർശിച്ച രണ്ടുസവിശേഷതകൾ മൂലധനമാക്കിയാണ്‌ അക്‌ബർ കക്കട്ടിൽ എന്ന എഴുത്തുകാരൻ (വ്യക്തിയും) കേരളക്കരയിലെ സങ്കീർണമനസ്കരായ സാഹിത്യകാരന്മാരെയും ‘പ്രതിജനഭിന്നവിചിത്രമാർഗികളായ’ സാധാരണക്കാരെയും നേരിട്ടത്‌. അതിൽ പുഷ്പംപോലെ  ജയിച്ചുവെന്ന്‌ അറുപതാണ്ടത്തെ അദ്ദേഹത്തിന്റെ സഫലജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു.
അചുംബിതമായ ആശയങ്ങളാലോ, നൃത്തംവെയ്ക്കുന്ന ഭാഷയാലോ വായനക്കാരിൽ വിസ്മയമുണർത്തുന്ന സർഗാത്മകമായ ഇന്ദ്രജാലം അക്‌ബർ കക്കട്ടിലിന്റെ കലാലോകത്തിന്‌ അന്യമാണ്‌. അവിടെയും തന്റെ ഗ്രാമജീവിതപശ്ചാത്തലമാണ്‌ അദ്ദേഹത്തിന്‌ തുണയായത്‌.

നാട്ടിൻപുറങ്ങളിലെ കണ്ടതും കേട്ടതുമായ ജീവിതസമസ്യകൾ സരളമായ ഭാഷയിൽ നർമത്തിൽ കൊരുത്താണ്‌ അക്‌ബർ കക്കട്ടിൽ കഥകളും നോവലുകളും രസകരമായ ‘മിഡിൽ പീസു’കളുമൊരുക്കിയത്‌. പണ്ഡിതർക്കും പാമരർക്കും ഒരുപോലെ ആസ്വാദ്യകരമായ സർഗാത്മകരുചിക്കൂട്ട്‌. കരിമ്പാറക്കെട്ടിൽനിന്ന്‌ ഉറവെടുക്കുന്ന നാട്ടുകിണറ്റിലെ തെളിനീരിന്റെ സ്വച്ഛതയാണവയ്ക്ക്‌.

വ്യക്തിപരമായ ശാരീരികപരിമിതികളെ നിശിതമായ സ്വയം പരിഹാസത്തിന്‌ വിധേയമാക്കുകയെന്ന അപൂർവ മികവ്‌ അക്‌ബർ മാഷ്‌ ആദ്യാവസാനം കാത്തുസൂക്ഷിച്ചു. സ്വന്തം കോങ്കണ്ണിനെയും കഷണ്ടിയെയും ആത്മപരിഹാസത്തിന്‌ ഇരയാക്കുന്ന അനുപമസിദ്ധി ആർജിക്കുകയെന്നത്‌  എളുപ്പമായ കാര്യമല്ല.  ആത്മാനുരാഗികളും കാല്പനികരുമായ എഴുത്തുകാർ തിങ്ങിനിറഞ്ഞ മലയാളത്തിൽ ആത്മപരിഹാസം  ചാലിച്ചെഴുതിയ വരികൾ അധികമൊന്നുമില്ല.

ഇടപെടുന്ന വ്യക്തികളുടെ തനിമയുൾക്കൊണ്ട്‌, അവർക്കുകൂടി രസിക്കുന്ന കമൻറുകളും തമാശകളും നിറഞ്ഞ പ്രതികരണങ്ങളിലൂടെ സ്നേഹസൗഹൃദങ്ങളുടെ ചെങ്കോലും കിരീടവുമണിഞ്ഞ അക്‌ബർ ചക്രവർത്തി, വിപുലമായ സൗഹൃദസാമ്രാജ്യത്തെ അനാഥമാക്കി വിടപറഞ്ഞുപോയിട്ട്‌ വർഷം ഒന്നായെന്ന്‌ വിശ്വസിക്കാൻ പ്രയാസം. അക്‌ബർ കക്കട്ടിലിന്റെ അകാലവിയോഗത്തിലൂടെ നമുക്കുനഷ്ടമായത്‌ കേവലമൊരു എഴുത്തുകാരനെയല്ല, സ്നേഹനിർഭരനായൊരു വ്യക്തിയെക്കൂടിയാണ്‌.

karippally@gmail.com