കുറ്റാന്വേഷകന്‍ എന്ന വാക്കിനുള്ള ഏറ്റവും ലളിതവും ജടിലവുമായ നിര്‍വചനമാണ് ഷെര്‍ലക് ഹോംസ്. കുറ്റാന്വേഷണത്തിലെ പൂര്‍ണത എന്നു വിശേഷിപ്പിക്കാം ഹോംസിനെയും വിവിധ കേസുകളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രകളെയും. ലോകസാഹിത്യത്തില്‍ തന്നെ ഏറ്റവും ജനപ്രീതിയുള്ള പത്ത് നായകകഥാപാത്രങ്ങളെ എടുത്താല്‍ അതിലൊന്ന് ഷെര്‍ലക് ഹോംസ് ആയിരിക്കും. 

നോവലുകളിലൂടെ വായനക്കാര്‍ അറിഞ്ഞ, അതേ ആകാംക്ഷയുളവാക്കുന്ന ഷെര്‍ലക് ഹോംസ് നായകനായ 20 അപസര്‍പ്പക കഥകളാണ് 'ഷെര്‍ലക് ഹോംസ് കഥകള്‍'. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. എന്‍ എം നമ്പൂതിരിയാണ് വിവര്‍ത്തകന്‍. പുസ്തകത്തിലെ ഓരോ കഥയും വായനക്കാരനെ ഒപ്പം കൂട്ടുന്നു, പക്ഷെ അവസാനിക്കുന്നതാകട്ടെ അനുവാചകനെ ഞെട്ടിക്കുന്ന രീതിയിലും. 

സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ല്‍ സൃഷ്ടിച്ച, ഹോംസ് എന്ന ബുദ്ധിശാലിയായ കുറ്റാന്വേഷകന്‍ ആസ്വാദക മനസ്സുകളിലേക്ക് അടിവച്ചു കയറിയത് വളരെ പെട്ടന്നായിരുന്നു. പൊതുവേ ഏത് കേസും തെളിയിക്കുന്ന ഒരാളെയാണ് ഷെര്‍ലക് ഹോംസ് എന്നു കേള്‍ക്കുമ്പോള്‍ നാം മനസ്സില്‍ വിചാരിക്കുന്നത്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തനായ മറ്റൊരു ഹോംസിനെ ഈ പുസ്തകത്തില്‍ കാണാന്‍ കഴിയും.

sherlock holmes kadhakalകുറ്റാന്വേഷണ ജീവിതത്തില്‍ തോല്‍വി നേരിടേണ്ടി വന്ന ഒരു ഹോംസിനെ. 'മഞ്ഞമുഖം' എന്ന നോവലിലാണ് നിഗമനങ്ങളില്‍ പാളിച്ച നേരിടേണ്ടി വന്ന  ഹോംസിനെ കാണാന്‍ കഴിയുന്നത്. അതേസമയം തന്നെ, ഹോംസിന് പരിഹരിക്കാന്‍ സാധിക്കാത്ത ഒരു കേസും മറ്റൊരു കുറ്റാന്വേഷകനും തെളിയിക്കാന്‍ ആയിട്ടില്ലെന്ന് സുഹൃത്തും സഹചാരിയുമായ വാട്‌സണ്‍ ഉറപ്പിച്ചു പറയുന്നുമുണ്ട്.. 

നമുക്കറിയാവുന്ന അതേ ഹോംസിനെ തന്നെയാണ് ഈ ഇരുപത് കഥകളിലും കാണാനാവുക. ഓരോന്നും വ്യത്യസ്തമായതും സങ്കീര്‍ണത നിറഞ്ഞതുമാണ്. പതിവുപോലെ ഡോക്ടര്‍ വാട്‌സണും ഹോംസിന്റെ കുറ്റാന്വേഷണവഴികളില്‍ സഹായത്തിനുണ്ട്.

തെളിവുകള്‍ക്ക് പിന്നാലെ പോവുകയല്ല ഹോംസ്, മറിച്ച് തെളിവുകള്‍ പലപ്പോഴും ഹോംസിനെ തേടിവരുന്നതായി പല കഥകളിലും കാണാം. മുന്‍ കഥകളിലെയും നോവലുകളിലെയും പോലെ തന്നെ വാട്‌സന്റെ ആത്മഗതം എന്ന രീതിയിലാണ് ഓരോ കഥകളും പുരോഗമിക്കുന്നത്. 

ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷണ രംഗത്തെ അതികായനെ അടയാളപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ഓരോ കഥകളും. ഹോംസിനെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണവൈഭവത്തെയും കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നവയുമാണ് ഇവയൊക്കെയും.