വാഴ്‌വേമായത്തിലെ അഭിനയത്തിന് എനിക്ക് ആയിരം രൂപയാണ് പ്രതിഫലമായി കിട്ടിയത്. തുടര്‍ന്ന് അനുഭവങ്ങള്‍ പാളിച്ചകള്‍ക്ക് പ്രതിഫലമായി ആയിരത്തഞ്ഞൂറു രൂപ കിട്ടി. തുക പിന്നപ്പിന്നെ കയറിക്കൊണ്ടിരുന്നു. സേതുമാധവന്‍സാറിന്റെ പടങ്ങളായിരുന്നല്ലോ രണ്ടും. സേതുമാധവന്‍സാറിന്റേതല്ലാത്ത പടങ്ങള്‍ക്ക് കൂടുതല്‍ തുക കിട്ടാന്‍ തുടങ്ങി. അരോമ മണിയുടെ ആദ്യത്തെ പടത്തിന് അയ്യായിരം രൂപയായിരുന്നു പ്രതിഫലം. വാഴ്‌വേമായത്തിലെയും അനുഭവങ്ങള്‍ പാളിച്ചകളിലെയും വേഷങ്ങളൊക്കെ ഞാന്‍ നന്നായി ചെയ്തതുകൊണ്ടാണ് യൂസഫലി കേച്ചേരി മരം എന്ന പടത്തില്‍ എനിക്ക് വേഷം തന്നത്. ഏതാണ്ട് മറ്റു രണ്ടു പടങ്ങളിലേതുപോലെത്തന്നെയുള്ള വേഷമായിരുന്നു മരത്തിലും.

മരത്തില്‍ ഞാനും ഭാരതിയുമാണ് അഭിനയിച്ചത്. നെല്ലിക്കോട് ഭാസ്‌കരേട്ടനും ഞാനും, ഭാരതിയും നസീര്‍സാറും അങ്ങനെയായിരുന്നു ജോഡികള്‍. എന്തു നല്ല വേഷമായിരുന്നെന്നോ! എനിക്കെല്ലാവരെയും ഇഷ്ടമായിരുന്നു; എല്ലാവര്‍ക്കും എന്നെയും. ഒരിക്കല്‍ ഷീല ചോദിച്ചു: 'നിനക്കെന്നോടാണോ കൂടുതലിഷ്ടം അതോ ശാരദയോടോ?' ഈ ചോദ്യത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലാവുന്നില്ല. ഞാന്‍ എല്ലാവരുടെ അടുക്കലും ഒരുപോലെ സ്‌നേഹത്തോടെ പെരുമാറുന്നു. നടികളോട് മാത്രമല്ല, നടന്മാരോടും എന്റെ സമീപനം അതുതന്നെ. 

മധുസാറിന് എന്നെ വലിയ കാര്യമായിരുന്നു. അന്ന് മധുസാര്‍ മദ്രാസില്‍ വീടൊക്കെ വെച്ച് താമസിക്കുകയാണ്. ഞാനിടയ്ക്ക് അവിടെപ്പോവും. വീടൊക്കെ അടിച്ചുവാരിക്കൊടുക്കും. അതിലെന്തെങ്കിലും കുഴപ്പമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. സ്‌നേഹംകൊണ്ടാണതൊക്കെ. ഇതൊക്കെ തെറ്റായ ധാരണയിലെടുക്കുന്നതാണ് തെറ്റ്. ഞാനത്രയേറെ സ്‌നേഹത്തോടെയാണ് അവരോടൊക്കെ പെരുമാറിയിരുന്നത്. സിനിമയില്‍ എനിക്കേറ്റവും കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് ഭാരതിയോടാണ്, ജയഭാരതിയോട്. എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതും അവളോടുതന്നെ. ഞാനും ഭാരതിയും വര്‍ത്തമാനം പറയാന്‍ തുടങ്ങിയാല്‍ അതൊരിക്കലും തീരില്ല. 

അശോക്‌നഗറിലാണ് ഭാരതി താമസിക്കുന്നത്. അവളന്ന് ഡാന്‍സ് പഠിക്കുന്നുണ്ട്. ഞാനും അവള്‍ക്കൊപ്പം ഡാന്‍സ് പഠിക്കണമെന്നായി. എന്നിട്ടൊന്നിച്ച് അരങ്ങേറണമെന്നൊക്കെ അവള്‍ പറയും. ഡാന്‍സ് മാഷെ വിളിക്കാന്‍ അവള്‍ വണ്ടി പറഞ്ഞുവിട്ടാല്‍ വഴിക്ക് എന്നെക്കൂടി കയറ്റിയിട്ടായിരിക്കും പോവുന്നത്. അങ്ങനെ കുറെനാള്‍ ഞാനവള്‍ക്കൊപ്പം ഡാന്‍സ് പഠിച്ചു. ചെറുപ്പത്തില്‍ ഞാന്‍ ഡാന്‍സ് പഠിച്ചെന്നും ഡാന്‍സ് ട്രൂപ്പിലായിരുന്നെന്നും കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചിരുന്നെന്നുമൊക്കെ നേരത്തേ പറഞ്ഞിരുന്നല്ലോ. എന്നാല്‍ സിനിമയില്‍ വന്നതിനുശേഷം ഡാന്‍സിനു പോയിരുന്നില്ല. ഡാന്‍സ് മാഷ്‌ക്ക് ദക്ഷിണ കൊടുക്കാന്‍ പോവുകയാണ് ഭാരതി. ഞാനും കൂടെപ്പോയി. ഞാനും കൊടുത്തു ദക്ഷിണ. ഞങ്ങളുടെ കൂടെ സോമന്‍ചേട്ടനും ഉണ്ട്. സോമന്‍ചേട്ടന് അന്ന് അത്ര സിനിമയൊന്നുമില്ല. സിനിമയില്‍ പുതുതായി വന്ന സമയം. താമസിക്കുന്നത് ഭാരതിയുടെ വീട്ടില്‍. 

സോമന്‍ചേട്ടന്‍, ഭാരതി, ഭാരതിയുടെ അമ്മ, ഞാന്‍- ഞങ്ങള്‍ നാലു പേരാണ് ദക്ഷിണ കൊടുക്കാന്‍ മാഷ്‌ടെ വീട്ടില്‍ ചെല്ലുന്നത്. ഭാരതിക്ക് അന്ന് നല്ല തിരക്കാണ്. രാത്രി പന്ത്രണ്ടുമണിവരെയൊക്കെ ഷൂട്ടുണ്ടാവും. രാവിലെ നാലുമണിക്കെണീറ്റ് ഡാന്‍സ് പഠിക്കാന്‍ റെഡിയാവും. എനിക്കും അതേപോലെതന്നെ. ഭാരതി ഡാന്‍സ് പഠിക്കുമ്പോള്‍ ഞാനുണ്ടാവണമെന്നാണ് കല്പന. ഇല്ലെങ്കില്‍ അവള്‍ക്ക് ദേഷ്യം വരും. എല്ലാ കാര്യത്തിനും അവള്‍ക്ക് ഞാന്‍ കൂട്ടുവേണം. അതുകൊണ്ട് എത്ര വൈകി കിടന്നാലും ഞാന്‍ നാലുമണിക്കെഴുന്നേറ്റ് റെഡിയാവും. അവള്‍ വലിയൊരു വീട്ടിലാണ് താമസം. എന്റെ വീടത്രയുമില്ല. ചെറിയൊരു വീട്. ഇരുനൂറ്റി അന്‍പതു രൂപ വാടക. ഒരു മുറിയും ഹാളും അടുക്കളയും-അത്രതന്നെ. ഷൂട്ടില്ലാത്ത ദിവസം അവള്‍ രാവിലെ വീട്ടിലെത്തും. പിന്നെ ഭക്ഷണവും ഉറക്കവുമൊക്കെ അവിടെത്തന്നെ. പിന്നെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളാണ് ഞങ്ങള്‍ക്കൊന്നിച്ചു പറഞ്ഞുതീര്‍ക്കാനുള്ളത്. 

എനിക്കത്രതന്നെ അടുപ്പമുള്ള വേറൊരാള്‍ റാണിചന്ദ്രയായിരുന്നു. ഞാനവളെ മറക്കില്ല. അവളും ഒഴിവുള്ള സമയത്തൊക്കെ എന്റെ കൂടെത്തന്നെ. അക്കാലത്ത് റാണിയൊരു ഫിയറ്റ് കാര്‍ വാങ്ങി, കാറുമായി എന്റെ വീട്ടില്‍ രാവിലേതന്നെ എത്തും. എന്റെ അനിയന്‍ ബാബു ഉണ്ടവിടെ. ബാബു പേപ്പറെടുത്തുനോക്കി ഏതൊക്കെ തിയേറ്ററില്‍ ഏതൊക്കെ സിനിമയാണ് കളിക്കുന്നതെന്നു പറഞ്ഞുതരും. ഏതൊക്കെ തിയേറ്ററില്‍ പടം മാറിയിട്ടുണ്ട് എന്നു നോക്കും. കണ്ട സിനിമ പിന്നെയും കാണണ്ടല്ലോ? ഞങ്ങള്‍ കാറുമായിട്ടിറങ്ങും. രാവിലെ പത്തുമണിക്കിറങ്ങിയാല്‍ രാത്രി 11 മണി കഴിഞ്ഞിട്ടാണ് തിരിച്ചെത്തുന്നത്. എല്ലാ സിനിമയും കാണും. ഷൂട്ടില്ലാത്ത ദിവസം ഞങ്ങളുടെ ജോലി സിനിമകള്‍ മാറിമാറിക്കാണല്‍തന്നെ. തിയേറ്ററില്‍നിന്ന് തിയേറ്ററിലേക്കങ്ങനെ ഓടിക്കൊണ്ടിരിക്കും. ഡ്രൈവറില്ല. റാണിതന്നെയാണ് വണ്ടിയോടിക്കുന്നത്. 

kata thudarumഒരു ദിവസം വീട്ടില്‍ വന്നുകയറിയിട്ട് എന്നോടു പറഞ്ഞു: 'ലല്‍സേ, വണ്ടിയിലൊരാള് ഇരിപ്പൊണ്ട് വാ, കാണിച്ചുതരാം.' ആരാണ് വണ്ടിയിലെ ആളെന്നറിയാന്‍ ഞാന്‍ തിരക്കിട്ട് ചെന്നു. അത് ഐ.വി. ശശിയായിരുന്നു. അന്ന് ഐ.വി. ശശി ഉത്സവം എന്നൊരു സിനിമ എടുത്തിട്ടേയുള്ളൂ. ഞാനാദ്യം ഐ.വി. ശശിയെ കാണുന്നതും പരിചയപ്പെടുന്നതും അങ്ങനെയാണ്. റാണിചന്ദ്രയ്ക്ക് നേരത്തേ ഐ.വി. ശശിയെ അറിയാം.

സോഫിയും ഗേളിയും ഭാരതിയുടെ അനിയത്തിമാരാണ്. ഞങ്ങള്‍ നാലു പേരും ഷൂട്ടിനൊക്കെ പോയാല്‍ ഒരു മുറിയിലായിരിക്കും താമസം. ഭാരതിതന്നെ പ്രൊഡക്ഷന്‍കാരോടു പറയും: 'ലളിതാമ്മയ്ക്ക് വേറെ മുറി വേണ്ട കേട്ടോ.' അങ്ങനെയുള്ള ബന്ധമായിരുന്നൂ, ഞങ്ങള്‍ തമ്മില്‍. ഇപ്പോള്‍ നടിമാര്‍ തമ്മില്‍ അത്തരം ബന്ധങ്ങളൊന്നുമില്ല. എല്ലാവരും വേറെവേറെതന്നെ. വേറെവേറെ മുറി, വേറെവേറെ സ്റ്റാറ്റസ്, അങ്ങനെ.

കോട്ടയത്ത് ഷൂട്ടിനു പോയപ്പോള്‍ നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു താമസം. അവിടെ താമസിക്കാന്‍ ചെന്നപ്പോള്‍ മുറിയില്ല. എല്ലാവര്‍ക്കുംകൂടെ താമസിക്കാന്‍ നാലഞ്ചു മുറികളേയുള്ളൂ. ഷീലയുടെ മുറിയിലായി എന്റെ താമസം. ആലുവാ പാലസില്‍ ത്രിവേണിയുടെ ഷൂട്ടിങ് നടക്കുന്നു. ഞാന്‍ കാലത്തു വന്നാല്‍ വൈകുന്നേരം പോവും. അന്ന് ദിവസവും നാടകമുള്ള സമയമാണ്. കുളിക്കുന്നതും പിടിക്കുന്നതുമെല്ലാം ശാരദച്ചേച്ചിയുടെ റൂമില്‍ത്തന്നെ. അങ്ങനെ ഒരു വ്യത്യാസമൊന്നും അക്കാലത്തെ വലിയ താരങ്ങള്‍ എന്നോടു കാണിച്ചിട്ടില്ല. 

ഇതിന്റെ ഏറ്റവും പ്രധാന കാരണം എനിക്കു ഭാസിച്ചേട്ടനോടുള്ള അടുപ്പമായിരിക്കണം. ഭാസിച്ചേട്ടനെന്നു പറഞ്ഞാല്‍ ശാരദച്ചേച്ചിക്കൊക്കെ ഭയങ്കര ബഹുമാനമാണ്. കൂട്ടുകുടുംബം സിനിമയില്‍ ഇവര്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അവര്‍ ഉര്‍വശിയായിക്കഴിഞ്ഞിരുന്നു. തുലാഭാരത്തിലെ അഭിനയത്തിന്. ആ സിനിമയിലാണല്ലോ അവര്‍ ആദ്യം ഉര്‍വശിയാവുന്നത്. തുലാഭാരം ഭാസിച്ചേട്ടന്റെ പടമാണല്ലോ? കൂട്ടുകുടുംബത്തില്‍ അഭിനയിക്കാന്‍ അവര്‍ മദ്രാസില്‍നിന്ന് ട്രെയിനിലാണ് വരുന്നത്. എറണാകുളത്ത് വന്നിറങ്ങും. അവിടെനിന്ന് ആലപ്പുഴയ്ക്കു കാറില്‍ വരും, ആ വണ്ടിയില്‍ത്തന്നെയാണ് ഭാസിച്ചേട്ടനും വരുന്നത്. ഭാസിച്ചേട്ടന് ബര്‍ത്ത് കിട്ടിയിട്ടില്ല. 

'കഥ തുടരും' വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശാരദയുടെ കൂടെ ശാരദയുടെ ഒരു ആയകൂടിയുണ്ട്. സിസ്റ്റര്‍ എന്നാണ് അവരെ വിളിക്കുന്നത്. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കൂടെ കൂട്ടിയതാണ്. അവരെക്കൂടാതെ ശാരദയുടെ അമ്മയോ ആരെങ്കിലുമൊരാള്‍ കാണും. അവരെല്ലാം ഫസ്റ്റ് ക്ലാസിലാണ് സഞ്ചാരം. ശാരദച്ചേച്ചി എന്തു ചെയ്‌തെന്നറിയുമോ? അവര്‍ താഴേ കിടന്നിട്ട് ബര്‍ത്ത് ഭാസിച്ചേട്ടനു നല്കി. ഭാസിച്ചേട്ടനോട് അത്രയ്ക്കു ബഹുമാനമായിരുന്നു. മുന്‍പില്‍ ഇരിക്കുകകൂടിയില്ല. കാരണം, ഉര്‍വശിപ്പട്ടം കിട്ടിയ കഥാപാത്രം ഭാസിച്ചേട്ടന്‍ സൃഷ്ടിച്ചതാണല്ലോ? എനിക്കും ആ സൗഭാഗ്യം കിട്ടിയിട്ടുണ്ട്. എവിടെച്ചെന്നാലും കെ.പി.എ.സിയും ഭാസിച്ചേട്ടനും കാരണം എനിക്കൊരു മാന്യമായ സ്ഥാനം കിട്ടിയിരുന്നു. 

നമുക്കു ഭാരതിയിലേക്കുതന്നെ തിരിച്ചുപോവാം. ഷൂട്ടിങ്ങില്ലാത്ത ദിവസം കാലത്തുതന്നെ അവള്‍ വിളിക്കും: 'അക്കാ, ഞാന്‍ വണ്ടി അയയ്ക്കാം. ഇങ്ങോട്ട് വന്നേക്ക്.' ആ ദിവസം മുഴുവനും ഞാന്‍ അവിടെത്തന്നെ ആയിരിക്കും.
ഭാരതിക്കൊരു മുത്തിയമ്മയുണ്ട്. ചെന്നുകയറുമ്പഴേ അവര്‍ പറയും, 'നിനക്കുവേണ്ടി ഞങ്ങള്‍ ഞണ്ട് വാങ്ങിവെച്ചിട്ടുണ്ട്.' ഒരു കൂന ഞണ്ടുണ്ടാവും. ഞണ്ടു വാങ്ങി കറി വെച്ചിട്ട് ഒരു വലിയ പ്ലേറ്റിനകത്ത് വിളമ്പിവെക്കും. മേശയ്ക്കിരുപുറവുമായി ഞങ്ങളിരിക്കും. ഞങ്ങളത് കടിച്ചുപറിച്ചു തോടു പൊട്ടിച്ച് തീറ്റയും കഥപറച്ചിലുമായിരിക്കും. എന്തൊക്കെയാണ് പറയുന്നതെന്നതിന് ഒരതിരുമില്ല. അത്രയ്ക്കു സ്‌നേഹമായിരുന്നു. ഷീലയും അത്ര അടുപ്പം എന്നോടു കാണിച്ചിട്ടുണ്ട്. എന്നാലും ഏറ്റവും കൂടുതല്‍ ഒന്നിച്ചു താമസിച്ചത് ഭാരതിതന്നെ. അവളഭിനയിക്കുന്ന ഏതെങ്കിലും പടത്തില്‍ ഞാനുണ്ടെന്നറിഞ്ഞാല്‍ ഉടനെ പറയും, 'അക്കയ്ക്കു വേറെ മുറി വേണ്ട കേട്ടോ. എന്റെ കൂടെ കഴിഞ്ഞോളണം.'

ഡാന്‍സുപഠിത്തത്തിന്റെ കാര്യം പറഞ്ഞല്ലോ? അങ്ങനെ ഡാന്‍സ് പഠിച്ചുപഠിച്ച് എന്റെ കാല്‍മുട്ട് വേദനിക്കാന്‍ തുടങ്ങി. ബഹദൂര്‍ക്കായുടെ കമന്റാണ്: 'വയസ്സും പ്രായോം ഒക്കെ ആയാല്‍ പെണ്ണുങ്ങള്‍ ചുമ്മാ അടങ്ങിയിരിക്കണം. പോയി കാലിന്റെ മുട്ട് തല്ലിപ്പൊട്ടിക്കരുത്.' എനിക്കും ഭാരതിക്കും പ്രായത്തില്‍ വലിയ വ്യത്യാസമില്ല. എന്നാലും ബഹദൂര്‍ക്കാ പറയും: 'ഈ പ്രായത്തില്‍ നീയെന്തിനാ അവള്‍ടെ കൂടെ ചാടാന്‍ നടക്കുന്നത്?' കണ്ടുകഴിഞ്ഞാല്‍ അന്ന് ഞാനാണ് ചെറിയത്. മെലിഞ്ഞിട്ടാണ്. ഭാരതിക്കാണെങ്കില്‍ ഇച്ചിരി തടിയൊക്കെയുണ്ട്.

എന്റെ ഡാന്‍സുപഠിത്തം അങ്ങനെ കുറേശ്ശയായി നിന്നു. അവള്‍ മാത്രം ഡാന്‍സ് തുടര്‍ന്നു. ആ മാഷ്‌ക്കെന്നെ വലിയ കാര്യമായിരുന്നു. എന്നോടു പറഞ്ഞിരുന്നു: 'പഠിക്കണം. ഫീസൊന്നും തരേണ്ട.' പഠിക്കാം. പക്ഷേ, എനിക്ക് പിന്നെ പോകാനൊന്നും പറ്റിയില്ല. ഡാന്‍സ് എനിക്ക് അത്ര ഇഷ്ടമായിരുന്നെങ്കിലും ആ ചുറ്റുപാടില്‍ എനിക്കെന്തോ തുടരാന്‍ കഴിഞ്ഞില്ല. അതിലൊരാവേശമില്ലാതായി. ഭാരതിക്ക് ഇപ്പഴും ആ മാഷ് ഉണ്ട്. ഇപ്പോഴും ഡാന്‍സ് ക്ലാസും പഠിത്തവുമൊക്കെയുണ്ട്. ഇപ്പം സിനിമയില്ല. ഡാന്‍സാണ് കൂടുതല്‍. അവള്‍ക്ക് അഭിനയം വേണ്ട. അഭിനയിക്കണമെങ്കില്‍ നായികയ്ക്കു കൊടുക്കുന്ന കാശുതന്നെ അവള്‍ക്കു കിട്ടണം. ഇത്രയൊക്കെ പൈസ ആരാണ് കൊടുക്കുക? അനിയത്തിമാരെയൊക്കെ അവള്‍ നല്ല നിലയില്‍ എത്തിച്ചു. രണ്ടു പേരെയും കല്യാണം കഴിച്ചയച്ചു. അതിലൊരാളുടെ മകനാണ് മുന്ന, രണ്ടാമത്തെ അനിയത്തിയുടെ മകന്‍. മുന്ന ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കേളമ്പാക്കംതന്നെ പതിമൂന്ന് ഏക്കര്‍ സ്ഥലം ഉണ്ട്. അതില്‍നിന്ന് മൂന്ന് ഏക്കര്‍ ഈയിടെയെങ്ങാണ്ട് വിറ്റുവെന്നാണ് അറിഞ്ഞത്. ഞങ്ങളിപ്പോള്‍ വലിയ അടുപ്പത്തിലല്ല. അതിനൊരു കാരണമുണ്ട്. 

( കെ.പി.എ.സി ലളിതയുടെ കഥ തുടരും എന്ന പുസ്തകത്തില്‍ നിന്ന് )

Content Highlights : kpac lalitha's autiobio,kpac lalitha and jayabharathi, Katha thudarum, kpac lalitha's books