മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഡെവലപ്പ്‌മെന്റ്സ്റ്റഡീസില്‍ ഗവേഷകവിദ്യാര്‍ഥിയും മലപ്പുറത്തെ കാളികാവ് സ്വദേശിയുമായ അജ്മല്‍ ഖാന്‍ എഴുതിയ ഒറ്റവരി കഥാസമാഹാരമാണ് 'മുസീബത്ത്'. മുംബൈയിലെ മണ്‍സൂണ്‍ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം അടുത്തിടെയാണ് എഴുത്തുകാരന്‍ എം. മുകുന്ദന്‍ മുംബൈ പ്രസ് ക്ലബ്ബില്‍ പ്രകാശനം ചെയ്തത്.

ഒരു കൊച്ചുവാക്കിന് അതിനേക്കാള്‍ വലിയ അര്‍ഥമാനങ്ങളുണ്ടായേക്കാം. നിഷേധിക്കാനാവാത്ത അത്തരം വസ്തുതകളാണ് 'മുസീബത്ത്' എന്നപേരില്‍ ഇങ്ങനെയൊരു പുസ്തകം പുറത്തിറക്കാന്‍ തനിക്ക് പ്രേരണയായതെന്ന് അജ്മല്‍ഖാന്‍ പറയുന്നു. ഹിന്ദിയിലും ഉര്‍ദുവിലുമുള്ള പദമാണ്  'മുസീബത്ത്'. ദുരന്തം, ദുര്യോഗം,  ദുര്‍ഭാഗ്യം,  ബുദ്ധിമുട്ട്,  അനര്‍ഥം,  ആപത്ത്,  അത്യാഹിതം, കുഴപ്പം, തകരാറ്, വിഷമം, ക്ലേശം, പ്രയാസം എന്നൊക്കെ ആ പദത്തിന് മലയാളത്തില്‍ അര്‍ഥങ്ങളുണ്ട്. കേരളത്തില്‍,  പ്രത്യേകിച്ച്  കോഴിക്കോട്ടും പരിസരങ്ങളിലും ഏറെ  പ്രചാരമുള്ള ഒരു പദപ്രയോഗംകൂടിയാണത്.
     
സമൂഹത്തില്‍  മനുഷ്യന്റെ അഹങ്കാരങ്ങളും വിവേകമില്ലായ്മകളും വരുത്തിവെക്കുന്ന പലവിധ മുസീബത്തുകള്‍ക്ക് നേരെ അതേ സമൂഹത്തിലെ ഒരു ജീവിയെന്നനിലയില്‍ വിമര്‍ശനത്തിന്റെ നേരമ്പുകള്‍ ഒറ്റവരിയിലും ഒറ്റശ്വാസത്തിലും തൊടുത്ത് പ്രതികരിക്കുകയാണ് മുസീബത്ത് എന്ന പുസ്തകത്തിലൂടെ അജ്മല്‍ ചെയ്യുന്നത്. മുസീബത്തുകളുടെ  ആ പുസ്തകത്തെ ഒറ്റവരി കഥാസമാഹാരമെന്ന് വിളിക്കാനുള്ള അജ്മലിന്റെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നില്ല. കുറുംകവിതകളുടെ ഉസ്താദും ഉപജ്ഞാതാവുമായ  കുഞ്ഞുണ്ണിമാഷും കുറുംകഥകളുടെ ഉപാസകനായ  പാറക്കടവുമൊക്കെ പണ്ടെന്നോ തുറന്നവഴിയിലൂടെ പലരും സഞ്ചരിച്ചിട്ടുള്ളതാണെങ്കിലും ഒരു പുതിയ തലമുറക്കാരനെന്ന നിലയില്‍ അതേവഴിയിലൂടെ ബോധപൂര്‍വം തുടങ്ങിവെച്ച അജ്മലിന്റെ യാത്രയ്ക്ക് അപൂര്‍വത അവകാശപ്പെടാം.         
 
ഇടത്തേ പേജുകളില്‍ മൂന്ന് കഥകള്‍ വീതവും വലത്തേ പേജുകളില്‍ ഓരോ ചിത്രീകരണവുമായി വൈവിധ്യമാര്‍ന്ന നൂറ് ഒറ്റവരിക്കഥകളാണ് എഴുപത്തിയാറ് പേജുകളുള്ള മുസീബത്ത് എന്ന പുസ്തകത്തിലുള്ളത്. 'ജനിക്കാന്‍ പോകുന്നത് പെണ്ണാണെന്ന് പറഞ്ഞ് എന്നെ ജനിക്കുന്നതിനു മുമ്പുതന്നെ അവര്‍ കൊന്നുകളഞ്ഞു. പെണ്ണെന്നാല്‍ എന്തെന്നറിയാന്‍ ഞാന്‍ ജനിച്ചുവീണില്ല' എന്ന നെഞ്ചില്‍ തറയ്ക്കുന്ന സത്യം ജനിക്കും മുമ്പേ കൊലചെയ്യപ്പെട്ട ഒരു പെണ്‍ജന്മത്തിനെക്കൊണ്ട് വിളിച്ചുപറയിക്കുന്ന ആദ്യകഥയായ 'ഭ്രൂണം' ഈ ഭൂമിയില്‍ എവിടെയൊക്കെയോ നിത്യവും    ഹനിക്കപ്പെടുന്ന എണ്ണിയാലൊടുങ്ങാത്ത ഭ്രൂണങ്ങളുടെ  ആത്മഭാഷണമായിത്തീരുന്നു.
        
'രക്തം നല്കിക്കൊണ്ടിരിക്കെയാണ് അയാള്‍ ഓര്‍ത്തത്, ഞാന്‍ ഒരു ദളിതന്‍ അല്ലെ, എന്റെ രക്തം ബ്രാഹ്മണനായ ഇയാള്‍ക്ക് യോജിക്കുമോ?' എന്ന കാലഹരണപ്പെടാത്ത ഒരു വലിയ സന്ദേഹമാണ് ജൈവജാതി എന്ന മറ്റൊരു കഥയിലൂടെ കഥാകൃത്ത് പുറത്തിടുന്നത്. 'തെരുവുപട്ടികളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധര്‍ണ വീടില്ലാത്ത തെരുവുതെണ്ടി പിള്ളേരെ കടന്നുപോയി', 'ജാതിയും മതവും പണവും എല്ലാം അളന്നുതിട്ടപ്പെടുത്തിയതിനു ശേഷം അവന്‍ അവളെ വേണ്ടുവോളം സ്‌നേഹിച്ചു തുടങ്ങി' എന്നിങ്ങനെയുള്ള വര്‍ത്തമാനകാല വിരോധാഭാസങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് 'അവകാശം', 'പ്രണയം' എന്നീ കഥകള്‍. 'ആത്മഹത്യ ചെയ്യാന്‍ പല വഴികളും നോക്കി, കയറ്=നൂറ് രൂപ. വിഷം=അഞ്ഞൂറ് രൂപ. അവസാനം പുഴവെള്ളം കുടിച്ചു. അതാകുമ്പോള്‍ പൈസ കൊടുക്കണ്ടല്ലോ...' എന്ന് ലാഭം എന്ന കഥയിലെ കഥാപാത്രം ആശ്വാസം കൊള്ളുമ്പോള്‍ അതിന്റെ അര്‍ഥമാനങ്ങള്‍ പലതാണ്.

'ഒട്ടിയ വയറുകള്‍ക്കുമുകളിലൂടെ വീണ്ടും വീണ്ടും രേഖകള്‍ മാറ്റിവരച്ച് അവര്‍ രാജ്യത്ത് ദാരിദ്ര്യരേഖയില്ലെന്ന് കണ്ടുപിടിച്ചു' (ദാരിദ്ര്യരേഖ), ജോലിത്തിരക്കുകള്‍ കാരണമാണ് അയാള്‍ക്ക് മകനെ ലാളിക്കാന്‍ സമയം കിട്ടാഞ്ഞത്. ജോലിത്തിരക്കുകള്‍ കാരണം തന്നെയാണ് അയാള്‍ അച്ഛനെ വൃദ്ധസദനത്തില്‍ കൊണ്ടാക്കിയതും' (ജോലി), 'ജീവിക്കാന്‍  വേറെ  മാര്‍ഗമില്ലാത്തതുകൊണ്ട് ഞാന്‍ ഇങ്ങനെയായപ്പോള്‍ എല്ലാവരും എന്നെ വേശ്യയെന്ന് വിളിച്ചു. എന്നാല്‍ എന്നെ സന്ദര്‍ശിക്കാന്‍വന്ന ആരെയും ഒരാളും വേശ്യന്‍ എന്നു വിളിച്ചില്ല' (വേശ്യന്‍), 'മരണമാസന്നമായ സമയത്ത് ഞാന്‍ ചങ്കുപൊട്ടി വെള്ളം, വെള്ളം എന്നു കരഞ്ഞത് ആരും കേട്ടില്ല. എല്ലാവരുടെയും ചെവിയില്‍ ഇയര്‍ഫോണായിരുന്നു' (ഇയര്‍ഫോണ്‍), 'സ്‌നേഹം, കരുതല്‍, സംരക്ഷണം, രക്ഷ എന്നൊക്കെപ്പറഞ്ഞ് അവള്‍ എനിക്ക് രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടിരിക്കുമ്പോഴും തുറിച്ചുനിന്ന അവളുടെ  മുലകളിലായിരുന്നു എന്റെ കണ്ണ്' (രക്ഷാബന്ധന്‍) എന്നിവയും മുസീബത്ത് എന്ന പുസ്തകത്തിലെ മറ്റു കഥകളില്‍ ചിലതാണ്.

ഇങ്ങനെ ഈ പുസ്തകത്തിലെ ഓരോ ഒറ്റവരി കഥയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വായനക്കാരെ അലോസരപ്പെടുത്തുകയും  വിഭ്രമിപ്പിക്കുക്കുകയും ചിന്തിപ്പിക്കുകയും ചെയ്യൂന്ന വെളിപാടുകളായി മാറുമ്പോള്‍ എം. മുകുന്ദന്‍ പുസ്തക പ്രകാശനവേളയില്‍ സൂചിപ്പിച്ചതുപോലെ ഈ കഥകള്‍ 'കഥ'യേക്കാളേറെ കവിതയോടാണ് അടുത്ത് നില്‍ക്കുന്നതെന്ന് തോന്നിപ്പോകും. പുസ്തകവിപണിയിലെ കച്ചവടതന്ത്രങ്ങളോട് ഒത്തുതീര്‍പ്പിനൊരുങ്ങാതെ ഒരു തുടക്കക്കാരന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കാനുള്ള ധൈര്യവും തന്റേടവുമായി മുന്നോട്ടുവന്ന മുംബൈയിലെ മണ്‍സൂണ്‍ ബുക്‌സിനോടൊപ്പം  മുസീബത്ത് എന്ന പുസ്തകം കെട്ടിലും മട്ടിലും ആകര്‍ഷകമാക്കുന്നതില്‍ രേഷ്മ ഗ്രാഫിക്‌സിന്റെ അക്ഷരത്തെറ്റില്ലാത്ത ഡി.ടി.പി.ക്കും അച്ചടിക്കും പുറമെ അശോക് ഭൗമിക്കിന്റെ കവര്‍ചിത്രവും. വി. അനിലിന്റെ ചിത്രീകരണവും സ്തുത്യര്‍ഹമാണ്.