ADGP B Sandhya"തിരുവാതിര ഞാറ്റുവേലയ്ക്ക് ആറ്റിലെ ഒഴുക്കില്‍ പെട്ട് യാത്ര ചെയ്തു വരുന്ന നീലക്കൊടുവേലി. ഒരുപാട് പുണ്യം ചെയ്ത മീനച്ചിലിന്റെ മക്കളുടെ കൈയിലേക്ക്  ആ നീലക്കൊടുവേലി എത്തുമ്പോള്‍ ഇന്ദ്രനീലക്കല്ലായി മാറുമത്രെ".- ഇത്തരത്തിലുള്ള നിരവധി നാട്ടു വിശ്വാസങ്ങളും പോയകാലത്തിന്റെ അടയാളപ്പെടുത്തലുകളുമുള്ള കണിയാപുരം ഗ്രാമത്തിന്റെ കഥയാണ് ബി സന്ധ്യയുടെ "നീലക്കൊടുവേലിയുടെ കാവല്‍ക്കാരി" പറയുന്നത്.

ഇന്നത്തെ തലമുറയ്ക്ക് അന്യമായ നാട്ടാചാരങ്ങളും സാമൂഹിക അന്തരീക്ഷങ്ങളുമാണ് നോവലിന്റെ ആദ്യഭാഗങ്ങളിലുള്ളത്. കേന്ദ്രകഥാപാത്രമായ സുജാതയിലൂടെയാണ് 'നീലക്കൊടുവേലിയുടെ കാവല്‍ക്കാരി' പുരോഗമിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും അന്നത്തെ കാലത്തുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥിതി നോവലിസ്റ്റ് വരച്ചു കാട്ടുന്നു.

സുജാതയുടെ വളര്‍ച്ചയിലൂടെ കണിയാപുരം എന്ന കൊച്ചുഗ്രാമത്തിന്റെ മാറ്റവും നോവല്‍ ചര്‍ച്ച ചെയ്യുന്നു. പ്രതിസന്ധികളോട് പടവെട്ടുന്നവരാണ് പ്രധാന കഥാപാത്രങ്ങളെല്ലാവരും. പക്ഷെ കറയില്ലാത്ത സ്‌നേഹവും കണിയാപുരമെന്ന ഗ്രാമവും മീനച്ചിലാറിന്റെ ഊഷ്മളതയുമാണ് അതിനെയെല്ലാം മറി കടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. 

കണിയാപുരം, മീനച്ചിലാര്‍ എന്നിങ്ങനെയുള്ള ചിന്തകള്‍ തന്നെയാണ് പഞ്ചായത്ത് പ്രസിഡന്റായും പിന്നീട് ഐ പി എസുകാരിയായും പ്രവര്‍ത്തിക്കാനും ജനസേവനം നടത്താനും സുജാതയെ പ്രേരിപ്പിച്ചത്. കിട്ടുന്ന അധികാരം നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ നാടും ജനങ്ങളും നന്നായിരിക്കും എന്ന സന്ദേശം വായനക്കാരനിലെത്തിക്കാന്‍ നോവലിനു സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ ശ്രമങ്ങളെ തകര്‍ക്കാനുള്ള ശ്രമവും നടക്കാനിടയുണ്ടെന്ന് നോവല്‍ പറഞ്ഞു വയ്ക്കുന്നു. 

neelakkoduveliyude kavalkkariവാഴയും കപ്പയും നെല്ലുമെല്ലാം കണ്ട കണിയാപുരംകാരുടെ ഇടയിലേക്ക് റബ്ബറും വാനിലയും കടന്നു വന്നതും നോവലില്‍ നന്നായി ആവിഷ്‌കരിച്ചിട്ടുണ്ട്. നമ്മുടെ കാര്‍ഷിക മേഖലയിലുണ്ടായ രുചിമാറ്റം കണിയാപുരത്തിലൂടെ, അല്ലെങ്കില്‍ കണിയാപുരത്തെ മുന്‍നിര്‍ത്തി നോവലിസ്റ്റ് ഇതിലൂടെ ചിത്രീകരിച്ചിരിക്കുന്നു എന്നു പറഞ്ഞാലും തെറ്റില്ല. ഐ പി എസ് പരിശീലനകാലത്തെ സുജാതയുടെ ദിനങ്ങള്‍ നോവലിസ്റ്റിന്റെ തന്നെ അനുഭവങ്ങളാണോ എന്ന് തോന്നിപ്പോകും.

ആശാന്‍ പള്ളിക്കൂടത്തില്‍നിന്ന്, ഇംഗ്ലീഷില്‍ മാത്രം പഠിപ്പിക്കുകയും ഇംഗ്ലീഷ് മാത്രം സംസാരിക്കുകയും ചെയ്യുന്ന സ്‌കൂളുകളുടെ വരവും കണിയാപുരത്തിന്റെ അല്ലെങ്കില്‍ കേരളത്തിന്റെ തന്നെ മുഖം മാറ്റിയതായി നമുക്ക് ഈ നോവലിലൂടെ അനുഭവപ്പെടും.

മണലെടുപ്പ് മൂലം നശിച്ചു കൊണ്ടിരിക്കുന്ന മീനച്ചിലാറിന്റെ അവസ്ഥയില്‍ സുജാതയ്ക്ക് ആശങ്കയുണ്ട്.  ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാനാകും എന്ന പ്രതീക്ഷ വായനക്കാരിലേക്കും കൂടി പകര്‍ന്നു നല്‍കി കൊണ്ടാണ് നീലക്കൊടുവേലിയുടെ കാവല്‍ക്കാരി അവസാനിക്കുന്നത്.