sangeetha sreenivasan
സംഗീതാ ശ്രീനിവാസന്‍

"പ്രിയപ്പെട്ട ജെ, നിന്റെ കൂട്ടുകാരി നീ കൊടുത്ത ആദ്യത്തെ ജോയിന്റ് പുക എടുത്ത ദിവസം നമ്മള്‍ ചിരിച്ചത് ഓര്‍മ്മയുണ്ടോ? എന്തൊരു ചിരിയായിരുന്നു. ഒരു പിടി മുടിയിഴ മീശ പോലെ ചുണ്ടിന് ചുറ്റും വളച്ചു പിടിച്ച്, ഒറ്റപ്പുരികമുയര്‍ത്തി അവള്‍ കണ്ണിറുക്കിക്കാട്ടി.." സംഗീതാ ശ്രീനിവാസന്റെ 'ആസിഡ്' എന്ന നോവല്‍ തുടങ്ങുകയാണ്. ലെസ്ബിയന്‍ പ്രണയത്തിന്റെ അമ്ലലഹരി എന്നാണ് എഴുത്തുകാരി പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

ചന്തുമേനോന്റെ ഇന്ദുലേഖ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം 127 ആയി. അക്ഷരം അറിയാന്‍ തുടങ്ങിയ മലയാളി സ്ത്രീത്വം ആണധികാരങ്ങളെ വെല്ലുവിളിക്കാന്‍ എല്ലുറപ്പ് സമ്പാദിക്കുന്നു എന്ന് വ്യക്തമാക്കി ഇന്ദുലേഖ. അമറലുകളെ അടക്കിനിര്‍ത്താന്‍ ശേഷി കൈവരിക്കുന്നു എന്നും. വ്യക്തിയും കുടുംബവും സമൂഹവുമായി നോവല്‍ വളര്‍ന്നത് പിന്നെ മലയാളം കണ്ടു. സാറാ ജോസഫിന്റെ നോവലുകളെ പെണ്ണെഴുത്ത് എന്ന് തുടലിട്ട് വിളിക്കേണ്ടെന്നും ഫെമിനിസ്റ്റ് ആക്ടിവിസം സാമൂഹിക നോവുകളാണെന്നും അറിഞ്ഞു.

സാറടീച്ചറുടെ മകള്‍ എന്നത് സംഗീതയ്ക്ക് വെല്ലുവിളിയും സാധ്യതയുമാണ്. എഴുത്തുകാരി എന്ന നിലയില്‍ പ്രതീക്ഷകളുടെ വലിയഭാരത്തെ അത് തലയില്‍ വയ്ക്കുന്നു. വെള്ളിമീന്‍ചാട്ടവും അപരകാന്തിയും കഴിഞ്ഞെത്തുന്ന എഴുത്തുകാരിക്ക് മൂന്നാം നോവല്‍ സ്വന്തം വ്യക്തിത്വ പ്രഖ്യാപനത്തിന്റെ ഉരകല്ലാക്കേണ്ടുന്ന നിറബാധ്യതയും പകരുന്നു. വായനക്കാരിക്ക് എഴുത്തുകാരിയേക്കാള്‍ എഴുത്താണ് പ്രിയം. അമ്ലലഹരി പകരുന്നു എന്നതിനേക്കാള്‍ അപകര്‍ഷത നിറഞ്ഞ മലയാളി യുവത്വത്തിന്റെ വിളിച്ചുചൊല്ലലായി മാറുന്നു ആസിഡ്.

പുസ്തകത്തിന്റെ പുറംചട്ടയിലേക്ക്

"കമലയും ഷാലിയും ലെസ്ബിയന്‍ പ്രണയികള്‍. എല്‍എസ്ഡിയുടെ ലഹരി നുണയുന്നവര്‍. കമലയ്ക്ക് രണ്ടു കുട്ടികള്‍. ഇരട്ടകളായ ആദിയും ശിവയും. അവരെ അവള്‍ക്ക് സമ്മാനിച്ച മാധവന്‍ വഴക്കിട്ട് പിരിഞ്ഞു. ആസിഡിന്റെ ലഹരി കമലയെ വിഷാദരോഗിയാക്കുന്നു. ഓര്‍മ്മകളും സ്വപ്നങ്ങളും കൂടിക്കലരുന്ന ജീവിത പരിസരങ്ങളിലൂടെ രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റേയും കലഹത്തിന്റേയും സഞ്ചാരങ്ങള്‍"

ഇന്നത്തെ വായനക്കാരെ സ്തബ്ധമാക്കാന്‍ പര്യാപ്തമല്ല മേല്‍ച്ചൊന്നതൊന്നും. ലെസ്ബിയന്‍ പ്രണയവും മരുന്നും ഐടി ലോകവും കലഹവും മിസ്റ്റിസിസവുമെല്ലാം ആന്തരികമായ ഉള്‍പ്പുളകങ്ങളല്ല. സാമൂഹികമായ തേടലുകള്‍ കൂടിയാണിന്ന്. 

വി ടി നന്ദകുമാറിന്റെ രണ്ടു പെണ്‍കുട്ടികളില്‍, ഗിരിജയോട്  കോകില പറയുന്നു. ചേച്ചി എന്നോട് പിണങ്ങുന്ന ദിവസം ഞാന്‍ ഹൃദയം പൊട്ടി മരിക്കും. കമലാദാസിന്റെ ചന്ദനമരങ്ങളില്‍ കല്ല്യാണിക്കുട്ടിയോടുള്ള ഹൃദയാനുതാപത്താല്‍ ഡോ. ഷീല വെന്തുരുകുന്നു. ആസിഡില്‍ ഷാലിയുടെ ഫോണ്‍ സ്വിച്ച് ഓഫാകുന്ന രാവുകളില്‍ കമല മരണത്തിന്റെ ഓവുചാലുകളില്‍ മൂക്കു മുട്ടിക്കുന്നു. 

ലെസ്ബിയന്‍ കാമനകളുടെ ഈ ത്രികാലദൃശ്യങ്ങളില്‍ മലയാളവായന അമ്പരക്കുന്നുണ്ട്. പത്മരാജന്‍ ചിത്രങ്ങള്‍ തൊട്ട് പ്രമോദ് രാമനും ദിലീപ് കുമാറും വരെ എത്തുന്ന സ്വവര്‍ഗ്ഗാനുരാഗങ്ങളില്‍ ആസിഡ് പക്ഷേ വളരെ വ്യക്തമാക്കുന്നുണ്ട് മുമ്പേ പറഞ്ഞ മലയാളിയുടെ അന്തസ്സാരമില്ലായ്മ.

ആസിഡ് പുതിയ കാലത്തിന്റേതാണ്. പുതിയ യുവത്വത്തിന്റേത്. അനുനിമിഷം പ്രലോഭിപ്പിക്കുന്ന വിപണിയുടേത്. ലെസ്ബിയന്‍ മുന്‍ഗാമികളില്‍നിന്ന് സംഗീതാ ശ്രീനിവാസന്റെ രചനയെ മാറ്റിനിര്‍ത്തുന്നതും അത് പുറപ്പെട്ടു വന്ന കാലത്തിന്റെ നിരാസങ്ങളും നിശ്ശൂന്യമായ നിശ്ചലതകളുമാണ്. സ്വന്തം ശരാശരിത്വത്തെ മറികടക്കാനുള്ള വഴി തേടിയവരാണ് കഴിഞ്ഞ മലയാളിത്തലമുറ. 

നോവലിലെ കമലയും ഷാലിയും അവരുടെ പ്രതിനിധികളാകുന്നു. എന്നാല്‍ അതിരുകളെ ഭേദിക്കാന്‍ അവര്‍ കണ്ടെത്തിയ ആഘോഷങ്ങളപ്പാടെ അവര്‍ക്കു മുമ്പേ വന്നവരുടെ അസ്വാസ്ഥ്യങ്ങളായി. കണ്ണിമ പോലെ ചതുപ്പില്‍ തുറന്നടഞ്ഞ ഗര്‍ത്തം. കാര്‍മേഘക്കോളിന് താഴെ ചളിക്കുഴികളും ചതിക്കുഴികളും ചളികലങ്ങിയ ജലാശയവും മേഘങ്ങള്‍ കറ വീഴ്ത്തിയ ആകാശവും  ഒന്നിപ്പിക്കുന്ന വിശാലമായ പ്രപഞ്ചത്തിന്റെ ഫ്രെയിം. മാധവന്‍ ഊളിയിട്ടു പോയ വെപ്രാളം. 

ആധുനികതയുടെ കാലം തൊട്ടേ മലയാള വായനക്ക് പരിചിതമാണ് സ്വപ്നത്തിന്റെ സൈക്കഡെലിക് വ്യാപാരങ്ങള്‍. ചരസ്സിന്റേയും ഭാംഗിന്റേയും ലഹരികള്‍ പൂത്ത ഭാവനാലോലമായ ലോകം രമണന്‍ ആടു മേയ്ച്ച പുല്‍പ്പരപ്പായിരുന്നില്ല. കാര്‍ലോസ് കസ്റ്റനഡയുടെ മിസ്റ്റിക് മനോനിലകളും നാഗക്കളങ്ങളില്‍  മുടിയാട്ടം ശീലിച്ച മലയാളിക്ക്  അസാധാരണമായിരുന്നില്ലല്ലോ. 

ആസിഡില്‍ നിറയുന്നത് കാമ്പില്ലാത്ത തലമുറയുടെ ദുരന്തം മണക്കുന്ന കാല്‍പനിക സഞ്ചാരമാണ്. വിഷാദരോഗികളുടെ സങ്കടം പൂക്കുന്ന ഉള്‍നടത്തങ്ങളാണ്. തെരുവില്‍നിന്ന് മുറിയിലേക്ക് മാത്രം കയറാന്‍ ശീലിച്ചവരുടെ ആത്മപ്രയാണങ്ങളാണ്. ഏകാന്തമായ തീര്‍ത്ഥാടനത്തിനിടെയാണ് കമല ഷാലിയെ കണ്ടെത്തുന്നത്. കമല തേടുന്നത് ദൈവത്തെയല്ല. ചരിത്രത്തേയുമല്ല. എല്ലാം കലര്‍ന്ന മിശ്രിതമാണ്. ആത്മീയതയും യാത്രയും ഏകാന്തതയും ഉള്‍വലിവും ചരിത്രവും ഖജൂരാഹോ ശില്‍പങ്ങളും പ്രദക്ഷിണവഴികളും ആലിലക്കാറ്റും ചേര്‍ന്ന അന്വേഷണം. ഏതെല്ലാം എന്തൊക്കെ അളവിലും ഇളവിലും  കലര്‍ത്തിക്കിട്ടിയാലും അസംതൃപ്തി മാത്രം ബാക്കിയാവുന്ന തേടലാണത്.
 
തന്റെ ചരിത്രാന്വേഷണം മുഴുവന്‍ ഷാലിയുടെ പിന്നഴകില്‍ തീര്‍ന്നു പോകുമെന്ന് കമല വേവലാതിപ്പെടുന്നത് ഈ കലര്‍പ്പിന്റെ തീര്‍പ്പില്ലായ്മയിലാണ്. താന്‍ ആരാഞ്ഞ ഇളവുകളെല്ലാം ചേര്‍ന്നത് മാധവനല്ല ഷാലിയെന്ന് അവള്‍ക്ക് ബോധ്യപ്പെടുന്നത് അന്തമില്ലാത്ത നിരാശയുടേയും വെറുപ്പിന്റേയും കുറ്റബോധത്തിന്റേയും കടലിലാണ്. അകത്തെ  ആ പര്‍പ്പിള്‍ ഓഷ്യനില്‍  മാധവനോടുള്ള വെറുപ്പുണ്ട്. കുല്‍ജിത്തിനോടുള്ള കുശുമ്പുണ്ട്. ഷാലിയോടുള്ള ആശ്രിതത്വമുണ്ട്. പിന്നെ കര കാണാന്‍ വെമ്പുന്ന മക്കളോടുള്ള നിര്‍മമത്വം കൂടുതല്‍ കലര്‍ന്ന അന്തമില്ലാത്ത അനുതാപമുണ്ട്. 

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് നോവലിലെ പാത്രങ്ങള്‍. പക്ഷേ മൂല്യങ്ങളുടെ കുഴമറിച്ചിലില്‍ പാണ്ഡിത്യമില്ലാതായവര്‍. പണക്കൊഴുപ്പിനൊപ്പം അവരില്‍ നിറയുന്നത് സാസ്‌കാരികമായ അപകര്‍ഷതയാണ്. ഉള്ളില്‍ നിറയുന്ന അധമബോധത്തില്‍നിന്ന് രക്ഷ തേടി അവര്‍ എത്തിച്ചേരുന്ന അഭയങ്ങളുടെ നിരാലംബമായ നിസ്സഹായതകളാണ് ആസിഡ് വിവരിക്കുന്നത്.

എന്നാല്‍ കാല്‍പനികതയുടെ തായ്വേരു കണ്ടെത്താന്‍ കഴിയാതെ നോവലിസ്റ്റ് കുഴങ്ങി നില്‍ക്കുന്നു, താളുകളില്‍ പലവട്ടം. ആസിഡ് പരാജയപ്പെടുന്നത് അന്നേരങ്ങളിലാണ്. പോപ് സംഗീതജ്ഞര്‍ തൊട്ട് മേതില്‍ രചനകള്‍ വരെയുള്ള താക്കോലുകളെ തൊട്ടിട്ടും ആനന്ദത്തിന്റെ രചനാവൈഭവങ്ങളെ സ്പര്‍ശിക്കാനാവാതെ വാക്കുകള്‍ പതറുന്നു. 

കമലയുടെ മക്കളില്‍ കാലത്തിന്റെ ഒഴുക്കു നിലയ്ക്കുന്നു. അതിവേഗമാര്‍ന്ന മനോസഞ്ചാരങ്ങളുണ്ടായിട്ടും നിശ്ചലനാകേണ്ടി വന്ന ശിവ. ജന്മസിദ്ധമായ പതികാലത്തില്‍ പതിയെ കൊട്ടിക്കയറുന്ന ആദി. ഇച്ഛാനുസാരിയായ ശരികളില്‍നിന്ന് അവര്‍ കയറിപ്പോകുന്നത്  ഏകാകിയുടെ പാലങ്ങളിലേക്കാണ്. കമല മറയുന്നത് മാധവനെപ്പോലെയല്ല. ഫ്യൂഡല്‍ സ്വപ്നങ്ങളെ നിറച്ച കുളുര്‍ന്ന ഇരുളിലേക്കാണ്. ഒരുവേള അന്നേരം ആസിഡിന്റെ മുഖപടങ്ങള്‍ അഴിഞ്ഞുവീഴുന്നു. കാല്‍പനികമാണ്  ഭാഷ. സ്വന്തം ദേശങ്ങളിലേക്ക് അത് പലപ്പോഴും വിരുന്നെത്തുന്നു. എങ്കിലും ആകാശങ്ങളിലേക്ക് ചിറകടിച്ചുയരാനാവാതെ പദങ്ങള്‍ വഴിതെറ്റിയലയുന്നു. ആസിഡ് ഉള്ളുലയുന്ന കാലത്തിന്റെ മുള്ളു തറപ്പിക്കാത്ത ചിറകടിയായി മാറുന്നു.