മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പുകളായ 'ഗുരുമുഖങ്ങള്‍ക്ക് ' കമല്‍ ഹാസന്‍ എഴുതിയ അവതാരികയില്‍ നിന്ന്...

സൗഹൃദങ്ങള്‍ പലപ്പോഴും സംഭവിക്കുകയാണ്. എവിടെ എപ്പോള്‍ എങ്ങനെ എന്ന് കൃത്യമായി ഓര്‍ത്തെടുക്കാനാവാത്തവിധം അത് ജീവിതം മുഴുവന്‍ നമ്മളെ വാരിപ്പുണരും. മോഹന്‍ലാലുമായി എനിക്കുള്ള സൗഹാര്‍ദ്ദം അത്തരത്തിലുള്ള ഒന്നാണ്. എങ്ങനെയാണ് ഈ സൗഹൃദം ആരംഭിച്ചതെന്ന് എനിക്കു പറയാനാവില്ല. പക്ഷേ സ്‌നേഹപൂര്‍വ്വം ഞാന്‍ ലാല്‍സാര്‍ എന്നു സംബോധനചെയ്യുന്ന മോഹന്‍ലാല്‍ അത്രമാത്രം എന്റെ ഹൃദയതാളത്തില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്.

മലയാളത്തില്‍ ഞാന്‍ സജീവമായിരുന്ന കാലത്താണ് മോഹന്‍ലാലിന്റെ  രംഗപ്രവേശം. ആക്ടിങ്ങിലെ ആ സ്പാര്‍ക്ക് അന്നേ അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. വില്ലന്‍വേഷങ്ങളില്‍ തുടങ്ങിയ ആ നടന സഞ്ചാരം ഇന്ത്യന്‍ സിനിമയിലെ എത്രയോ വലിയ നടന്മാര്‍ക്കൊപ്പം യാത്രചെയ്തു. എന്നിട്ടും ഞങ്ങള്‍ക്ക് ഒരു സിനിമയില്‍ ഒന്നിക്കാന്‍ മുപ്പതുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു.

'ഉന്നൈപ്പോല്‍ ഒരുവനി'ലായിരുന്ന ആ സംഗമം. ആ സിനിമയില്‍ ഞങ്ങളുടെ കോമ്പിനേഷന്‍ സീന്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ അനുഭവത്തില്‍ മോഹന്‍ലാല്‍ അഭിനിയിക്കാനറിയാത്ത നടനാണ്. ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയൂ. ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ ഞാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മോഹന്‍ലാലായിരിക്കും. ഞാനദ്ദേഹത്തിന്റെ എത്രയോ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. എപ്പോഴും വലിയ ആരാധന തോന്നിയിട്ടുമുണ്ട്.

gurumukhangalപല സിനിമകളിലെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നിലെ ആസ്വാദകനെ അമ്പരിപ്പിച്ചിട്ടുണ്ട്. 'വാനപ്രസ്ഥ'ത്തിലെ കഥകളി നടന്‍ ഒരു ഉദാഹരണം. അഭിനയത്തില്‍ മോഹന്‍ലാലിന്റെ റിഥം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാന്‍ ആ വേഷം മാത്രം മതി. വിരലുകളില്‍ പോലും നടനതാളം വിരിയിച്ചുകൊണ്ടാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്. 

ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരുടെ അഭിനയമുഹൂര്‍ത്തങ്ങളിലൂടെയും ആര്‍ദ്രമായ ജീവിതവീഥിയിലൂടെയും മോഹന്‍ലാല്‍ നടത്തുന്ന സഞ്ചാരമാണ് 'ഗുരുമുഖങ്ങള്‍'. ലാലിന്റെ ബൃഹത്തായ ജീവചരിത്രരചനയുടെ ഭാഗമായി ഭാനുപ്രകാശ് തയ്യാറാക്കിയ ഈ പുസ്തകത്തിലൂടെ മോഹന്‍ലാല്‍ ഗുരുതുല്യരായ പ്രതിഭകളുടെ ഔന്നത്യം തൊട്ടറിയുന്നു. തനിക്കു മുന്‍പേ കടന്നുപോയതും തനിക്കൊപ്പം സഞ്ചരിച്ചതുമായ നടന്മാരെയും സംഗീതജ്ഞരേയും എഴുത്തുകാരെയും സംവിധായകരെയും ഗുരുമുഖങ്ങളിലൂടെ അദ്ദേഹം നമുക്കുമുമ്പില്‍ ദൃശ്യപ്പെടുത്തുന്നു. 

സേതുമാധവന്‍ സാറിന്റെ 'കണ്ണും കരളും' എന്ന ചിത്രത്തിലൂടെ സത്യന്‍ മാസ്റ്റര്‍ക്കൊപ്പമാണ് മലയാളത്തില്‍ എന്റെ തുടക്കം. മറക്കാനാവില്ല ആ ഓര്‍മ്മകള്‍. ആറു വയസ്സു പ്രായമുള്ള എന്നെ കൈപിടിച്ച് അഭിനയിപ്പിച്ചു ആ മഹാനടന്‍. ഇന്നോര്‍ക്കുമ്പോള്‍ സത്യനെന്ന മഹാനടനൊപ്പമായിരുന്നല്ലോ അരങ്ങേറ്റം എന്നതില്‍ അഭിമാനമുണ്ട്. മോഹന്‍ലാലിന്റെ ഗുരുമുഖങ്ങള്‍ ആരംഭിക്കുന്നതും സത്യന്‍മാസ്റ്ററിലാണ്.  

mohanlalinte yathrakalവെളുത്ത അംബാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ കറുത്ത കണ്ണട ധരിച്ച് സത്യന്‍ മാസ്റ്റര്‍ കടന്നുപോകുന്ന ദൃശ്യം. ലാലിന്റെ പതിനൊന്നാമത്തെ വയസ്സിലെ ആ അനുഭവം വളരെ ഹൃദയസ്പര്‍ശിയാണ്. തുടര്‍ന്ന് എംജിആറിലേക്കും ഡോ. രാജ്കുമാറിലേക്കും നാഗേശ്വരറാവുവിലേക്കും ശിവാജി ഗണേശനിലേക്കും ലാല്‍ നടത്തുന്ന ആത്മസഞ്ചാരം ഒന്നിനൊന്ന് വ്യത്യസ്തമാണ്. 

ഗുരുമുഖങ്ങളിലെ ഓരോ താളുകളിലൂടെയും കടന്നുപോകുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വന്നു പൊതിയുകയാണ്. 'ആനന്ദജ്യോതി'യുടെ ലൊക്കേഷനില്‍വെച്ച് എം.ജി.ആര്‍ സാറിനെ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു: 'നിനക്ക് ആരാകണം?' വലിയ നടനാകണം എന്നായിരുന്നില്ല എന്റെ മറുപടി. 'എനിക്ക് സയന്റിസ്റ്റ് ആകണം', പെട്ടെന്നുതന്നെ ഞാനതു മാറ്റിപ്പറഞ്ഞു. 'അല്ല സാര്‍, ഡോക്ടറാകണം.' കൃത്യമായി ഒരു ഉത്തരം നല്കാന്‍ എനിക്കു കഴിഞ്ഞില്ല.

എം.ജി.ആര്‍ സാറാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്. എത്രയോവട്ടം അദ്ദേഹം എനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. 'പാര്‍ത്താല്‍ പശിക്കിറത്' ആയിരുന്നു ശിവാജി ഗണേശന്‍ സാറിനൊപ്പം വേഷമിട്ട ആദ്യചിത്രം. സ്വന്തം മകനോടുള്ള സ്‌നേഹമായിരുന്നു സാറിനെന്നോട്. അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളിലെ ഡയലോഗുകള്‍ അന്നേ എനിക്ക് കാണാപാഠമായിരുന്നു. ലോക്കേഷനില്‍വെച്ച് ഞാന്‍ അതു പറയുമ്പോള്‍ സാറും ഏറെ ആസ്വദിക്കാറുണ്ട്. എന്റെ ജീവിതത്തിലെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും തണലായി നിന്ന വലിയ മനുഷ്യനായിരുന്നു ശിവാജി സാര്‍.
 
മോഹന്‍ലാല്‍ വിവരിക്കുന്നതിന് സമാനമായ അനുഭവങ്ങള്‍ എന്റെ ജീവിതത്തിലും ധാരാളമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ 'ഗുരുമുഖങ്ങള്‍' എന്റെ കൂടി പുസ്തകമല്ലേ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അമിതാഭ്ബച്ചന്‍, മധു, ജയന്‍, രജനീകാന്ത്, ജോസ് പ്രകാശ്‌, ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു, തിലകന്‍, എ. വിന്‍സെന്റ്, ശശികുമാര്‍, ത്യാഗരാജന്‍, ഐ.വി. ശശി, എം.ടി.  തുടങ്ങി ഈ പുസ്തകത്തില്‍ മോഹന്‍ലാല്‍ പരാമര്‍ശിക്കുന്ന മഹാപ്രതിഭകളിലേറെപ്പേരും എനിക്കും മറക്കാനാവാത്തവരാണ്. അവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതിനേക്കാളൊക്കെ വലിയ നേട്ടം അവര്‍ എനിക്കു നല്‍കിയ സ്‌നേഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

''മധുസാര്‍ ഷൂട്ടിംഗ് ലോക്കേഷനിലേക്ക് കടന്നുവരുമ്പോള്‍ ഒരു നിമിഷം വല്ലാത്തൊരു വൈബ്രേഷനാണ് അനുഭവപ്പെടുക. ആ സമയം ലൊക്കേഷനാകെ മധുസാറില്‍ ചൊരിയുന്ന ആദരവ് പറഞ്ഞറിയിക്കാനാവില്ല. ചരിത്രത്തെ തൊട്ടറിയുന്നതുപോലുള്ള ഒരനുഭവമാണത്. മലയാള സിനിമയുടെ അഞ്ചു പതിറ്റാണ്ടിന്റെ ചരിത്രം മുന്നിലെത്തിയതുപോലെ ഒരു അനുഭവം. ആ ചരിത്രത്തിനൊപ്പം ചേര്‍ന്നുനില്ക്കാനും ജീവിക്കുവാനും കഴിഞ്ഞു എന്നതാണ് നടനെന്ന നിലയില്‍ എനിക്കു ലഭിച്ച മഹാഭാഗ്യങ്ങളിലൊന്ന്.'- മധുസാറിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുമ്പോള്‍ അത് എന്റെ കൂടി വികാരമായി മാറുകയാണ്.

oru nadante blogezhuthukalമധുസാറിന് എന്നോടുള്ള സ്‌നേഹം ഇപ്പോഴും കുറഞ്ഞിട്ടില്ല. നേരില്‍ കാണുമ്പോള്‍ 'കമല്‍....' എന്ന സ്‌നേഹത്തോടെയുള്ള അദ്ദേഹത്തിന്റെ വിളിയില്‍ എല്ലാമുണ്ട്. ഇന്ത്യന്‍ സിനിമയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിലാണ് ഞങ്ങള്‍ അവസാനമായി കണ്ടത്. അന്നു മധുസാറിനെ ആദരിച്ചിരുന്നു. എം.ടി. സാറിന്റെ തിരക്കഥയില്‍ സേതുമാധവന്‍ സാര്‍ സംവിധാനം ചെയ്ത 'കന്യാകുമാരി'യിലൂടെ മലയാളത്തില്‍ നായകനാകാന്‍ കഴിഞ്ഞത് എന്റെ ഗുരുത്വമാണ്.

എം.ടി.സാറിനെ ഞാന്‍ ഗുരുതുല്യനായാണ് കാണുന്നത്. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത 'നിര്‍മ്മാല്യം' ഞാന്‍ രണ്ടുതവണ കണ്ടിട്ടുണ്ട്. ബാംഗ്ലൂരിലെ തിയേറ്ററില്‍ എന്നെ കൊണ്ടുപോയി ആ സിനിമ കാണിച്ചത് സുരാസുവാണ്. മലയാളത്തില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ചിത്രവും 'നിര്‍മ്മാല്യ'മാണ്.  മോഹന്‍ലാല്‍ എന്നെ വിസ്മയിപ്പിച്ചതുപോല തന്നെ അദ്ദേഹത്തിന്റെ മകന്‍ പ്രണവ് എന്നെ അതിശയിപ്പിക്കുകയുണ്ടായി. ലാല്‍ അഭിനയിച്ച 'ദൃശ്യം' എന്ന പ്രശസ്ത സിനിമയുടെ തമിഴ് പതിപ്പായ 'പാപനാശ'ത്തില്‍ അഭിനയിക്കുമ്പോഴാണ് പ്രണവിലെ പ്രതിഭയുടെ മാന്ത്രികത ഞാന്‍ നേരിട്ടറിയുന്നത്. പാപനാശത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രണവ്. ഒരു സൂപ്പര്‍ താരത്തിന്റെ മകനാണെന്ന ഭാവം ആ മുഖത്തുണ്ടായിരുന്നില്ല.

സിനിമ പഠിക്കാന്‍ വരുന്ന ഒരു കുട്ടി എങ്ങനെയായിരിക്കും അതുപോലെയായിരുന്നു പ്രണവും. സെറ്റില്‍ ക്ലാപ്പടിച്ചു തുടങ്ങുന്ന അവനെ കാണുമ്പോള്‍ പലപ്പോഴും ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തിട്ടുണ്ട്. ഇങ്ങനെയൊക്കെയായിരുന്നല്ലോ ഞാനും സിനിമയിലേക്ക് എത്തിയത്. അച്ഛനെപ്പോലെ മകനും ഉയരങ്ങള്‍ താണ്ടും എന്ന കാര്യത്തില്‍ എനിക്ക് ഒട്ടും സംശയമില്ല. പ്രൊഫഷനോടുള്ള പ്രണവിന്റെ സമര്‍പ്പണം അത്ര തീവ്രമാണ്. മോഹന്‍ലാലിന്റെ ഭാര്യാ പിതാവ് ബാലാജി സാറിന്റെ കുടുംബവുമായി എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുണ്ട്. സാറിന്റെ പല ചിത്രങ്ങളിലും എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്.

ഒരു ചലച്ചിത്ര നടന്റെ തിരക്കുകളെക്കുറിച്ച് എനിക്ക് വ്യക്തമായറിയാം. ഞാന്‍ ജീവിച്ചതും ജീവിച്ചുകൊണ്ടിരിക്കുന്നതും സിനിമയുടെ മണ്ണിലാണല്ലോ. അത്തരം തിരക്കുകള്‍ക്കിടയില്‍ മലയാളത്തിലെ സൂപ്പര്‍ താരം എഴുത്തിനും വായനയ്ക്കും യാത്രയ്ക്കും സമയം കണ്ടെത്തുകയും തന്റെ ചിന്തകളും സ്വപ്‌നങ്ങളും എല്ലാ മനുഷ്യര്‍ക്കുമായി പകര്‍ത്തിവെക്കുകയും ചെയ്യുന്നത് അദ്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാവൂ. എഴുത്തുകാരന് മരണമില്ല എന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. മോഹന്‍ലാലിന്റെ എഴുത്തിനും മരണമില്ല. അദ്ദേഹത്തിന്റെ വാക്കുകളോരോന്നും ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്കാണ് പടര്‍ന്നുകയറുന്നത്. തീര്‍ച്ചയായും ഈ പുസ്തകം ഗുരുതുല്യരായ മഹാരഥന്മാര്‍ക്കുള്ള പ്രണാമം കൂടിയാണ്.