ലാപ്രകടനത്തിന് ആവശ്യമുള്ള പുസ്തകങ്ങളുടെ വായനയാണ് കൂടുതലുമെന്ന് കൂത്ത്, കൂടിയാട്ട കലാകാരനും മൂഴിക്കുളം നേപഥ്യ ഗുരുകുലത്തിന്റെ ആചാര്യനുമായ മാര്‍ഗി മധു ചാക്യാര്‍. യാത്രകളിലും മറ്റുമാണ് മറ്റു ശാഖകളിലുള്ള പുസ്തകങ്ങളുടെ വായന

മോഹിനിയാട്ടത്തിന്റെ വഴികള്‍

വേണു ജി.യും നിര്‍മല പണിക്കരും ചേര്‍ന്നു രചിച്ച 'മോഹിനിയാട്ടം: ആട്ടപ്രകാരവും മുദ്രകളും' എന്ന പുസ്തകം കേരളത്തിന്റെ നൃത്തപാരമ്പര്യത്തെപ്പറ്റി കുറേ വിവരങ്ങള്‍ നല്‍കുന്നു. തിരുവാതിരകളിയെക്കുറിച്ചുള്ള ഭാഗം വിശേഷിച്ചും ശ്രദ്ധേയമാണ്. മുദ്രകള്‍ക്ക് നൊട്ടേഷന്‍ എങ്ങനെ നല്‍കാമെന്നു വിശദീകരിക്കുന്നത് ഉപകാരപ്രദമാണ്. പദങ്ങളുടെ ആട്ടപ്രകാരം നൊട്ടേഷനായി നല്‍കിയിരിക്കുന്നു. നൊട്ടേഷനായോ ചിത്രീകരണമായോ ആണ് സാധാരണയായി മുദ്രകളെ പരിചയപ്പെടുത്താറ്. ചിത്രീകരണത്തിന് സാങ്കേതികമായി പരിമിതിയേറെയാണ്. അതുകൊണ്ടുതന്നെ, നൊട്ടേഷന്‍ പരിചയപ്പെടുത്തുന്നുവെന്നത് പ്രധാനമായി തോന്നി.

പാവകളിയിലെ മോഹിനിയാട്ടത്തിനെപ്പറ്റിയുള്ള ലേഖനമാണ് ശ്രദ്ധയാകര്‍ഷിച്ച മറ്റൊന്ന്. മോഹിനിയാട്ടത്തില്‍ തലമുടി കെട്ടലിനെപ്പറ്റിയുള്ള വിവാദം പ്രധാനമാണല്ലോ. മുടി വശത്തേക്കാണോ പിന്നിലേക്കാണോ കെട്ടേണ്ടതെന്നതിനെപ്പറ്റിയാണ് ചര്‍ച്ച. രണ്ടുതരം മുടിക്കെട്ടും ഇവിടെ ഉണ്ടായിരുന്നുവെന്ന് ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു. പാവകളിയിലെ മോഹിനിയാട്ട രൂപങ്ങളില്‍ രണ്ടുതരത്തിലുള്ള മുടിക്കെട്ടുള്ള പാവകളെയും കാണാം. അതുകൊണ്ടുതന്നെ ഈ തര്‍ക്കത്തില്‍ വലിയ കാര്യമൊന്നുമില്ലെന്നാണ് വ്യക്തമാകുന്നത്.

നാടന്‍ വര്‍ത്തമാനം പോലെ തുറന്നെഴുത്ത്

കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ 66 ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള 'മേളപ്പെരുക്കം' എന്ന പുസ്തകം അദ്ദേഹത്തിന് എല്ലാ മേഖലയിലുമുള്ള അറിവു വെളിപ്പെടുത്തുന്നു. സത്യസന്ധമായി കാര്യങ്ങളെ സമീപിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ആത്മകഥ, കഥകളിയുടെ മേളം, രംഗാവതരണം, തുള്ളല്‍ തുടങ്ങിയവയൊക്കെ ഈ ലേഖനങ്ങളിലുണ്ട്.

കലാമണ്ഡലത്തിലെ അധ്യാപകനായിരുന്നിട്ടും പ്രശ്‌നങ്ങളെല്ലാം പറയുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച്, അധികാരികളില്‍നിന്ന് കലാകാരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം തുറന്നെഴുതുന്നു. പൊതുവെ കലാകാരന്മാര്‍ ഇങ്ങനെ തുറന്നു പറയാന്‍ ധൈര്യപ്പെടാറില്ല. വള്ളത്തോള്‍ അടക്കമുള്ളവരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നളചരിതം ആട്ടക്കഥാപാഠവും അവതരണവും തമ്മിലുള്ള പ്രശ്‌നങ്ങളും മറ്റും ഇത്തരത്തില്‍ ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ആകാംക്ഷയുണര്‍ത്തിക്കൊണ്ടാണ് അവതരണം. നാടന്‍ഭാഷയില്‍ അടുത്തിരുന്നു വര്‍ത്തമാനം പറയും പോലെ തോന്നും.

കൂടിയാട്ടത്തിലേക്കുള്ള പ്രവേശനം

ഡോ. കെ.ജി.പൗലോസിന്റെ 'കൂടിയാട്ടം: അഭിനയത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും' എന്ന പുസ്തകം കൂടിയാട്ടത്തിന്റെ സകല മേഖലകളെയും സ്പര്‍ശിക്കുന്നതാണ്. പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചതാണീ കൃതി. അതിന്റെ ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കിലും കൂടിയാട്ടത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാന്‍ ഇതുപകരിക്കും. സംസ്‌കൃതജ്ഞാനവും കൂടിയാട്ടപരിചയവും ഒരേപോലെയുള്ളതിന്റെ മികവ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു.

കലാകാരന്മാരുടെ നേര്‍ക്കാഴ്ചകള്‍

കഥകളി, കൂടിയാട്ടം കലാകാരന്മാരെ നേരിട്ടുകണ്ടതിന്റെ അനുഭവ വിവരണങ്ങളാണ് ആര്‍.വി. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ 'ആളുകള്‍ അരങ്ങുകള്‍' എന്ന പുസ്തത്തില്‍. നല്ല ഭാഷ. രസകരമായ ചെറുവിവരണങ്ങള്‍. പ്രസിദ്ധരായ നടന്മാരില്‍ പലരെയും നേരിട്ടുകണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ എഴുത്ത്. ഏതെങ്കിലുമൊരു സംഭവം, മുഹൂര്‍ത്തം.

അരങ്ങിലോ അണിയറയിലോ പുറത്തോ ഉള്ളത്  അതാണിതിലുള്ളത്. അമ്മന്നൂര്‍, മാണി മാധവച്ചാക്യാര്‍ തുടങ്ങിയ കൂടിയാട്ട കലാകാരന്മാരെയും വാഴേങ്കട മുതലായ കഥകളി കലാകാരന്മാരെയുമൊക്കെ ഇങ്ങനെ  ഈ പുസ്തകത്തില്‍ കാണാം. നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ മനോഹാരിത കൂട്ടുന്നു.

ഇപ്പോള്‍ വായിച്ചവ

ഇപ്പോള്‍ വായിച്ചുതീര്‍ത്തൊരു പുസ്തകം മനോജ്  കുറൂരിന്റെ 'നിലം പൂത്തുമലര്‍ന്നനാള്‍' എന്ന നോവലാണ്. അധികാരസ്ഥാനങ്ങളുമായി കലാകാരനുള്ള സംഘര്‍ഷങ്ങള്‍ വളരെ നന്നായി ആവിഷ്‌കരിക്കുന്ന രചനയാണിത്. പലതിനോടും കലാകാരന് ഒത്തുതീര്‍പ്പുണ്ടാക്കേണ്ടി വരുന്നതിന്റെ പ്രശ്‌നങ്ങള്‍ നന്നായി അനുഭവപ്പെടുത്തുന്നു ഈ നോവല്‍. സ്വന്തം അനുഭവമെന്നുതന്നെ തോന്നി, പലപ്പോഴും.

ഒരു സിനിമ കാണുന്നതുപോലെ വായിച്ചുപോകാന്‍ കഴിഞ്ഞ നോവലാണ് സി.രാധാകൃഷ്ണന്റെ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം'. സാധാരണയായി പുസ്തകം വായിച്ചുതീര്‍ക്കാന്‍ കുറേ സമയമെടുക്കാറുണ്ട്. എന്നാല്‍ ഇത് വായിക്കാന്‍ രണ്ടുമൂന്നു ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. ഐതിഹ്യവും ചരിത്രവുമൊക്കെ കലര്‍ത്തി ഓരോ രംഗവും ഓര്‍മയില്‍ നില്‍ക്കുംമട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്.