ക്ഷരംപഠിച്ച കാലംമുതല്‍ എല്ലാദിവസവും വായിക്കുന്നയാളാണ് താനെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ഇപ്പോഴാണെങ്കില്‍, വായിക്കുന്നവയില്‍ എനിക്കേറ്റവും കൗതുകംതോന്നുന്ന ഒരു കവിത ദിവസവും രാവിലെ നാലുമണിക്ക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്യാറുണ്ട്, 'ഇന്നുവായിച്ച കവിത' എന്നുപേരിട്ട്. വൈകുന്നേരമാകുമ്പോഴേക്ക് വളരെ ഗൗരവമുള്ള പത്തിരുനൂറ് വായനക്കാര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് അതുവായിച്ച്, അഭിപ്രായം പറയുകയും ഇഷ്ടം രേഖപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്

കുട്ടിക്കാലംമുതലുള്ള ശീലംകൊണ്ടാവാം, കവിത വായിക്കാതിരിക്കാനെനിക്ക് സാധിക്കില്ല. കവിതയാണ് എളുപ്പം വായിച്ചുപോകാന്‍ പറ്റുന്നത്. വൃത്തത്തിലുള്ളതാണെങ്കില്‍ അതിവേഗം വായിക്കാം. അങ്ങനെയല്ലാത്തവ കുറച്ചുനേരമെടുത്ത് വായിക്കാം. പരിശീലനംകൊണ്ടുണ്ടായിട്ടുള്ള കാര്യമാണത്. വിജയദശമി ഉള്‍പ്പെടെ എല്ലാദിവസവും വായിക്കും.

കവിയായ കാവാലം

കാവാലം നാരായണപ്പണിക്കരുടെ കവിതകളാണ് അടുത്തകാലത്ത് വായിച്ചതില്‍ വളരെ പ്രധാനപ്പെട്ട പുസ്തകമായി തോന്നിയത്. 76 കവിതകളുടെ സമാഹാരമാണത്. വളരെ വ്യത്യസ്തമായ ആവിഷ്‌കാരവും ആശയസ്വീകരണവുമാണ് അദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. കേട്ടാലുടന്‍ മനസ്സിലാവും കവിത കാവാലത്തിന്റെയാണെന്ന്. കുഞ്ചന്‍നമ്പ്യാര്‍ പാലക്കാട്ടുനിന്ന് കുട്ടനാട്ടില്‍വന്ന് ഇവിടത്തെ താളവ്യവസ്ഥകളൊക്കെ പഠിച്ചശേഷമാണ് തുള്ളല്‍കൃതികളുണ്ടാക്കിയത്. 

ജന്മംകൊണ്ടുതന്നെ കുട്ടനാട്ടുകാരനായ കാവാലത്തിന് രണ്ടാമതൊന്ന് അഭ്യസിക്കേണ്ടിവന്നില്ല. പേരറിയാത്ത നാട്ടുകവികളുടെ സ്വാധീനമല്ലാതെ അദ്ദേഹത്തിന് മറ്റൊരുതരത്തിലുള്ള സ്വാധീനവുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കവിതകളിലെ താളവും വിഷയങ്ങളും സവിശേഷമാണ്. മണ്ണുമായി ചേര്‍ന്നുനില്‍ക്കുന്ന താളവ്യവസ്ഥയാണത്. പേരുകള്‍ പറഞ്ഞാല്‍ത്തന്നെ കവിതകളുടെ സ്വഭാവം മനസ്സിലാകും. ചൂട്ടുപടയണി, എക്കാലപ്പെണ്ണ്, മരത്താളര്‍, കോതാമൂരി, താറാവുകാരന്‍, തച്ചുകോഴി, വേലന്‍വേലു, പുറനാടി... അങ്ങനെയൊക്കെയാണ് പേരുകള്‍. സൂക്ഷിച്ചുവെക്കേണ്ട കാവ്യസമാഹാരമാണിത്.

നവമാധ്യമത്തിലെ സിംഹങ്ങള്‍

അച്ചടിമാധ്യമങ്ങളില്‍ അത്രയ്ക്ക് അവസരം കിട്ടിയിട്ടില്ലാത്തവരും നവമാധ്യമങ്ങളില്‍ സജീവമായവരുമായ ചില കവികളുണ്ട്. അക്കൂട്ടത്തില്‍, ജിത്തു തമ്പുരാന്റെ 'ഒരു മാവോയിസ്റ്റ് പ്രേമലേഖനം' എന്ന കൃതിയാണ് അടുത്തകാലത്ത് ശ്രദ്ധേയമായിത്തോന്നിയത്. വയനാടന്‍ നാട്ടുവിശേഷങ്ങളും അതിന്റെ ഭാഷയുമൊക്കെ ഇതിലുണ്ട്. ഒരു പൊളിച്ചെഴുത്തിന്റെ രീതി ഇതില്‍ കാണാം. 

മാര്‍ക്‌സിനെ ഓടിക്കാന്‍ ദൈവത്തിന് ദാഹിച്ചവിധം, കുടുംബക്ഷേത്രത്തിലെ വെടിവഴിപാട്, മഴനനഞ്ഞ കിണ്ടപ്പട്ടിയുമായുള്ള അഭിമുഖത്തിന്റെ ആമുഖം, യു ട്യൂബില്‍ വേട്ടയ്ക്കുപോയ പെണ്‍കുട്ടി, ബാര്‍ബറുടെ മകളെ പ്രേമിച്ച സിംഹത്തിന്റെ കഠിനാനുഭവങ്ങള്‍ എന്നിങ്ങനെയൊക്കെയാണ് കവിതകളുടെ പേര്. പേരുസൂചിപ്പിക്കുന്നതുപോലെത്‌ന്നെ വ്യത്യസ്തമായ സമീപനവുമുണ്ട് ഈ സമാഹാരത്തില്‍.

ശാസ്ത്രജ്ഞന്റെ കവിതകള്‍

മുംബൈയിലെ അണുശക്തിനഗറില്‍ ശാസ്ത്രജ്ഞനായിരുന്ന കെ.വി.ജെ. ആശാരി വിരമിച്ച് നാട്ടില്‍ താമസമാണിപ്പോള്‍; ശാസ്ത്രത്തിന്റെ ഗരിമകളൊന്നുമില്ലാതെ. അദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരമാണ് 'ബാല്‍ക്കണി'. പഴയരീതിയിലുള്ള കവിതകളേയല്ല അദ്ദേഹത്തിന്റേത്. കെ.ജി. ശങ്കരപ്പിള്ളയാണ് അവതാരിക എഴുതിയത്. അതിെന്റ തലക്കെട്ടും രസകരമാണ് 'സെല്‍ഫി'. 

ബോംബെയില്‍നിന്നിറങ്ങിയിരുന്ന 'നഗരകവിത' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. ശാസ്ത്രജ്ഞന്റെ കവിതയെന്ന കൗതുകത്തോടെയാണ് വായിക്കാന്‍ തുടങ്ങിയത്. പക്ഷേ, ശാസ്ത്രമൊന്നും ഇതിലില്ല. കൊച്ചുകാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. വളരെ ലളിതമാണ് ശീര്‍ഷകങ്ങള്‍. 

അട്ടകള്‍, ചിതല്‍, കൊടികള്‍, നട്ടെല്ല്, പുണ്ണ്, തറവാട്, കിനാവ്, ഉരുക്ക് എന്നിങ്ങനെയൊക്കെയാണ് അവ. ഞെട്ടിക്കുന്ന ഒരുശീര്‍ഷകം പോലുമില്ല. പക്ഷേ, ആ കവിതകള്‍ നമ്മെ ആകര്‍ഷിക്കും.

ദ്രാവിഡമുഖം

പെരുമാള്‍ മുരുകന്റെ കവിതകളുടെ സമാഹാരമായ 'ദൈവത്തിന്റെ മരണം' എന്നത് വിവര്‍ത്തനഗ്രന്ഥമാണ്. പെരുമാള്‍മുരുകന്‍ നിശ്ശബ്ദനായപ്പോഴാണല്ലോ നമ്മുടെ ശ്രദ്ധയില്‍ അദ്ദേഹം വരുന്നത്. എഴുത്തൊക്കെ നിര്‍ത്തിയെന്നുപറഞ്ഞ് അദ്ദേഹം നിശ്ശബ്ദനായിരിക്കുമ്പോള്‍ ഇവിടെനിന്ന് ചില പ്രസാധകരും കവികളുമൊക്കെ പോയി സംഘടിപ്പിച്ചതാണ് ഈ പുസ്തകം. 30 കവിതകളാണിതിലുള്ളത്. 

യുവകവി വിനോദ് വെള്ളായണി, പി. സുദര്‍ശനന്‍ എന്നിവരാണിത് വിവര്‍ത്തനംചെയ്തത്. പെരുമാള്‍ മുരുകന്റെ രണ്ടുകവിതകള്‍ എന്റെ ഫെയ്‌സ്ബുക്കിലെ 'ഇന്നുവായിച്ച കവിത'യില്‍ നേരത്തേ ചേര്‍ത്തിരുന്നു. അതിനുവന്ന പ്രതികരണങ്ങളില്‍നിന്ന് തിരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തിന്റെ ആമുഖമായി നല്‍കിയിരിക്കുന്നത്. 

പെരുമാള്‍ മുരുകന്റെ നിലപാടുകളും ആശയങ്ങളും ചിന്തകളും തമിഴ് ദ്രാവിഡസംസ്‌കാരത്തിന്റെ മുഖവും പ്രദര്‍ശിപ്പിക്കുന്നവയാണ് ഈ കവിതകള്‍.

പാട്ടുപോരാളി

പൊയ്കയില്‍ അപ്പച്ചനെക്കുറിച്ച് ടി.എച്ച്.പി. ചെന്താരശ്ശേരി എഴുതിയ പുസ്തകമാണ് മറ്റൊരു ശ്രദ്ധേയപുസ്തകം. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ കണ്ടുപിടിച്ച് പുറത്തുകൊണ്ടുവന്ന എഴുത്തുകാരനാണ് ടി.എച്ച്.പി. ചെന്താരശ്ശേരി. എങ്കിലും, വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടുകയോ പരിഗണിക്കപ്പെടുകയോ ചെയ്തിട്ടില്ല. പൊയ്കയില്‍ അപ്പച്ചന്റെ ജീവിതവും പ്രവര്‍ത്തനങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്.

അദ്ദേഹത്തിന് സാക്ഷിയാകേണ്ടിവന്ന പല ലഹളകളെക്കുറിച്ചൊക്കെ (അന്ന് സാമൂഹികനീതിക്കുവേണ്ടിയുണ്ടായ സമരങ്ങളെയൊക്കെ ലഹളയെന്നാണല്ലോ പറഞ്ഞുപോന്നത്) ഇതില്‍ പറയുന്നുണ്ട്. കവിതയെ ആയുധമാക്കിയ സാമൂഹിക പരിഷ്‌കര്‍ത്താവാണ് പൊയ്കയില്‍ അപ്പച്ചന്‍. അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിഷേധവുമൊക്കെ പാട്ടായിട്ടാണ് പുറത്തുവരുന്നത്. അധഃസ്ഥിതരുടെ അവസ്ഥയാണ് ആ പാട്ടുകളില്‍ പ്രതിഫലിക്കുന്നത്.

 'ഹിന്ദുമതത്തിന്‍ പുറവഴിയേ നമ്മള്‍/അനാഥരെന്നപോല്‍ സഞ്ചരിച്ചു/ക്രിസ്തുമതത്തിന്‍ പുറവഴിയേ നമ്മള്‍/ അനാഥരെപ്പോല്‍ സഞ്ചരിച്ചു/ ഹിന്ദുമതക്കാരും ചേര്‍ത്തില്ലല്ലോ നമ്മെ/ ക്രിസ്തുമതക്കാരും ചേര്‍ത്തില്ലല്ലോ നമ്മെ' എന്നാണ് ഒരു പാട്ട്. 'പുലയരെല്ലാരുംകൂടി ചേരമരായാലെന്താ,/ പുലയന്റെ പുല മാറുമോ?/ പറയരെല്ലാരുംകൂടി സാംബവരായാലെന്താ,/ പറയന്റെ പഴി മാറുമോ?/ കുറവരെല്ലാരുംകൂടി സിദ്ധനരായാലെന്താ,/ കുറവന്റെ കുറവുമാറുമോ?...' ഇങ്ങനെ പോകുന്നു മറ്റൊരു പാട്ട്. ഇത്തരത്തിലുള്ള 25 പാട്ടുകള്‍ തിരഞ്ഞെടുത്ത് ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

കീഴാളചരിത്രരേഖ

'അയ്യങ്കാളിയും കേരളനവോത്ഥാനവും' എന്ന പുസ്തകമാണ് മറ്റൊന്ന്. അക്കാലത്തെ കേരളവും അദ്ദേഹത്തിന്റെ ജീവിതവും വളരെ വിശദമായി ഇതില്‍ വിവരിക്കുന്നുണ്ട്. കൗതുകകരമായ പല വിവരങ്ങള്‍, ചരിത്രത്തെക്കുറിച്ചുള്ള ശരിയായ അപഗ്രഥനം, ചില ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയൊക്കെ ഇതിനെ ശ്രദ്ധേയമാക്കുന്നു. കീഴാളചരിത്രം, കേരളത്തിന്റെ നവോത്ഥാനചരിത്രം എന്നിവയെക്കുറിച്ചുള്ള റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാവുന്നതാണ് ഈ പുസ്തകം.

കപ്പലോടിച്ച കഥ

വളരെ അസാധാരണമായൊരു പുസ്തകത്തെപ്പറ്റിക്കൂടി പറയാം. ഡോ. ടി.ആര്‍.രാഘവന്‍ രചിച്ച 'ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം' മലയാളത്തില്‍ പകരംവെക്കാനില്ലാത്ത പുസ്തകമാണ്. ഇന്ത്യയിലെയും കേരളത്തിന്റെയും നാവികചരിത്രവും നാവികമുന്നേറ്റങ്ങളുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടിതില്‍.