william Dalrymple and Anita anand
വില്യം ഡാല്‍റിംപിള്‍ അനിത ആനന്ദിനൊപ്പം

രു കാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതിയുണ്ടായിരുന്ന രത്നമാണ് കോഹിനൂർ അഥവാ കോഹ്-ഇ നൂർ. പ്രകാശത്തിന്റെ മല എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന നാദിർ ഷായാണ് കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയതെന്നു കരുതുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്തുനിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രക്കല്ല്, ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നുപോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടർന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്തു.

വെറുമൊരു വജ്രത്തിന്റെ ചരിത്രം അത് ഒരു കല്ലാണ്, പാറയാണ് എന്നുപറഞ്ഞു  നിർത്താനായേക്കും. എന്നാൽ ഈ വജ്രത്തിന്റെ അനന്തമായ ചരിത്രം ഏറെ നീളമുള്ളതും അതിശയവും ഭീതിയും ദ്രോഹവും രക്തച്ചൊരിച്ചിൽ നിറഞ്ഞതുമാണ്. ഈ കഥ നമ്മളിലെത്തിക്കുവാൻ  നിയോഗിക്കപ്പെട്ടവർ രണ്ടുപേരാണ്. സഞ്ചാരിയും ചരിത്രാന്വേഷകനുമായ വില്യം ഡാൽറിംപിൾ, കോഹിനൂർ സ്വന്തമാക്കിയ ലോകത്തെ അവസാനത്തെ ഇന്ത്യൻ മഹാരാജാവിന്റെ കൊച്ചുമകളായ അനിത ആനന്ദ്.

അനിത ആനന്ദിന്റെ കൂട്ടുപിടിച്ച്‌ വില്യം ഡാൽറിംപിൾ എഴുതിയ ‘കോഹിനൂർ : ദി സ്റ്റോറി ഓഫ് ദി വേൾഡ്സ് മോസ്റ്റ് ഇൻഫേമസ് ഡയമണ്ട്’ (Kohinoor: The Story of the World’s Most Infamous Diamond ) എന്ന പുസ്തകം ഈ വജ്രത്തിന്റെ ദീർഘകാല ചരിത്രം നമുക്കായി പകർന്നു തരുന്നു.

1839 ജൂണിൽ രഞ്ജിത്ത് സിങ്ങിന്റെ മരണത്തിനു ശേഷം കോഹിനൂറിന്റെ ഉടമസ്ഥാവകാശമുൾപ്പെടെ സകല അധികാരങ്ങളും രഞ്ജിത്തിന്റെ ആയിടെ ജനിച്ച മകൻ മഹാരാജാ ദുലീപ് സിങ്ങിന്റെ െെകയിൽ വന്നു ചേർന്നു. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള ഗവർണർ ജനറലായിരുന്ന ഡൽഹൗസി മഹാരാജാ ദുലീപ് സിങ്ങിന്റെ പഞ്ചാബിലെ ഭരണാധികാരിയുടെ നിയന്ത്രണം ഏറ്റെടുത്തു.

1849 മാർച്ച് 29 ന് പഞ്ചാബിനെ കൂടി  ബ്രിട്ടീഷ് രാജിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതോടെ അവസാനത്തെ സിഖ് ഭരണാധികാരിയായിരുന്ന പത്ത് വയസ്സുകാരൻ  ദുലീപ് സിങ്‌, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്‌  ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഭൂമിയുടെ വിസ്തൃതി (പഞ്ചാബ്) മാത്രമല്ല, ഉപഭൂഖണ്ഡത്തിലെ ഏറ്റവും വിലപ്പെട്ട വസ്തുവായ കോഹിനൂർ കൂടി കൈമാറി.

‘കോഹിനൂർ’ വായിക്കുമ്പോൾ, ലോകത്തിലെ കുപ്രസിദ്ധമായ വജ്രം പിടിച്ചടക്കി സ്വന്തമാക്കാൻ നടത്തിയ ശ്രമങ്ങൾക്കിടയിൽ ജീവൻ കളഞ്ഞ ഒരുപിടി മനുഷ്യജന്മങ്ങളേയും അധികാരികളേയും കണ്ടുമുട്ടാം. അതിലും രസകരമായി തോന്നുക ബ്രിട്ടനിൽ നിന്നുള്ള രത്നം വീണ്ടെടുക്കാനും ശരിയായ ഉടമസ്ഥത സ്ഥാപിക്കാനും ശ്രമിക്കുന്നവരിൽ ഇന്ത്യ, ഇറാൻ, പാകിസ്താൻ, അഫ്‌ഗാനിസ്താൻ എന്നീ രാജ്യങ്ങൾ കൂടി ഉണ്ടെന്ന അറിവാണ്.

ഈ പുസ്തകം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലുള്ള  ഇന്ത്യൻ ചരിത്രത്തെപ്പറ്റി അവബോധമുള്ള വില്യം ഡാൽറിംപിൾ ആണ് ഒന്നാം ഭാഗം എഴുതുന്നത്. ഡൽഹിയിലെ മുഗൾ ചക്രവർത്തിയെ പിടിച്ചടക്കിയ പേർഷ്യൻ രാജാവ് നാദിർ ഷാ, കോഹിനൂർ വജ്രം, മയൂര സിംഹാസനം എന്നിവയും പിടിച്ചടക്കുന്നിടത്ത് വജ്രത്തിന്റെ ആദ്യ ഭാഗം തുടങ്ങുന്നു.

അഫ്ഗാൻ രാജാവിനാൽ ഷാ കൊലചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും വജ്രത്തിന്റെ ആധിപത്യം വന്നു ഭവിക്കുന്നത് ആ അധികാരിയിലാണ്. പിന്നീട് രഞ്ജിത് സിങ്ങിന്റെ കീഴിൽ സിഖുകാർ ആ അമൂല്യ രത്നം പിടിച്ചെടുത്തു. ശേഷമുള്ള കഥകളാണ് ആദ്യം വിശദീകരിച്ചത്. നാദിർ ഷാ പിടിച്ചെടുക്കപ്പെടുന്നതിന് മുൻപുള്ള വജ്രത്തിന്റെ ചരിത്രം ഊഹങ്ങളും പ്രവൃത്തികളും അടിസ്ഥാനമാക്കിയതാണെന്ന് ഡാൽ റിംപിൾ വ്യക്തമാക്കുന്നു.

പുരാതന കാലത്ത് ഇന്ത്യക്കാർ അരുവികളിലെ മണൽത്തരികളിൽ നിന്ന് വജ്രങ്ങൾ അരിച്ചെടുത്തിരുന്നതായും ഡാൽ റിംപിൾ പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രസീലിൽ വജ്രങ്ങൾ കണ്ടെത്തും വരെ എല്ലാ വജ്രങ്ങളും ഇന്ത്യയിൽനിന്നാണ് വന്നിരുന്നതെന്നും ഡാൽറിംപിൾ രേഖപ്പെടുത്തുന്നു.മുഗൾ ചക്രവർത്തിയിൽ നിന്നും നാദിർ ഷാ പിടിച്ചെടുത്ത മൂന്നു വിലപിടിപ്പുള്ള വജ്രങ്ങൾ ഇന്ന് മൂന്നു വ്യത്യസ്ത രാജ്യങ്ങളിലുണ്ട്: കോഹിനൂർ  ഇംഗ്ലണ്ടിലാണുള്ളത്, ഡരിയനൂർ (വെളിച്ചത്തിന്റെ കടൽ) ഇറാനിലാണ്. ഒർലോവ് ഇംപീരിയൽ സ്കെപ്പ് റഷ്യയിലും. 

പുസ്തകത്തിന്റെ രണ്ടാം ഭാഗം മാധ്യമപ്രവർത്തക അനിത ആനന്ദാണ് എഴുതിയിരിക്കുന്നത്. അവർ ദുലീപ് സിങ്ങിന്റെ കഥ പറയുന്നതിനോടൊപ്പം  ബ്രിട്ടീഷുകാരുടെ കൈകളിലെ കോഹിനൂറിന്റെയും ചരിത്രം രേഖപ്പെടുത്തുന്നു. സവിശേഷതകൾ നിറഞ്ഞ കോഹിനൂറിന്റെ വർണന അനിത ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണനുമായി ബന്ധമുള്ള സ്യമന്തകം രത്നം കോഹിനൂർ ആണെന്ന് വാദിക്കുന്നവരെയും ഇതിൽ കണ്ടുമുട്ടാം.

കഥകളിൽ നിന്നും കേട്ടുകേൾവികളിൽ നിന്നും ശ്രദ്ധാപൂർവം അടർത്തിയെടുത്ത് അതിന്റെ യാഥാർഥ്യം കണ്ടുപിടിച്ചും, കാലഘട്ടങ്ങളിലൂടെ സൂക്ഷ്മതയോടെ പ്രയാണം ചെയ്തുമാണ് ഈ പുസ്തകം കോഹിനൂറിനോടൊപ്പം നമ്മെയും കൊണ്ട് പോകുന്നത്. ആ വജ്രം ചെന്നെത്തിയ ഓരോ രാജ്യത്തിന്റെയും അത് വശീകരിച്ച ഓരോ രാജാവിന്റെയും കഥ കൂടി പറയുകയാണ് കോഹിനൂർ. 

ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ എത്തിയെങ്കിലും  കോഹിനൂറിന്റെ യാത്ര അവിടെ അവസാനിച്ചുവെന്നു പറയാനാവില്ല. അത് ഭൂമിയിൽ നിലനിൽക്കുന്നതുവരെ  ഇനിയും പ്രയാണം തുടർന്നേക്കാം. എന്നാൽ യുദ്ധങ്ങൾ, രക്തബന്ധങ്ങൾ, ആഭ്യന്തര കലഹങ്ങൾ, വഞ്ചന തുടങ്ങിയവയുടെ അകമ്പടി സേവിച്ചാണ് ഇത് വരെയുള്ള യാത്ര നടന്നത് എന്ന വസ്തുത നിഷേധിക്കാനാവില്ല.

വരാനിരിക്കുന്ന തലമുറകൾക്കായി ഈ പുസ്തകത്തിൽ കൂടുതൽ അധ്യായങ്ങൾ കൂട്ടിച്ചേർക്കാൻ ഇടയുണ്ട് ഈ അമൂല്യ വജ്രം എന്ന നിസ്സംശയം പറയാം. കുറിപ്പുകളും ചിത്രങ്ങളും സഹിതം കൃത്യതയോടെ, ചരിത്രത്തോടൊപ്പം നടന്നാണ് അനിതയും  ഡാൽറിംപിളും  ഈ പുസ്തകം രചിച്ചത്. സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ, കോഹിനൂറിനെ പറ്റിയുള്ള ഒട്ടുമിക്ക കാര്യങ്ങളും ഇന്റർനെറ്റിൽ കൂടുതൽ അറിയാൻ കഴിഞ്ഞേക്കാമെങ്കിലും നാനൂറ്്‌ വർഷങ്ങളുടെ ഒപ്പം നടന്നുള്ള ഈ വായനാനുഭവം തരാൻ കഴിയില്ലെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. 

ഡാൽറിംപിളും അനിതയും ചേർന്ന് ഈ വജ്രത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്താൻ ശ്രമിക്കുന്ന ഒരു മികച്ച ജോലി ചെയ്തിരിക്കുന്നു. ഈ ‘വെളിച്ചത്തിന്റെ മലയുടെ’ ചരിത്രത്തിന്റെ പ്രഥമ ഭാഗം ഡാൽറിംപിൾ പിടികൂടി അതിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുന്നു. അനിതയാകട്ടെ  സിഖ് ചരിത്രം ഗവേഷണം ചെയ്ത് ഒരു കഥാ രൂപത്തിലാക്കി. ഈ പുസ്തകത്തിന്റെ ഒഴുക്ക് നിഷ്പക്ഷമായിട്ടാണ് നിർവഹിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന സാഹിത്യവും ഓർമ്മക്കുറിപ്പും ചേർത്ത് സങ്കീർണ കഥകൾ തികച്ചും ലളിതമായാണ് രചയിതാക്കൾ നമ്മളോട് പറയുന്നത്. 

എഴുത്തുകാരൻ എന്ന ഒരൊറ്റ വാക്കിൽ ഒതുക്കാനാവില്ല വില്യം ഡാൽറിംപിൾ എന്ന ചരിത്രാന്വേഷകനെ. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, മിഡിൽ ഈസ്റ്റ്, മുസ്ലിം ലോകം, ഹിന്ദുത്വം, ബുദ്ധമതം, ജൈനന്മാർ, കിഴക്കൻ ക്രിസ്തീയഭരണം തുടങ്ങിയവയുടെ ചരിത്രവും കലയുമാണ് ഡാൽറിംപിളിന്റെ താത്‌പര്യങ്ങൾ. അദ്ദേഹത്തിന്റെ എട്ടു പുസ്തകങ്ങളും സാഹിത്യ സമ്മാനങ്ങൾ  നേടിയവയാണ്.

ആ പുസ്തകങ്ങൾ നാൽപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട് .അനിത ആനന്ദ്  ബ്രിട്ടനിലെ റേഡിയോ, ടെലിവിഷൻ ജേണലിസ്റ്റ് എന്ന നിലയിൽ  ഇരുപത് വർഷക്കാലമായി സേവനമനുഷ്ഠിക്കുന്നു. ബി.ബി.സി. യിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ‘സോഫിയ: പ്രിൻസസ്, സഫ്രജെറ്റ്, റെവല്യൂഷണറി’ (Sophia: Princess, Suffragette, Revolutionary) എന്നൊരു ജീവചരിത്രം കൂടി രചിച്ചിട്ടുണ്ട്.