ജീവിതത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നതെന്തും ഓര്‍മകളാണ്. ചില ഓര്‍മകള്‍ സുഗന്ധമുള്ളവയായിരിക്കും. പഴകുന്തോറും വീര്യമേറുന്ന വീഞ്ഞ് പോലെ ആ ഓര്‍മകള്‍ക്കും വീര്യമേറിക്കൊണ്ടിരിക്കും. എന്നാല്‍ മറ്റ് ചിലത് കാഞ്ഞിരം പോലെ കയ്‌പ്പേറിയതും. കടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും മനസിന്റെ കോണില്‍ അവ മായാതെ കിടക്കും. കാലത്തിന് മാത്രമാണ് അത്തരം ഓര്‍മകള്‍ക്ക് മരുന്ന് പകരാന്‍ സാധിക്കുന്നത്.

ആഹ്‌ളാദിപ്പിച്ചതും കണ്ണു നിറയിച്ചതുമായ പൂര്‍വകാലത്തിന്റെ സ്മരണകളെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ജമന്തികള്‍ സുഗന്ധികള്‍. കടന്നു പോയ കാലത്തിലേക്ക് തന്റെ എഴുത്തിനെ കെട്ടഴിച്ചുവിടുകയാണ് ഏച്ചിക്കാനം. അവ കയറൂരിപ്പാഞ്ഞപ്പോള്‍ വായനക്കാരന് ലഭിച്ചതാകട്ടെ ജമന്തിപ്പൂക്കളെക്കാള്‍ നറുമണം കിനിയുന്ന ഒരുപിടി ഓര്‍മക്കുറിപ്പുകളും. 

എഴുത്തിന്റെയും ജീവിതത്തിന്റെയും ഇഴപിരിച്ചു മാറ്റാന്‍ സാധിക്കാത്ത ഗൃഹാതുരമായ ഓര്‍മകളുടെ സുഗന്ധമുണ്ടിതില്‍. പ്രണയവും സൗഹൃദവും ദാമ്പത്യവും സിനിമയും നാടകവും നാടും നഗരവും മതവും വിശപ്പും രാഷ്ട്രീയവും സന്തോഷവും സങ്കടവും കണ്ണീരും പൊട്ടിച്ചിരിയുമെല്ലാം ഇതിലുണ്ട്. 

കഥകള്‍ എന്ന് തോന്നിക്കുന്നതും എന്നാല്‍ കഥയ്ക്കുള്ളില്‍ തന്നെ ഓര്‍മകളായി നിലകൊള്ളുന്നവയുമാണ് ഇതിലെ കുറിപ്പുകള്‍. അത് തന്നെയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തിയും. തികഞ്ഞ ആത്മാര്‍ഥതയും സത്യസന്ധതയുമാണ് പുസ്തകത്തിന് ഉള്‍ക്കാമ്പ് പകരുന്നത്. ഇല്ലാത്തത് ഇല്ലെന്ന് തുറന്നുപറയുന്ന ഏച്ചിക്കാനത്തിന്റെ രചനാരീതി പുസ്തകത്തെ വായനക്കാരോട് ചേര്‍ത്ത് നിര്‍ത്തുന്നു.

ജമന്തികള്‍ സുഗന്ധികള്‍ എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ബാല്യത്തില്‍, കൗമാരത്തില്‍, യൗവ്വനത്തില്‍ അനുഭവിച്ച, തിരിച്ചറിഞ്ഞ, കണ്ടുശീലിച്ച കാര്യങ്ങളിലൂടെ ഏച്ചിക്കാനം കടന്നു പോകുന്നു. വീട്ടിലേക്ക് ആദ്യമായി കാര്‍ എത്തുന്നതും ഹോസ്റ്റല്‍ ജീവിതവും മാധ്യമപഠനവും സീരിയല്‍ കാലഘട്ടവുമെല്ലാം അദ്ദേഹം പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു.

അപ്രതീക്ഷിതമായി നടന്ന ഒരു പെണ്ണുകാണലും അതിന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെയ്ക്കുമ്പോള്‍ ഞാന്‍ സഞ്ചരിച്ച വഴികളാണല്ലോ ഇത് എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. കീശ കാലിയാകുന്ന മാസാവസാനങ്ങളില്‍  കര്‍മൂസ് (പപ്പായ ) കഴിച്ച നാളുകളും കാമുകി സമ്മാനിച്ച ജമന്തിപ്പൂവ് പുസ്തകത്താളിനുള്ളില്‍ നിധിപോലെ സൂക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവിയുമെല്ലാം ഏച്ചിക്കാനത്തിന്റെ പുസ്തകത്തില്‍ ഇതള്‍ വിരിയുന്നു.

അക്കാര്യം ഏച്ചിക്കാനം കുറിക്കുന്നതിങ്ങനെയാണ്: - 'ഞാന്‍ സന്ദീപന്റെ പുസ്തകങ്ങള്‍ വെറുതേ മറിച്ചുനോക്കിക്കൊണ്ടിരുന്നു. പെട്ടന്നാണ് അത് എന്റെ ദൃഷ്ടിയില്‍പ്പെട്ടത്. ഞാന്‍ ഞെട്ടിപ്പോയി. കേരളത്തിലെ കര്‍ഷകസമരങ്ങള്‍ എന്ന പുസ്തകത്തിനുള്ളില്‍ അതാ ഉണങ്ങിയ ഒരു ജമന്തിപ്പൂ. അതിന്റെ നിറവും സുഗന്ധവും എല്ലാം ചേര്‍ന്ന് പുസ്തകത്തിന്റെ താളില്‍ കറയായി ഒട്ടിയിരുന്നു.' അത്രത്തോളം ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവായാണ് ഈ കുറിപ്പുകള്‍. 

santhosh echikkanam
Photo: Mathrubhumi Archives/ Lal Kakkattiri

ജിവിതത്തിന്റെ ഏത് കൈവഴികളിലൂടെ സഞ്ചരിച്ചാലും ഒടുക്കം കഥയില്‍ എത്തിച്ചേരുന്ന, കഥയുടെ ഏത്ര പടിക്കെട്ടുകള്‍ കയറിയിറങ്ങിയാലും ജീവിതത്തില്‍ ഏത്തിച്ചേരുന്ന അനുഭവങ്ങളുടെ ഈ തീഷ്ണക്കുറിപ്പുകള്‍ അതിഭാവുകത്വത്തിന്റെ ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. സാധാരണക്കാരും അത്രതന്നെ സാധാരണക്കാരും കഥപാത്രങ്ങളാകുന്ന ഈ കുറിപ്പുകളിലൊന്നില്‍ സാക്ഷാല്‍ ദൈവവും ഒരു കഥാപാത്രമായി നമുക്ക് മുന്നിലെത്തുന്നു.

സന്തോഷ് ഏച്ചിക്കാനത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

'ഓര്‍മക്കുറിപ്പുകള്‍ എഴുതുക എന്നത് ഒരു കുന്നിടിക്കുന്നതുപോലെയാണ്. നമ്മള്‍പോലുമറിയാതെ നമ്മളെ അത് അല്പാല്പമായി മാന്തിയെടുത്ത് പെട്ടന്നൊരുദിവസം തുറന്ന മൈതാനമാക്കിക്കളയും' എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ ഏച്ചിക്കാനം പറയുന്നത് ശരിയാണെന്ന് പുസ്തകം വായിക്കുമ്പോള്‍ നമുക്ക് മനസിലാകും.