നുഷ്യന്റേയും മലയാളിയുടേയും കാപട്യങ്ങളേയും ആത്മവഞ്ചനകളേയും ചീന്തിയെറിഞ്ഞ് അവരുടെ തന്നെ മുഖത്തെറിഞ്ഞുകൊടുക്കുന്ന നാടകങ്ങളായിരുന്നു എന്‍.എന്‍. പിള്ളയുടേത്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ എന്‍.എന്‍. പിള്ളയുടെ നാടകങ്ങള്‍ എന്ന പുസ്തകത്തിലെ 'ഞാന്‍ സ്വര്‍ഗത്തില്‍' എന്ന നാടകത്തില്‍നിന്നൊരുഭാഗമാണിത്. സ്വന്തം മരണം സങ്കല്പിച്ചെഴുതിയ ഈ നാടകം സങ്കരനാടക സങ്കേതത്തില്‍പ്പെട്ടതാണ്. വിശ്വകേരള കലാസമിതി'യ്ക്ക് വേണ്ടി എഴുതിയ ഈ നാടകം ആദ്യമായി അവതരിപ്പിച്ചത് എന്‍.എന്‍. പിള്ളയും ഭാര്യയും മകളും സഹോദരിയുമെല്ലാം ചേര്‍ന്ന് അഭിനയിച്ചാണ്.

curtainപത്രപ്രതിനിധി : എങ്ങനെ ഇരിക്കുന്നു ഡോക്ടര്‍?
ഡോക്ടര്‍ : എന്തൊന്ന്?
പത്രപ്രതിനിധി : അദ്ദേഹത്തിന്റെ സ്ഥിതി?
ഡോക്ടര്‍ : ഉം.
പത്രപ്രതിനിധി : ഇനി സംശയിക്കാനൊന്നുമില്ല, അല്ലേ?
ഡോക്ടര്‍ : ഇല്ല.
പത്രപ്രതിനിധി : ഈശ്വരന്‍ രക്ഷിച്ചു.
ഡോക്ടര്‍ : ഇല്ല, അദ്ദേഹം മരിച്ചു.

പത്രപ്രതിനിധി :  മരിച്ചു!
ഡോക്ടര്‍ : അതേ, എന്‍.എന്‍. പിള്ളയെന്ന ആ മനുഷ്യന്‍ മരിച്ചു.
പത്രപ്രതിനിധി : ഇല്ല ഡോക്ടര്‍, അദ്ദേഹം മരിച്ചില്ല.
ഡോക്ടര്‍ : എന്നാരു പറഞ്ഞു? അദ്ദേഹം ഭംഗിയായി മരിച്ചു.
പത്രപ്രതിനിധി : അദ്ദേഹം 'ദിവംഗതനായി' എന്നു പറയുന്നതല്ലേ കുറേക്കൂടി ശരി?
ഡോക്ടര്‍ : ഒരിക്കലുമല്ല. മരണശേഷം എങ്ങോട്ടുപോയി എന്നു നിശ്ചയമില്ലാത്ത സ്ഥിതിക്കു മരിച്ചു എന്നു മാത്രം പറയുന്നതാണു ശരി.
പത്രപ്രതിനിധി : കഷ്ടം! ഞാന്‍ ആഫീസിലേക്കൊന്നു ഫോണ്‍ ചെയ്യട്ടെ.
ഡോക്ടര്‍ : എന്തിന്?
പത്രപ്രതിനിധി : ന്യൂസ് കൊടുക്കാന്‍.
ഡോക്ടര്‍ : ഓ.
പത്രപ്രതിനിധി : ഹലോ... മേനനല്ലേ... ഒരു ന്യൂസ്. എന്‍.എന്‍. പിള്ള ദിവംഗതനായി.
ഡോക്ടര്‍ : മരിച്ചൂന്നു പറയൂ, മിസ്റ്റര്‍.
പത്രപ്രതിനിധി : അതേ, അതേ. പത്തു മിനിട്ടായി.... അതേ... നാടകകൃത്ത്, നടന്‍, വിശ്വകേരളകലാസമിതി... വിശ്വകേരളകലാസമിതി. കോട്ടയം... അതേ... അതേ... മരിച്ചു.
ചിന്നമ്മ  പരിഭ്രാന്തയായി ഓടിക്കയറി)
ചിന്നമ്മ : ഡോക്ടര്‍, ഡോക്ടര്‍, അങ്ങേരടെ കൈ അനങ്ങുന്നു, ഡോക്ടര്‍
ഡോക്ടര്‍ : എന്താത്?
ചിന്നമ്മ : വലതുകൈ പെട്ടെന്നു കുടഞ്ഞു നിവര്‍ന്നു.

n.n.pillayude-thiranjedutha-natakangalപത്രപ്രതിനിധി : മേനനേ, നിക്കണേ, നിക്കണേ, ന്യൂസ് കൊടുക്കേണ്ട . കയ്യനങ്ങുന്നുെണ്ടന്ന്... മരിച്ചു. പക്ഷേ, വലതുകൈ അനങ്ങുന്നെന്ന്. മരണത്തിനുശേഷം ജീവിതത്തിന്റെ എപ്പിലോഗ് എഴുതുകായിരിക്കും. ഛേ! സ്ഥിരതയില്ലാത്തതെനിക്കല്ല, ആ മനുഷ്യനാണ്. അയാളു ജീവിച്ചിരുന്നപ്പോഴും ഇങ്ങനെതന്നെയായിരുന്നു.
യാതൊരു സ്ഥിരതയും ഇല്ല. മര്യാദയ്ക്ക് ഒന്ന് മരിക്കാന്‍പോലും അറിയാന്‍മേലെങ്കില്‍ എന്തു ചെയ്യും?

പത്രപ്രതിനിധി : മരിച്ചിട്ടും അനങ്ങുന്ന മനുഷ്യനെപ്പറ്റി എന്തുപറയാം, ഡോക്ടര്‍?
ഡോക്ടര്‍ : അതിമാനുഷന്‍ എന്നുപറയാം. പക്ഷേ...
ചിന്നമ്മ : കുഴപ്പമൊന്നുമില്ലല്ലോ?
ഡോക്ടര്‍ : യാതൊരു കുഴപ്പവുമില്ല.
ചിന്നമ്മ : ഇനി സംശയിക്കാനില്ല, അല്ലേ?
ഡോക്ടര്‍ : ഇല്ല.
ചിന്നമ്മ : ഹോ. ഞാനങ്ങ് പേടിച്ചുപോയി. കേട്ടോ ഇപ്പോഴാ സമാധാനമായത്.

n n pillai

ഡോക്ടര്‍ : കണ്ടോ. ആ പോയത് പിള്ളേടെ ഭാര്യയാണ്. കൈയനങ്ങിയെന്നറിഞ്ഞ് അവരു കിലുകിലാ വിറച്ചു. ഇനി അനങ്ങാത്ത വിധത്തില്‍ മരിച്ചു എന്ന് ബോധ്യമായപ്പോള്‍ സമാധാനവുമായി.
പത്രപ്രതിനിധി : കൈ അനങ്ങിയോ, ഡോക്ടര്‍?
ഡോക്ടര്‍ : ഏയ്, അവര്‍ക്ക് തോന്നിയതാണ്. ആ ജഡം മരിച്ചുവിറങ്ങലിച്ചു; തണുത്തുമരവിച്ചു.
പത്രപ്രതിനിധി : അപ്പോള്‍ ശരിക്കും മരിച്ചു, അല്ലേ?
ഡോക്ടര്‍ : ഉവ്വ്.
പത്രപ്രതിനിധി : റിപ്പോര്‍ട്ടയയ്ക്കാം?
ഡോക്ടര്‍ : ഉം.
പത്രപ്രതിനിധി : അബദ്ധം പറ്റരുത്.
ഡോക്ടര്‍ : ആര്‍ക്ക്? മരണത്തിനോ?
പത്രപ്രതിനിധി : അല്ല, പത്രത്തിന്.
ഡോക്ടര്‍ : പേടിക്കണ്ട.
പത്രപ്രതിനിധി : മി. മേനന്‍! പിള്ള മരിച്ചു. കൈയനങ്ങി എന്നു പറഞ്ഞത് ഒരു തോന്നലായിരുന്നു.
ഡോക്ടര്‍ : ഈ മരണമെന്നു പറയുന്നതും ഒരു തോന്നലാണ്.
പത്രപ്രതിനിധി : അതേ, അതേ. ന്യൂസ് കൊടുക്കാം. ഓ, മതി മതി. അകത്തെ പേജില്‍ കൊടുത്താല്‍ മതി. സുഖക്കേടോ? നിക്കണേ, ഞാനിപ്പോള്‍ പറയാം. ഒരു മിനിട്ട്. എന്തു സുഖക്കേടായിരുന്നു, ഡോക്ടര്‍?
ഡോക്ടര്‍ : ജനറല്‍ പരാലിസിസ് ഓഫ് ദി ഇന്‍സേയിന്‍!
പത്രപ്രതിനിധി : എന്നുവെച്ചാല്‍?
ഡോക്ടര്‍ : എന്നുവെച്ചാല്‍, വര്‍ഷങ്ങളായി ശരീരത്തില്‍ വ്യാപിച്ചു വളര്‍ന്നുകൊണ്ടിരുന്ന സിഫിലിസ് എന്ന രോഗത്തിന്റെ അണുക്കള്‍ തലച്ചോറിനെ കരണ്ടുതിന്നതിന്റെ ഫലമായുണ്ടായ രോഗം എന്നര്‍ഥം.
പത്രപ്രതിനിധി : സിഫിലിസോ? ഈ മനുഷ്യനോ?
ഡോക്ടര്‍ : എന്താ, ഈ മനുഷ്യനതു വന്നുകൂടേ?
പത്രപ്രതിനിധി : പക്ഷേ, ഇദ്ദേഹം സദാചാരപരമായി...
ഡോക്ടര്‍ : ഇരുചെവിയറിയാതെ ആ മഹാരോഗം വാങ്ങാനും വളര്‍ത്താനും അതുകൊണ്ടുതന്നെ നരകിച്ചു മരിക്കാനും കഴിവുള്ള ആളായിരുന്നു.
പത്രപ്രതിനിധി : ങ്ങാഹാ! അപ്പോള്‍ നമ്മള്‍ വിചാരിച്ചമാതിരിയല്ലല്ലോ!
ഡോക്ടര്‍ : നമ്മളെന്തു വിചാരിച്ചു?
പത്രപ്രതിനിധി : അദ്ദേഹം ഒരു യോഗ്യനാണെന്ന്.
ഡോക്ടര്‍ : ആ ധാരണ സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് യോഗ്യന്‍. എന്നാല്‍ ഈ മനുഷ്യന്‍ അതിലും ഒരു പരാജയമായിരുന്നു.
പത്രപ്രതിനിധി : ആരോ പറഞ്ഞു, കുടികൊണ്ടുണ്ടായ കരള്‍സംബന്ധമായ രോഗമാണെന്ന്.
ഡോക്ടര്‍ : അതും ഉണ്ടായിരുന്നു. ഗാസ്റ്റിക് അള്‍സറും ഉണ്ടായിരുന്നു. കിഡ്നിക്കും തകരാറുണ്ടായിരുന്നു.

nn pillali

പത്രപ്രതിനിധി : അവസാനമായപ്പോള്‍ കുടി അല്പം കൂടുതലായിരുന്നു എന്നാണറിവ്.
ഡോക്ടര്‍ : നിങ്ങളുടെ അറിവ്, അല്ലേ? എന്നാല്‍ നിങ്ങളും ഞാനും അറിയാതെ ആദ്യമാദ്യം മറ്റു പലതും കൂടുതലായിരുന്നിരിക്കും. ആ മനുഷ്യന്‍ പതിനൊന്നു വര്‍ഷത്തോളം മലയായില്‍ താമസിച്ച ആളാണ്. ആ രാജ്യത്തു നല്ലൊരു ശതമാനമാളുകളും ഞാന്‍ മുമ്പുപറഞ്ഞ രോഗം ഒരിക്കലെങ്കിലും പിടിപെട്ടവരുമാണ്.
പത്രപ്രതിനിധി : അപ്പോള്‍ റിപ്പോര്‍ട്ടു കൊടുക്കുമ്പോള്‍ എന്തു രോഗമാണെന്നു പറയാം, ഡോക്ടര്‍?
ഡോക്ടര്‍ : നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പറയാം.
പത്രപ്രതിനിധി : രക്തസമ്മര്‍ദം എന്നു പറഞ്ഞാലോ?
ഡോക്ടര്‍ : കൊള്ളാം. അന്തസ്സുള്ള രോഗമാണ്. പിന്നെ, ഈ കാര്യത്തില്‍ നിങ്ങള്‍ ബുദ്ധിമുട്ടണമെന്നില്ല. നിങ്ങളുടെ ന്യൂസ് എഡിറ്റര്‍ പിള്ളയ്ക്കു പറ്റിയ സുഖക്കേടു തിരഞ്ഞെടുത്തു ചേര്‍ത്തോളും.
പത്രപ്രതിനിധി : ഹലോ! മേനനേ! പിള്ളയ്ക്കു രക്തസമ്മര്‍ദം എന്നു ചേര്‍ത്തോളൂ. അതേ, രക്തസമ്മര്‍ദം; ബ്ലഡ്പ്രഷര്‍.
ചിന്നമ്മ : അങ്ങേരു പോയല്ലോ ഡോക്ടര്‍!
ഡോക്ടര്‍ : ഇതൊക്കെ നമുക്കു തടുക്കാനൊക്കുമോ, ചേച്ചിയമ്മേ?