നാവ് നന്മ എന്ന പദം ഉച്ചരിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് മദര്‍ തെരേസയുടെത്. 'അഗതികളുടെ അമ്മ' എന്ന പര്യായത്തിലറിയപ്പെടുന്ന വനിത. കാെൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും കുഷ്ഠരോഗികളുടെയും കണ്ണീര്‍ തുടച്ച മഹദ് വ്യക്തിത്വം. മദര്‍ തെരേസയുടെ ജീവിതയാത്രയാണ് മദര്‍ തെരേസ എന്ന പേരില്‍ എ വി മഞ്ജുളമാല തയ്യാറാക്കിയിരിക്കുന്ന പുസ്തകം.

വേദനിക്കുന്നവന് ആശ്വാസം പകരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ഈശ്വരനാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമേ അത് സാധിക്കൂ എന്ന മദറിന്റെ ജീവിതം വ്യക്തമാക്കുന്നു. 1910 ഓഗസ്ത് 26 ന് യൂഗോസ്ലാവിയയിലെ സ്‌കോപ്‌ജെ എന്ന നഗരത്തിലാണ് മദറിന്റെ ജനനം. ആഗ്നസ് എന്നായിരുന്നു ആദ്യകാലത്തെ പേര്. ഒരു സഹോദരനും സഹോദരിയുമായിരുന്നു ആഗ്നസിനുണ്ടായിരുന്നത്.

എട്ടാം വയസ്സില്‍ ആഗ്നസിന് അച്ഛനെ നഷ്ടമായി. പിതാവിന്റെ മരണം സൃഷ്ടിച്ച വേദന മറികടക്കാന്‍ അവള്‍ അധികസമയവും പള്ളിയില്‍ ചിലവഴിക്കാന്‍ തുടങ്ങി. ആഗ്നസിന് അര്‍പ്പണബോധത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തത് അമ്മയാണ്. സ്വന്തം അമ്മയെ പരിശുദ്ധ എന്നാണ് മദര്‍ വിശേഷിപ്പിച്ചിരുന്നത്. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വ്യാപാരപങ്കാളി വരുമാനം മുഴുവന്‍ കൈക്കലാക്കുകയും ആഗ്നസിനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും താമസിക്കാന്‍ ഒരു വീടു മാത്രം നല്‍കുകയും ചെയ്തു.

നേരിടേണ്ടി വന്ന ദാരിദ്ര്യദു:ഖത്തെ മനക്കരുത്തും ഈശ്വരവിശ്വാസവും കൊണ്ട് അവരുടെ അമ്മ അതിജീവിച്ചു. പന്ത്രണ്ടാം വയസ്സിലാണ് കന്യാസ്ത്രീയാകണമെന്ന ആഗ്രഹം ആഗ്നസിന്റെ മനസ്സില്‍ ഉദിക്കുന്നത്. എന്നാല്‍ അതിനു വലിയ പ്രോത്സാഹനമൊന്നും അന്ന് അമ്മ നല്‍കിയില്ലത്രെ. അക്കാലത്തെ മിഷണറിമാരുടെയും മറ്റും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആഗ്നസിനെ സ്വാധീനിച്ചിരുന്നെന്നും പുസ്തകം പറയുന്നു.

mother teresaതുടര്‍ന്ന് പതിനെട്ടാമത്തെ വയസ്സിലാണ് ആഗ്നസ് കന്യാസ്ത്രീയാകാന്‍ പുറപ്പെടുന്നത്. അതേക്കുറിച്ച് മദറിന്റെ വാക്കുകള്‍ ഇങ്ങനെ: "പതിനെട്ടു വയസ്സായപ്പോഴേക്കും കന്യാസ്ത്രീയാകാനായി വീടുവിടാന്‍ ഞാന്‍ നിശ്ചയിച്ചു. എന്റെ നിയോഗം പാവപ്പെട്ടവര്‍ക്കൊപ്പമാണെന്ന് അപ്പോഴേക്കും എനിക്ക് മനസ്സിലായിരുന്നു". അങ്ങനെ ബംഗാളിലെ ലെറേറ്റോ മഠത്തിലേക്ക് ആഗ്നസ് അപേക്ഷ അയച്ചു. ആ അപേക്ഷയാണ് മദര്‍ തെരേസ എന്ന നന്മമരത്തിന്റെ പിറവിയിലേക്ക് നയിച്ചത്.

കുട്ടിക്കാലം മുതല്‍ക്കെ ഇന്ത്യയെ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു ആഗ്നസ്. അങ്ങനെ വലിയൊരു നിയോഗത്തിന്റെ ഭാഗമായി അവള്‍ ഇന്ത്യയില്‍-കല്‍ക്കത്തയിലെത്തി. കാഞ്ചന്‍ജംഗയുടെ താഴ്വാരത്തുള്ള മഠത്തില്‍ കന്യാസ്ത്രീയായി അവള്‍ ജീവിതം ആരംഭിച്ചു. 1931 മാര്‍ച്ച് 24 ന് ആഗ്നസ് ആദ്യ വ്രതവാഗ്ദാനം എടുത്തു. തെരേസ മാര്‍ട്ടിന്‍ എന്ന പേരു സ്വീകരിച്ചു. കര്‍മനിരതമായ ജീവിതത്തിന്റെ ആരംഭമായിരുന്നു അത്.

കല്‍ക്കത്ത എന്ന നഗരത്തിന്റെ കഷ്ടതകള്‍ക്കു നേരെ കണ്ണുതുറന്നു നോക്കിയ മദര്‍ അവ പരിഹരിക്കണമെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ടു നടന്നു. അധ്യാപികയായും ആതുരശുശ്രൂഷകയായും രാജ്യമൊട്ടാകെ അവര്‍ സഞ്ചരിച്ചു. അനാഥരും പാവപ്പെട്ടവരും കുഷ്ഠരോഗം ഉള്‍പ്പെടെ പലവിധ വ്യാധി കൊണ്ടു വലഞ്ഞവര്‍ക്കും മദര്‍ സാന്ത്വനം പകര്‍ന്നു.

മദര്‍ തെരേസയുടെ ജീവിതം ലളിതമായി വിവരിക്കുന്നതാണ് പുസ്തകം. അവര്‍ നേരിട്ട വെല്ലുവിളികളെയും അവയെ അതിജീവിച്ചതിനെ കുറിച്ചുമെല്ലാം പുസ്തകം വളരെ വ്യക്തമായി പറഞ്ഞു തരുന്നു.  ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ പുരുഷന്മാരെ സഹായിക്കുന്ന മിഷിണറിസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ്, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച  നിര്‍മല ശിശുഭവന്‍, മരണാസന്നരായവര്‍ക്കു വേണ്ടി നിര്‍മല്‍ ഹൃദയഭവനങ്ങള്‍ ആരംഭിച്ചത് എന്നിവയെ കുറിച്ചും പുസ്തകം വിശദമാക്കുന്നു. മദര്‍ തെരേസയുടെ ജീവിതത്തിലെ നാഴികക്കല്ലുകളെയും അവരുടെ സന്നദ്ധസേവനങ്ങളെയും കുറച്ചാണ പുസ്തകത്തിന്റെ രണ്ടാം പകുതി പറയുന്നത്.

വായിക്കുന്നവര്‍ക്ക് അവനവനിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ പുസ്തകം. സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശിയ പുരസ്‌കാരങ്ങളാണ് മദറിനെ തേടിയെത്തിയത്. 1997 സെപ്തംബര്‍ അഞ്ചാം തീയതിയാണ് മദര്‍ തെരേസ അന്തരിച്ചത്. മദര്‍ ഹൗസിനുള്ളിലെ ഹാളിലാണ് മദറിന്റെ അന്ത്യവിശ്രമത്തിനുള്ള ഇടം കണ്ടെത്തിയത്. ജീവിച്ചിരിക്കെ വിശുദ്ധയെന്ന് ഖ്യാതി നേടിയ മദര്‍ വിശുദ്ധ പദവിയിലെത്തിയത് 2016 മാര്‍ച്ച് പതിനഞ്ചിനായിരുന്നു. അഗതികളുടെ അമ്മയുടെ  മഹദ് വ്യക്തിത്വത്തെ ഏറ്റവും നന്നായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് മദര്‍ തെരേസ.