ണ്‍സുകള്‍ വാരിക്കൂട്ടിയ ക്രിക്കറ്റ് കളിക്കാരനാണ് ഡോണ്‍ ബ്രാഡ്മാന്‍ എന്നു പറയുന്നത് അദ്ദേഹത്തിന്റെ കളിയെക്കുറിച്ച് പറയാവുന്ന ഏറ്റവും ചുരുങ്ങിയ വാക്കുകളാവും. യന്ത്രസമാനമായ പ്രവര്‍ത്തന മികവോടെ, മൂന്നു ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറിയെന്ന കണക്കില്‍, ബ്രാഡ്മാന്‍ റണ്‍സ് വാരിക്കൂട്ടുകയുണ്ടായി. റെക്കോഡുകളുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ അതു പോലെയൊരു കളിക്കാരന്‍ അതിന് മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.

പിന്നീട് അനേകം മികച്ച കളിക്കാര്‍ രംഗത്തു വന്നിട്ടും ബ്രാഡ്മാനെ ആളുകള്‍ മറന്നുപോകാഞ്ഞത് അതുകൊണ്ടായിരുന്നു. എന്നാല്‍ സ്വച്ഛമായ ബാറ്റുവീശലില്‍, കളിയുടെ സൗന്ദര്യാംശങ്ങളില്‍, കളങ്കമേശാത്ത വിശുദ്ധിയില്‍ ബ്രാഡ്മാനെ അതിശയിച്ചു എന്ന് സമകാലീനരായ പലരും കരുതിയിരുന്ന ഒരു കളിക്കാരന്‍ അദ്ദേഹത്തിന് മുന്നേ കടന്നുപോയിരുന്നു-അദ്ദേഹമാണ് വിക്ടര്‍ ട്രംപര്‍.

ബ്രാഡ്മാനാണോ ട്രംപറാണോ ക്രിക്കറ്റിന്റെ ആത്മാംശം കൂടുതല്‍ ഉള്‍ക്കൊണ്ടിട്ടുള്ളത് എന്ന് ഇപ്പോഴും ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യാവുന്ന വിഷയമാണ്. റെക്കോഡുകളുടെ അളവുകോല്‍ കൊണ്ട് പരിശോധിച്ചാല്‍ ട്രംപര്‍ തന്റെ നാട്ടുകാരന്റെ അടുത്തെത്തില്ലെങ്കില്‍ കൂടി. വിക്ടര്‍ ട്രംപറെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തില്‍ ഓസ്ട്രേല്യന്‍ സ്പോര്‍ട്സ് ഗ്രന്ഥകാരനായ ഗിഡിയന്‍ ഹൈഗ് (gideon haigh) ഇതിന് മുതിരുന്നുണ്ട്.

പക്ഷെ 'സ്ട്രോക്ക് ഓഫ് ജീനിയസ്-വിക്ടര്‍ ട്രംപര്‍ ആന്‍ഡ് ദ് ഷോട്ട് ദാറ്റ് ചെയിഞ്ച്ഡ് ക്രിക്കറ്റ് ' എന്ന പുസ്തകത്തില്‍ ട്രംപറുടെ വലിപ്പം സ്ഥാപിച്ചെടുക്കാന്‍ ക്ലേശിച്ച് ശ്രമിക്കുകയല്ല  ഹൈഗ് ചെയ്യുന്നത്. അതേസമയം ട്രംപറെക്കുറിച്ചുള്ള വിവരങ്ങള്‍ തുന്നിച്ചേര്‍ത്തു കഴിയുമ്പോള്‍ അതൊരു മനോഹരമായ കംബളമായി മാറുന്നു.

ട്രംപറെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും ബ്രാഡ്മാനുമായുള്ള താരതമ്യം എന്ന വിഷയത്തിലേക്ക് കടക്കാന്‍ ഹൈഗ് എന്തു കൊണ്ട് ഇത്ര വൈകുന്നു എന്ന് വായനക്കാരന്‍ ആലോചിച്ചു തുടങ്ങുമ്പോഴേക്കും അവസാന അധ്യായങ്ങളില്‍ നമ്മുടെ പ്രതീക്ഷകളെ തലോടിക്കൊണ്ട്  ഗ്രന്ഥകാരന്‍ അങ്ങോട്ടു കടക്കുകയായി.

ബാറ്റിലേക്ക് വൈകി വരുന്ന സ്പിന്‍ ചെയ്യുന്ന പന്തുപോലെ, വായനക്കാരെ ട്രംപറുടെ വ്യക്തിത്വത്തിന്റെ ഓരോ വശങ്ങള്‍ അല്‍പാല്‍പമായി കാണിച്ച് മുന്നേറുന്ന ഒരു രചനാരീതിയാണ് ഹൈഗ് അവലംബിക്കുന്നത്. പുസ്തകത്തിന്റെ ആകര്‍ഷണങ്ങളിലൊന്ന് ഇതാണ്. കൈമാറി വന്ന കഥകളിലൂടെ മാത്രമല്ല, വിശ്രുതമായ ഒരു ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രൂപമായും ട്രംപര്‍ ക്രിക്കറ്റ് ലോകത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

ജോര്‍ജ് ബെല്‍ഡാം എന്ന ഫൊട്ടോഗ്രാഫര്‍ അനശ്വരമാക്കിയ ചിത്രമാണിത്. ഇതു കൂടിയാണ് ഹൈഗിന്റെ വിഷയം. ക്രിക്കറ്റിന്റെ ഒരുപാട് രേഖപ്പെടുത്തലുകളില്‍ പിന്നീട് ഈ ചിത്രം പ്രത്യക്ഷപ്പെട്ടു. ചിത്രത്തില്‍ ട്രംപര്‍ ഒരു സ്ട്രേയിറ്റ് ഡ്രൈവിന് ബാറ്റ് വായുവിലുയര്‍ത്തി ഇടതുകാല്‍ വെച്ച് കുതിക്കുന്നു. കളിയും കലയും കളിക്കാരനും സംഗമിക്കുന്ന രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മൂഹൂര്‍ത്തങ്ങളില്‍ ഒന്നാണ് 'ജംപിങ് ഔട്ട് ഫോര്‍ എ സ്ട്രേയിറ്റ് ഡ്രൈവ് ' എന്ന് പേരിട്ട ഈ ചിത്രം.

victor trumperഈ പേര് പിന്നീട് ജംപിങ് ഔട്ട് അല്ലെങ്കില്‍ കുതിപ്പ് എന്നുമാത്രമായി മോണാലിസയെപ്പോലെ കാഴ്ചക്കാരനെ സദാ ക്ഷണിച്ചുകൊണ്ട് ക്രിക്കറ്റിന്റെ കാഴ്ചയില്‍ ഈ ചിത്രം സ്ഥിരപ്രതിഷ്ഠ നേടി. ഇംഗ്ലണ്ട് കളിക്കാരനായ സി ബി ഫ്രൈയുടെ ' ഗ്രേറ്റ്  ബാറ്റ്സ്മെന്‍: ദേര്‍ മേത്തേഡ്സ് അറ്റ് എ ഗ്ലാന്‍സ് ' എന്ന പുസ്തകത്തില്‍, അതിലെ വിവരണത്തിന് അനുബന്ധമായി, 1905 ല്‍ ആദ്യം ഈ ചിത്രം പ്രത്യക്ഷപ്പെട്ടു. ഇതുപോലുള്ള ചിത്രനിര്‍മാണം ക്രിക്കറ്റ് കളിയെ കാണുന്നതില്‍ എന്തു തരത്തിലുള്ള സ്വാധീനമുണ്ടാക്കി എന്ന ഹൈഗ് പരിശോധിക്കുന്നു. ഇതാകുന്നു തന്റെ മുഖ്യവിഷയം എന്നു പറഞ്ഞാണ് ഹൈഗ് തുടങ്ങുന്നത്.
                 
ചിത്രനിര്‍മാണത്തെക്കുറിച്ചും അക്കാലത്തെ ഫൊട്ടോഗ്രാഫിയുടെ സാങ്കേതികത്വത്തെക്കുറിച്ചും ഹൈഗ് വിശദമായി പറയുന്നത് വായിച്ച് പകുതി വഴിക്കു വെച്ച് പുസ്തകത്തില്‍ നിന്ന് പിന്മാറിയാല്‍ ഹാ ! കഷ്ടം!. ട്രംപറുടെ രൂപം മേഘമാലയില്‍ നിന്ന് പുറത്തുവരുന്ന ചന്ദ്രനെ പോലെ കുളിര്‍മ പരത്തുന്ന അനുഭവം നഷ്ടപ്പെടുത്തുകയായിരിക്കും ഫലം.
     
ജോര്‍ജ് ബെല്‍ഡാമിനെക്കുറിച്ചും ചിത്രനിര്‍മാണത്തെക്കുറിച്ചുമാണോ ഈ പുസ്തകം? അങ്ങനെയല്ല. ക്രിക്കറ്റിന്റെ സുവര്‍ണയുഗത്തില്‍ കാണികളെ കോരിത്തരിപ്പിച്ച ട്രംപറുടെ സമ്പൂര്‍ണ ജീവചരിത്രമാണോ ഇതെന്ന് ചോദിച്ചാല്‍ അതുമല്ല. ജീവചരിത്രത്തിന്റെ അംശങ്ങള്‍ കുറെ ഇതിലുണ്ട്.

ട്രംപറെയും ബെല്‍ഡാമിനെയും മാറ്റിനിര്‍ത്തിയാല്‍, ഏതാനും ഖണ്ഡികകളിലാണെങ്കിലും ഡബ്ല്യൂ ജി ഗ്രേസിന്റെയും ബ്രാഡ്മാന്റെയും രഞ്ജിത് സിംഗ്ജിയുടെയും സി ബി ഫ്രൈയുടെയും ഓസ്ട്രേല്യയുടെ ടെസ്റ്റ് കളിക്കാരനും പിന്നീട് ക്രിക്കറ്റ് ലേഖകനായി മാറുകയും ചെയ്ത ജാക്ക് ഫിംഗ്ള്‍ടന്റെയും  മറക്കാനാവാത്ത രേഖാചിത്രങ്ങളും ഹൈഗ് വരച്ചിടുന്നുണ്ട്.

വളരെ മുമ്പ്, അറുപതുകളില്‍ ഫിംഗ്ള്‍ടന്റെ റിപ്പോര്‍ട്ടുകള്‍ 'ഹിന്ദു' പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്രാഡ്മാന്റെ ഒപ്പം കളിച്ച ആളാണ് ഫിംഗ്ള്‍ടണ്‍. എന്നാല്‍ ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് അദ്ദേഹം ബ്രാഡ്മാനുമായി പിണങ്ങി. ഫിംഗ്ള്‍ടണ്‍ ട്രംപര്‍ പക്ഷക്കാരനാണ്. ട്രംപറുടെ ജീവചരിത്രവും ഫിംഗ്ള്‍ടണ്‍ രചിക്കുകയുണ്ടായി. ട്രംപര്‍ മരിച്ച് എത്രയോ കഴിഞ്ഞാണ് ഓസ്ട്രേലിയയില്‍ അദ്ദേഹത്തിന്റെ ജീവചരിത്രങ്ങള്‍  രചിക്കപ്പെട്ടത്.

ട്രംപറെക്കുറിച്ച് പലയിടത്തായി വന്ന ലേഖനങ്ങള്‍ സമാഹരിച്ച്, അദ്ദേഹത്തെക്കുറിച്ച് ആദ്യത്തേത് എന്നു പറയാവുന്ന പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത് ഒരു ഇന്ത്യക്കാരനാണ്. ബറോഡക്കാരനായ വസന്ത് റായ്ജിയുടെ വിക്ടര്‍ ട്രംപര്‍: ദി ബൗ ഐഡിയല്‍ ഓഫ് എ ക്രിക്കറ്റര്‍ ' എന്ന പുസ്തകം മുംബൈയില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോ 1964 ലും. 37 -ാം വയസ്സില്‍ വൃക്കരോഗം ബാധിച്ച് ട്രംപര്‍ മരിച്ചിട്ട് അപ്പോള്‍ അര നൂറ്റാണ്ട് പിന്നിട്ടിരുന്നു!

ഒന്നാം ലോക യുദ്ധത്തിന് മുമ്പാണ് ട്രംപറുടെ കളിക്കാലം. 1877 ല്‍ ജനനം. 1915 ല്‍ മരണം. ചെറുപ്പത്തിലേ മരിച്ചുപോയ റൊമാന്റിക് കവികളുടെ മരണത്തോടായിരിക്കും ആ മരണത്തിനും സാമ്യം. ട്രംപറുടെ കളിക്കും കീറ്റ്സിന്റെയൊ ചങ്ങമ്പുഴയുടെയൊ വരികളോടായിരിക്കും സാമ്യം എന്നും ഊഹിക്കണം. കേട്ട മധുരഗാനത്തേക്കാള്‍ കേള്‍ക്കാത്ത ഗാനം അതിമധുരമാണെന്ന് എഴുതിയത് മഹാകവി ജോണ്‍ കീറ്റ്സാണ്. ടെലിവിഷന് മുമ്പുള്ള ഒരു കാലമായതിനാല്‍ അധികമാരും കേട്ടിട്ടില്ലാത്ത മധുരഗാനമായിരിക്കണം ട്രംപറുടെ കളി.

ട്രംപറെക്കുറിച്ച് ആദ്യം പ്രവചിച്ച ഒരാള്‍ രഞ്ജിയാണ്. ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്ന ഇംഗ്ലണ്ട് ടീമിലായിരുന്നു രഞ്ജി. അവര്‍ക്കെതിരെ ന്യൂസൗത്ത് വെയില്‍സിന് വേണ്ടി ട്രംപര്‍ കളിക്കുന്നു.' ഇദ്ദേഹം ഈ രാജ്യത്തെ വളരെ മഹാനായ കളിക്കാരനായിത്തീരും, വളരെ വൈകാതെ തന്നെ. സത്യത്തില്‍ തുടക്കക്കാരില്‍ അധികം പേരും പന്ത് ഇത്ര നന്നായി അതും മികച്ച ശൈലിയില്‍ കളിക്കുന്നത് കണ്ടിട്ടില്ല.' എന്നായിരുന്നു രഞ്ജി കുറിച്ചത്.

ആ കളിയില്‍ ട്രംപറുടെ സ്‌കോര്‍ 5,0 എന്നിങ്ങനെയായിരുന്നു! 1902 ലെ ഇംഗ്ലണ്ട് പര്യടനം ട്രംപറെ പ്രശസ്തിയിലേക്കുയര്‍ത്തി. മഴ നന്നായി  പെയ്ത ആ സീസണില്‍ ട്രംപര്‍ മറ്റാരേക്കാളും നന്നായി സ്‌കോര്‍ ചെയ്തു. എന്തു തരത്തിലുള്ളതാണ് കളിക്കളം എന്നത് ട്രംപര്‍ക്ക് പ്രശ്നമായിരുന്നില്ലെന്ന് പിന്നീട് പറഞ്ഞുറപ്പിക്കപ്പെട്ടു. ബ്രാഡ്മാനോ ട്രംപറോ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ചുരുങ്ങിയ പക്ഷം മോശം വിക്കറ്റില്‍ ട്രംപര്‍ തന്നെ എന്ന ഒത്തുതീര്‍പ്പുണ്ടായി. പലര്‍ക്കും ഏതു തരം വിക്കറ്റിലും ട്രംപര്‍ തന്നെ എന്നത് മറ്റൊരു കാര്യം.
                
ക്രിക്കറ്റ് സാഹിത്യത്തിലെ തന്നെ ഏറ്റവും ഹൃദയസ്പര്‍ശിയായ വിവരണങ്ങളിലൊന്ന് നല്‍കുന്നത് ആര്‍തര്‍ മെയ്ലി എന്ന കളിക്കാരനാണ്. 1911 ഏപ്രില്‍  1 ന് തന്റെ ആരാധ്യപുരുഷനായ ട്രംപര്‍ക്കെതിരെ കളിച്ച അനുഭവവും മെയ്ലി തന്റെ ആത്മകഥയില്‍ പങ്കുവെക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂഹൂര്‍ത്തത്തിന് കാത്തിരിക്കുന്ന ആളെപ്പോലെ മെയ്ലി വരാന്‍ പോകുന്ന സന്ദര്‍ഭത്തെക്കുറിച്ച് സങ്കല്‍പങ്ങളില്‍ മുഴുകുന്നുണ്ട്.

മെയ്ലിയുടെ റെഡ്ഫേണും ട്രംപറുടെ ഗോര്‍ഡന്‍ ടീമും തമ്മിലായിരുന്നു കളി. മെയ്ലിയുടെ രണ്ട് പന്തുകളെ നിഷ്‌കാസനം ചെയ്ത ട്രംപര്‍ പിന്നീട് ഒരു ഗൂഗ്ലിയില്‍ പുറത്താവുകയാണ്. പിച്ചിന് പുറത്തേക്ക് കയറിയ ട്രംപറെ കീപ്പര്‍ സ്റ്റംപ് ചെയ്യുന്നു. തുടര്‍ന്ന് മെയ്ലി പറയുന്നു' എന്നെ കടന്നുപോയപ്പോള്‍ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. ബാറ്റിന്റെ പിറകുവശത്ത് കൊട്ടിക്കൊണ്ട് പറഞ്ഞു' അത് എനിക്ക് കിട്ടാത്ത വിധം വളരെ നന്നായിപ്പോയി.' കാഴ്ചയില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരുന്ന ആ രൂപത്തെ നോക്കിയപ്പോള്‍ എന്നില്‍ വിജയഭാവം ഉണ്ടായിരുന്നില്ല. ഒരു പ്രാവിനെ കൊന്ന കുട്ടിയാണ് ഞാനെന്ന് തോന്നി. 'പ്രാവിനെ കൊന്ന കുട്ടി എന്നു പറയുമ്പോള്‍ മെയ്ലിയുടെ വാക്കുകളില്‍ ട്രംപറുടെ അകാലമൃത്യു നിഴലിക്കുന്നുണ്ടെന്ന് ഹൈഗ്.
          
ഈ വിവരണത്തില്‍ വസ്തുതാപരമായ ചില പിശകുകള്‍ സംഭവിച്ചിട്ടുള്ളത് ഹൈഗിന്റെ ഗവേഷണബുദ്ധി കണ്ടെത്തുന്നുണ്ടെങ്കിലും ആ വാക്കുകള്‍ സൃഷ്ടിക്കുന്ന വികാരപ്രപഞ്ചവും മറ്റൊരു തലമുറയിലേക്ക് ട്രംപറെ പകര്‍ന്നുകൊടുക്കാനുള്ള ത്വരയും മനസ്സിലാക്കാവുന്നതാണ്. ട്രംപര്‍ റെഡ്ഫേണിനെതിരെ പാഡിങ്ടണ് വേണ്ടി അതിവേഗത്തില്‍ നേടിയ ഒരു ട്രിപ്പിള്‍ സെഞ്ചുറിയെ, അദ്ദേഹം അതില്‍ നിക്ഷേപിച്ചിട്ടുള്ള ഓരോ റണ്ണും, അക്കങ്ങളിലൂടെയാണ് 'ദി റഫറി' എന്ന പത്രം  സ്‌കോര്‍ ബോര്‍ഡ് നേരിട്ട് പകര്‍ത്തി രേഖപ്പെടുത്തിയത്.

4 4 2 4 4 1 5 ....എന്നിങ്ങനെ ഒരു രഹസ്യഅടയാളം എന്ന് സൂചിപ്പിക്കുന്നതു പോലെ. വാക്കുകളില്‍ എഴുതി ഫലിപ്പിക്കാന്‍ വയ്യ എന്നതു കൊണ്ടത്രെയിത്.(അന്ന്, അതായത് 1903 ല്‍ ഒരു സിക്സ് അഞ്ച് റണ്‍സായാണ് കൂട്ടിയിരുന്നത്. ബാറ്റ്സ്മാന് മറുഭാഗത്തേക്ക് മാറുകയും വേണം.)ട്രംപറുടെ അഞ്ചുകളിലൊന്ന് ചാമേഴ്സ്  സ്ട്രീറ്റും കടന്ന് ഒരു ഷൂഫാക്ടറിയുടെ രണ്ടാം  നിലയിലെ ജനല്‍ ചില്ല് തകര്‍ക്കുകയുണ്ടായി. പിറ്റേന്ന് തിങ്കളാഴ്ചയാണ് പൊട്ടിയ ചില്ല് കണ്ടെത്തിയത്. ഫാക്ടറി ഉടമ ജോണ്‍ ഹണ്ടര്‍ ഈ ജനല്‍ നന്നാക്കുകയുണ്ടായില്ല. 

ജീവിച്ചിരിക്കെ അത്രയേറെ ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലത്തെക്കുറിച്ച് ഇപ്പോഴും പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമല്ല. ജനിച്ച സ്ഥലം, ജന്മദിനം, എന്നുതുടങ്ങി അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ യഥാര്‍ത്ഥത്തില്‍ ആര് എന്ന വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 1877 ല്‍ സിഡ്നിയില്‍ ജനിച്ചു എന്ന കാര്യം എല്ലാവരും മാന്യമായി സ്വീകരിക്കുകയാണുണ്ടായത്.

ചാള്‍സ്, ലൂയിസ് എന്നിവരാണ് അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ എന്നാണ് വിവരമെങ്കിലും അദ്ദേഹം വിവാഹബാഹ്യ ബന്ധത്തില്‍ പിറന്നതാണോ അതോ ദത്തെടുക്കപ്പെട്ടതാണോ എന്ന് ആര്‍ക്കും അറിവില്ല. ജീവിതത്തിന്റെ ആദ്യത്തെ ആറുവര്‍ഷം എവിടെ ചെലവഴിച്ചു, ആരാണ് അദ്ദേഹത്തെ ക്രിക്കറ്റിലേക്ക് കൊണ്ടു വന്നത് എന്നു തുടങ്ങിയ വിവരങ്ങളും അജ്ഞാതമായി ഇപ്പോഴും നിലകൊള്ളുകയാണ്.

ബ്രാഡ്മാനാണോ ട്രംപറാണോ വലിയ കളിക്കാരന്‍ എന്ന തര്‍ക്കവിഷയത്തിന് ഒരിക്കലും ഒരു തീരുമാനമുണ്ടാവില്ല. ഉണ്ടാവുകയും വേണ്ട. ഹൈഗ് പറയുന്നത് പോലെ ട്രംപര്‍ ഇപ്പോഴും ഒരു വിഗ്രഹമായി നിലകൊള്ളുന്നുണ്ടെങ്കില്‍ അതിന് കാരണം ബ്രാഡ്മാന്റെ വഴിയില്‍ നിന്ന് വേറിട്ട ,കളിയുടെ മറ്റൊരു വഴി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു എന്നതാണ്. പിന്നിലേക്ക് ആയുന്ന ആ ബാറ്റ് അതിന്റെ സഞ്ചാരം പൂര്‍ത്തിയാക്കുമ്പോള്‍ അത് മറ്റൊരു കാലത്തിലേക്കുള്ള വഴിയുടെ ചൂണ്ടുപലകയാവും ,ഇനി ഒരിക്കലും തിരിച്ചുവരാത്ത ഒരു കളിക്കാലം.തീര്‍ച്ചയായും സിഎല്‍ആര്‍ ജെയിംസിന്റെ 'ബിയോണ്ട് ദ ബൗണ്ടറി'ക്ക് ഒപ്പം വെക്കാവുന്നതാണ് ഹൈഗ് ഒരു കളിക്കാരനും കാലത്തിനും അര്‍പ്പിക്കുന്ന ഈ പ്രണാമം.

ഫോട്ടോ: JJ Harrison/ Wikipedia