ചെറുപ്പംമുതലേ വായന ശീലമാക്കിയൊരാള്‍ക്ക് നവമാധ്യമങ്ങളുടെ വേലിയേറ്റത്തിനിടയ്ക്കും കഥയിലെ ധൂര്‍ത്തപുത്രനെപ്പോലെ വായനയിലേക്ക് വീണ്ടും വീണ്ടും തിരിച്ചുവരാതിരിക്കാനാവില്ലെന്ന് കവി എന്‍.എന്‍. കക്കാടിന്റെ ഭാര്യയും എഴുത്തുകാരിയുമായ ശ്രീദേവി കക്കാട്. ഏകാന്തതയില്‍ നവരസാനുസാരിയായ സുഹൃത്ത്, വഴികാട്ടി എന്നീ നിലയ്ക്ക് പുസ്തകങ്ങളുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തുന്നയാള്‍ക്ക് ജീവിതത്തില്‍ ഒറ്റപ്പെടലെന്ന അവസ്ഥ ഉണ്ടാവില്ല.

വായനശാലയിലെ പാവാടക്കാരികള്‍

അമ്മയും മുത്തശ്ശിയും രാമായണവും ഭാരതവും ഭാഗവതവും നിത്യപാരായണം പതിവുണ്ട്. അവരുടെ വായന കേട്ടു വളര്‍ന്ന കുട്ടിക്കാലം. കഥകള്‍ മിക്കതും വിശദമായി അവര്‍ പറഞ്ഞുതരാറും ഉണ്ട്. കുറേശ്ശെ വായിക്കാറായപ്പോള്‍ അതൊക്കെ എടുത്തു വായിക്കാന്‍ തുടങ്ങി. 

കൃഷ്ണഗാഥയിലെ പല വരികളും ഹൃദിസ്ഥമായിരുന്നു. അതല്ലാതെയുള്ള വായന തുടങ്ങിയത് ഏഴിലും എട്ടിലും പഠിക്കുന്ന കാലത്താണ്. ഞാന്‍ ജനിച്ചുവളര്‍ന്ന കാറല്‍മണ്ണയില്‍ നല്ല പുസ്തകങ്ങളുള്ള ഒരു വായനശാലയുണ്ടായിരുന്നു. വായിക്കാന്‍ മോഹമുണ്ടെങ്കിലും വായനശാലയുടെ നാലയലത്തുപോലും സ്ത്രീകള്‍ കടക്കാത്ത കാലം. 

അന്ന് രണ്ടു പാവാടക്കാരികള്‍  ഞാനും അനുജത്തിയും  സ്‌കൂള്‍വിട്ടുവരുമ്പോള്‍ വായനശാലയില്‍ കയറി പുസ്തകങ്ങളെടുക്കുക പതിവായിരുന്നു. അച്ഛന്റെ ഉപദേശമായിരുന്നു പ്രേരണ. ബാലസാഹിത്യം എന്നൊരു ശാഖ അക്കാലത്ത് വികസിച്ചിരുന്നില്ല. ഏത് വായിക്കണമെന്ന്  പറഞ്ഞുതരാനും ആരുമുണ്ടായിരുന്നില്ല. അതിനാല്‍ കിട്ടിയ പുസ്തകമെടുക്കും.

വിജ്ഞാനത്തിന്റെ ചെറുവെളിച്ചം

അക്ഷരശ്ലോകത്തിന് ശ്ലോകങ്ങള്‍ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. ആശാന്‍, വള്ളത്തോള്‍ എന്നിവരുടെ കൃതികളും മണിപ്രവാളവുമെടുത്ത് ശ്ലോകങ്ങളെഴുതിയെടുത്ത് മത്സരിച്ച് പഠിച്ചു. പിന്നെപ്പിന്നെ ബഷീര്‍, തകഴി, എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ് എന്നിവരുടെ നോവലുകളും തികച്ചും കേരളാന്തരീക്ഷത്തിലുള്ള ബംഗാളി നോവലുകളും വിവര്‍ത്തനങ്ങളും താത്പര്യത്തോടെ വായിച്ചു. 

വയലാര്‍, അക്കിത്തം എന്നീ യുവകവികളുടെ കവിതകളും ചങ്ങമ്പുഴയുടെ 'രമണനും' വായിച്ചു. വിജ്ഞാനസാഹിത്യത്തില്‍പ്പെടുന്ന ചില പുസ്തകങ്ങളും ജവാഹര്‍ലാല്‍ നെഹ്‌റുവെഴുതിയ 'ഗ്‌ളിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി' എന്ന പുസ്തകവും (അന്ന് തര്‍ജമ വന്നിട്ടില്ല) എടുക്കുമ്പോള്‍ ലൈബ്രേറിയന്‍ ചോദിക്കും: ''കുട്ട്യോളേ, ഇതുവല്ലതും നിങ്ങള്‍ക്കു മനസ്സിലാവ്വോ?''. ''നോക്കട്ടെ'' എന്ന് ഞങ്ങളും! മെനക്കെട്ടിരുന്നു വായിച്ചപ്പോള്‍ വിജ്ഞാനത്തിന്റെ ചെറുവെളിച്ചം മനസ്സില്‍ മിന്നി.

റേഷന്‍ വാങ്ങിയില്ലെങ്കിലും പുസ്തകം വാങ്ങുന്നയാള്‍

വിവാഹിതയായി ഭര്‍ത്താവ് എന്‍.എന്‍. കക്കാടിന്റെ കൂടെ താമസമായപ്പോള്‍ വായനയുടെ ചക്രവാളം വികസിച്ചു. ആദ്യകാലത്തുതന്നെ നല്ലൊരു ലൈബ്രറിക്ക് ശ്രമം തുടങ്ങിയിരുന്നു അദ്ദേഹം. റേഷന്‍ വാങ്ങാന്‍ പൈസയില്ലെങ്കിലും ഇഷ്ടപ്പെട്ട പുസ്തകം കണ്ടാല്‍ വാങ്ങിയിരിക്കും. ഗൃഹനായികയുടെ ചുമതലകള്‍ തീര്‍ത്തുകിട്ടുന്ന സമയത്ത് ഞാനും വായിക്കും. 

ഷേക്‌സ്പിയര്‍ നാടകങ്ങളും സോഫോക്ലിസ്സിന്റെയും മറ്റും ഗ്രീക്ക് പുരാണങ്ങളും വായിച്ചപ്പോള്‍ പണ്ട് മുത്തശ്ശി പറഞ്ഞുതന്ന പല കഥകളും ഈഷല്‍ഭേദത്തോടെ അവയില്‍ക്കണ്ട് വിസ്മയിച്ചു. ആയിടെ ശ്രദ്ധേയമായ ഒരു പുസ്തകം പോഞ്ഞിക്കര റാഫിയും സെബീനാ റാഫിയും ചേര്‍ന്നെഴുതിയ 'കലിയുഗ'മാണ്. ലോകസംസ്‌കൃതിയുടെ പരിണാമവികാസങ്ങള്‍ വിശകലനം ചെയ്യുന്ന അതില്‍ മാര്‍ക്്‌സിസം മുതല്‍ ഹിപ്പിയിസം വരെ പരാമര്‍ശിച്ചിരുന്നു.

മലയാളത്തിലെ ഏറ്റവും വലിയ നോവലായ വിലാസിനിയുടെ 'അവകാശികള്‍' ഒരു മാസംകൊണ്ടാണ് വായിച്ചുതീര്‍ത്തത്. ഹിപ്പിയിസത്തെപ്പറ്റി കാര്യമായ പരാമര്‍ശം അതിലുംകണ്ടു. പില്‍ക്കാലത്ത് സാറാ തോമസ് എഴുതിയ 'ഗ്രഹണം' എന്ന നോവലില്‍ ഹിപ്പിയിസം മനുഷ്യനിലുണ്ടാക്കുന്ന ദുരന്തപരിണാമങ്ങളും കണ്ടു.

എം.ടി. മുതല്‍ സുഭാഷ് ചന്ദ്രന്‍ വരെ

ഭാഷാപോഷിണി, മാതൃഭൂമി തുടങ്ങിയവയ്‌ക്കൊപ്പം പല വാരികകളും വായിച്ചകൂട്ടത്തില്‍ 'സത്സംഗം' എന്നൊരു മാസിക കണ്ടു. കവയിത്രി കടത്തനാട്ടു മാധവിയമ്മയെ പരിചയപ്പെട്ടിട്ടുണ്ട്. അവര്‍ ഭഗവദ്ഗീത വൃത്താനുവൃത്തം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് 'സത്സംഗ'ത്തില്‍ കണ്ടത് ഒരു പുതിയ അറിവായി. 

പഴയ പുസ്തകങ്ങള്‍ക്കൊപ്പം പുതുതലമുറക്കാരായ എം.ടി. വാസുദേവന്‍ നായര്‍, സി. രാധാകൃഷ്ണന്‍ എന്നിവരുടെ കൃതികള്‍ മിക്കതും വായിക്കാന്‍ കഴിഞ്ഞു. കടത്തനാട്ട് മാധവിയമ്മ, ബാലാമണിയമ്മ, സുഗതകുമാരി, മാധവിക്കുട്ടി എന്നിവരുടെ കവിതകളും വായിച്ചു. 

ഇതിന്റെയൊക്കെ തുടര്‍ച്ചയായി പില്‍ക്കാലത്ത ബെന്യാമിന്റെ 'ആടുജീവിതം', ഖദീജാ മുംതാസിന്റെ 'ബര്‍സ', സാറാ ജോസഫിന്റെ 'മാറ്റാത്തി', കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍', സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്നിങ്ങനെയുള്ള പുസ്തകങ്ങളും താത്പര്യത്തോടെ വായിച്ചു.