വീടുനിറഞ്ഞ പുസ്തകങ്ങൾ

ഏതാണ്ട് മൂന്നാംവയസ്സിൽ ആശാൻകളരിയിൽനിന്ന് അക്ഷരങ്ങൾ കൂട്ടിവായിക്കാമെന്നായപ്പോൾ മുതൽ വായിച്ചുതുടങ്ങിയതാണ്. മലഞ്ചെരിവുകളിലൂടെ തുള്ളിച്ചാടിനടക്കുന്ന ഒരാട്ടിൻകുട്ടി മുന്നിൽക്കാണുന്ന ഇളം നാമ്പുകൾ കടിച്ചുരസിക്കുംപോലെ കൈയിൽ  കിട്ടുന്നതെന്തും ഞാൻ ആർത്തിയോടെ വായിച്ചുതുടങ്ങി.
എന്റെ വീട്ടിൽ എമ്പാടും പുസ്തകങ്ങളായിരുന്നു.

തിണ്ണമേലും സ്വീകരണമുറിയിലും ഊൺമേശയിലും കിടപ്പുമുറികളിലും എല്ലായിടത്തും പുസ്തകങ്ങളും മാസികകളും ചിതറിക്കിടക്കും. അപ്പൻ ഒന്നാന്തരം വായനക്കാരനായിരുന്നു. മാതൃഭൂമി, ദേശാഭിമാനി, മലയാളമനോരമ, ഇംപ്രിന്റ് (ഇപ്പോൾ അതില്ല) തുടങ്ങിയ ആനുകാലികങ്ങളും ഇല്ലസ്‌ട്രേറ്റഡ് വീക്കിലി, റീഡേഴ്‌സ് ഡൈജസ്റ്റ് എന്തിന്, മാധവൻപിള്ളയുടെ പത്രാധിപത്യത്തിൽ ചങ്ങനാശ്ശേരിയിൽനിന്നിറങ്ങുന്ന സരസൻ വാരികവരെ വീട്ടിൽ വരുത്തിയിരുന്നു. അങ്ങനെ അക്ഷരങ്ങളുടെ മായികലോകം അന്നേ എനിക്കു തുറന്നുകിട്ടി.

മാൽഗുഡിക്കാലം

MALGUDI DAYSഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമെന്നു പറയുമ്പോൾ മനസ്സിൽ ആദ്യംവരുന്നത് ആർ.കെ. നാരായണന്റെ സ്വാമിയും ചങ്ങാതിമാരും (swami and friends) എന്ന മിസ്റ്ററി നോവലാണ്. മാൽഗുഡി എന്ന സാങ്കല്പിക പട്ടണത്തിൽ അധിവസിക്കുന്ന സ്വാമി എന്ന ബാലനെക്കുറിച്ചും അവന്റെ ചങ്ങാതിമാരെക്കുറിച്ചും അന്നത്തെ തെന്നിന്ത്യൻ ജീവിതത്തെക്കുറിച്ചുമുള്ള കൗതുകകരമായ സംഭവങ്ങളാണ് ഇതിന്റെ ഉള്ളടക്കം.

ദക്ഷിണഭാഷാ ബുക് ട്രസ്റ്റ് പുറത്തിറക്കിയ ആ കൃതി തായാട്ട് ശങ്കരൻ തികഞ്ഞ ആർജവത്തോടെയാണ് തർജമചെയ്തിരിക്കുന്നത്. ആർ.കെ. ലക്ഷ്മൺ വരച്ച ചിത്രങ്ങൾ അതിനെ കൂടുതൽ കമനീയമാക്കി. പലതവണ ആ പുസ്തകത്തിൽക്കൂടി കടന്നുപോയിട്ടുണ്ടെങ്കിലും അതിന്റെ അവസാനഭാഗമെത്തുമ്പോൾ ഓരോ തവണയും കരഞ്ഞുപോകും. അത്രയ്ക്ക് ഹൃദയസ്പർശിയാണ് അവരുടെ വിടപറയൽരംഗം.

മാഞ്ഞുപോകാത്ത മരങ്ങളും മനുഷ്യരും

എന്നെ എക്കാലവും വിസ്മയിപ്പിച്ച എഴുത്തുകാരനാണ് എസ്.കെ. പൊറ്റെക്കാട്ട്. എന്റെ പ്രിയകഥാകാരൻ. തന്റെ ഭാഷയുടെ മാസ്മരികതയാൽ വായനക്കാരെ ഏതെല്ലാമോ മായാപുരികളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. എസ്.കെ.യുടെ എല്ലാ രചനകളും ഇഷ്ടമാണെങ്കിലും ‘ഒരു ദേശത്തിന്റെ കഥ’യാണ് ഞാൻ ഹൃദയത്തോടു ചേർത്തുവെക്കുന്നത്.

തോമസ് ഹാർഡിയുടെ വെസെക്സ് പോലെ, ഫോക്‌നറുടെ യോക്‌ന പട്ടാഫപോലെ, മുകുന്ദന്റെ മയ്യഴി പോലെ അതിരാണിപ്പാടവും അവിടത്തെ മനുഷ്യരും പുസ്തകത്താളിൽനിന്ന് നമ്മുടെ മുന്നിൽ ചിരിച്ചും കളിച്ചും കലഹിച്ചും പ്രണയിച്ചും ഒരു ഘോഷയാത്രയിലെന്നപോലെ കടന്നുപോകുന്നു.

കാലമെത്രകടന്നുപോയാലും അന്നത്തെ മരങ്ങളും സസ്യജാലങ്ങളും വീടുകളും അതിലധിവസിച്ചിരുന്ന മനുഷ്യരും ഈ ഭൂമുഖത്തുനിന്ന് മാഞ്ഞുപോയാലും എസ്.കെ.യുടെ അനശ്വരതൂലികയിലൂടെ അവർ വായനക്കാരുടെ മനസ്സിൽ നിരന്തരമായി നിലകൊള്ളുന്നു.

വള്ളിക്കുടിലിലെ താപസജീവിതം

പുതുതായിറങ്ങുന്ന പുസ്തകങ്ങൾതേടി പുസ്തകശാലകളിൽപ്പോകുന്ന പരിപാടി എനിക്കുതീരെയില്ല. എന്തുകൊണ്ടോ അപരിചിതഭൂമികളിലൂടെ അലയുന്നതിനെക്കാൾ പരിചിതമായ ലോകങ്ങളിലേക്കുതന്നെ വീണ്ടും വീണ്ടും പോകാനാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെയാണ് മാധവിക്കുട്ടിയുടെ രചനകളും ടി. പത്മനാഭന്റെ ചെറുകഥകളും ‘ബ്രദേഴ്‌സ് കാരമസോവും’ തർജനീവിന്റെ രചനകളും ഞാൻ വീണ്ടും വീണ്ടും വായിക്കുന്നത്.

ARANYAKAMഇത്തരത്തിൽ ഞാൻ കൂടെക്കൂടെ സഞ്ചരിക്കുന്ന ഒരു നിബിഡകാന്താരമുണ്ട്. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ‘ആരണ്യക്’. ബിഹാറിന്റെ അതിർത്തിപ്രദേശത്തുള്ള വിശാലമായ ഒരു വനഭൂമിയുടെയും അതിനോടു ചേർന്നുകിടക്കുന്ന ലോബ്ടുലിയ എന്ന ഗ്രാമത്തിന്റെയും അവിടെ വസിക്കുന്ന നിഷ്കളങ്കരായ ഗോത്രജാതിക്കാരുടെയും ചരിതം.

കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത ഏതെല്ലാം വനപുഷ്പങ്ങളും മാമരങ്ങളും വിചിത്രവർണക്കാരായ പക്ഷികളും വള്ളിപ്പടർപ്പുകളും വനത്തിന്റെ തമോമയമായ ഹരിതനിഗൂഢതയുമൊക്കെയാണ് നമ്മൾ അനുഭവിക്കുന്നത്. വനാന്തരം ചമച്ച ശീതളമായ വള്ളിക്കുടിലിൽ സ്വപ്നസമാനമായ ഒരു താപസജീവിതം ആരണ്യകിന്റെ ഓരോ വായനയിലും അനുഭവിക്കുന്നു.

ഔന്നത്യത്തിനുമുന്നിൽ നമിച്ചുകൊണ്ട്...

എന്റെ ബൈബിൾ എന്ന് എപ്പോഴും തോന്നാറുള്ള നോവൽത്രയമാണ് ബിമൽമിത്രയുടെ അനശ്വരമായ മൂന്നു രചനകൾ. ‘പ്രഭുക്കളും ഭൃത്യരും’, ‘വിലയ്ക്കുവാങ്ങാം’, ‘ഇരുപതാം നൂറ്റാണ്ട്’ എന്നിവ.

ഇന്ത്യയുടെ ഭൂതകാലചരിത്രത്തിന്റെ മൂന്നു വ്യത്യസ്തകാലഘട്ടങ്ങൾ. പത്താംവയസ്സിൽ ആദ്യമായി വായിച്ചപ്പോൾമുതൽ ഔന്നത്യമാർന്ന ആ രചനകൾക്കുമുന്നിൽ ഞാൻ അദ്ഭുതാദരങ്ങളോടെ നമിച്ചുപോകാറുണ്ട്. അത്രമേൽ പ്രിയങ്കരമാണ് എനിക്ക് ബിമൽമിത്രയുടെ രചനാലോകം.